Saturday, March 18, 2023

ഒരു ഇഎംഎസ് അഭിമുഖത്തിന്റെ ഓർമ്മ

1989ൽ ആണ്. ഇ.എം.എസ് അന്ന് സിപിഎം ജനറൽ സെക്രട്ടറി. ആ അധ്യയന വർഷം പൊന്നാനി എംഇഎസ് കോളേജിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോളേജ് മാഗസിൻ എസ്എഫ്ഐ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണം ഉയർത്തി കെ.എസ്.യു മുന്നോട്ട് വന്നു. തലേവർഷം ആണ് ഒരുപാടു കാലത്തിനു ശേഷം എസ്എഫ്ഐ പൊന്നാനി എംഇഎസ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് തൂത്തുവാരുന്നത്. എഡിറ്റർ ആയ എനിക്ക് നേരെകൂടിയാണ് ആരോപണം. കെ.എസ്.യു എക്കാലത്തും ഇങ്ങനെയാണ്. അന്നൊക്കെ ഒരു ക്ലാസ് കഴിഞ്ഞു അടുത്ത ക്ലാസ് തുടങ്ങും മുന്നേ ശങ്കരനാരായണൻ ചാടിക്കയറി ഒറ്റശ്വാസത്തിനു പ്രസംഗം തീർക്കും. യുക്തികൊണ്ടൊന്നും നേരിടാൻ കഴിയാത്ത ലെവൽ. ഞങ്ങൾ ജയിച്ച വര്ഷം കെ.എസ്.യു രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചത്. നാസിമുദ്ധീൻ കൊട്ടാരംപാട്ടയിൽ ചെയർമാനും ഉഷ ജോയിന്റ് സെക്രട്ടറിയും. നാസിമുദ്ധീൻ ഫോട്ടോ തരാത്തതിനാൽ എന്റെ മാഗസിനിൽ നാസിമുദ്ധീന്റെ ഫോട്ടോ ഇല്ല.

1989 കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എനിക്ക് എന്റെ അനിയനെപ്പോലെയായ പ്രദീപ് ആയിരുന്നു എഡിറ്റർ സ്ഥാനാർഥി. കെ.എസ്.യു ഉയർത്തിയ ആരോപണം രാഷ്ട്രീയം ആയതിനാൽത്തന്നെ മറുപടിയും രാഷ്ട്രീയമാക്കുക എന്നത് തന്നെയാണ് വഴി. "ശരിയാണ് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട്, അത് മാഗസിനിലും പ്രതിഫലിക്കും;വേണ്ടിവന്നാൽ ഇ.എം.എസ്സിനെയും ഞങ്ങൾ അഭിമുഖം ചെയത്‌ പ്രസിദ്ധീകരിക്കും," പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു പ്രസംഗത്തിൽ പറഞ്ഞു. കൃത്യമായി പഠിപ്പിച്ച് വിട്ടത് തന്നെയാണ് അവൻ പറഞ്ഞത്. എന്നാൽ ഇത് 'അധികപ്രസംഗം' ആണെന്ന് പറഞ്ഞു കോളേജിലെ എസ്എഫ്ഐ നേതൃത്വം വരെ ചീത്ത വിളിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രദീപ് ജയിച്ചു.
മാസങ്ങൾ കഴിഞ്ഞു. മാഗസിൻ ഇറക്കാൻ ശ്രമങ്ങൾ തുടങ്ങി. ഇ.എം.എസ്സിനെ അഭിമുഖം ചെയ്തില്ലെങ്കിൽ അത് വലിയ ചീത്തപ്പേരാകും എന്ന് പറഞ്ഞു പ്രദീപ് വൈകാരികനായി. പ്രദീപ് എക്കാലത്തും അതിവൈകാരികനാണ്. എന്നാൽ കോളേജിൽ നിന്നാരും ഞങ്ങളെ സപ്പോർട്ട് ചെയ്യാനില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം (പാർട്ടി ജില്ലാസമ്മേളനത്തിന്റെ ഭാഗമായാണ് എന്നുതോന്നുന്നു) സഖാവ് തീരൂരിൽ വരുന്നത്. എന്റെ ഏട്ടന്റെ സഹായത്തോടെ ചോദ്യമൊക്കെ ഉണ്ടാക്കി പ്രമോദും ഞാനും അവനെയും കോളേജിലെ മറ്റൊരു എസ്.എഫ്.ഐ നേതാവായ റഹീം മേച്ചേരിയെയും കൂട്ടി തിരൂരിൽ ഇഎംഎസ് താമസിക്കുന്ന സർക്കാർ ഗസ്റ്റ് ഹൗസിൽ എത്തി. പ്രമോദിനു രാഷ്ട്രീയത്തിൽ അത്യാവശ്യം പിടിപാടുണ്ട്. അവന്റെ വീട്ടിൽ നിന്നാണ് എന്നാണ് ഓർമ്മ, ഞങ്ങൾ ഒരു ടൈപ്പ്റെക്കോർഡറും എടുത്തിരുന്നു.
തിരൂരിൽ എത്തി കുറെ നേരം ഞങ്ങൾ നാലും അവിടെ ഗസ്റ്റ് ഹൗസിന്റെ വരാന്തയിൽ ചുറ്റിത്തിരിഞ്ഞു. പക്ഷെ ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഒരു രക്ഷയുമില്ല. പിള്ളാർക്ക് അഭിമുഖം നടത്താനുള്ളതല്ലേ സഖാവ് എന്നുപറഞ്ഞു പുറത്തു നിന്ന നേതാക്കൾ ഞങ്ങളെ തിരിച്ചയക്കാൻ ശ്രമം നടത്തിയിട്ടും ഞങ്ങൾ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. കുറേ കഴിഞ്ഞപ്പോൾ ഇ.എം.എസ് ഞങ്ങളെ കണ്ടു. ആരാണ് ഈ കുട്ടികൾ എന്ന് അവിടെ ഉള്ള സഖാക്കളോട് ചോദിച്ചപ്പോൾ അവർ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ ദൗത്യം അദ്ദേഹത്തെ ഞങ്ങൾക്ക് തന്നെ നേരിട്ട് അറിയിക്കാനായി. വളരെ വാത്സല്യത്തോടെ അദ്ദേഹം ഞങ്ങളെ മുറിയിലേക്ക് വിളിച്ചു. ചോദ്യങ്ങൾ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ നേരത്തെ തയ്യാറാക്കിയ ചോദ്യാവലി എടുത്ത് കൊടുത്തു. അഞ്ചോ ആറോ ചോദ്യങ്ങൾ. സോവിയറ്റ് യൂണിയനിലെ ഗ്ലാസ്‌നോസ്ത്ത് കാലമാണ്. ആ പ്രശ്‌നം വരെ ചോദ്യത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം അവയൊന്നു ഓടിച്ച് നോക്കി ഉത്തരം പറയാൻ തുടങ്ങി. നിലപാടുകളിൽ അർത്ഥശങ്കക്ക് ഇടയില്ലാത്ത രീതിയിൽ. ഒരാൾ ടൈപ് റെക്കോർഡർ സഖാവിന് അരികിലേക്ക് നീക്കിവെച്ചു. ഞങ്ങൾ രണ്ടുപേർ അതോടൊപ്പം തന്നെ ഉത്തരം കേട്ടെഴുതാൻ തുടങ്ങി (റെക്കോർഡ് ചെയ്താലും കേട്ടെഴുതുക ഇപ്പോഴും എന്റെ പതിവാണ്).
എല്ലാം കഴിഞ്ഞു വലിയ ആഹ്ലാദത്തോടെ പുറത്തിറങ്ങുമ്പോൾ സഖാവ് പറഞ്ഞത് വീണ്ടും ഒന്ന് കേൾക്കാൻ കൊതി തോന്നി. അപ്പോൾ മാത്രമാണ് അറിയുന്നത്, "റെക്കോർഡിങ് വർക്ക് ചെയ്യുന്നില്ല എന്നതായിരുന്നു കംപ്ലൈയിന്റ്" എന്ന് പറഞ്ഞപോലെ, റെക്കോർഡ് ബട്ടൺ അമർത്താതെയാണ് അഭിമുഖം റെക്കോർഡിങ് നടത്തിയത്. എന്തായാലും പരസ്പരം കുറ്റപ്പെടുത്തി ഞങ്ങൾ അവിടെനിന്നും മടങ്ങി. പ്രദീപിന് ധാരാളം ചീത്ത കേട്ടു (അടുത്തകാലത്ത്, ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരത്തിനു എതിരാണ് എന്ന് അവൻ പറഞ്ഞപ്പോഴും അവന് എന്റെ കയ്യിൽ നിന്നും ധാരാളം ചീത്ത കേട്ടു). എന്തായാലും എഴുതിയെടുത്തത് വച്ച് അഭിമുഖം തയ്യാറാക്കി മാഗസിനിൽ പ്രസിദ്ധീകരിച്ചു.
തനിക്ക് പറയാനുള്ള കാര്യങ്ങൾ സ്പഷ്ടമായി പറയുക മാത്രമല്ല തന്നോടുള്ള ചോദ്യങ്ങൾ അദ്ദേഹം നന്നായി കേൾക്കുകകൂടി ചെയ്യുമായിരുന്നു. യാത്രയായി 25 വർഷത്തിന് ശേഷവും ആ ശബ്ദം ബാക്കിയാവുന്നതിനും കാരണം അതുതന്നെ.

No comments:

Post a Comment