Sunday, April 10, 2022

ഹിറ്റ്ലറുടെ വിശുദ്ധവാദംപോലെ അപകടകരമാണ് ഭാഷാ തീവ്രവാദവും


1993ൽ ഡൽഹിയിൽ എത്തിയപ്പോൾ ഹിന്ദി എനിക്ക് യാതൊരു എത്തും പിടിയും കിട്ടാത്ത ഭാഷയായിരുന്നു. പിന്നെ ഡൽഹിക്കാരുമായി അടുത്ത് ഇടപഴകി, ഇടപഴകി, ഒന്നുരണ്ടു രണ്ട് വർഷത്തിനുള്ളിൽ ഒരുവിധത്തിൽ ഹിന്ദി സംസാരിക്കാമെന്നായി (ഏകദേശം രണ്ടു പതിറ്റാണ്ട് ഡൽഹിയിൽ കഴിഞ്ഞിട്ടും എന്റെ മലയാളി സുഹൃത്തുക്കൾ പലരും പാതി മലയാളത്തിലും ബാക്കി കുറെ ആംഗ്യഭാഷയിലുമാണ് ഇപ്പോളും ഹിന്ദി സംസാരിക്കുന്നത്). അവിടെ ഞാൻ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുമായി പരിചയപ്പെട്ടെങ്കിലും അവരിൽ ഭൂരിഭാഗവും ഹിന്ദിക്കാരായിരുന്നില്ല, നിവൃത്തികേടുകൊണ്ടു ഹിന്ദി പഠിച്ചവരായിരുന്നു. അവരുടെ ഭാഷയൊക്കെ ഹിന്ദിയുടെ വകഭേദമാണെന്ന ധാരണ അവർ തന്നെ മാറ്റിത്തന്നു. എൺപതുകളിലെ സിനിമകളിൽ കേട്ട വള്ളുവനാടൻ മലയാളമാണ് കേരളം മൊത്തം സംസാരിക്കുന്നത് എന്ന പലരുടെയും ധാരണ കാലം തിരുത്തിയതുപോലെ. ദക്ഷിണേന്ത്യക്കാരെല്ലാം മദ്രാസികളും, അവരുടെ ഭാഷ 'മദ്രാസി'യും ആണെന്ന ധാരണയിലാണ് മിക്ക ഉത്തരേന്ത്യക്കാരും ഞങ്ങളോടൊക്കെ സംസാരിച്ചത്. എന്നാൽ തിരിച്ച് താങ്കൾ ബീഹാറി ആണോ എന്ന് ചോദിച്ചാൽ അവനു സാംസ്കാരികമായ മുറിവേൽക്കും. അവിടെ ഭൂമിശാസ്ത്രത്തിലും ചാതുർവർണ്യമുണ്ട്!

ആദ്യമായി മുംബൈ സന്ദർശിച്ച വേളയിൽ, ഞാൻ ഡൽഹിയിൽ സംസാരിക്കുന്ന ഹിന്ദി സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവിടെയുള്ളവർ എന്നെ ശരിക്കും പരിഹസിച്ചു. അവർ സംസാരിച്ചത് മറാഠിയിൽ അധിഷ്ഠിതമായ ഹിന്ദിയാണ്. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഗുജറാത്തിയിൽ അധിഷ്ഠിതമായ ഹിന്ദിയും.    , ഡൽഹിയിൽ സംസാരിക്കുന്ന തരം ഹിന്ദി യുപിയിലെയും ബിഹാറിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിലെയും ആളുകൾക്കു മാത്രമേ ബാധകമാവൂ എന്ന് യാത്രകളിൽ നിന്നും മനസ്സിലായി. മിസോറാമിൽ നിന്നുള്ള ഒരു യുവസുഹൃത്തിനോട് ഹിന്ദിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത്, "ഞാൻ മിസോറാമിൽ നിന്നാണ്." എന്നാണ്. അതായത് നീ പറയുന്നത് എന്റെ ഭാഷയല്ല എന്ന്.  തമിഴ്നാട്ടിൽ എനിക്ക് ഹിന്ദിയേക്കാൾ നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നത് മലയാളത്തിലാണ്. എന്റെ പ്രിയ സുഹൃത്തുക്കളെ, ഇന്ത്യൻ ജനസംഖ്യയുടെ 56 ശതമാനം പേരുടെയും മാതൃഭാഷ ഹിന്ദിയല്ല എന്നത് ഞാൻ പറയുന്നതല്ല ഔദ്യോഗിക രേഖകൾ പറയുന്നതാണ്; ഞാനുമതെ ആ ഭൂരിപക്ഷത്തിൽ പെട്ടയാളാണ്. മലയാളം എന്റെ മാതൃഭാഷയും ഇംഗ്ലീഷ് എന്റെ തൊഴിൽ ഭാഷയുമാണ് - അന്നന്നത്തെ അത്താഴം നേടിത്തരുന്ന ഭാഷ. ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ഹിന്ദി ഉപയോഗിക്കാറുണ്ട്. തീർച്ചയായും ഉത്തരേന്ത്യയിൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി; ഭരണഘടന അനുസരിച്ച് അത് ഔദ്യോഗിക ഭാഷയുമാണ്. ദേശീയഭാഷ എന്ന് അതിനെ പരിഭാഷപ്പെടുത്തുമ്പോളാണ് പ്രശ്നം.

ഏതുതരം മൗലികവാദവും അപകടകരമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമുക്ക് ഒരുപാടു ഭാഷകളും ഭാഷാഭേദങ്ങളുമുണ്ട്. അവയെല്ലാം പൂത്തുലയട്ടെ. ഏകശിലാനിർമ്മിതമായ ഒരു ഭാഷാ സംസ്‌കാരം സൃഷ്ടിക്കാൻ വേണ്ടി ഭാഷാ വൈവിധ്യത്തെ നമ്മൾ കൊല്ലരുത്. ഹിറ്റ്ലറുടെ വിശുദ്ധവാദംപോലെ അപകടകരമാണ് ഭാഷാ തീവ്രവാദവും.

 


No comments:

Post a Comment