Thursday, March 30, 2023

വിജയൻ ഒരു ഓർമ്മ

 തൊണ്ണൂറുകളുടെ ആദ്യത്തിൽ ഡൽഹിയിൽ ജോലി തേടി അലഞ്ഞ കാലത്ത് മുൻകൂട്ടി അനുമതി വാങ്ങാതെ ഏറ്റവുമധികം കയറിച്ചെന്ന ഒരു വസതി ചാണക്യപുരിയിലെ  ഒ വി വിജയൻറെ ഫ്ലാറ്റ് ആയിരുന്നു. എന്നും സന്ദേഹിയായ ആ മനുഷ്യന്റെ വീട്. എന്തെങ്കിലും ജോലി കണ്ടെത്തുന്നതിന് സഹായിക്കാൻ അന്നത്തെ അവസ്ഥയിൽ തനിക്ക് കഴിയില്ല എന്ന് വിജയൻ ആദ്യം കണ്ടപ്പോഴേ പറഞ്ഞിരുന്നു. പക്ഷെ അത് ആ വീട്ടിലേക്കുള്ള യാത്രകൾക്ക് തടസ്സമായില്ല.

പതിഞ്ഞ ശബ്ദത്തിൽ ഉറച്ച രാഷ്ട്രീയം പറഞ്ഞും മുഖ്യധാരയിൽ ഉള്ള രാഷ്ട്രീയങ്ങളോട് എല്ലാം തന്നെ വിയോജിച്ചും വിജയൻ ഏകാകിയായി നിന്നു. ഇടതുപക്ഷത്തെ ഏതാനും നേതാക്കൾ പ്രിയ സുഹൃത്തുക്കളായിരിക്കെ തന്നെ വിജയൻ ഇടതുമായി കെറുവിച്ച് നിന്നു... ആ കെറുവിപ്പ് തന്റെ എഴുത്തിലും സംസാരത്തിലും ചിന്തകളിലും ഒളിച്ചുവെച്ചുമില്ല. 

ചെല്ലുമ്പോൾ മിക്കവാറും സമയങ്ങളിൽ എന്നെകൊണ്ട് ഏതെങ്കിലും ഒരു കഥയോ പുസ്തകഭാഗമോ വായിപ്പിക്കും, അദ്ദേഹം അത് സസൂക്ഷ്മം കേട്ടിരിക്കും. വിറയ്ക്കുന്ന കൈകൾ കൊണ്ട് പുസ്തകം പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അദ്ദേഹം എന്ന് മാത്രമല്ല വല്ലാത്ത ഒരു തരം ഭയപ്പാടോടെയായിരുന്നു തന്റെ രോഗാവസ്ഥയെ അദ്ദേഹം സമീപിച്ചത് തന്നെ എന്ന് തോന്നിയിട്ടുണ്ട്. ഈ ഭയം വ്യക്തിജീവിതത്തിൽ പോലും നിഴലിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു വൈകുന്നേരം അവിടെ ചെന്നപ്പോൾ ഇത്തിരി പരിഭ്രാന്തിയോടെ ഒറ്റക്ക് ഇരിക്കുന്ന വിജയനെയാണ് കണ്ടത്. ഇടയ്ക്കിടെ പുറത്തേക്ക് നോക്കും. പുറത്തുപോയ ഭാര്യ സന്ധ്യയായിട്ടും തിരിച്ചെത്താത്തതിലെ പരിഭ്രാന്തി. അന്ന് അവർ തിരിച്ചെത്തിയ ശേഷമാണ് എനിക്ക് അവിടെ നിന്നും പോരാനായത്. ഈ പരിഭ്രാന്തി മകന്റെ കാര്യത്തിലും അദ്ദേഹം വച്ചുപുലർത്തി.  നന്നായി വരയ്ക്കാൻ കഴിവുള്ള അയാൾ തീർത്തും വ്യത്യസ്തമായ മേഖലയിൽ ആണെന്ന് മാത്രമല്ല എല്ലാ അർത്ഥത്തിലും ഏറെ ദൂരെയാണെന്നതും വിജയനെ അലട്ടിയിരുന്നു. ഒരുപക്ഷെ ഇത്തരം സന്ദേഹങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതോർജ്ജം.

ഒന്നാം നിലയിലുള്ള ആ ഫ്ലാറ്റിന്റെ പുറകിലായി ഒരു നല്ല മാവുണ്ട് വീടിന്റെ പിറകിലെ ജനാലയിലൂടെ കയ്യിട്ടാൽ മാങ്ങാ പറിച്ചെടുക്കാൻ കഴിയും. ആ പച്ചമാങ്ങ കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇടക്കൊക്കെ നല്ല രസമുള്ള ഒരു പാനീയം ഉണ്ടാക്കിത്തരും. 

അലമാരയിൽ അടുക്കിവെച്ച പുസ്തകങ്ങൾക്കിടയിൽ വിജയൻറെ തന്നെ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഒരെണ്ണമെങ്കിലും ഒപ്പിട്ടു വാങ്ങണം എന്ന് മോഹമുണ്ടായിരുന്നെങ്കിലും അങ്ങിനെ ചോദിയ്ക്കാൻ ധൈര്യം വന്നില്ല; അദ്ദേഹമൊട്ടു തന്നുമില്ല.

ഒരു ദിവസം ആ വഴി പോയപ്പോൾ അദ്ദേഹം വിചിത്രമായ ഒരു ആവശ്യം പറഞ്ഞു - തന്റെ കാറിനു ഒരു  ഡ്രൈവറെ വേണം. ഗാരേജിൽ നിന്നും ഒരുപാടുകാലമായി പുറത്തെടുക്കാത്ത ആ കാർ വിജയന് ഒരു വൈകാരികതയായിരുന്നു. പക്ഷെ, എന്തുകൊണ്ടോ ആ കാറിനു ഒരു ഡ്രൈവറെ കണ്ടെത്തിക്കൊടുക്കാനായില്ല... അത് വേണ്ട എന്ന വിദഗ്ദോപദേശം തന്നെയാണ് കാരണം.

ഉപജീവനത്തിന് വേണ്ടിയുള്ള ഓട്ടങ്ങൾക്കിടെ ആ സന്ദർശനങ്ങൾ കുറഞ്ഞുവന്നു. അധികം താമസിയാതെ വിജയൻ ഹൈദരാബാദിലേക്ക് കുടിയേറി... കൂടുതൽ നിശ്ശബ്ദനായി..... ഓർമ്മകളിൽ മാത്രം ബാക്കിയായി.

എഴുത്തുകാരനായ വിജയൻറെ അത്രയും ചർച്ച ചെയ്യപ്പെടാത്ത വ്യക്തിത്വമാണ് കാർട്ടൂണിസ്റ്റായ വിജയന്റേത്. തസ്രാക്ക് വിജയൻ നടന്ന ഒരു വഴി മാത്രമായിരുന്നു. പക്ഷെ ആ വഴിമാത്രം നമ്മൾ ഗൃഹാതുരത്വത്തോടെ ആവർത്തിച്ചു നടന്നു, വിജയൻ ആ ഗൃഹാതുരത്വത്തിനും അപ്പുറമാണെങ്കിൽ കൂടി.  

  



 






  

No comments:

Post a Comment