Tuesday, November 17, 2026

നമ്മളിൽ നിന്നും



ഒരു പൂവിലും ഒതുങ്ങാത്ത വസന്തം
ഒരു മഹാപർവതത്തിലും
തടഞ്ഞുനിൽക്കാത്ത ശിശിരം
മഞ്ഞുപാളികൾക്കിടയിൽ നിന്നും
എത്തിനോക്കാറുണ്ട്
ഹിമകണങ്ങളിലേക്ക് വിടരാൻ വെമ്പുന്ന
പൂമൊട്ടുകൾ
നിശ്ചലമായ കൃഷ്ണമണിയുടെ തിളക്കം  
ഒരു മേഘത്തിലും പെയ്തുതീരാത്ത വർഷം
കടത്തുകാരനില്ലാത്ത കളിത്തോണി
എല്ലാ മരുഭൂമിയും താണ്ടി
മരുപ്പച്ച തേടി
അസ്തമിക്കാത്ത ഗ്രീഷ്മം
കള്ളിമുൾച്ചെടികളിൽ കൊരുത്ത
അനാഥമായ ബാല്യം
വെയിലിനും നിലാവിനുമിടയിൽ
നിശ്ശബ്ദമായി അലിഞ്ഞുചേരുന്ന
രണ്ട് നദികൾ
പരസ്പരം തൊടുന്ന മൗനങ്ങൾ  
അവസാനിക്കാത്ത യാത്ര
നമ്മളിൽ നിന്നും നമ്മളിലേക്ക്.

No comments:

Post a Comment