Wednesday, October 26, 2022

ഋഷിക്ക് ചാണക്യനാവാൻ കഴിയട്ടെ !!!

തീർത്തും ബ്രിട്ടീഷ് പൗരനാണെങ്കിലും വെള്ളക്കാരനല്ലാത്ത ഋഷി സുനക്ക് പ്രധാനമന്ത്രിയാവുമ്പോൾ ഇല്ലാതാവുന്നത് 'രക്തവിശുദ്ധി'യെ കുറിച്ചുള്ള ജല്പനങ്ങളാണ്. ഇത് ഏറ്റവും ആഹ്ലാദം നല്കുന്നതും അതുകൊണ്ടുതന്നെ. രക്തവിശുദ്ധി ജല്പനങ്ങൾ ഒരുകാലത്ത് തള്ളിക്കളഞ്ഞ ഇന്ത്യ വീണ്ടും ആ പഴയ പാതയിലേക്ക് തിരിച്ചുനടക്കുമ്പോൾ ബ്രിട്ടനെപ്പോലെ ചിന്തിക്കാൻ നമുക്കാവുമോ എന്നത് തന്നെയാണ് ചോദ്യം. 'വിദേശിയായ' സോണിയക്ക് എതിരെ നമ്മൾ എന്തൊക്കെ മുദ്രാവാക്യങ്ങൾ മുഴക്കി!

വെള്ളക്കാരനല്ലാത്ത ഒരാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുമ്പോൾ അതിൽ ആദ്യം കാണേണ്ട കാര്യം ആ രാഷ്ട്രം, അവിടത്തെ കോൺസെർവേറ്റീവ് നേതൃത്വം, അങ്ങനെ ഒരാളെ നേതാവാകാൻ തയ്യാറായി എന്നതാണ്. അതായത് അവിഭജിത ഇന്ത്യയിൽ നിന്നും (ഇപ്പോളത്തെ പാകിസ്താന്റെ ഭാഗമായ ഭൂപ്രദേശത്ത് നിന്നും) മൂന്നുതലമുറ മുന്നേ കുടിയേറിയ കുടുംബത്തിൽ ജനിച്ച ഋഷി സുനക്കിനെ അവർ 'അന്യനായി' കണ്ടില്ല. മത്സരിക്കണമെങ്കിൽ നീ ഇന്ത്യയിലേക്ക് പൊയ്ക്കോ, പാകിസ്താനിലേക്ക് പൊയ്ക്കോ, ആഫ്രിക്കയിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞില്ല.
അതേസമയം, താനൊരു ഹിന്ദുവാണ് എന്ന് അദ്ദേഹം പരസ്യമായി പറയുകയും ഗോപൂജ നടത്തുകയും ചെയ്തതുകൊണ്ടും, പേരിൽ ഋഷി ഉള്ളതുകൊണ്ടും ഒരു 'ഭാരതീയ നറേറ്റീവിന്' സാധ്യത തെളിയുകയും റിവേഴ്‌സ് കൊളോണിയലിസം എന്ന് വരെ നമ്മൾ കഥ എഴുതുകയും ചെയ്തു. മദ്യപിക്കില്ല, ബീഫ് തിന്നില്ല തുടങ്ങിയ സദാചാര സംഹിതകൾ അതിനു കൂടുതൽ കരുത്തേകി. കൂടെ നാരായണമൂർത്തിയുടെ മരുമകൻ എന്ന സ്ഥാനവും ആർഷഭാരത കഥകൾക്ക് മിഴിവേകി.
എന്നാൽ നമ്മൾ ചിന്തിക്കേണ്ട മറ്റുചില കാര്യങ്ങൾ ഉണ്ട്:
ഒന്ന്, അദ്ദേഹത്തിന്റെ വിദേശവേരുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തിനു തടസ്സമായില്ല എന്നതാണ്. ബ്രിട്ടീഷ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത രീതി തന്നെ അതിനു ഉദാഹരണം.
വേറൊരു കാര്യം, ഇന്ത്യക്കാരെ വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിച്ച ഘടകം എന്താണോ അത് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂടുതൽ ശക്തമാവുകയാണ് ചെയ്തത് എന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാമഹന്മാരെ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് 'മറുനാടൻ തൊഴിലാളികൾ' ആവാൻ പ്രേരിപ്പിച്ച ഘടകം അതുപോലെ ഇന്നും തുടരുന്നു എന്ന് സാരം. അതിനാൽ ഇതോടെ ഇന്ത്യ ലോകം ഭരിക്കാൻ തുടങ്ങി എന്നൊന്നും പറയല്ലേ സാർ. വിദേശരാജ്യങ്ങൾ സാമ്പത്തികമായി നന്നാവുമ്പോൾ അവിടെ പോയി നാല് കാശുണ്ടാക്കുന്നവനെ ആശ്രയിച്ചു തന്നെയാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നത്. അതിനാൽ പുതിയ പ്രധാനമന്ത്രിക്ക് ബ്രിട്ടനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. എന്നിട്ടു മതി റിവേഴ്‌സ് കൊളോണിയലിസത്തിൽ ലോകശക്തിയായ ആർഷഭാരതം ഉദിക്കുന്നതിന്റെ സൂചനയാണ് ഇത് എന്നൊക്കെ വിധി എഴുതാൻ.
നിലവിൽ, ഉപരിപഠനത്തിനായി വിദേശത്തു പോവുകയും കൂടെ ജീവിതപങ്കാളിയെ ആശ്രിതൻ/ആശ്രിത ആയി കൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണുള്ളത്. അതല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരും മറ്റ് തൊഴിലാളികളും കുടുംബത്തെ കൂടെ കൂട്ടും. രണ്ടായാലും 'മാൻപവർ ഏക്സ്‌പോർട്' തന്നെയാണ് നമ്മുടെ ഒരു വരുമാന മാർഗ്ഗം. മറുനാട്ടിൽ കുടിയേറിയവരുടെ വിയർപ്പ് കൊണ്ടുതന്നെയാണ് ഇന്ത്യ മുന്നോട്ട് പോയത് എന്നതിനാൽ തന്നെ നമ്മൾ കുടിയേറ്റം നടത്തിയ എല്ലാ രാജ്യങ്ങളും സാമ്പത്തികമായും സാമൂഹികമായും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ നാട്ടുകാർക്കെല്ലാം മാന്യമായ തൊഴിൽ നൽകാനും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ ഉറപ്പാക്കാനും ഇന്നത്തെ അവസ്ഥയിൽ ഉടനെയൊന്നും നമുക്കാവില്ല. അതിനാൽ മറുനാടൻ തൊഴിൽ തന്നെയാണ് നമ്മുടെ ഉപജീവനം!
അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവാതെ, കാലാവധി പൂർത്തിയാക്കാതെ രണ്ടുപേർ പടിയിറങ്ങിയിടത്തേക്കാണ് ഋഷി സുനക്ക് പ്രധാനമന്ത്രിയായി കടന്നുവരുന്നത് എന്നുകൂടി ഓർക്കണം. ധനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹവും പത്നിയും വിവാദങ്ങൾക്ക് അതീതരായിരുന്നില്ല എന്നതും. അതിനാൽ ഉപജാപക സംഘത്തെപ്പോലും സൂക്ഷിക്കേണ്ടതുണ്ട്. ശത്രുക്കൾ പല രൂപത്തിലും വരും!!! എന്തൊക്കെയായാലും സ്വന്തം രാജ്യത്തിന്റെ (അതായത് ബ്രിട്ടന്റെ, ഇന്ത്യയുടെ അല്ല) സാമ്പത്തിക ഭദ്രത തന്നെ ആയിരിക്കും (ആയിരിക്കണം) അദ്ദേഹത്തിന്റെ പ്രഥമപരിഗണന. അത് ആ രാജ്യത്ത് തൊഴിലും ജീവിതവും തേടിപ്പോകുന്ന 'ഭാരതീയരെ' എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചോദ്യം. ഋഷിയുടെ ബ്രിട്ടൻ ഇന്ത്യൻ തൊഴിലാളികൾക്ക്, തൊഴിലന്വേഷകർക്ക് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നതും.
ഈ ഒരു അവസ്ഥയിൽ, ഇന്ത്യൻ നരേറ്റീവുകൾ ധാരാളം വന്നതിനാൽ തന്നെ ഒന്ന് മാത്രമേ ആശംസിക്കാനുള്ളു. ഋഷിക്ക് ചാണക്യനാവാൻ കഴിയട്ടെ!!!

1 comment: