Monday, April 11, 2022

ഒറ്റപ്പെട്ടവന്റെ ദ്വീപിൽ


ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
മറ്റാരുടെയോ  മാത്രം ശരികൾ 
പേമാരിയാവും.
കാരമുള്ളുകൾ കൊണ്ട് 
അവർ അവന്റെ നെഞ്ചിൽ 
ചിത്രം വരച്ചിടും. 
മുൾക്കിരീടം അണിഞ്ഞവനെ 
വഴിപിഴച്ചവനെന്നു മുദ്രകുത്തും.
എന്നിട്ട് 
ഈ രക്തത്തിൽ എനിക്കു പങ്കില്ലെന്ന് 
അവർ വീണ്ടും വീണ്ടും വിലപിക്കും.

ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
അപരന്റെ നിന്ദകൾ 
അവനുചുറ്റും കൊടുങ്കാറ്റാവും.
വേട്ടക്കിറങ്ങിയ വ്യാഘ്രം
തന്റെ ഇരുൾക്കണ്ണിൽ 
അവനെ രേഖപ്പെടുത്തും.
അഞ്ചപ്പം വീതിച്ചവനെ കല്ലെറിഞ്ഞ് 
പാനപാത്രത്തിൽ രക്തം നിറക്കും.
ഒറ്റിക്കൊടുത്തവന്റെ ചഷകത്തിൽ 
വീഞ്ഞുനിറയും.

ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
ഇരുൾനദികൾ 
അവനെ വലയംവെക്കും.
ആർക്കെന്നറിയാതെ 
അവന്റെ നെറ്റിത്തടം വിയർപ്പണിയും.
കരിയിലയിൽ വീണ 
കണ്ണീർതുള്ളിക്ക് തീ പിടിക്കും.
നക്ഷത്രങ്ങൾ കണ്ണടക്കും.
 
ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
ഏകാന്തനായവൻ 
ഇടിമുഴക്കത്തിൽ 
ഉയിർത്തെഴുന്നേൽക്കും എന്ന് 
വൃഥാ സ്വപ്നംകാണും.
എന്നിട്ടും
ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
ഒറ്റയാനായി 
അവൻ അവശേഷിക്കും. 
കടത്തുതോണി കിട്ടാത്ത വാക്കുകൾ 
ആർക്കെന്നില്ലാതെ 
ഏങ്ങലടിക്കും...

No comments:

Post a Comment