Monday, January 25, 2021

ചരിത്രപുസ്തകത്തിൽ

ചിതലെടുത്ത ചരിത്രപുസ്തകത്തിൽ
നീ ബാക്കിവെച്ചിരുന്നല്ലോ
ഒരു ആകാശം നിറയെ മൗനം.
മഞ്ഞുമൂടി കിടന്ന
പറയാത്ത വാക്കിന്റെ ഊഷ്മളത.
ഞാൻ എന്നെയും
നീ നിന്നെയും
വാർത്തെടുത്ത
ഏകാന്തതയുടെ
പെയ്തൊഴിച്ചിൽ.
നീ ഉരുകിയൊലിച്ച
സ്വർണ്ണനദി.
ഗുരുത്വാകർഷണ നിയമം തെറ്റിച്ച്
ആകാശത്തേക്കൊഴുകുന്നു.
നിന്റെ കണ്ണുകളിൽ
ഒരു സൂര്യൻ പിറക്കുന്നു.  

മെതിയടി

നിന്റെ മെതിയടിക്ക്
പാകമാകാത്ത കാലുകളാണെന്റേത്
കിതപ്പറിയാതെ  നീ നടക്കുമ്പോൾ
മുള്ളുകളെ ശപിച്ച്
ഞാൻ പാറമേൽ ഇരിക്കുന്നു.
കയറാനുള്ളത്
ഒരേ കുന്നിൻചെരിവുതന്നെയാണ്
നിനക്കും എനിക്കും കൗമാരം തന്ന
അതേ  പച്ചപ്പ്‌.
മെതിയടി ഊരി
എന്റെ കാല്കീഴിൽ വെച്ച്
നഗ്‌നപാദനായി നീ നടക്കുന്നു.
"എത്ര നടന്നതാണീ  ഒറ്റയടിപ്പാതകൾ..."
ഊരിപ്പോകുന്ന മെതിയടികളും കൊണ്ട്
ഞാൻ കിതക്കുമ്പോൾ
സൂര്യനെപ്പോലെ
നീ കുന്നുകയറി മറയുന്നു.
ഇരുൾ കനക്കും മുന്നേ
നീ കുളിച്ചിറങ്ങുന്നു
ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളുടെ  
സന്ധ്യയിൽ
ഞാൻ
നിന്റെ മെതിയടിയോളം
ചെറുതാവുന്നു.

Wednesday, January 13, 2021

ചുംബനം....

ചുംബനം

ഇടക്കെങ്കിലും തോന്നാറുണ്ട്
തളർന്നുറങ്ങുന്ന നിന്നെ
ഒന്ന് ചുംബിക്കണമെന്നു.
പക്ഷെ,
ഭയമാണെനിക്ക്
നീ ചീറ്റുന്ന വാക്കുകളും
പാതിരാവിൽ പോലും
എഴുന്നു നിൽക്കുന്ന
നിന്റെ
വിഷം തേച്ച ദംഷ്ട്രകളും

2

തിരുത്ത്

നിന്നെ മാറ്റിയെഴുതി
മാറ്റിയെഴുതിയാണല്ലോ
ഞാൻ എന്നെ തന്നെ വായിക്കാൻ ശ്രമിച്ചത്
അതാവാം
ഞാൻ വായിക്കുമ്പോഴെല്ലാം
നിന്നെ മാത്രം കേൾക്കുന്നത്.

3

കുറിപ്പ്

നിനക്ക് മാത്രമായി
എഴുതിവെച്ച കുറിപ്പ്
ഇനിയും
തപാൽപ്പെട്ടിയിൽ
എത്തിയിട്ടില്ല.
രക്തം വാർന്ന്
പഴയ മേശവലിപ്പിൽ
ഇനിയും പിറക്കാനിടയില്ലാത്ത
ഭ്രൂണമായി
വിരലടയാളമില്ലാതെ...
ചരിത്രമില്ലാതെ....

മൂന്ന് കുറിപ്പുകൾ

ധ്യാനം

കർഷകൻ ഇത്ര മാത്രമേ പറഞ്ഞുള്ളു
"എന്റെ ധ്യാനം എന്റെ വിയർപ്പാണ്
നീയളക്കുന്ന എന്റെ ധാന്യമണികളും."

2

ഭയം

പടം വിടർത്തി നിൽക്കുന്ന
പാമ്പിന്റെ പ്രശ്‍നം
ഉള്ളിൽ നിറയുന്ന
ഭയമാണ്
എത്ര ചീറ്റിക്കളഞ്ഞാലും
വിഷസഞ്ചിയിൽ നിറയുന്ന
ഉള്ളിലെ ഭയം.

 3

രക്ഷകൻ

ഇടയനെത്തേടി
അറവുശാലയിലേക്കു
തല താഴ്ത്തി നടക്കുന്നു
വഴിതെറ്റിയ കുഞ്ഞാടുകൾ.

Tuesday, January 12, 2021

റേഡിയോ : വിടാതെ പിന്‍തുടരുന്ന ശബ്ദവീചികള്‍


പി സുധാകരന്‍

സംഗീതനാടക അക്കാദമിയുടെ 'കേളി', ഇത്തവണ റേഡിയോയെ കുറിച്ചാണ്. ഒരു പഴയ കേൾവിക്കാരൻ എന്ന നിലയിലും വാർത്താവതാരകൻ എന്ന നിലയിലും ഉള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കു വെക്കാൻ അവസരം തന്ന കെ പി രമേഷിനോട് ഏറെ നന്ദി 

റേഡിയോ ഞങ്ങളുടെ ആദ്യത്തെ ഘടികാരമായിരുന്നു. നാട്ടില്‍ അമ്പലങ്ങളും പള്ളികളും പെരുകും മുന്‍പ്, മനുഷ്യനെക്കാളും വലുത് മതങ്ങളാണെന്ന ഉച്ചഭാഷിണിപ്പെരുക്കങ്ങളുടെ കാലത്തിനു മുന്‍പ് സൂര്യനുദിക്കും മുന്നേ ഞങ്ങളെ ഉണര്‍ത്തിയ ഗൃഹാതുരത്വം. 

എനിക്ക് കഷ്ടിച്ച് നാല് വയസ്സുള്ളപ്പോളാണ് എന്നാണ് ഓര്‍മ്മ, വീട്ടില്‍ ആദ്യത്തെ റേഡിയോ വന്നു. മര്‍ഫി? ഫിലിപ്‌സ്? കൃത്യമായി ഓര്‍മ്മയില്ല. അത് ഞങ്ങളുടെ സ്വന്തമായിരുന്നില്ല; അച്ഛന്റെ മരുമകന്റേതായിരുന്നു. പത്രം വരാത്ത ഞങ്ങളുടെ വീട്ടില്‍ (പത്രം മിക്ക വീടുകളിലും വരാത്ത എഴുപതുകളുടെ തുടക്കത്തില്‍) റേഡിയോ ഞങ്ങള്‍ക്ക് കൗതുകമായി. പാട്ടുകള്‍, നാടകങ്ങള്‍, തമാശകള്‍ ... ഇടയ്ക്കു വാര്‍ത്തയും. ആകാശവാണി  തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്... കേരളത്തില്‍ ആകാശവാണി നിലയങ്ങളുടെ ക്രമം എഴുപതുകളിലും എണ്‍പതുകളിലും മലയാളി മനസ്സില്‍ പതിഞ്ഞത് ഇങ്ങനെയാണ്. പിന്നെയാണ് മറ്റു നിലയങ്ങള്‍ വരുന്നത്.  വിവാഹമെല്ലാം കഴിച്ചു സ്വന്തം കുടുംബമായപ്പോള്‍ അദ്ദേഹം ആ റേഡിയോ തിരിച്ചെടുത്തു. പിന്നീട് അതുപോലൊരു പേടകം കാണുന്നത് മഞ്ചേരിയില്‍, പാപ്പിനിപ്പാറയിലെ ചെറിയമ്മയുടെ വീട്ടിലാണ്. ഞങ്ങളുടെ തറവാട്ടുവീട്ടിലും റേഡിയോ ഇല്ലായിരുന്നു. പിന്നീടൊരിക്കല്‍ അമ്മാവന്‍മാരാരോ കൊണ്ടുവന്ന ഗ്രാമഫോണ്‍ പെട്ടി ഞങ്ങളുടെ ശബ്ദം പിടിച്ചെടുത്ത് ആ  അരൂപിയെ ആകാശത്തേക്ക് തുറന്നുവിട്ടതും ആ വീട്ടില്‍ വെച്ചുതന്നെ. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യന്‍ സൈനികനും യാത്രികനുമായ വ്‌ലാദിമീര്‍ ആര്‍സ്യനേവിന്റെ 'ദെര്‍സു ഉസാല' പരിഭാഷപ്പെടുത്തിയപ്പോള്‍ തന്റെ ശബ്ദം അതുപോലെ പിടിച്ചെടുക്കുന്ന മാന്ത്രിക്കപ്പെട്ടിയെ കുറിച്ച് തെല്ലൊരു അത്ഭുതത്തോടെയും അല്പം അവിശ്വാസത്തോടെയും പറയുന്ന ദെര്‍സുവിനെ ഞാന്‍ കണ്ടു. റേഡിയോയെ ഒരുപാടു സ്‌നേഹിക്കുകയും ഒരു ഒരു ബ്രോഡ്കാസ്റ്റര്‍  എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാവാം ഈ പുസ്തകം പരിഭാഷപ്പെടുത്തുമ്പോളും അതില്‍ കഴിവതും കേള്‍വിയുടെ ഒരു ഘടകം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചത്.  

ഷോര്‍ട് വേവിനും മീഡിയം വേവിനുമിടയില്‍ ഊഞ്ഞാലാടുന്ന ശബ്ദവീചികള്‍.  വിവിധ ഭാരതി, റേഡിയോ മോസ്‌കോ, ശ്രീലങ്ക പ്രക്ഷേപണ നിലയം… കാറ്റിലുലയുന്ന ശബ്ദവുമായി റേഡിയോ ഞങ്ങളെ ദേശാന്തരങ്ങളിലേക്കു കൊണ്ടുപോയി. 'ഇത് ശ്രീലങ്കാ പ്രക്ഷേപണനിലയം. ഇപ്പോള്‍ സമയം മൂന്നുമണി മുപ്പതു നിമിഷം....' ഉച്ചതിരിഞ്ഞുള്ള മലയാളം പരിപാടികള്‍ക്ക് മുന്‍പുള്ള സ്വരമാധുരി. അടുത്തകാലത്തു ആ സ്വരമാധുരിയുടെ ഉടമയെ കുറിച്ച് ഒരു ഫീച്ചര്‍ വായിച്ചു. കോയമ്പത്തൂരില്‍ വിശ്രമ ജീവിതം നയിക്കുന്ന സരോജിനി ശിവലിംഗം. ലോകം ചെറുതാവുകയും കാഴ്ചയുടെയും കേള്‍വിയുടെയും പലപല സാധ്യതകള്‍ തുറക്കുകയും ചെയ്തപ്പോള്‍, പഴങ്കഥ മാത്രമായി മാറിയ ഒരു കാലത്തിന്റെ ഓര്‍മ്മയാണ് ശ്രീലങ്ക പ്രക്ഷേപണ നിലയം.

നിലയങ്ങള്‍ തിരിച്ചു നോക്കുമ്പോള്‍ ഷോര്‍ട് വേവില്‍ റേഡിയോ മോസ്‌കോയിലെ പരിപാടികളും കേള്‍ക്കാറുണ്ടായിരുന്നു എന്ന് ഏട്ടന്മാര്‍ പറയാറുണ്ട്. 1949 ആഗസ്തില്‍ കണ്ണൂരിലെ ചിറക്കല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചപ്പോള്‍ ആ വാര്‍ത്ത റേഡിയോ മോസ്‌കൊ പ്രക്ഷേപണം ചെയ്തത് പഴയ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന ഓര്‍മ്മയാണ്.

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍  മനസ്സിലാവുന്നു, റേഡിയോ അക്കാലത്ത് ഒരു വലിയ ആര്‍ഭാടമായിരുന്നു. സ്വന്തമായി ലൈസന്‍സ് ഒക്കെ ഉണ്ടെങ്കിലേ വീട്ടില്‍ ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ വെക്കാനാവൂ. ഒന്നുരണ്ടു വര്‍ഷത്തിന് ശേഷം, അച്ഛന്‍ വട്ടംകുളത്തു പോസ്റ്റ്മാസ്റ്റര്‍ ആയിരുന്ന കാലത്താണ്, തൊട്ടടുത്ത സ്‌കൂളില്‍ പഠിച്ചിരുന്ന ഞാന്‍ പോസ്റ്റ് ഓഫീസ് എന്റെ ഇടത്താവളമാക്കിയപ്പോള്‍  റേഡിയോ ലൈസന്‍സ് പുതുക്കാനായി വരുന്നവരെ കാണുന്നത്. ഇതൊക്കെ അന്തസ്സുള്ളവര്‍ക്കു പറഞ്ഞതാണെന്ന അവരുടെ മുഖഭാവത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഓരോ തവണയും ലൈസന്‍സ് പുതുക്കുമ്പോള്‍ ആ പുസ്തകത്തില്‍ ഒട്ടിച്ച മനോഹരമായ സ്റ്റാമ്പുകളായിരുന്നു. ആല്‍ബങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവ. പക്ഷെ അവ ആല്‍ബത്തില്‍ വെക്കാന്‍ പാടില്ലെന്ന് അച്ഛന്‍ തന്നെയാണ് പറഞ്ഞത്. അവ പോസ്റ്റേജ് സ്റ്റാമ്പുകളല്ല, ലൈസന്‍സുകളില്‍ ഒട്ടിക്കാനുള്ള പ്രത്യേക സ്റ്റാമ്പുകളായിരുന്നു. സ്വന്തമായി റേഡിയോ ഇല്ലാത്ത വീടിനെ കുറിച്ചോര്‍ത്ത് മനസ്സില്‍ അല്പം വിഷമം തോന്നി. ഞങ്ങളുടെ സ്‌കൂളിന്  ആരോ സമ്മാനിച്ച ഒരു റേഡിയോ ഉണ്ടായിരുന്നു. ഉച്ചക്ക് ഒരുമണി മുതല്‍ രണ്ടുമണിവരെ മാത്രം അത് ശബ്ദിച്ചു. ഉറുമ്പരിച്ച പൊതിച്ചോറിന്റെയും, പിന്നെ ചരല്‍മൈതാനത്തെ കളികളുടെയും  ഇടയ്ക്ക്  ആ ശബ്ദം കുട്ടികളായ ഞങ്ങളെ ഏറെയൊന്നും ആകര്‍ഷിച്ചില്ല.

അടുത്ത വീട്ടില്‍ പാടുന്ന റേഡിയോയില്‍ നിന്നും ഒഴുകിയെത്തുന്ന അശരീരികള്‍ പലപ്പോഴും എന്നെ കൊതിപ്പിച്ചു. ശബ്ദത്തോടുള്ള പ്രണയം... അത് ഇന്നും തുടരുന്നു.

അങ്ങനെയിരിക്കെയാണ് എന്റെ ഏട്ടന്‍, പി സുരേന്ദ്രന്‍, സ്വന്തം കാലില്‍ നിന്നുവേണം പഠിക്കാന്‍ എന്ന് തീരുമാനിച്ച് അന്ന് മൈസൂരില്‍ തൊഴില്‍ ചെയ്യുന്ന കാലത്ത്, കോഴിക്കോട് ആകാശവാണി നിലയത്തിലെ യുവവാണിയില്‍ ഒരു കഥ അവതരിപ്പിക്കുന്നത്. കഥാവായന കേള്‍ക്കാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോളാണ് അടുത്ത വീട്ടിലെ കുഞ്ഞിപ്പുക്ക തന്റെ പെട്ടിക്കടയില്‍ വെക്കുന്ന റേഡിയോ ഒരു വൈകുന്നേരത്തേക്കു എടുത്തുകൊണ്ടുവരാന്‍ സമ്മതം തന്നത്. അങ്ങനെ ഒരു വൈകുന്നേരത്തേക്ക്  ആകാശവാണി വീണ്ടും ഞങ്ങളുടെ വീട്ടില്‍ അലയടിച്ചു.

അപ്പോഴേക്കും ഇന്ത്യയില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെ ലൈസന്‍സ് സമ്പ്രദായം എടുത്തുകളഞ്ഞു. എല്ലാവര്‍ക്കും റേഡിയോ വാങ്ങാം എന്ന് വന്നു; പൈസയുണ്ടെങ്കില്‍!  

അക്കാലത്തും വീട്ടില്‍ ഇടക്കെപ്പോഴെങ്കിലും ഒരു റേഡിയോ ശബ്ദം കടന്നു വരാറുണ്ടായിരുന്നു. അത് ബാലമ്മാമയുടെ (അച്ഛന്റെ ഏട്ടന്‍) പോക്കറ്റ് റേഡിയോയുടെ ശബ്ദമാണ്. പൊന്നാനിയില്‍ നിന്നും തന്റെ റാലി സൈക്കിളില്‍ എടപ്പാള്‍ വരെ വരുന്ന ബാലമ്മാമ റേഡിയോ കൊണ്ട് മാത്രമല്ല തന്റെ സംസാരം കൊണ്ടും വീടാകെ ശബ്ദമുഖരിതമാക്കും. ഒരു ഓലവട്ടി നിറയെ മീനുമായി വരുന്ന ബാലമ്മാമ വീടിനു വല്ലാത്ത ഒരു ഉണര്‍വായിരുന്നു. ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ കക്ഷി തിരിച്ചുപോകും. വീടിന്റെ നിശ്ശബ്ദതയിലേക്കു ഞങ്ങള്‍ സ്‌കൂള്‍ വിട്ടുവരും.  

ഏകദേശം അക്കാലത്താണ് മറ്റൊരു കസിന്‍ പഴയ ഒരു കുഞ്ഞു റേഡിയോ തരുന്നത്. കറന്റ് ഇല്ലാത്ത വീട്ടില്‍, പെട്ടെന്ന് ചാര്‍ജ് തീരുന്ന പെന്‍ ടോര്‍ച്ചിന്റെ ബാറ്ററി ഇടുന്ന ആ റേഡിയോ ഉപയോഗിക്കുക സാമ്പത്തികമായി അത്ര സുഖകരമായിരുന്നില്ല. അങ്ങനെയാണ് ആശാരിയെ കൊണ്ട് അതിനു വലിയ ബാറ്ററി ഇടാവുന്ന ഒരു മരപ്പെട്ടി ഉണ്ടാക്കിക്കുന്നത്. കുറേകൂടി ആയുസ്സുള്ള പുതിയ ബാറ്ററിയുമായി, ഇടയ്ക്കിടെ ചുമച്ചും ഏങ്ങലടിച്ചും ആ റേഡിയോ കുറെ കാലം പാടി, പറഞ്ഞു, പിന്നെ നിത്യമായി ഉറങ്ങി.

അക്കാലത്തെപ്പോഴോ വീട്ടില്‍ റേഡിയോകള്‍ മാറിമാറി വന്നു. അതില്‍ ഒരെണ്ണം ഒരു പഴയ വാള്‍വ് റേഡിയോ ആയിരുന്നു. ഹോളണ്ടില്‍ ഉണ്ടാക്കിയ പഴയ ഒരു ഫിലിപ്‌സ് മ്യൂസിക് സിസ്റ്റം കേടുവന്നപ്പോള്‍ അതിലെ റേഡിയോ മാത്രമെടുത്ത് പുതിയൊരു ക്യാബിനറ്റില്‍ കൂടുമാറ്റം നടത്തി ഓപ്പോളും ഏട്ടനും മൈസൂരില്‍ നിന്നും കൊണ്ടുവന്ന ആ റേഡിയോ കാണുമ്പോള്‍ തന്നെ ഒരു 'തറവാടിത്തം' ഉണ്ടായിരുന്നു. പക്ഷെ പന്ത്രണ്ട് മണിക്ക് ഓണ്‍ ആക്കിയാലേ പന്ത്രണ്ടരക്ക് പാടാന്‍ തുടങ്ങൂ.



ഇടയ്ക്കിടെ റേഡിയോ വഴി പഠിപ്പിക്കാറുള്ള  ലളിതഗാനം കേട്ടെഴുതി പാടിത്തരാറുള്ള അച്ഛന്‍ കേള്‍ക്കാറുണ്ടായിരുന്ന (ഇപ്പോഴും കേള്‍ക്കുന്ന) മറ്റൊന്ന് കഥകളിപദങ്ങളാണ് .

'ഇരയിമ്മന്‍ തമ്പിയുടെ ഈരടി കേട്ടുറങ്ങി,

ഓമനത്തിങ്കള്‍ കിടാവും നല്ല കോമള താമരപ്പൂവും' തുടങ്ങിയ പാട്ടുകള്‍ ഇപ്പോഴും അച്ഛന്റെ ഡയറിയില്‍ കാണണം, മനസ്സിലും. റേഡിയോ ഇപ്പോഴും അച്ഛന്റെ സന്തത സഹചാരിയാണ്. ചെറുപ്പത്തില്‍ സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെകില്‍ ഏറ്റവും മികച്ച ഒരു ഗായകനോ സംഗീത സംവിധായകനോ ആവുമായിരുന്നു അച്ഛന്‍. ഇടശ്ശേരിയുടെ പൂതപ്പാട്ട് ആദ്യമായി സംഗീതാവിഷ്‌കാരം നടത്തി നിഴല്‍നാടകമായി രംഗത്ത് അവതരിപ്പിച്ചതും അച്ഛനാണ്. നിഴല്‍നാടകം എന്നൊരു ആശയം അതിനു മുന്നേ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇടശ്ശേരി, തന്റെ കവിതകള്‍ ആകാശവാണിയില്‍ വരുന്ന ദിവസങ്ങളില്‍ പൊന്നാനി ചന്തപ്പടിയിലെ ഹോട്ടലില്‍ തങ്ങളെയെല്ലാം കൊണ്ടുപോയി ചായ വാങ്ങിത്തന്ന് കവിത കേള്‍ക്കാറുണ്ടായിരുന്ന കാലം അച്ഛന്‍ ഇപ്പോഴും ഓര്‍ത്തെടുക്കാറുണ്ട്. തന്റെ കലാസമിതി, നാടക ദിനങ്ങളെയും!

അമ്മയുമതെ, തന്റെ സമയക്രമം പാലിച്ചിരുന്നത് റേഡിയോ വഴിയായിരുന്നു. അഞ്ചുമണിക്ക് ഉണരുമ്പോള്‍ വീട്ടിലെ റേഡിയോയും ഉണരും. പ്രഭാതഗീതമാകുമ്പോളേക്കും ഞങ്ങളും ഉണരണം. ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തയും പിന്നെ വിദ്യാഭ്യാസ പരിപാടിയും രണ്ടു ചലച്ചിത്രഗാനങ്ങളും കഴിഞ്ഞു എട്ടുമണിയോടെ, ഇംഗ്ലീഷ്  വര്‍ത്തക്കു മുന്‍പുള്ള പരസ്യമാകുമ്പോഴേക്കും പ്രാതല്‍ തയ്യാറായിരിക്കും. ഇത് കേരളത്തിലെ ഒരു ശരാശരി കുടുംബത്തിന്റെ രീതിയായിരുന്നു. വൈകീട്ടും ജീവിതത്തിന്റെ താളം അത് തന്നെ. ചലച്ചിത്ര ഗാനങ്ങള്‍ നാടകം... എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ അതൊന്നും കേള്‍ക്കാതെ വര്‍ത്തമാനം പറഞ്ഞു കൂടെയിരിക്കുന്ന കുടുംബാംഗമായിരുന്നു. സമയം ഓര്‍മ്മിപ്പിച്ചും സമയം കൊന്നും അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. 

ഒരു പക്ഷെ നാടകങ്ങള്‍ കാണുന്നതിലും മനോഹരമായി നമ്മള്‍ ആസ്വദിച്ചത് റേഡിയോ നാടകങ്ങളിലൂടെയായിരുന്നു. അത് നമ്മളെ കൂടുതല്‍ കല്പനാ ശക്തിയുള്ളവരാക്കി, വായനപോലെ. വായനയും കേള്‍വിയും പരസ്പരപൂരകങ്ങളാണെന്ന് നമ്മളറിയാതെ നമ്മളെ പഠിപ്പിച്ചു; പുസ്തകങ്ങളെ സ്‌നേഹിക്കാനും.

ഇടതടവില്ലാത്ത കേള്‍വിയുടെ ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ടെലിവിഷനിലേക്കും അവിടെനിന്നും മൊബൈല്‍ ഫോണിലേക്കും നമ്മള്‍ ചുരുങ്ങി ചുരുങ്ങി  ഇല്ലാതാവന്‍ തുടങ്ങും മുന്‍പ്. നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ ഒരു വീട്ടിലെ റേഡിയോയുടെ ശബ്ദം അലിഞ്ഞലിഞ്ഞു ഇല്ലാതാവുമ്പോഴേക്കും അടുത്ത വീട്ടിലെ റേഡിയോ വീചികളുടെ ഭ്രമണപഥത്തിലേക്ക് നമ്മള്‍ കടന്നിട്ടുണ്ടാവും. പണ്ടൊക്കെ ശബ്ദത്തിനും ഉണ്ടായിരുന്നല്ലോ അയല്‍പക്ക ബന്ധങ്ങള്‍.

എടപ്പാള്‍ ഹൈസ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് തൊട്ടടുത്തുണ്ടായിരുന്ന ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന കൃഷ്ണന്‍ നമ്പൂതിരി മാഷിന്റെ പ്രധാന നേരമ്പോക്കും റേഡിയോ കേള്‍വിയായിരുന്നു. ഇടയ്ക്കിടെ കിടപ്പിലാവുന്ന ആ റേഡിയോയെ അടിക്കടി ചികില്‍സിച്ച്  ആസന്നമൃത്യുവില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ കൂട്ടുകാരന്‍ ചന്ദ്രനായിരുന്നു. ചന്ദ്രന്റെ ഏട്ടന്‍ കൃഷ്‌ണേട്ടന്‍ എടപ്പാളില്‍ നടത്തുന്ന ന്യൂക്ലിയസ് റേഡിയോസ് എന്ന റേഡിയോ റിപ്പയര്‍ ഷോപ്പില്‍ ഇടയ്ക്കിടെ ആ പാട്ടുപെട്ടിയെ സൗജന്യ ചികിത്സക്കായി അഡ്മിറ്റ് ചെയ്യും. കാലക്രമത്തില്‍ ആ റേഡിയോ പോയി ... പിന്നാലെ മാഷും.

റേഡിയോയെ പ്രണയിച്ച അക്കാലത്തായിരുന്നു കോഴിക്കോട് ആകാശവാണിയുടെ യുവവാണിയില്‍  പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്  198990 ല്‍. ആരാധനയോടെ കേട്ട ഒരു ശബ്ദത്തിന്റെ ഉടമയെ അന്ന് ആദ്യമായി കണ്ടു  ഖാന്‍ കാവില്‍. സ്വന്തം ശബ്ദത്തെ സ്‌നേഹിക്കാന്‍ ആദ്യമായി പഠിപ്പിച്ചത് ഖാന്‍ ആയിരുന്നു. ഇന്ദിര, നരേന്ദ്രന്‍... കടല്‍ത്തീരത്തുള്ള കോഴിക്കോട് ആകാശവാണി നിലയത്തിന്റെ  ഐഡന്റിറ്റി ആയ കുറെ ആളുകള്‍ ഉണ്ടായിരുന്നു അന്ന്. മികച്ച സാഹിത്യകൃതികളും ഷേക്‌സ്പിയര്‍ നാടകങ്ങളുമൊക്കെ അവര്‍ റേഡിയോ രൂപാന്തരണം നല്‍കി അവതരിപ്പിച്ചു.

പക്ഷെ, പിന്നീട് 1993 ല്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ ആകാശവാണി നിലയം, എന്തുകൊണ്ടെന്നറിയില്ല, എത്തിപ്പിടിക്കാനാവാത്ത സ്വപ്നം പോലെയായിരുന്നു കുറെ നാള്‍. കേട്ടുശീലിച്ച ശബ്ദങ്ങളെ നേരില്‍ കാണാന്‍ പോലും അവിടെ കയറാന്‍ ഭയംതോന്നി. ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ അവിടെ കയറുന്നത്. ഗോപന്‍ എന്ന വാര്‍ത്താവതാരകന്റെ മാസ്മരികമായ ശബ്ദം നേരിട്ട് കേള്‍ക്കുന്നത് അന്നാണ്. കാഷ്വല്‍ വാര്‍ത്താവായനക്കാര്‍ക്കു ആകാശവാണിയില്‍ അവസരം കിട്ടുമെന്ന് പറഞ്ഞ്, എന്നോട് അപേക്ഷ നല്കാന്‍ പറഞ്ഞതും, പിന്നീട് തെരഞ്ഞെടുക്കപെട്ടപ്പോള്‍ പരിശീലനം നല്‍കിയതും അദ്ദേഹമാണ്. ടിഎന്‍ സുഷമ, ശ്രീദേവി, സത്യചന്ദ്രന്‍, സുഷമ മോഹന്‍, ഹക്കീം കൂട്ടായി, ശ്രീകണ്ഠന്‍, ശ്രീകുമാര്‍.... ഓരോരുത്തരും ഓരോ അനുഭവപാഠങ്ങളായിരുന്നു അവിടെ. അങ്ങനെയൊരു സാധ്യതയെ കുറിച്ച് ആദ്യം പറയുന്നത് എനിക്ക് മുന്നേ അവിടെ എത്തിയ പഴയ കൂട്ടുകാരന്‍ എംസിഎ നാസറാണ്. അവന്‍ അന്ന് മാധ്യമം പത്രത്തിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍. ആകാശവാണിയുടെ ലോകം വളരെ സജീവമായിരുന്നു. ഒരിക്കലും കൃത്യമായി കിട്ടാത്ത ഓണറേറിയം പക്ഷെ ഞങ്ങളെയെല്ലാം പൊടുന്നനെ 'സമ്പന്നരാക്കും'! നിനച്ചിരിക്കാതെയായിരിക്കും ചെക്ക് കിട്ടുക. ദാരിദ്ര്യം ഊട്ടിയുറപ്പിച്ച ചങ്ങാത്തങ്ങളുടേതുകൂടിയായിരുന്നു ആ കാലം. 

പൈസ കിട്ടിയില്ലെങ്കിലും ആകാശവാണി ഞങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. സ്വന്തം ശബ്ദം ലൈവ് ആയി ഗഗനചാരിയാവുന്നതിന്റെ ആഹ്ലാദം ഞങ്ങള്‍ അനുഭവിച്ചു. ഡല്‍ഹി വിടുമ്പോള്‍ ഉപേക്ഷിക്കാന്‍ വിഷമം തോന്നിയ ഒരു ഇടമായിരുന്നു അത്; ആദ്യമായി വാര്‍ത്ത വായിക്കുമ്പോഴുണ്ടായ പരിഭ്രമം ഏകദേശം പത്ത് വര്‍ഷമായിട്ടും ഇല്ലാതായിരുന്നില്ലെകില്‍ കൂടി.  

വാര്‍ത്താവിനിമയത്തിന്റെ ഏറ്റവും വലിയ സാധ്യതകളില്‍ ഒന്നായി റേഡിയോ മാറാന്‍ തുടങ്ങിയ കാലമായിരുന്നു അത്. FM ടെക്‌നോളജി ബ്രോഡികാസ്റ്റിംഗിനെ മാറ്റിമറച്ചുകൊണ്ടിരിക്കുന്ന കാലം.  പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ മലയാള പ്രക്ഷേപണം തന്നെ ഡല്‍ഹി വിട്ടു, തിരുവനന്തപുരത്തെത്തി. എന്തുകൊണ്ടെന്നറിയില്ല നമ്മുടെ ഭരണാധികാരികള്‍ക്ക് റേഡിയോയുടെ സാധ്യത ഇനിയും മനസ്സിലായിട്ടില്ല. നമ്മുടെ സമയത്തില്‍ ഇടപെടാതെ നമ്മുടെ ഭാഗമാവാന്‍ കഴിയുന്ന മറ്റൊരു മാധ്യമവുമില്ല. സ്വകാര്യ FM ചാനലുകള്‍ തഴച്ചു വളരുമ്പോളും സര്‍ക്കാര്‍ റേഡിയോ നിലയങ്ങള്‍ ജീവവായുവിനായി പിടയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ടെലിവിഷന്‍ വലിയ വിപ്ലവങ്ങള്‍ നടത്തുമ്പോഴും നമ്മളില്‍ ഇടപെടാതെ നമ്മുടെ ഭാഗമാവുന്ന റേഡിയോക്ക് അതിന്റേതായ ഒരു ഇടമുണ്ട്. വിദ്യാഭ്യാസം തൊട്ടു വിനോദംവരെ വലിയ സാധ്യതകള്‍ തിരിച്ചറിയാന്‍, പക്ഷെ താരാട്ടിനെ സ്‌നേഹിക്കാന്‍ കഴിയണം, സംഗീതത്തെ പ്രണയിക്കാനാവണം, കണ്ണടച്ചിരുന്നു കാതു തുറക്കാനാവണം.   

### 




Saturday, January 2, 2021

ക്ലോക്കുകൾ




നിറയെ ക്ലോക്കുകളാണ്
പലതരം സമയങ്ങൾ
പലതരം ശബ്ദങ്ങൾ.
എന്റെ പുലരികളുടെ
ചുവന്ന തുടുപ്പിൽ
കാക്കച്ചിറകുകൾ.
ഫാക്ടറിയുടെ സൈറൺ മുഴക്കത്തിൽ
അലിഞ്ഞില്ലാതാവുന്ന  
ഒറ്റക്കുരുവിയുടെ ഘടികാര സംഗീതം.
അന്നേരം,
നിന്റെ ഇരുളിലൂടെ
പേടിസ്വപ്നങ്ങളിലൂടെ
ചിറകടിച്ചുയരുന്നു
പാതിരാകോഴികൾ.

നിറയെ ക്ലോക്കുകളാണ്
ജീവന്റെ തുടിപ്പിനും
മരണത്തിന്റെ മിടിപ്പിനുമിടയിൽ.
നമുക്കിടയിൽ
പറയാൻ ബാക്കിവെച്ച
കഥകൾ പോലെ.

എന്നായിരുന്നു
കാലം നഷ്ടപ്പെട്ട
നിന്റെ ഘടികാരങ്ങളിൽ
ഞാൻ മുഴങ്ങാൻ തുടങ്ങിയത്?
നിന്റെ കാലങ്ങൾ
ഇരുളിനെ മാത്രം പുണർന്നത്?
ഒരു കടൽ  നിറയെ
മൗനം ബാക്കി വെച്ച്
ഏതു വെളിച്ചത്തിലേക്കാണ്
നീ അസ്തമിച്ചത്?
ഏതു ഘടികാരത്തിലാണ്
നീ ഉറഞ്ഞുകൂടിയ കാലം
എനിക്കായി
ഒളിപ്പിച്ചുവെച്ചത്?
ഇവിടെ നിറയെ ഘടികാരങ്ങളാണ്
നിശ്ചലമായ കാലംപോലെ.