Tuesday, October 11, 2022

ഹൈക്കു എഴുതാത്ത കുഞ്ഞുണ്ണിമാഷ്

ഞങ്ങളുടെ കുട്ടിക്കാലത്ത് കുഞ്ഞുണ്ണിമാഷ് ധാരാളം കവിതകൾ എഴുതിയിരുന്നു - രണ്ടുവരിക്കവിതകൾ, മൂന്നുവരിക്കവിതകൾ, നാലുവരിക്കവിതകൾ അങ്ങിനെ.

*
അകത്തൊരു കടല്
പുറത്തൊരു കടല്
അവയ്ക്കിടയ്‌ക്കെന്റെ ശരീരവന്കര
*
എനിക്കുണ്ടൊരുലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
*
തീയിന്നെന്തേപൂവിന് നിറം
പൂവിന്നെന്തേ തീയിന് നിറം...
*
അന്നൊന്നും ആരും അതിനു ഹൈക്കു എന്ന് പേര് നൽകിയില്ല, മാഷും. മാഷെ അനുകരിച്ചും മൗലികമായും നിരവധിപേർ ഇത്തരം കവിതകൾ എഴുതി. എൺപതുകളിലെ കവിസമ്മേളനങ്ങളിൽ അതും ഒരു സാന്നിദ്ധ്യമായിരുന്നു. അവയിൽ നിന്നെല്ലാം ആഴമില്ലാത്ത കവിതകൾ പുറത്തായി.
പിന്നീട് എപ്പോഴോ ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു നമുക്കിടയിലേക്ക് കടന്നുവന്നു. അങ്ങിനെ അടുത്ത തലമുറയിൽ കുറെ ഹൈക്കു കവികളും ഉദയം ചെയ്തു. പ്രശ്നം എന്താണെന്നുവെച്ചാൽ ഹൈക്കുവിന് ഒരു രചനാ സങ്കേതം ഉണ്ടെന്നതിനാൽ ഇതിൽ പലരും 'സാങ്കേതിക' കവികളായി എന്നതാണ്. കവിതയ്ക്ക് സങ്കേതം മാത്രമല്ല ആത്മാവും ഉണ്ടെന്നു ചിലരെങ്കിലും മറന്നു.
ഒരു കവിത മഹാകാവ്യമാവാൻ അതിൽ ലൈംഗികത വേണം എന്ന് പറഞ്ഞുകേട്ട് ഒരു സർക്കാർ പ്രസിദ്ധീകരണത്തിൽ ആരോ ഒരാൾ ധാരാളം രതിവർണ്ണനകളോടെ കവിത എഴുതിയത് ആ പ്രസിദ്ധീകരണത്തെ തന്നെ ബാധിച്ചത് ഓർത്തുപോകുന്നു.
കവിതയുടെ മാന്ത്രികത തേടി പോയ ഒരാൾ ദുർമ്മന്ത്രവാദത്തിൽ എത്തിയിട്ടും ഈ കവിത എഴുതാൻ പഠിപ്പിച്ചു. കവിതയുടെ രസായനവിദ്യ മനസ്സിലുള്ളവർ മൂന്നുവരിയിലും വലിയ കവിതകൾ എഴുതി.
ഇതൊക്കെ കണ്ട് ഹൈക്കുവിന്റെ അരിപ്പയിലൂടെ കടന്നുപോകാത്ത കുഞ്ഞുണ്ണിമാഷ് ചിരിക്കുന്നുണ്ടാകും!
"കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി."

No comments:

Post a Comment