Saturday, October 1, 2022

ഹലായുധൻ

 ഉഴുതുമറിക്കാറുണ്ട്

സ്വപ്നാടനങ്ങളിൽ
എന്റെ വയലേലകൾ
ഹലായുധൻ.
ഓർക്കാറുണ്ടല്ലോ എന്നിട്ടും
എന്റെ തരിശുഭൂമികളെ...
ഒരിക്കലും മുളപൊട്ടാതെ
പാറമേൽ വീണ വിത്തുകളെ.
എന്നിട്ടും ഓർക്കാറുണ്ട്
സ്വപ്നാടനങ്ങളിലെ  
ഹലായുധനെ
എന്റെ വയലേലകളിൽ
അവന്റെ ആസക്തമായ കടന്നുകയറ്റം.

കോരിക്കുടിക്കാറുണ്ടല്ലോ  
ഒരു ആകാശം മുഴുവൻ  
നീ വർഷിച്ച മഴ.
ഉള്ളിൽ തിളക്കുന്നുണ്ടല്ലോ
ലോഹലായനി.
അലയടിക്കാറുണ്ടല്ലോ  
ഇരമ്പുന്ന കടൽ .

അറിയില്ല...
കയ്പവല്ലരി
ഏതു കണ്ണുകൾ കൊണ്ടാണ്
പടരാനുള്ള വഴികൾ തേടുന്നതെന്ന്
പക്ഷെ പടരാറുണ്ടെന്റെ
വയലിൽ നിറയെ
അവ
തൃഷ്ണയായി, തീനാളമായി...
ഞാനേ പെയ്യിക്കുന്ന വർഷമായി  
പച്ചയും മഞ്ഞയുമായി,
അന്ധന്റെ കണ്ണുകളുടെ വെളിച്ചമായി.
ഉഴുതുമറിക്കാത്ത മണ്ണിൽ
എന്റെ വയലിന്റെ ആഴത്തിൽ
അപ്പോഴും ഒഴുകാറുണ്ട്
ഒരു നീർച്ചാൽ
നിനക്കായി ..
ലഹരിയും പ്രണയവുമായി വരുന്ന
ഹലായുധനായി. 

No comments:

Post a Comment