Wednesday, February 18, 2026

ജയചന്ദ്രന്‍ - ഒരിയ്ക്കലും അസ്തമിയ്ക്കാത്ത ഈ നിമിഷത്തിന്‍റെ അനശ്വരത


പി സുധാകരന്‍
ഏതായിരുന്നു ഞാന്‍ ആദ്യം കേട്ട ജയചന്ദ്രന്‍ ഗാനം? സുപ്രഭാതം... സുപ്രഭാതം.... സുപ്രഭാതം... നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ.... എനിയ്ക്കന്ന് ഏഴുവയസ്സ് കാണും, കേവലമായ കേള്‍വിയുടെ പ്രായം. അര്‍ത്ഥമറിയാത്ത  ജ്വാലാമുഖി എന്ന വാക്ക് ഉള്ളില്‍ തരിച്ചുനിന്നു. ആ പാട്ട് പാടുമ്പോള്‍ ജയചന്ദ്രന് ഏതാണ്ട് മുപ്പത് വയസ്സ് കാണുമായിരിയ്ക്കും. പിന്നീട് കൗമാരത്തില്‍ വീണ്ടും കേള്‍ക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറം തന്‍റെ സ്വരംകൊണ്ട് പ്രണയത്തിന്‍റെ 'ജ്വാലാമുഖം'  സൃഷ്ടിച്ച ഒരാളെയറിഞ്ഞു:
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്‍റെ നീലവാര്‍മുടി ചുരുളിന്‍റെയറ്റത്തു
ഞാനെന്‍റെ പൂ കൂടി ചൂടിച്ചോട്ടെ.
ഇന്നത് വീണ്ടും കേള്‍ക്കുമ്പോള്‍ അറിയുന്നു യൗവനത്തിന്‍റെ തീവ്രതയേക്കാളപ്പുറം മദ്ധ്യവയസ്സിന്‍റെ ഒരു പാകപ്പെടലാണ് അന്നും ആ പാട്ടുകളില്‍ അനുഭവിച്ചതെന്ന്. സിനിമയില്‍ പ്രേം നസീറിനെപ്പോലെ സിനിമാപ്പാട്ടില്‍ യേശുദാസ് നിറഞ്ഞുനിന്ന ആ കാലത്ത് ജയചന്ദ്രന്‍ ഞങ്ങളുടെ തലമുറയ്ക്ക് വ്യത്യസ്തമായൊരു ശബ്ദമായിരുന്നു. ഇത്തിരി മിനുമിനുപ്പ് കുറഞ്ഞ, ആരെയും പ്രണയിയാക്കാന്‍ പോന്ന ശബ്ദം. റേഡിയോവിലൂടെ ജയചന്ദ്രന്‍ കാലാതീതനായി ഒഴുകി. കല്ലോലിനീ... പ്രിയ കല്ലോലിനീ...  പ്രണയികളുടെ വീട്ടില്‍ സംഗീതം ഒരിയ്ക്കലും ഒടുങ്ങുന്നല്ലെന്ന റൂമിയുടെ വാക്യംപോലെ ഞങ്ങളില്‍ ജയചന്ദ്രന്‍ നിറഞ്ഞു.
എണ്‍പതുകളുടെ തുടക്കത്തില്‍ കൂടുതല്‍ വീടുകളില്‍ വൈദ്യുതി വരാന്‍ തുടങ്ങിയതോടെ ബാറ്ററിയില്‍ ഓടുന്ന റേഡിയോവില്‍ നിന്നും ഞങ്ങള്‍ക്ക് ടേപ്പ്റിക്കോര്‍ഡറുകളിലേക്ക് കൂടി കുടിയേറാനുള്ള അവസരം ലഭിച്ചു. അത് ടേപ്പ് റെക്കോര്‍ഡറുമായി വരുന്ന ഗള്‍ഫുകാരുടെ കാലംകൂടിയാണ്. ഒരേ കാസറ്റില്‍ യേശുദാസും ജയചന്ദ്രനും എസ് ജാനകിയും പി സുശീലയുമെല്ലാം നിറഞ്ഞു. എന്നിട്ടും കൊതി തീരാതെ ആകാശവാണിയിലെ പാട്ടുകള്‍ ഞങ്ങള്‍ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്തു, ആവര്‍ത്തിച്ച് കേട്ടു.
ചെത്തിമിനുക്കാത്ത ഒരു ശബ്ദമുണ്ടായിരുന്നു ജയചന്ദ്രന്. എവിടെയോ ഒരിത്തിരി പരുക്കന്‍ മട്ടില്‍. പക്ഷെ അതിനൊരു വശ്യത ഉണ്ടായിരുന്നു. അക്കാലത്തൊക്കെ താടി വളര്‍ത്തിനടന്ന ഏട്ടന്മാരുടെ നിരാശതയോന്നും ആ ശബ്ദത്തെ ബാധിച്ചിരുന്നില്ല. അതായിരുന്നു ആ കാലം. കാല്പനികത പൂത്തുലയുമ്പോഴും 'നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ' എന്നുപറഞ്ഞ് കടമ്മനിട്ട കവിതയില്‍ പുതിയൊരു കാവ്യരാഷ്ട്രീയത്തിന് തീകൊളുത്തിയ കാലം. അവിടെയായിരുന്നു അത്തരം കവിതകള്‍പോലെ ജയചന്ദ്രന്‍ അവരെയും ബാധിച്ചത്; കുടഞ്ഞുകളയാനാവാത്തവിധം ആ പാട്ടുകള്‍ ഉള്ളില്‍ നിറഞ്ഞു.

ഒരു പാട്ട് പലപ്പോഴും നമ്മുടെ മനസ്സില്‍ നിറയുന്നത് അതിന്‍റെ പല്ലവികൊണ്ടാവില്ല, അതിനപ്പുറമുള്ള മൗനത്തിന്‍റെ പുറംതോട് പൊട്ടിച്ച് കടന്നുവരുന്ന അടുത്ത വരികള്‍  കൊണ്ടാണ്. 'ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലി... ചക്രവാളമാകെ നിന്‍റെ ഗദ്ഗദം മുഴങ്ങീടുന്നൂ' എന്നുപാടിയ ശേഷം 'കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി, കടത്തുവള്ളം യാത്രയായി യാത്രയായീ... കരയില്‍ നീ മാത്രമായി' എന്ന് പാടിച്ച് ഉള്ളില്‍ വിങ്ങല്‍ നിറച്ച ഗായകന്‍. വരികള്‍ക്കിടയിലെ നിശ്വാസങ്ങള്‍ക്ക് ഒരുപാടൊരുപാട് അര്‍ത്ഥമുണ്ടെന്നു പറഞ്ഞവന്‍. ഒടുവില്‍ നിന്നും തുടക്കത്തിലേയ്ക്ക് നടക്കുന്നതിന്‍റെ സൗന്ദര്യം. ഒരു പുസ്തകം സുന്ദരമാവുന്നത് ആദ്യംതന്നെ അതിന്‍റെ അവസാനപുറം വായിച്ചാലും വീണ്ടും അത് ആദ്യം തൊട്ട് വായിക്കാന്‍ പ്രേരിപ്പിക്കുമ്പോഴാണ്, അവസാന വരിയിലേയ്ക്ക് നമ്മളെ നടത്തുമ്പോളാണ്; 'വിഫലമായ മധുവിധുവാല്‍, വിരഹശോക സ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ് ഞാനിരിക്കുന്നു, സഖീ, ഞാനിരിക്കുന്നു എന്ന് പാടിക്കേട്ട ശേഷം 'ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു..' എന്ന വരികളിലേയ്ക്ക് നടക്കുന്നപോലെ.
ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍ കേള്‍ക്കുമ്പോഴൊക്കെ തോന്നാറുണ്ട് ഈ നിമിഷം... അതിന്‍റെ അന്വശ്വരതയാണ് ജയചന്ദ്രന്‍റെ ശബ്ദത്തിനെന്ന്. ധ്വനികൊണ്ട് വാക്കുകളുടെ അര്‍ത്ഥം മാറ്റുന്ന രാസവിദ്യ. ഒരുപക്ഷെ അന്‍പതുകളിലേയ്ക്ക് കാലെടുത്തുവെയ്ക്കുമ്പോഴായിരിയ്ക്കും ഒരാള്‍ ആ ശബ്ദത്തെ ഏറ്റവുമധികം ഇഷ്ടപ്പെടാന്‍ തുടങ്ങുക എന്നെനിയ്ക്ക്  തോന്നുന്നു. എല്ലാ ഭൗതികതയ്ക്കുമപ്പുറം പ്രണയം ചിറകുവിരിയ്ക്കുന്ന കാലം, പ്രണയത്തിനപ്പുറത്തെ ചാരുതയിലേയ്ക്ക് മനുഷ്യബന്ധങ്ങള്‍ വളരുന്ന പ്രായം. ഇത് രണ്ടും പരസ്പരപൂരകങ്ങളാണ്. ആ പ്രായത്തെ നിശ്ചലാവസ്ഥയില്‍ നിര്‍ത്തി ഉള്ളില്‍ നിറയുകയാണ് ജയചന്ദ്രന്‍ എന്ന ഗായകന്‍.
എവിടെയോ ഒരു നഷ്ടബോധം നമ്മളിലുണര്‍ത്തും ജയചന്ദ്രന്‍റെ സ്വരം, മറ്റുചിലപ്പോള്‍ ഒന്നും നഷ്ടപ്പെടുന്നില്ല എന്ന തോന്നലും. എഴുത്തിന്‍റെ സൗന്ദര്യത്തെ വാക്കുകളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്ന മാന്ത്രികതയാണത്. അവിടെ നമ്മള്‍ ഒരേകാകിയുടെ ഹൃദയതാളം കേള്‍ക്കും, സന്ധ്യയുടെ നിഴല്‍വീണ വഴികള്‍ കാണും. പ്രണയത്തെ താരാട്ടും താരാട്ടിനെ പ്രണയവുമാക്കുന്ന  അനുഭവം ഉള്ളില്‍ നിറയും.  

'രാജീവനയനേ' എന്ന് തുടങ്ങുന്ന പാട്ടില്‍ 'ഉറങ്ങുന്ന ഭൂമിയെ നോക്കി, ഉറങ്ങാത്ത നീലാംബരം പോല്‍
അഴകേ നിന്‍ കുളിര്‍മാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം..' എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ അത് അദ്ദേഹം പാടുകയാണെന്നു നമ്മള്‍ മറന്നുപോകും. ആരോ അരികില്‍ ഇരുന്ന് മന്ത്രിയ്ക്കുംപോലെ. 'എന്‍ കാവ്യശബ്ദാലങ്കാരം നിന്‍ നാവില്‍ കിളികൊഞ്ചലായി എന്ന് പറയുമ്പോള്‍' ഒരേസമയം പ്രണയത്തിന്‍റെ ആര്‍ദ്രതയും കൈകുമ്പിളില്‍ ഉറങ്ങുന്ന ശൈശവത്തിന്‍റെ നിര്‍മ്മലതയും നമ്മളറിയും. അവിടെയാണ് ജയചന്ദ്രന്‍ മറ്റുള്ളവരില്‍ നിന്നും മാറിനില്‍ക്കുന്നത്, നിര്‍വചനങ്ങള്‍ക്കപ്പുറം പോകുന്ന സ്നേഹഭാവംകൊണ്ട്. പ്രണയം ഏകാന്തമായൊരു തുരുത്തല്ല, ഒരുപാട് ചില്ലകളും ചിറകുകളും വർണ്ണങ്ങളുമുണ്ടതിന്. 
സംഗീതം ഒരു കര്‍മ്മം കൂടിയാണ്, തലമുറകളെ ബന്ധിപ്പിക്കുന്ന കര്‍മ്മം. 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമലുറക്കമായ് ഉണര്‍ത്തരുതേ' എന്ന ലളിതഗാനത്തില്‍ ഇത്രയും പ്രണയം നിറയ്ക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക'? അതും അതിന്‍റെ വാത്സല്യഭാവം ഒരുതുള്ളിപോലും ചോരാതെ. ഒറ്റയ്ക്കിരുന്നു പാടുമ്പോഴും ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കുന്നത് സംഗീതത്തെ കവിതയ്ക്ക് മേലെ പ്രതിഷ്ഠിക്കുന്ന ഒരു മായാജാലമാണ്. ആ മായാജാലമറിയുന്നവര്‍ കണ്ണുനീര്‍തുള്ളികൊണ്ട് നക്ഷത്രങ്ങളെ തീര്‍ക്കും. സച്ചിദാനന്ദന്‍റെ ഇരുപത് വയസ്സായ മകള്‍ക്കൊരു താരാട്ടുപാട്ടില്‍ ഇങ്ങനെയൊരു വരിയുണ്ട്, 'സ്വര്‍ഗ്ഗത്തിനോര്‍മ്മപോല്‍, മറ്റൊരുഭൂമിതന്‍, പുല്ലാങ്കുഴലില്‍ വിടര്‍ത്തുക പുഞ്ചിരി.' ഇരുപത് വയസ്സായ മകള്‍ക്ക് വേണ്ടി മാത്രമല്ല, അറുപത്തിലെത്തിയ ജീവിതസഖിയ്ക്ക് വേണ്ടിയും താരാട്ടുപാട്ട് പാടാം എന്ന് ജയചന്ദ്രന്‍റെ ശബ്ദം പറയുന്നു; ഒരുപക്ഷെ നമ്മള്‍ യുവാക്കളാവുന്നത് മദ്ധ്യവയസ്സിലാണെന്നും അവിടെ നമ്മള്‍ ജീവിതത്തിന്‍റെയും സ്വപ്നങ്ങളുടെയും നങ്കൂരമിടുന്നുവെന്നും. ആ അവസ്ഥയില്‍ പോലും, പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും എന്നോപറന്നകന്ന മരുഭൂമിയില്‍,  ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാനായി ഒരു പുഷ്പം മാത്രം പൂങ്കുലയില്‍ ബാക്കി നിര്‍ത്തുന്ന പ്രതീക്ഷയുടെ ഭാവമാണ് ജയചന്ദ്രന്‍റെ സ്വരത്തിന് .

ആ പ്രതീക്ഷയുടെ സ്വരം ശരിയ്ക്കും അറിയണമെങ്കില്‍ ജയചന്ദ്രന്‍ പാടിയ ചില യുഗ്മഗാനങ്ങള്‍ കൂടി കേള്‍ക്കണം. 'ഒരു ദൈവം തന്ത പൂവേ....', 'മൗനം പോലും മധുരം...', 'ശരദിന്ദു മലര്‍ദീപ നാളം നീട്ടി...' അങ്ങിനെയങ്ങിനെ. ആ പ്രതീക്ഷതന്നെയാണ് മഴവില്ലിന്‍ ഊഞ്ഞാല, മാഞ്ചോട്ടിലൊരൂഞ്ഞാല
നിനക്കിരികാന്‍ ഇണക്കി വന്നൂ, നീലക്കുയിലേ....വന്നീടുക നീ എന്ന് പാടുമ്പോള്‍ നമ്മള്‍ അനുഭവിയ്ക്കുന്നതും. പക്ഷെ അവിടെയെവിടെയോ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച് കാറ്റാടി പോലാടുത്' പോലെ ഒരു വിരഹമുണ്ട്. പ്രണയത്തിനും വിരഹത്തിനുമിടയിലെ നൂല്‍പ്പാലം ജയചന്ദ്രന്‍റെ പാട്ടുകളില്‍ നമ്മള്‍ അനുഭവിയ്ക്കും.
ചില ശബ്ദങ്ങളെ നമ്മള്‍ പ്രണയിയ്ക്കും. ചില കഥാപാത്രങ്ങളെയും. 'ടീച്ചര്‍ജി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, വഴിയില്‍ തടഞ്ഞ് നിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്' എന്ന് 'മഞ്ഞി'ലെ വിമലയോട് പറഞ്ഞ് മരണത്തിലേയ്ക്ക് നടന്നുമറഞ്ഞ സര്‍ദാര്‍ജി അവര്‍ക്ക് വേണ്ടി ഒരു പാട്ട് പാടിയിരുന്നെങ്കില്‍ അതിന് ആരുടെ ശബ്ദമായിരിയ്ക്കും? പാണ്ഡവപുരത്തെ ദേവിയെ തേടിവന്ന ജാരന്‍ അവര്‍ക്ക് വേണ്ടി പാടിയാല്‍? അതെ നമ്മുടെ കല്പനകള്‍ താലമെടുക്കുന്ന വന്യസങ്കല്പങ്ങളില്‍ പോലും നിറയുന്ന ഒരു ശബ്ദമുണ്ട്, ഇടയ്ക്കെവിടെയോ മൗനം കൊണ്ട് തൊങ്ങലിട്ട ഒരു ശബ്ദം. നിശ്ചലമായ ജലപ്പരപ്പില്‍ ഒരു വെള്ളാരംകല്ലു വീഴുമ്പോള്‍ തെളിയുന്ന കുഞ്ഞോളങ്ങളുടെ നടുക്ക് ഒരു ജലസ്തംഭം പോലെ അതുയരുന്നു. അനന്തകാലത്തില്‍ ഈ നിമിഷംപോലെ അത് അനശ്വരമാവുന്നു. അവിടെ നമ്മള്‍ നക്ഷത്രവും ആകാശവും കാണുന്നു. എല്ലാ ഋതുക്കളും വസന്തമാവുന്നു. അതെ, ജയചന്ദ്രന്‍ ഈ നിമിഷത്തിന്‍റെ ഗായകനാണ്... ഒരിയ്ക്കലും അസ്തമിയ്ക്കാത്ത ഈ നിമിഷത്തിന്‍റെ ഗായകന്‍.


No comments:

Post a Comment