Wednesday, February 5, 2020

ഉൾ-ക്കടൽ

ഒരു കടലുണ്ട്, ഉൾക്കടൽ 
ഏകാന്തതയുടെ കൈയ്യൊപ്പ് ചാർത്തി 
ഉന്മാദങ്ങളുടെ തിരകൾ ഉള്ളിലൊതുക്കി. 
എന്റെ ആഴങ്ങളിൽ 
ഇടയ്ക്കിടെ കടന്നെത്താറുണ്ട് 
വഴി തെറ്റിയ നൗകകൾ 
തിരയിൽ ഉലയാറുണ്ട് 
ഇരുൾ മുറിച്ചുകടക്കുന്ന യാനങ്ങൾ 
വൻചുഴികളിൽ വീഴാറുണ്ട് 
നാവികർ, കപ്പിത്താന്മാർ.
ആകാശമെന്നു കരുതി 
ചിറകുവിരിച്ചവർ 
മുങ്ങിയസ്തമിച്ചതു 
ഏതു നിലയില്ലാക്കയത്തിലാണ്? 
പെരുകുകയാണ് 
ഉള്ളിലെ തിരമാലകൾ ...
പെയ്തൊഴിയാതെ മേഘം.
ആരോ കാത്തുനിൽപ്പുണ്ട് 
ഇനിയും കാണാത്ത  തീരങ്ങളിൽ 
നിശാശലഭങ്ങൾക്കു വഴികാട്ടിയായി. 
അപ്പോഴും പെയ്യാറുണ്ട് 
ഇരുൾ വിഴുങ്ങിയ നക്ഷത്രങ്ങൾ 
ഉന്മാദത്തിന്റെ  സ്വേദബിന്ദുക്കൾ പോലെ 
നിലവിലൂടെ ഇപ്പോഴും 
തെന്നി നീങ്ങുന്നുണ്ട് 
ഒരേയൊരു തിര 
കരയില്ലാതെ 
കടലറിയാതെ.

No comments:

Post a Comment