Saturday, August 27, 2022

പ്രാർത്ഥന

നമ്മൾ നിശ്ശബ്ദമായാണ്

എല്ലാം പറഞ്ഞത്
പ്രാർത്ഥനപോലെ ...
പാറക്കെട്ടുകളിൽ
അടിച്ചൊടുങ്ങുന്ന തിരകളെ കുറിച്ച്
ചിറകൊടിഞ്ഞവന്റെ
ആകാശത്തെ കുറിച്ച്....

പലരിൽ ഒന്നല്ല എന്നതിനാൽ
നീ എനിക്ക് പ്രാർത്ഥനയാണ്.
എവിടെയോ നമ്മളിൽ ഒഴുകുന്ന
അതേ ഏകാന്തത പോലെ.
ജപമാലയിലെ മുത്തുകൾ പോലെ.

ഒരു ജാലകം തുറക്കുമ്പോൾ
ഒരു നക്ഷത്രം തെളിയും
കാട്ടിനുള്ളിലെ കടുവാക്കണ്ണും.
ഏകാന്തതയുടെ രണ്ടുവെട്ടങ്ങൾ.

നമ്മൾ നിശ്ശബ്ദമായാണ്
എല്ലാം പറഞ്ഞത്.
പറയുമ്പോളും
ചിലതെല്ലാം മറന്നുപോയിരുന്നു.
തീരത്തടിഞ്ഞ പുഞ്ചിരി
കണ്ടു കണ്ണീർ വാർത്തത്.
കണ്ണുകളിൽ
നിലാവ് പടർന്നത്.

കാലം പഴകുമ്പോൾ
എല്ലാം നിറം മാറുമെങ്കിലും.
ഒരു വെറും വാക്കിൽ
ഒതുങ്ങാത്ത , ഒടുങ്ങാത്ത നമ്മൾ
ബാക്കിയാവുന്നു
വഴിവിളക്കുപോലെ.
ഇപ്പോൾ ഞാൻ നിന്റെ
നിശ്ശബ്ദ പ്രാർത്ഥനകൾ കേൾക്കുന്നു.

കാടിറങ്ങുമ്പോൾ


കാടിറങ്ങുമ്പോൾ നമ്മൾ
കാട്ടാറിനെ വഴിയിൽ ഉപേക്ഷിക്കുന്നു.
കാട്ടുവള്ളികളെയും പരൽമീനുകളെയും 
അക്കരെ നിന്ന മാൻകുട്ടിയെയും.
പിന്നെ നമ്മൾ
മുളങ്കാടുകളെ വഴിയിൽ ഉപേക്ഷിക്കുന്നു
അശരീരിയായ സംഗീതത്തെയും.
അരുവിയിൽ ഉപേക്ഷിച്ച നിഴൽ 
ഇപ്പോൾ 
പാറക്കെട്ടുകളിലൂടെ 
താഴ്വാരത്തിലേക്ക് 
ഒഴുക്കുന്നുണ്ടാവാം,
ചിതറിത്തെറിക്കുന്നുണ്ടാവാം. 
എന്നിട്ടും തീരാതെ നമ്മൾ
വാക്കുകളെ വഴിയിൽ ഉപേക്ഷിക്കുന്നു 
നിശ്ശബ്ദനായ യോദ്ധാവ് 
കാലിടറി വീഴുന്നു. 
അവന്റെ ഓർമ്മയിൽ കുരുത്ത
വസന്തങ്ങളെ...
ഇരുണ്ട പച്ചപ്പിനെ
പൂക്കളുടെ നീലവിതാനത്തെ
മഴയെ... മഞ്ഞിനെ.
എല്ലാം മായ്ച്ചു നമ്മൾ മടങ്ങുമ്പോൾ
നമ്മളെ പുണർന്ന ഇരുളിൽ 
ഒരു മിന്നാമിനുങ്ങു
വഴി കാണിക്കുന്നു..
നമ്മളറിയാതെ നമ്മൾ 
വിട്ടിറങ്ങിയ കാട്ടിലേക്ക്
തിരികെ നടക്കുന്നു,
ഞാൻ നിന്നിലേക്കും.