Sunday, March 26, 2023

ചില വട്ടംകുളം ചിന്തകൾ


ഇന്ന് വട്ടംകുളം സി.പി.എൻ.യു.പി സ്കൂൾ കണ്ടപ്പോൾ എന്തുകൊണ്ടോ ഏറെ ഗൃഹാതുരത്വം ഒന്നുമില്ലാതെ ഞങ്ങളുടെ സ്കൂൾ കാലം ഓർത്തു. ഞങ്ങളുടെ സ്കൂളിന്റെ ഏകദേശം മുന്നിൽ നിന്നും തുടങ്ങി നൂറു മീറ്റർ അകലെ അവസാനിക്കുന്ന 'മഹാനഗര'മാണ് അന്ന് വട്ടംകുളം. എല്ലാവർക്കും എല്ലാവരെയും പരിചയമുള്ള ഇടം. ആളുകൾ പരസ്പരം കാണുന്ന, സംസാരിക്കുന്ന ഇടം. കേരളത്തിലെ ഏതൊരു ഗ്രാമത്തെയുംപോലെ.

തുടക്കം തൊട്ടേ ഞാൻ ചില ആനുകൂല്യങ്ങൾ അനുഭവിച്ച ഇടമാണ് ആ സ്കൂൾ. ആദ്യനാളുകളിൽ തൊട്ടടുത്ത പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാഷായിരുന്നു അച്ഛൻ. പിന്നെ എന്റെ ചെറിയമ്മയുടെ മകൻ ദാമോദരൻ (ഞങ്ങളുടെ ഏട്ടേട്ടൻ ഇപ്പോൾ ഈ ലോകത്തില്ല) അവിടെ ഇഡിഡിഎ ആയി വന്നു. അത്തരം അയൽപക്ക ബന്ധവും അധ്യാപകർക്ക് അവരോടുള്ള ബന്ധവും സ്വാഭാവികമായും എനിക്കും സ്കൂളിൽ ഒരു സ്ഥാനം നൽകി.

വളരെ സാധാരണക്കാരുടെ കുട്ടികൾ പഠിച്ച ആ സ്കൂളിന് കുട്ടികളിൽ മാനുഷികമായ ഗുണങ്ങൾ വളർത്തുന്നതിൽ വലിയ പങ്കുണ്ടായിരുന്നു; യുക്തിഭദ്രമായ സാമൂഹിക കാഴ്ചപ്പാടും. നിങ്ങളുടെ 'തറവാടിത്തമോ' സമ്പത്തോ തിളങ്ങുന്ന വസ്ത്രമോ ഒന്നുമല്ല നിങ്ങളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത് എന്ന് ബോധ്യമായതും അങ്ങിനെയാണ്. കൊച്ചുകൊച്ചു കൗതുകങ്ങൾ വളർത്തുകയും ശാസ്ത്രീയമായ ധാരണകൾ കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുന്ന കാര്യത്തിൽ മിക്ക അദ്ധ്യാപകർക്കും ഒരു നല്ല പങ്കുണ്ടായിരുന്നു. അത് ഒരു പക്ഷെ ആ കാലത്തിന്റെ സ്വഭാവംകൂടി ആയിരിക്കാം. 

ഇത് എന്റെ അധ്യാപകരെ കുറിച്ചുള്ള ഓർമ്മയല്ല. വളരെ പരിമിതമായ അന്തരീക്ഷം എങ്ങിനെ പിൽക്കാലത്ത് ഞങ്ങളുടെ ജീവിത സമീപനം വളർത്തി എന്നതിനെ കുറിച്ചാണ്.

സ്പോർട്സും കലാമേളയും ശാസ്ത്രമേളയുമടക്കം എല്ലാ മേഖലകളിലും ഞങ്ങളുടെ സ്കൂൾ സ്വന്തം അസ്തിത്വം ഉറപ്പിച്ചിരുന്നു. അതിനു ഒരു കാരണം വട്ടംകുളത്ത് അന്ന് സജീവമായ അമ്പിളി കലാസമിതിയാണ്. കലാസമിതി പ്രവർത്തകർക്ക് തങ്ങളുടെ കലാ പ്രവർത്തനത്തിനുള്ള ഒരു വേദികൂടി ആയിരുന്നു ഞങ്ങളുടെ സ്കൂൾ. എല്ലാ ഓണക്കാലത്തും അമ്പിളിയുടെ അരങ്ങിൽ കുട്ടികളുടെ ഓണാഘോഷം ഉണ്ടാവും. വാർഷികവും. ചെറിയ ചെറിയ സന്തോഷങ്ങൾ എങ്ങിനെ നിങ്ങളുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു എന്നതും, ചെറിയ ചെറിയ ഇടപെടലുകൾ എങ്ങിനെ നിങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾക്ക് കരുത്ത് പകരുന്നു എന്നതും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നു. വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രണ്ടാമതും സ്റ്റേജിൽ എത്തുന്നത് അമ്പിളി കലാസമിതിയിലെ അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ്. അന്ന് ആ നാടകം കളിച്ചതും ഈ സ്കൂളിൽ തന്നെ. ഒരുപാടു മികച്ച നാടകങ്ങൾ വട്ടംകുളത്ത് അരങ്ങേറി. സാഹിത്യോത്സവങ്ങൾ നടന്നു.

 ഞാൻ അവിടെ  പഠിക്കുന്ന കാലത്ത് തന്നെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കടന്നുവരവും. "ഓരോ വീട്ടിനും ഓരോ കക്കൂസ്, കൊട്ടാരങ്ങളിൽ എയർ കണ്ടീഷൻ പിന്നെ മതി  പിന്നെ മതി" എന്ന മുദ്രാവാക്യം ആദ്യം കേട്ടതും ഇതേ സ്കൂളിൽ വെച്ചാണ്. സ്വന്തം സങ്കല്പശക്തി തച്ചുടക്കാതെ ജീവിതത്തെ ശാസ്ത്രീയമായി സമീപിക്കാൻ ഇത്തരം ഇടപെടലുകൾ ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചിരുന്നു. പരിഷത്ത് അവിടെ നിന്നും മുന്നോട്ട് പോയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നെഹ്രുവിയൻ യുക്തിബോധം സമൂഹത്തിൽ വളർത്തേണ്ട സംഘടനയായിരുന്നു അത്. 

അന്ന് ഞങ്ങൾക്ക് വായിക്കാൻ കിട്ടിയ പുസ്തകങ്ങൾ ഒന്നും തന്നെ മതകീയമോ ജാതീയമോ ആയ ചിന്തകൾ ഞങ്ങളിൽ വളർത്തിയില്ല. എന്നിട്ടും പിൽക്കാലത്ത് എന്റെ തലമുറയിൽ പെട്ടവരും അടുത്ത തലമുറയിൽ പെട്ടവരുമായവരുടെ കുട്ടികൾക്ക് പലർക്കും എങ്ങിനെ ജാതിവാല് വന്നു എന്നത് വിചിത്രമാണ്. ആൾദൈവങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി എന്നും.  


എന്തായാലും വട്ടംകുളം സ്കൂളിന്റെ നാലയലത്തൊന്നും ഒരു തരം വർഗീയ ചിന്തയും അന്ന് നിലനിന്നിരുന്നില്ല; ജാതീയമായ അടികളും. നമ്മൾ ഹിന്ദുക്കൾ, നമ്മൾ മുസ്ലിങ്ങൾ എന്നാരും പറഞ്ഞില്ല. ദളിതനായ രാഘവേട്ടൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ജാതീയമായ പരിഹാസം ഉയർത്തിയവർക്ക് മറുപടി പറഞ്ഞത് അന്നത്തെ പൊതുസമൂഹമായിരുന്നു. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വട്ടംകുളം ഗ്രാമീണ വായനശാലയിൽ അംഗത്വം എടുത്തുതരുന്നത് എട്ടേട്ടനാണ്. ആഴ്ചയിൽ നാലു ദിവസമെങ്കിലും അക്കാലത്തും വായനശാലയിൽ പോയി പുസ്തകം എടുക്കുന്നത്  ഒരു ശീലമായി. മാലിയും നരേന്ദ്രനാഥും സുമംഗലയും കടന്ന് ഉറൂബിലും, ഇടശ്ശേരിയിലും പത്മനാഭനിലും എംടിയിലും വിജയനിലും എം സുകുമാരനിലും ഒക്കെ വായനശാല ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചു. സ്വന്തമായി പുസ്തകശേഖരം ഇല്ലാത്ത കാലത്താണ് മനുഷ്യർ ആഴത്തിൽ വായിച്ചിരുന്നത് എന്ന് തോന്നുന്നു.

അന്ന് വായനശാല ഒരു കൈയെഴുത്ത് പ്രസിദ്ധീകരണം ഇറക്കിയിരുന്നു - 'പുലരി'. അതിൽ ഏട്ടൻ എഴുതിയ ഒരു കഥയും പി പി രാമചന്ദ്രന്റെ ചിത്രവും ഇപ്പോഴും ഓർമ്മയുണ്ട്. ജ്യോതിയേട്ടൻ എഴുതിയ കവിതയുടെ പേര് എന്തായിരുന്നു? സോക്രത്തേസ്?

ആ മാസികയാണ് പിന്നീട്, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒരു പ്രസിദ്ധീകരണം  തുടങ്ങാൻ ഞങ്ങൾക്ക് പ്രേരണയായത് - ദീപം എന്നായിരുന്നു പേര്. ശങ്കരൻ മാഷായിരുന്നു മാർഗദർശി. അന്ന് ഏറ്റവും നന്നായി പഠിക്കുന്ന, ഏറ്റവും നല്ല കൈയക്ഷരമുള്ള സത്യനാരായണനാണ് എഡിറ്റർ (അവൻ വിദേശത്ത് എവിടെയോ വലിയ നിലയിൽ കഴിയുന്നു എന്നല്ലാതെ കൂടുതൽ ഒന്നും അറിയില്ല).

അന്ന് നമ്പീശൻ മാഷ് സൗജന്യമായി തന്ന സ്ഥലത്താണ് വട്ടംകുളത്തെ വായനശാല. അവിടെ മാഷ് നടത്തിയിരുന്ന വിജയ ട്യൂട്ടോറിയൽ ഒരുപാടുപേരുടെ ആശ്രയമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, കണക്ക്. ഇംഗ്ലീഷും ഹിന്ദിയും മാഷ് തന്നെ എടുക്കും; ഹിന്ദിക്ക് ഫീസ് വേണ്ട. ക്ലാസ് കഴിഞ്ഞാൽ അക്ഷരശ്ലോക സദസ്സ്. ഏകദേശം അത് തീരുമ്പോൾ വായനശാല തുറക്കും. എട്ടേട്ടൻ, ഗോവിന്ദൻമാമ, കൃഷ്ണേട്ടൻ, അങ്ങിനെ പലരും ലൈബ്രേറിയന്മാരായി. അത് ഒരു സേവനമായിരുന്നു. വായന ഒരു സാമൂഹിക വിനിമയവും. 

കുറച്ച് കാലം കഴിഞ്ഞതോടെ  വായനശാല കൂടുതൽ സജീവമായി. മറ്റൊരു തലമുറ കൂടി വായനശാലയിൽ എത്തി. അന്നത്തെ ചെറുപ്പക്കാരനായ ഉണ്ണിക്കയുടെ (അന്ന് കക്ഷി ഹിപ്പി ഉണ്ണി ആണ്) തൊട്ടു താഴെ ഉള്ളവരുടെ തലമുറ. അക്കാലത്തെ വൈകുന്നേരങ്ങളിൽ ട്യൂഷൻ സെന്റര് മുഴുവൻ വായനശാലയാവും. പത്രമാസികകൾ വായിക്കുന്നവർ, പുസ്തകം എടുക്കുന്നവർ, സജീവമായി രാഷ്ട്രീയ ചർച്ച നടത്തുന്നവർ. അത് കുട്ടികളായ ഞങ്ങളിൽ ഞങ്ങൾ അറിയാതെ ഒരു ദിശാബോധം വളർത്തി. മതാന്ധതയിലോ വർഗീയതയിലോ നങ്കൂരമിട്ടതാകരുത് നിങ്ങളുടെ രാഷ്ട്രീയം എന്ന് ആ വായനശാല ഞങ്ങളെ ഞങ്ങൾ അറിയാതെ പഠിപ്പിച്ചു. 

സാഹിത്യലോകം സ്വപ്നം കണ്ടവരുടെ ഒരു ലോകമായിരുന്നു വായനശാലയിലെ സായാഹ്നങ്ങൾ. എന്റെ ഏട്ടൻ പി സുരേന്ദ്രന് പുറമെ, എനിക്ക് ജ്യേഷ്ഠതുല്യരായ ജ്യോതിഭാസ്, ശൂലപാണി, പി പി രാമചന്ദ്രൻ, നന്ദകുമാർ, പി വി നാരായണൻ... അങ്ങനെ കുറേപേർ. അവരുടെ കൂടി ചർച്ചകൾ കേട്ടാണ് ഞങ്ങൾ കൗമാരക്കാർ ഞങ്ങളുടെ സാഹിത്യ ബോധവും നിലപാടുകളും വളർത്തിയത്. അന്നത്തെ വായനയും കേൾവിയും പിന്നീട് എടപ്പാളിലെ സായാഹ്നങ്ങളിൽ ജയകൃഷ്ണൻ മാഷ് അടക്കമുള്ള ആളുകളുമായുള്ള ആശയവിനിമയവും ഭാഷ ഒരു ശീലമാക്കി വളർത്താൻ എനിക്ക് കരുത്ത് പകർന്നു. പക്ഷെ, ഒരു നല്ല പരിഭാഷകൻ ആയപ്പോഴും ഇന്നുമതെ ഒരു കവിത എഴുതിയാൽ ആത്മവിശ്വാസത്തോടെ ആരെയെങ്കിലും കാണിക്കാൻ ധൈര്യമില്ല. നല്ല വായനയുടെ ഒരു മോശം പ്രഭാവം.

പുതിയ വിദ്യാഭ്യാസ ക്രമങ്ങളും സാമൂഹിക വിനിമയങ്ങളും കുട്ടികളിൽ നിരുപാധികമായ സാമൂഹ്യബോധം വളർത്തുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. പ്രത്യേകിച്ചും സ്വകാര്യ വിദ്യാലയങ്ങൾ. പാഠപുസ്തകത്തിനപ്പുറം ലോകത്തിലേക്ക് വാതിൽ തുറക്കാൻ അവർക്കാവുന്നുണ്ടോ? അതല്ലെങ്കിൽ കുട്ടികളുടെ സാമൂഹ്യബോധം നമ്മുടെ കാലത്തിന്റെ ജൈവികമായ വളർച്ചക്ക് കരുത്ത് പകരുന്നതിനായി ഉപയോഗിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?  നമ്മുടെ വിദ്യാലയങ്ങൾ നമ്മളിൽ രാഷ്ട്രീയ ബോധം വളർത്തുന്നുണ്ടോ? ഒന്നുറപ്പാണ്, ഞങ്ങൾ കുട്ടികൾ അന്ന് രക്ഷിതാക്കൾക്ക് 'ആസ്തി' ആയിരുന്നില്ല. ജീവിത വിജയത്തിന്റെ സങ്കൽപ്പങ്ങൾ ഞങ്ങൾക്ക് ബാധ്യതയും ആയിരുന്നില്ല. ഞങ്ങളുടെ തലമുറ രക്ഷിതാക്കൾ ആയപ്പോൾ ആ അവസ്ഥ മാറിയതും പുതിയ സമൂഹത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. അത് സമൂഹത്തിന് എത്രമാത്രം നല്ലതാണെന്ന് പറയേണ്ടതും ഈ രക്ഷിതാക്കളാണ്, പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ. 

No comments:

Post a Comment