Thursday, February 13, 2020

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
ഉപ്പുകല്ലുപോലെ
വാക്കുകൾ അലിഞ്ഞു പോകുന്നു.
തൊടുത്തു വിട്ട അസ്ത്രം
മടങ്ങിവരാതെ
ആകാശത്ത് അസ്തമിക്കുന്നു
തുളച്ചുകാണും
ഏതോ ഭൂപടത്തിന്റെ ഏകാന്തതയെ.

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
അമ്പേറ്റ ഒരു കിളി
കാടിൻ നടുവിൽ
പിടഞ്ഞു വീഴുന്നു.
പൊഴിഞ്ഞ തൂവൽ  മാത്രം
ചുടുനിണം പേറി
ഒഴുക്കുവറ്റിയ  പുഴ കടക്കുന്നു.


നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
വഴിതെറ്റിയ വ്യാഘ്രം
ഒഴുക്ക് വറ്റിയ പുഴ കടക്കുന്നു.
കാലം തെറ്റിയ മഴയിൽ
ഒലിച്ചെത്തിയ മുതലകൾ
വാക്കുകളുടെ കാലിൽ കടിക്കുന്നു.

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
രാക്കിളികൾ
വാക്കുകളിൽ കൂടുകൂടുന്നു.
മറന്ന വാക്കുകളിൽ
നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
ഞാൻ
നിന്നെ മാത്രം പരിഭാഷപ്പെടുത്താൻ
മറക്കുന്നു.  

No comments:

Post a Comment