ആ പെൺകുട്ടികൾ ഉറങ്ങുകയാണ്
ഇല്ല...
ബോംബറുകളുടെ ചീറിപ്പാച്ചിൽ
അവരെ ഉണർത്തില്ലിനി
ഭൂകമ്പങ്ങൾ അവരെ കുലുക്കില്ല.
അവർ ചിരിച്ച് പടിയിറങ്ങിപ്പോന്ന വീട്ടിൽ
കാത്തിരിപ്പുണ്ടൊരു കളിപ്പാവ
അകത്തളങ്ങളിലൂടെ
സ്വപ്നസഞ്ചാരം നടത്തുന്ന
ഒരു കുഞ്ഞുവിമാനം...
കാത്തിരിക്കുന്നുണ്ടാവാം
ഒന്നുമറിയാതെ
അവരുടെ വളർത്തോമനകൾ
കിളികൾ... പൂച്ചക്കുഞ്ഞുങ്ങൾ
ആറിയിരിക്കുന്നു
തീൻമേശയിൽ അവരെ കാത്തിരിക്കുന്ന
മധുരം
രുചികളേതുമറിയാതെ
അവർ ഉറങ്ങുകയാണ് ...
ശമനമില്ലാതൊഴുകുകയാണ്
അമ്മയുടെ കണ്ണീർ... രക്തനദി
ബോംബറുകൾ
ചീറിപ്പായുകയാണ് ...
അപ്പോഴും
തീപ്പടരുന്ന ശ്മശാനങ്ങളിൽ
അവർ ഉറങ്ങുകയാണ്..
ഋതുഭേദങ്ങൾ നിശ്ചലമാവുകയാണ്...
ആ പെൺകുട്ടികൾ ഉറങ്ങുകയാണ്.

No comments:
Post a Comment