Thursday, February 13, 2020

അങ്ങനെ

അങ്ങനെയിരിക്കെ
പൊടുന്നനെ പെയ്യും
ഒരു പൂക്കാലം...
തിരയടിക്കും,
കൈകുമ്പിളിലെ കടൽ.
മോതിരവലയങ്ങൾ,
കുഞ്ഞോളങ്ങൾ.
കാലം തെറ്റിയ മഴയിൽ
കുടചൂടാതെ നമ്മൾ നടക്കും.
പൂക്കൾ വിൽക്കുന്ന തെരുവിൽ,  
ഒരിക്കലും പൂക്കാത്ത
ജീവിതങ്ങൾക്ക് നടുവിൽ.
ഒരു മെഴുതിരിക്കിരുകരകളിൽ
നമുക്കൊരിക്കലും
മുറിച്ചു കടക്കാനാവാത്ത കടൽ.
മണൽപ്പരപ്പിൽ
മുൾക്കിരീടം ചുമന്ന്
രണ്ട് കള്ളിമുൾച്ചെടികൾ.
എത്ര മെഴുതിരികൾ
ഊതികെടുത്തിയാണ്
നമ്മൾ
ഈ കാലമത്രയും
നീന്തിക്കടന്നത്?  
എന്നിട്ടും ബാക്കിയാവുന്നു
തീരം കാണാത്ത അപാരത.
ഇനിയും കുടിക്കാനുണ്ട്
ബാക്കിവെച്ച ഇരുൾ.
എന്നാലും
ഇറങ്ങിയേ തീരൂ,
നദികളായി, കൈവഴികളായി.  
കാണും,
നിഴൽവീണ പാതയിൽ
എവിടെയോ ഒളിച്ചിരിക്കുന്ന
ഒരു പൂക്കാലം
നമ്മുടെ മാത്രം കടൽ
തിര. 

No comments:

Post a Comment