Tuesday, December 29, 2020

പിറവി

നിന്റെ ആഴങ്ങളിൽ
ഉറഞ്ഞ ശൈത്യംപോലെ  
ഞാൻ പിറക്കുന്നു.
സ്ഫടിക നീലിമയിൽ
വിറകൊള്ളുന്ന
ഒരു സൂര്യകിരണം.
 
ഒരു നക്ഷത്രവും വഴികാണിക്കാതെ
നിന്റെ ഗിരിശൃംഗങ്ങളിൽ
ഞാൻ കുരിശേറുന്നു,
ഒറ്റിക്കൊടുത്തവന്റെ
കണ്ണീരും വെള്ളിക്കാശും കാണാതെ.
മുൾക്കിരീടം ചൂടിയ ശിരസ്സിൽ
പൊഴിയുന്ന മഞ്ഞും
പൊടിയുന്ന ചോരയും.
ദഹിക്കാതെ കിടക്കുന്നു
അത്താഴമേശയിൽ
നിനക്കായി പകുത്തുനൽകിയ
എന്റെ മാംസം.

എന്നിട്ടും
പാപം കഴുകിമാറ്റിയ
നിന്റെ അടിവയറിൽ നിന്നും
ഒരു വിലാപംപോലെ
ഞാൻ ഉയിർത്തെഴുന്നേൽക്കുന്നു,
മുറിപ്പാടുകളിൽ അടയിരിക്കുന്ന
പറവയെപോലെ
വിസ്‌മൃതിയിലേക്കു ചിറകുവിരിക്കുന്നു. 

നിശ്ശബ്ദത

കൂമ്പിയ കണ്ണുകളിൽ 
തിരയൊടുങ്ങിയ കടൽ, 
വാടിവീണ പൂവിൽ നിന്നും 
ഒരു ശലഭ വസന്തം, 
ഒരു കുഞ്ഞുവിത്തിൽ നിന്നും 
ഒരു വൻമരം, 
ദൂരെയെവിടെയോ കൊടുംകാടുകൾക്കപ്പുറം
ഉദിക്കാൻ മറന്ന സൂര്യൻ, 
നീയും ഞാനും എന്ന ഗ്രഹത്തിൽ 
അനാഥമായ 
ഒരു ചോരത്തുള്ളി, 
മഞ്ഞുപൊഴിഞ്ഞ കാലം നിറയെ 
പിറക്കാൻ മറന്ന വാക്കുകൾ ....
കൂമ്പിയ കണ്ണുകൾ...  
തിരകൾ...
നിശ്ശബ്ദത

ആകാശഗംഗ


ആകാശഗംഗയുടെ
ഭ്രമണപഥത്തിൽ
ശീർഷാസനം ചെയ്യുന്ന ഒരു വവ്വാൽ
ഇരുൾക്കണ്ണുകൊണ്ട്
അനന്തതാരങ്ങൾക്ക്  
പേരിട്ട്
മേൽകീഴറിയാത്ത താരാപഥങ്ങൾക്ക്
താനാണ് അച്ചുതണ്ടെന്നു
സ്വയം വിളംബരം ചെയ്യുകയും
ഇടയ്ക്കിടെ അനന്തതയിലേക്ക്
ചിറകുവിരിച്ച്
ഒരിക്കലും അസ്തമിക്കാത്ത
ഇരുളിലേക്ക് മടങ്ങുകയും
ചെയ്ത്...
താരാപഥങ്ങളുടെ അച്ചുതണ്ടിൽ
വെളിച്ചംകൊണ്ടു കയർകെട്ടി
ഊഞ്ഞാലാടുന്ന കുട്ടി
ഓരോ കുതിപ്പിലും
ഓരോ ആകാശഗംഗകൾ.
ഓരോ നിശ്വാസത്തിലും
ഓരോ നിശ്ശബ്ദതകൾ.
ക്ഷീരപഥത്തിന്റെ
ഇരുൾക്കയത്തിൽ നിന്നും
ഉൽക്കയായി പെയ്ത
ഒരു തുണ്ടു റൊട്ടി
മുറിക്കുമ്പോൾ  
ഒരു രക്തനദി ഒഴുകുന്നു.
അതിനുമേൽ
നഗ്നനായ രാജാവ്
ഇരുളിന്റെ വൃക്ഷത്തിൽ
കാലമറിയാതെ ശീർഷാസനം ചെയ്യുന്നു.

Wednesday, December 23, 2020

ഏട്ടേട്ടൻ എന്ന ജീവിതം

 


ഏട്ടേട്ടൻ ...  അതായിരുന്നു ഞങ്ങൾ കുട്ടികൾ ഇട്ടിരുന്ന വിളിപ്പേര്. ഏട്ടന്മാരുടെ എല്ലാം ഏട്ടൻ ... ഏട്ടേട്ടൻ

നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടൻ...
അടുത്ത ചങ്ങാതിമാരിൽ പലർക്കും ദാമു.
ദാമോദരൻ എന്ന സ്വന്തം പേര് ഏട്ടേട്ടന് പോലും ഒരുപക്ഷെ അത്രയൊന്നും സുപരിചിതമായിരുന്നില്ല.
മഞ്ചേരിയിൽ ഒരു കല്യാണച്ചടങ്ങും കഴിഞ്ഞു തിങ്കളാഴ്ച രാവിലെ കൈകൊടുത്തു പിരിഞ്ഞതാണ്. മഞ്ചേരിയിൽ ചെന്നാൽ ഞങ്ങൾക്ക് മറ്റെവിടെയും താമസിക്കാൻ ഏട്ടേട്ടനും കുടുംബവും സമ്മതം തരില്ല. ഇത്തവണയും അങ്ങനെതന്നെ.  
പാതിരാത്രിയിൽ രാത്രിയിൽ വന്ന വിളി... ഏട്ടേട്ടൻ ആരോടും പറയാതെ  യാത്രയായി...
അമ്മയുടെ അനിയത്തിയുടെ മകനായ ഏട്ടേട്ടൻ എന്റെ ഓപ്പോൾക്കും ഏട്ടനും മൂത്ത ഏട്ടൻ തന്നെയായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറയിൽ അവർ ചിലവഴിച്ച ബാല്യം വല്ലാത്തൊരു സമവാക്യമാണ് സൃഷ്ടിച്ചത്. എഴുപതുകളുടെ മധ്യത്തിൽ വട്ടംകുളം പോസ്റ്റ് ഓഫീസിൽ ജീവനക്കാരനായി ജോലിക്കു ചേരുകയും ഞങ്ങളുടെ വീട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തതോടെയാണ് ഏട്ടേട്ടൻ എനിക്കുകൂടി പ്രിയപ്പെട്ടവനാകുന്നത്,വട്ടംകുളത്തുകാർക്കും. ആ വീട് അവന്റെ സ്വന്തം വീടായി... വട്ടംകുളം സ്വന്തം നാടും.
സാഹിത്യത്തെയും കലയെയും സംഗീതത്തെയുമെല്ലാം ഏറെ സ്നേഹിച്ച ഏട്ടേട്ടന് വട്ടംകുളം തന്റെ ജന്മനാട്ടിനേക്കാൾ വളക്കൂറുള്ള മണ്ണായിരുന്നു. ഗ്രാമണ വായനശാല, അമ്പിളി കലാസമിതി... അന്നുമതെ വട്ടംകുളം സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഒരു വലിയ കേന്ദ്രമായിരുന്നു (ഒരുപക്ഷെ ഇന്നത്തേക്കാളും). അമ്പിളി കലാസമിതി ഒരുതരത്തിൽ അതിന്റെ അച്ചുതണ്ടും. വട്ടംകുളത്തെ സാംസ്‌കാരിക ഭൂമികയിൽ വേരുറപ്പിക്കാൻ ഏട്ടേട്ടന് അധികനാൾ വേണ്ടിവന്നില്ല. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ വായനശാലയിൽ അംഗമാക്കുന്നത് എട്ടേട്ടനാണ്. അവിടെ നിന്നും തുടങ്ങിയ വായനതന്നെയാണ് ഇന്നും എനിക്ക് കരുത്ത്. ആദ്യകാലത്തൊക്കെ എന്റെ ഏട്ടന്റെ കഥകളുടെ ആദ്യവായനക്കാരിൽ ഒരാളും ഏട്ടേട്ടൻ തന്നെയായിരുന്നു.
അന്നുകാലത്ത് ആ പരിസര പ്രദേശങ്ങളിൽ കർട്ടനും മറ്റു സ്റ്റേജ് സാമഗ്രികളും ഉണ്ടായിരുന്ന ഒരേയൊരു കലാസമിതി അമ്പിളി കലാസമിതിയായിരുന്നു. അതിനാൽ തന്നെ കലാപരിപാടികളിൽ തബലയും ഹാർമോണിയവും എല്ലാം വായിക്കാൻ മാത്രമല്ല കർട്ടൻ കെട്ടാനും അവർതന്നെ വേണമായിരുന്നു. വട്ടംകുളം സിപിഎൻയുപി സ്കൂളിൽ  പഠിക്കുന്ന കാലത്ത് ഞങ്ങളുടെയെല്ലാം കലാസാംസ്കാരിക താൽപ്പര്യങ്ങൾ മാത്രമല്ല സെക്കുലർ ആയ കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നതിലും അമ്പിളി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

1980കളുടെ തുടക്കത്തിൽ വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അമ്പളിയുടെ കൂടി പങ്കാളിത്തത്തോടെ രംഗത്തവതരിപ്പിച്ചപ്പോൾ, പ്രേംജി, മുല്ലനേഴി തുടങ്ങിയവർക്കൊപ്പം ആ നാടകത്തിൽ ഒരു സ്ത്രീവേഷം കെട്ടാനും ഏട്ടേട്ടന് ഭാഗ്യം ലഭിച്ചു. കുറെ നാളുകൾക്കു ശേഷം രണ്ടുനാൾ മുന്നേ അനിയന്റെ മകന്റെ കല്യാണച്ചടങ്ങിനുശേഷം പാപ്പിനിപ്പാറയിലെ ഏട്ടേട്ടന്റെ വീട്ടിൽ ഇരുന്നു സംസാരിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി ഏട്ടേട്ടൻ ഓർത്തെടുത്തു, വട്ടംകുളത്തെ കുറിച്ചും, പുതിയ ജോലികിട്ടിയതിനെ തുടർന്ന് മഞ്ചേരിയിലേക്കു പോയതോടെ കൈവിട്ടുപോയ കലാജീവിതത്തെ കുറിച്ചുമെല്ലാം. പക്ഷെ വർഷത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും വട്ടംകുളത്തെത്തുമ്പോൾ ഏട്ടേട്ടൻ കലാസമിതിയിൽ കയറാതെ പോകില്ല. തബലയിലും ഹാർമോണിയത്തിലുമെല്ലാം ഒന്ന് കൈവെച്ചില്ലെങ്കിൽ  മനസ്സിന് സമാധാനം കിട്ടില്ലായിരുന്നു ഏട്ടേട്ടന്. ഈ കലാ താല്പര്യം തന്നെയായിരുന്നു ഞങ്ങളുടെ അച്ഛനുമായി ഏട്ടേട്ടനെ വലിയ കൂട്ടാക്കിയതും. കൊറോണ കാരണം യാത്രകൾ മുടങ്ങിയതിനാൽ അച്ഛനെ കാണാൻ വട്ടംകുളത്തേക്കു വരാനാവാത്തതിന്റെ വിഷമത്തിലായിരുന്നു ഏട്ടേട്ടൻ. എന്തായാലും ജനുവരിയിൽ നാലുദിവസം വട്ടംകുളത്തു വന്നു നിൽക്കണം എന്നും പറഞ്ഞു. ഉള്ളിൽ കുറെ വിങ്ങലുകൾ ഉണ്ട് എല്ലാം ഒന്ന് ഇറക്കിവെക്കണമെന്നും ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ തിരിച്ചുപിടിക്കണമെന്നും. ഇറക്കികിടത്തിയ ആ കാലം കണ്ടപ്പോൾ ഞങ്ങളുടെ അച്ഛൻ വല്ലാത്ത ഒരു മൗനത്തിൽ ആയിരുന്നു, മരവിപ്പിലും.
ഏട്ടേട്ടനെ കുറിച്ച് ഓർത്തെടുക്കാൻ കൂട്ടുകാർക്കെല്ലാം ഉണ്ട് ഒരു കാലം. കലയുടെ, സാഹിത്യത്തിൻറെ, കലർപ്പില്ലാത്ത നർമ്മത്തിന്റെ, ജീവിതാഘോഷങ്ങളുടെ... പൊടുന്നനെയുള്ള ആ വിയോഗം വിശ്വസിക്കാനാവാതെ വിളിച്ച പ്രിയപ്പെട്ട ആലങ്കോട് ലീലാകൃഷ്ണൻ, ജയകൃഷ്ണൻ മാഷ്, കണ്ണേട്ടൻ (കണ്ണൻ സൂരജ് - ഏട്ടേട്ടന്റെ കല്യാണത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ കൂടിയായിരുന്നു), അവസാനനോക്കു കാണാൻ വട്ടംകുളത്തുനിന്നെത്തിയ യുകെയും, കുമാരേട്ടനടക്കമുള്ള  പഴയ കൂട്ടുകാർ   ഇവർക്കെല്ലാം ഓർത്തെടുക്കാനുണ്ടായിരുന്നു ഒരു കാലത്തെ  കുറിച്ച്, പൊടുന്നനെ പറിച്ചുമാറ്റിയ ഒരു കാലം.
ഏട്ടേട്ടാ, നിന്നെക്കുറിച്ച് ഞാൻ എങ്ങനെയാണു പറഞ്ഞുവെക്കേണ്ടത് ....?