Wednesday, February 12, 2020

എന്റെ റേഡിയോ ദിനങ്ങൾ

റേഡിയോ ഞങ്ങളുടെ നിലക്കാത്ത ഘടികാരമായിരുന്നു. ക്ലോക്കിൽ നോക്കാതെ ഞങ്ങൾ സമയമറിഞ്ഞു. ഉണരാൻ, ഉറങ്ങാൻ, പഠിക്കാൻ, കളിയ്ക്കാൻ.... പലപ്പോഴും തോന്നിയിട്ടുണ്ട് അദൃശ്യമായൊരു സൂചി അതിനുള്ളിൽ എവിടെയോ തിരിയുന്നുണ്ടെന്ന്, കാലത്തെ ഗൗനിക്കാതെ.   
എനിക്ക് കഷ്ടിച്ച് നാല് വയസ്സുള്ളപ്പോളാണ് വീട്ടിൽ ആദ്യത്തെ റേഡിയോ വന്നത് എന്നാണെന്റെ ഓർമ്മ. മർഫി? കൃത്യമായി ഓർമ്മയില്ല. അത് ഞങ്ങളുടെ സ്വന്തമായിരുന്നില്ല; അച്ഛന്റെ മരുമകന്റേതായിരുന്നു. പത്രം വരാത്ത ഞങ്ങളുടെ വീട്ടിൽ (പത്രം മിക്ക വീടുകളിലും വരാത്ത എഴുപതുകളുടെ തുടക്കത്തിൽ) റേഡിയോ ഞങ്ങൾക്ക് കൗതുകമായി. പാട്ടുകൾ, നാടകങ്ങൾ, തമാശകൾ ... ഇടയ്ക്കു വാർത്തയും. പിന്നീട് വിവാഹമെല്ലാം കഴിച്ചു സ്വന്തം കുടുംബമായപ്പോൾ അദ്ദേഹം ആ റേഡിയോ തിരിച്ചെടുത്തു.
ആ ശബ്ദപേടകം അക്കാലത്തു ഒരു വലിയ ആർഭാടമായിരുന്നു. സ്വന്തമായി ലൈസൻസ് ഒക്കെ ഉണ്ടെങ്കിലേ വീട്ടിൽ ഒരു ട്രാൻസിസ്റ്റർ റേഡിയോ വെക്കാനാവൂ. ഒന്നുരണ്ടു വർഷത്തിന് ശേഷം, അച്ഛൻ വട്ടംകുളത്തു പോസ്റ്റ്മാസ്റ്റർ ആയിരുന്ന കാലത്താണ്, തൊട്ടടുത്ത സ്കൂളിൽ പഠിച്ചിരുന്ന ഞാൻ പോസ്റ്റ് ഓഫീസ് എന്റെ ഇടത്താവളമാക്കിയപ്പോൾ, റേഡിയോ ലൈസൻസ് പുതുക്കാനായി വരുന്നവരെ കാണുന്നത്. ഇതൊക്കെ അന്തസ്സുള്ളവർക്കു പറഞ്ഞതാണെന്ന അവരുടെ മുഖഭാവത്തെക്കാൾ എന്നെ ആകർഷിച്ചത് ഓരോ തവണയും ലൈസൻസ് പുതുക്കുമ്പോൾ ആ പുസ്തകത്തിൽ ഒട്ടിച്ച മനോഹരമായ സ്റ്റാമ്പുകളായിരുന്നു. പക്ഷെ അവ ആൽബത്തിൽ വെക്കാൻ പാടില്ലെന്ന് അച്ഛൻ തന്നെയാണ് പറഞ്ഞത് അവ പോസ്റ്റേജ് സ്റ്റാമ്പുകളല്ല, ലൈസന്സുകളിൽ ഓടിക്കാനുള്ള പ്രത്യേക സ്റ്റാമ്പുകളായിരുന്നു. പിന്നീടെപ്പോഴോ നഷ്ടപ്പെട്ട ആൽബത്തിൽ ഒരിക്കലും ഇടംപിടിക്കാതെ പോയ മുദ്രകൾ.


അടുത്ത വീട്ടിൽ പാടുന്ന റേഡിയോയിൽ നിന്നും ഒഴുകിയെത്തുന്ന അശരീരികൾ പലപ്പോഴും എന്നെ കൊതിപ്പിച്ചിരുന്നു . ശബ്ദത്തോടുള്ള പ്രണയം ... ഇന്നും തുടരുന്നു.
അങ്ങനെയിരിക്കെയാണ് എന്റെ ഏട്ടൻ, പി സുരേന്ദ്രൻ, അന്ന് മൈസൂരിൽ തൊഴിൽ ചെയ്യുന്ന കാലത്ത്, കോഴിക്കോട് ആകാശവാണി നിലയത്തിലെ യുവവാണിയിൽ ഒരു കഥ അവതരിപ്പിക്കുന്നത്. കഥാവായന കേൾക്കാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോളാണ് അടുത്ത വീട്ടിലെ കുഞ്ഞിപ്പുക്ക തന്റെ പെട്ടിക്കടയിൽ വെക്കുന്ന റേഡിയോ ഒരു വൈകുന്നേരത്തേക്കു എടുത്തുകൊണ്ടുവരാൻ സമ്മതം തന്നത്. അങ്ങനെ ഒരു വൈകുന്നേരത്തേക്കു ആകാശവാണി വീണ്ടും ഞങ്ങളുടെ വീട്ടിൽ അലയടിച്ചു.
അപ്പോഴേക്കും ട്രാൻസിസ്റ്റർ റേഡിയോയുടെ ലൈസൻസ് സമ്പ്രദായം എടുത്തുകളഞ്ഞു. എല്ലാവര്ക്കും റേഡിയോ വാങ്ങാം എന്ന് വന്നു; പൈസയുണ്ടെകിൽ! അതായിരുന്നു അന്നത്തെ പ്രശ്നം. പൈസ. അതിനാൽ ദേശവും അതിരുമില്ലാതെ സഞ്ചരിക്കുന്ന ശബ്ദം, അടുത്ത വീട്ടിൽ നിന്നും ഞങ്ങളെ തേടിയെത്തുന്നതിനു ഞങ്ങൾ കാതോർത്തു.
അക്കാലത്തും വീട്ടിൽ ഇടക്കെപ്പോഴെങ്കിലും ഒരു റേഡിയോ ശബ്ദം കടന്നു വരാറുണ്ടായിരുന്നു. അത് ബാലമ്മാമയുടെ (അച്ഛന്റെ ഏട്ടൻ) പോക്കറ്റ് റേഡിയോയുടെ ശബ്ദമാണ്. പൊന്നാനിയിൽ നിന്നും തന്റെ റാലി സൈക്കിളിൽ എടപ്പാൾ വരെ വരുന്ന ബാലമ്മാമ റേഡിയോ കൊണ്ട് മാത്രമല്ല തന്റെ സംസാരം കൊണ്ടും വീടാകെ ശബ്ദമുഖരിതമാക്കും. ഒരു ഓലവെട്ടി നിറയെ മീനുമായി വരുന്ന ബാലമ്മാമ വീടിനു വല്ലാത്ത ഒരു ഉണർവായിരുന്നു. ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ കക്ഷി തിരിച്ചുപോകും. വീടിന്റെ നിശ്ശബ്ദതയിലേക്കു ഞങ്ങൾ സ്കൂൾ വിട്ടുവരും.
ഏകദേശം അക്കാലത്താണ് മറ്റൊരു കസിൻ പഴയ ഒരു കുഞ്ഞു റേഡിയോ തരുന്നത്. കറന്റ് ഇല്ലാത്ത വീട്ടിൽ, പെട്ടെന്ന് ചാർജ് തീരുന്ന പെൻ ടോർച്ചിന്റെ ബാറ്ററി ഇടുന്ന ആ റേഡിയോ ഉപയോഗിക്കുക സാമ്പത്തികമായി അത്ര സുഖകരമായിരുന്നില്ല. അങ്ങനെയാണ് വീട്ടിലെ മരാമത്തുപണിക്കു വന്ന ശങ്കുണ്ണി ആശാരിയെ കൊണ്ട് അച്ഛൻ അതിനു വലിയ ബാറ്ററി ഇടാവുന്ന ഒരു മരപ്പെട്ടി ഉണ്ടാക്കിക്കുന്നത്. കുറേകൂടി ആയുസുള്ള പുതിയ ബാറ്ററിയുമായി, ഇടയ്ക്കിടെ ചുമച്ചും ഏങ്ങലടിച്ചും ആ റേഡിയോ കുറെ കാലം പാടി, പറഞ്ഞു. പിന്നെ മണ്മറഞ്ഞു. വീണ്ടും വന്നു റേഡിയോകൾ.. ഹോളണ്ടിൽ നിർമ്മിച്ച പഴയ ഒരു ഫിലിപ്സ്, ഷാർപ് മ്യൂസിക് സിസ്റ്റം, നാഷണൽ പാനാസോണിക്.. എല്ലാം ഒരേ ശബ്ദം...
അഞ്ചുമണിക്ക് ഉറക്കുന്ന അമ്മ റേഡിയോനിലയം തുറക്കും മുന്നേ റേഡിയോ തുറക്കുമായിരുന്നു. സുഭാഷിതം തൊട്ടു എട്ടുമണി വർത്തവരെ ഞങ്ങളുടെ സമയത്തെ നിയന്ത്രിച്ചതും റേഡിയോ തന്നെ. എട്ടുമണിയോടെ ഹിന്ദി വാർത്തയുടെ തൊട്ടുമുന്നെയുള്ള പരസ്യം വന്നാൽ തീന്മേശയിലെത്താം പ്രാതൽ തയ്യാറായിരിക്കും. വൈകിട്ട് വിളക്ക് കത്തിക്കാൻ പള്ളിയിലെ ബാങ്കിന് കാതോർക്കുന്നപോലെയുള്ള ഒരു സമയബോധമായിരുന്നു അത്.
റേഡിയോ ഞങ്ങൾക്ക് കേവലം ഒരു കേൾവിയായിരുന്നില്ല, ജീവിതത്തിന്റെ താളമായിരുന്നു.
രാജശേഖരൻ, പ്രതാപൻ, ഗോപൻ, സുഷമ...
വാർത്തകൾ, നാടകങ്ങൾ, സിനിമാപ്പാട്ട്, കൗതുകവർത്തകൾ, കൊങ്ങിണിഗാനം...
ശ്രീലങ്ക പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള ആവർത്തനവിരസമായ മലയാളം പാട്ടുകൾ, വിവിധഭാരതി.
ഇടയ്ക്കിടെ റേഡിയോ വഴി പഠിപ്പിക്കാറുള്ള ലളിതഗാനം കേട്ടെഴുതി പാടിത്തരാറുള്ള അച്ഛൻ കേൾക്കാറുണ്ടായിരുന്ന (ഇപ്പോഴും കേൾക്കുന്ന) മറ്റൊന്ന് കഥകളിപദങ്ങളാണ് .
"ഇരയിമ്മൻ തമ്പിയുടെ ഈരടി കേട്ടുറങ്ങി,
ഓമനത്തിങ്കൾ കിടാവും നല്ല കോമള താമരപ്പൂവും" തുടങ്ങിയ പാട്ടുകൾ ഇപ്പോഴും അച്ഛന്റെ ഡയറിയിൽ കാണണം, മനസ്സിലും.
റേഡിയോ ഇപ്പോഴും അച്ഛന്റെ സന്തത സഹചാരിയാണ്. ചെറുപ്പത്തിൽ സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെകിൽ ഏറ്റവും മികച്ച ഒരു ഗായകനോ സംഗീത സംവിധായകനോ ആവുമായിരുന്നു അച്ഛൻ. ഇടശ്ശേരിയുടെ പൂതപ്പാട്ട് ആദ്യമായി സംഗീതാവിഷ്കാരം നടത്തി നിഴൽനാടകമായി രംഗത്ത് അവതരിപ്പിച്ചതും അച്ഛനാണ്. നിഴൽനാടകം എന്നൊരു ആശയം അതിനു മുന്നേ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇടശ്ശേരി, തന്റെ കവിതകൾ ആകാശവാണിയിൽ വരുന്ന ദിവസങ്ങളിൽ പൊന്നാനി ചന്തപ്പടിയിലെ ഹോട്ടലിൽ തങ്ങളെയെല്ലാം കൊണ്ടുപോയി ചായ വാങ്ങിത്തന്ന് കവിത കേൾക്കാറുണ്ടായിരുന്ന കാലം അച്ഛൻ ഇപ്പോഴും ഓർത്തെടുക്കാറുണ്ട്. തന്റെ കലാസമിതി, നാടക ദിനങ്ങളെയും!
എടപ്പാൾ ഹൈസ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് തൊട്ടടുത്തുണ്ടായിരുന്ന ട്യൂഷൻ സെന്റർ നടത്തിയിരുന്ന കൃഷ്ണൻ നമ്പൂതിരി മാഷിന്റെ പ്രധാന നേരമ്പോക്കും റേഡിയോ കേൾവിയായിരുന്നു. ഇടയ്ക്കിടെ കിടപ്പിലാവുന്ന ആ റേഡിയോയെ അടിക്കടി ചികിൽസിച്ചു ആസന്നമൃത്യുവിൽ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ കൂട്ടുകാരൻ ചന്ദ്രനായിരുന്നു. ചന്ദ്രന്റെ ഏട്ടൻ കൃഷ്ണേട്ടൻ എടപ്പാളിൽ നടത്തുന്ന ന്യൂക്ലിയസ് റേഡിയോസ് എന്ന റേഡിയോ റിപ്പർ ഷോപ്പിൽ ഇടയ്ക്കിടെ ആ പാട്ടുപെട്ടിയെ സൗജന്യ ചികിത്സക്കായി അഡ്മിറ്റ് ചെയ്യും. കാലക്രമത്തിൽ ആ റേഡിയോ പോയി ... പിന്നാലെ മാഷും.
അന്നൊക്കെ നാട്ടുവഴികളിലൂടെ ഒരു നാഴിക നടന്നാൽ ഒരു ആകാശവാണി പരിപാടി ഒരു തടസ്സവുമില്ലാതെ കേൾക്കാനാവും. ഒരു വീട്ടിലെ റേഡിയോവിൽ നിന്നും, മറ്റൊരു വീട്ടിലെ റേഡിയോവിലേക്ക് .. അങ്ങനെ മാറിമാറി... അതിർത്തിയും പൗരത്വവും ശബ്ദത്തെ വ്യാകുലപ്പെടുത്താറില്ലല്ലോ!
പാരലൽ കോളേജ് ഉദ്യോഗവും, പകുതിസമയ പത്രപ്രവർത്തനവും പിന്നെ എംഎ പഠനവുമായി കഴിയുന്ന കാലത്താണ്, 1990ൽ, ആകാശവാണിയിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. അന്ന് യുവാവാണിയുടെ ചുമതലയുണ്ടായിരുന്ന ഇന്ദിരയാണ് യാതൊരു മുന്പരിചയവുമില്ലാതെ തന്നെ, എന്റെ സുഹൃത്ത് രാധാമണിയുടെ റഫെറൻസ് വഴി എന്നെ വിളിക്കുന്നത്. പിന്നീട് കോഴിക്കോട് ആകാശവാണി ഒരു സ്ഥിരം താവളമായി, ഏകദേശം രണ്ടു വർഷത്തോളം. കവിത, പ്രഭാഷണം, ചർച്ച... ഖാൻ കാവിലും നരേന്ദ്രനുമെല്ലാം ഏറെ സഹായിച്ചു. സ്റ്റുഡിയോയോയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കിട്ടുന്ന ചെക്ക് അപ്പോൾ തന്നെ ആകാശവാണിയുടെ എംപ്ലോയീസ് കോഓപ്പറേറ്റീവ് സ്റ്റോറിൽ കൊടുത്ത് ഡിസ്‌കൗണ്ട് ചെയ്തെടുക്കാമായിരുന്നു അക്കാലത്ത്. അതിനാൽ ആകാശവാണിയിൽ പ്രോഗ്രാം അവതരിപ്പിച്ചാൽ അന്ന് തന്നെ 'ധനികനാവാം'!

പിന്നീട് 1993 ൽ ഡൽഹിയിൽ എത്തുമ്പോൾ പാർലമെന്റ് സ്ട്രീറ്റിലെ ആകാശവാണി നിലയം, എന്തുകൊണ്ടെന്നറിയില്ല എത്തിപ്പിടിക്കാനാവാത്ത സ്വപ്നം പോലെയായിരുന്നു കുറെ നാൾ. കേട്ടുശീലിച്ച ശബ്ദങ്ങളെ നേരിൽ കാണാൻ പോലും അവിടെ കയറാൻ ഭയമായിരുന്നു. ഏകദേശം നാല് വർഷത്തിന് ശേഷമാണ് തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കൽ അവിടെ കയറുന്നത്. ഗോപൻ എന്ന വാർത്താവതാരകന്റെ മാസ്മരികമായ ശബ്ദം നേരിട്ട് കേൾക്കുന്നത് അന്നാണ്. ക്യാഷൽ വാർത്താവായനക്കാർക്കു ആകാശവാണിയിൽ അവസരം കിട്ടുമെന്ന് പറഞ്ഞ്, എന്നോട് അപേക്ഷ നല്കാൻ പറഞ്ഞതും, പിന്നീട് തെരഞ്ഞെടുക്കപെട്ടപ്പോൾ പരിശീലനം നൽകിയതും അദ്ദേഹമാണ്. സുഷമേച്ചി, ശ്രീദേവി, സത്യചന്ദ്രൻ സാർ, സുഷമ, ഹക്കീം, ശ്രീകണ്ഠൻ, ശ്രീകുമാർ.... ഓരോരുത്തരും ഓരോ അനുഭവപാഠങ്ങളായിരുന്നു അവിടെ. അങ്ങനെയൊരു സാധ്യതയെ കുറിച്ച് ആദ്യം പറയുന്നത് എനിക്ക് മുന്നേ അവിടെ എത്തിയ പഴയ കൂട്ടുകാരൻ എംസിഎ നാസറാണ്. അവൻ അന്ന് മാധ്യമം പത്രത്തിന്റെ റിപ്പോർട്ടർ.
നാസർ, ജോൺ ബ്രിട്ടാസ്, ആനി, സുരേഷ്, സജിത്ത്, റീന, ജോസഫ്, രാജശേഖരൻ, റഹ്മാൻ, റോസ്മിൻ, ചന്ദ്രകാന്ത്, രതി ടീച്ചർ, സജി, ബിമൽ, രാംദാസ്... ആകാശവാണിയുടെ ലോകം വളരെ സജീവമായിരുന്നു. ഒരിക്കലും കൃത്യമായി കിട്ടാത്ത ഓണറേറിയം പക്ഷെ ഞങ്ങളെയെല്ലാം പൊടുന്നനെ 'സമ്പന്നരാക്കും'! നിനച്ചിരിക്കാതെയായിരിക്കും ചെക്ക് കിട്ടുക. ദാരിദ്ര്യം ഊട്ടിയുറപ്പിച്ച ചങ്ങാത്തങ്ങളുടേതുകൂടിയായിരുന്നു ആ കാലം. ഇങ്ങനെ പൈസ കിട്ടുമ്പോളാണ് ഞാനും ഷീലയും വലിയ റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിച്ചിരുന്നത്; നല്ല വസ്ത്രങ്ങൾ വാങ്ങിയിരുന്നത്.
പൈസ കിട്ടിയില്ലെങ്കിലും ആകാശവാണി ഞങ്ങൾക്ക് ഒരു ഹരമായിരുന്നു. സ്വന്തം ശബ്ദം ലൈവ് ആയി ഗഗനചാരിയാവുന്നതിന്റെ ആഹ്ലാദം ഞങ്ങൾ അനുഭവിച്ചു. ഡൽഹി വിടുമ്പോൾ ഉപേക്ഷിക്കാൻ വിഷമം തോന്നിയ ഒരു ഇടമായിരുന്നു അത്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ മലയാള പ്രക്ഷേപണം തന്നെ ഡൽഹി വിട്ടു, തിരുവനന്തപുരത്തെത്തി. അങ്ങനെ ഒരു തീരുമാനം വരുന്നുവെന്ന് ആദ്യമായി വാർത്ത എഴുതാനുള്ള യോഗവും എനിക്ക് തന്നെയായിരുന്നു.
ടെലിവിഷൻ വലിയ വിപ്ലവങ്ങൾ നടത്തുമ്പോഴും റേഡിയോക്ക് അതിൻറേതായ ഒരു ഇടമുണ്ട്. അതുകൊണ്ടു തന്നെയായിരിക്കാം ഇത്രയൊക്കെ ഓർത്തെടുത്തിട്ടും ഇനിയും പറയാനെന്തൊക്കെയോ ബാക്കിയുണ്ട് എന്ന തോന്നൽ ബാക്കി നിൽക്കുന്നത്.
അല്ലെങ്കിലും ശബ്ദത്തെ ആർക്കാണ് പ്രണയിക്കാതിരിക്കാനാവുക?

1 comment:

  1. 'ഇരയിമ്മൻതമ്പിയുടെ ഈരടി കേട്ടുറങ്ങി...' എന്ന പാട്ട് കൈയിലുണ്ടെങ്കിൽ അതിന്റെ സാഹിത്യമൊന്നു തരാമോ? രചയിതാവും സംഗീതസംവിധായകനും ആരെല്ലാമാണെന്നും ഞാൻ മറന്നുപോയി.

    athippattaravi@gmail.com

    ReplyDelete