Wednesday, April 19, 2023

അമിതവായന അരുതാത്ത പൂതപ്പാട്ട്

പൂതപ്പാട്ടിലെ ഉണ്ണി അച്ഛനില്ലാത്ത കുട്ടിയാണോ?
പൂതപ്പാട്ട് എഴുപതിൽ എത്തിയതിനെ കുറിച്ച് ശ്രീ എൻ പി വിജയകൃഷ്ണൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം ചിലയിടത്തെങ്കിലും ഒരു തരം അമിതവായനയായി തോന്നിയത് അത് ഇത്തരം ഒരു ചോദ്യം ഉയർത്തുന്നു എന്നതുകൊണ്ടാണ്. മുക്കാൽ നൂറ്റാണ്ട് മുന്നേ വരെ കേരളീയ ജീവിതത്തിൽ അച്ഛൻ മിക്കവാറും അപ്രസക്തനായിരുന്നു എന്ന് പറഞ്ഞയുടനെ തന്നെ ഭർതൃ രഹിതമായ അനാഥത്വം എന്നൊരു നറേറ്റീവിൽ നിന്നുകൊണ്ട് മുന്നോട്ടു പോകുന്ന ലേഖനം പിതൃത്വത്തിന്റെ പരാമർശം ഇല്ലായ്മയിലാണ് ആദ്യഭാഗത്ത് ഊന്നുന്നത്. ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റ് പിറന്ന ഉണ്ണി അച്ഛനില്ലാത്ത കുട്ടിയാണ് എന്ന് ഇടശ്ശേരി എവിടെയും പറഞ്ഞിട്ടില്ല. നങ്ങേലി ഏതെങ്കിലും തരത്തിലുള്ള അനാഥത്വം അനുഭവിക്കുന്നതായി ഒരു സൂചനയും ആ കവിതയിൽ എവിടെയും ഇല്ല. അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിന്റെ അനാഥത്വത്തിൽ അല്ല, മറിച്ച് എല്ലാ അർത്ഥത്തിലും സുഖസമൃദ്ധിയിൽ ആണ് ഉണ്ണി വളരുന്നത്. 
"താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി." എന്നാണ് ഇടശ്ശേരി പറയുന്നത്.
സന്ധ്യക്ക് കുഞ്ഞിനെ തിരഞ്ഞു പോകുമ്പോൾ അച്ഛൻ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യം അപ്രസക്തമാണ് എന്നെനിക്ക് തോന്നുന്നു. മരുമക്കത്തായ സമ്പ്രദായം നിലനിൽക്കുന്ന കാലത്തെ 'സംബന്ധക്കാരൻ' രാത്രി വരുന്ന ആളാണ് എന്ന് വിജയകൃഷ്ണൻ പറഞ്ഞ യുക്തിയുടെ മറുവശം വെച്ച് വാദിക്കാം. അമ്മ ഉണ്ണിയെ തേടി ഇറങ്ങുന്നത് സന്ധ്യ കഴിയുമ്പോളാണ്, അയാൾക്ക് എത്താൻ സമയമായിട്ടില്ല. ഇനി അങ്ങിനെയല്ല ഭർത്താവ് ജോലിക്കാരനാണെങ്കിലും സന്ധ്യ മയങ്ങും മുന്നേ വീട്ടിൽ എത്തിയെ മതിയാവൂ എന്നില്ല. ഇടശ്ശേരി ഈ കവിത എഴുതുന്ന കാലം പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും കലാസമിതി പ്രസ്ഥാനം വളരെ ശക്തമായ കാലമാണ്. ഇടശ്ശേരിയും അതിന്റെ ഭാഗമായിരുന്നു. എന്റെ അച്ഛനും വിജു നായരങ്ങാടിയുടെ അച്ഛനും അടക്കം പലരും ഇടശ്ശേരിക്കൊപ്പം കലാസമിതി പ്രവർത്തകരായിരുന്നു, നാടകപ്രവർത്തകരായിരുന്നു. പൂതപ്പാട്ട് എഴുതിയ കാലത്ത് ഉണ്ണിയുടെ അച്ഛൻ സന്ധ്യ മയങ്ങും മുന്നേ കൂടണയേണ്ട സാംസ്‌കാരിക സാഹചര്യം ആയിരുന്നില്ല പൊന്നാനിയിൽ ഉണ്ടായിരുന്നത് എന്ന് സാരം. പക്ഷെ ഈ സാംസ്‌കാരിക പശ്ചാത്തലം ഒന്നുമല്ല പൂതപ്പാട്ട് എഴുതുമ്പോൾ ഇടശ്ശേരിയുടെ മനസ്സിൽ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പല വേഷം അണിഞ്ഞെത്തുന്ന പൂതത്തെ നേരിടുന്ന മാതൃത്വത്തിന്റെ കരുത്ത് വരച്ചിടുമ്പോൾ മൂന്നാമതൊരു കഥാപാത്രം കടന്നുവരുന്നത് ഏതെങ്കിലും തരത്തിൽ അനിവാര്യമല്ല. മാത്രവുമല്ല അത് കവിതയെ ദുര്ബലപ്പെടുത്തും. അമ്മയുടെ അന്വേഷണം ഏകാന്തമാവാൻ കാരണം ആ പ്രദേശത്ത് മനുഷ്യസാന്നിധ്യം ഇല്ലാത്തത്‌കൊണ്ടല്ല. ഇടശ്ശേരി കാണുന്നത് പ്രകൃതിയെ ആണ് മനുഷ്യ പ്രകൃതിയെ അല്ല. ആ പ്രകൃതിയുടെ ഭാഗമാണ് പൂതവും ഉണ്ണിയും അമ്മയുമെല്ലാം. ഈ വരികൾ തന്നെ നോക്കുക:
  
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു."
ഇത് ഒരു ചിത്രമാണ്; മനുഷ്യനും പ്രകൃതിയും ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാവുന്ന ചിത്രം. പ്രകൃതിപോലും വിങ്ങി നിൽക്കുന്ന ഈ ചിത്രത്തിൽ നങ്ങേലിക്ക് തുണയാവാൻ കവി എവിടെയും ആരെയും അവതരിപ്പിക്കുന്നില്ല; സ്ത്രീയായാലും പുരുഷനായാലും. അതുകൊണ്ടാണ് പുരാവൃത്തങ്ങളിൽ നിന്നുള്ള 
ഒരു കല്പനയെ യഥാർത്ഥ ജീവിതത്തിൽ ഉള്ള ഒരു സ്ത്രീയുമായി ചേർത്ത് വെച്ച നാടോടിത്തനിമയുള്ള ഈ ആഖ്യാനം ഒരു മികച്ച കവിതയാവുന്നത്. ഈ ആഖ്യാനത്തിൽ കവിക്ക് മറ്റാരുടെയും സാന്നിധ്യം ആവശ്യമില്ല  - അച്ഛനായാലും, അമ്മാവനായാലും അയൽക്കാരായാലും.
ഇടശ്ശേരി ഇതൊരു കുട്ടിക്കവിത ആയാണ് എഴുതിയത് എന്ന് തന്റെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികനായ എന്റെ അച്ഛൻ പറയാറുണ്ട്. കവിതക്കിടയിൽ ചില വിശദീകരണങ്ങൾ നൽകി കുട്ടിക്കഥയുടെ ഒരു അന്തരീക്ഷം തന്നെ സൃഷ്ടിച്ചു ഇടശ്ശേരി (കവിത മാതൃഭൂമിയിൽ അച്ചടിച്ച്‌ വന്ന ശേഷം ആണോ ഈ കൂട്ടിച്ചേർക്കൽ എന്നറിയില്ല). പക്ഷെ പിന്നീട് ഇതൊരു നിഴൽനാടകമായി അവതരിപ്പിച്ചപ്പോൾ ഒരു കുട്ടിക്കവിതക്കപ്പുറം ഇതിനു മറ്റൊരു തലം ഉണ്ടെന്ന് ഇടശ്ശേരിക്ക് ബോധ്യം വന്നതായി ഇടശ്ശേരിക്കും കൂട്ടർക്കുമൊപ്പം ഈ നിഴൽനാടകത്തിനു സംഗീതം നൽകി രംഗാവിഷ്കാരം നടത്തിയ അച്ഛൻ തന്നെ പറയാറുണ്ട്. പക്ഷെ അത് ഫ്യൂഡൽ തറവാടുകളുടെ തകർച്ചയുമായോ ശ്രീ വിജയകൃഷ്ണൻ പറഞ്ഞ ഭർതൃരഹിതമായ അനാഥത്വവുമായോ കൂട്ടിവായിക്കേണ്ട ഒന്നല്ല. 
ഇടശ്ശേരിയുടെ ഉണ്ണിക്ക് ഇപ്പോഴും ഏഴ് വയസ്സ് തന്നെ ആയി കാണാനാണ് എനിക്കിഷ്ടം. ഞാൻ ജനിക്കുന്നതിനും പതിനാലര വര്ഷം മുന്നേ ജനിച്ച ഉണ്ണി എന്നെ സംബന്ധിച്ച് ഇപ്പോഴും ബാലനാണ്. അനുഭവങ്ങളിലൂടെ വളർന്നു വലുതാവുകയും അതോടൊപ്പം അവനവനിലേക്ക് ചുരുങ്ങുകയും ചെയ്ത അരവിന്ദന്റെ രാമുവിനെപ്പോലെ അല്ല ഉണ്ണി എന്ന ഓമനപ്പേരുള്ള ഇടശ്ശേരിയുടെ നായകൻ. ഉണ്ണി നിതാന്ത ബാല്യമാണ്, തന്നെ പിടിച്ചുകൊണ്ടുപോയ പൂതം താമസിക്കുന്ന അതെ കുന്നിൻചെരിവിലൂടെ പിറ്റേന്നും പാഠശാലയിലേക്ക് യാതൊരു ഭയവും ഇല്ലാതെ നടന്ന ബാല്യം. ആ ബാല്യം നഷ്ടപ്പെടുന്നിടത്താണ് നമ്മൾ പ്രകൃതിയെ ഭയക്കാൻ തുടങ്ങുന്നത്.
വൽക്കഷ്ണം: "അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം എന്നാണ് ഇടശ്ശേരി എഴുതിയത്, പൂങ്കുല എന്നല്ല.  എന്നാൽ പലരും ഇതിനെ അമ്പിളിപ്പൂങ്കുല ആക്കുന്നുണ്ട്. ഈ ലേഖനത്തിൽ ഒരിടത്തും, പ്രൂഫിംഗിന്റെ പിശക് കാരണമാണോ എന്നറിയില്ല, അമ്പിളിപ്പൂങ്കുല ആയിട്ടുണ്ട്. അത് അമ്പിളി പൊങ്ങി നിൽക്കുന്നു താമര കൊമ്പിന്മേൽ നിന്നും കൊലോളം ദൂരത്തിൽ എന്ന് വായിക്കുമ്പോലെയാവും!   
  

   

No comments:

Post a Comment