Friday, June 24, 2022

കൃഷ്ണമണികളെ വായിക്കുമ്പോൾ

കൃഷ്ണമണികളെ
വായിക്കുമ്പോൾ
കാലംതെറ്റിയ മഴ
കാടുകയറുന്നു.
നിന്റെ 
മഴവിൽച്ചിറകിൽ ഒളിച്ച്
കൊടുങ്കാറ്റുകൾ
സുഷുപ്തമാവുന്നു.

കൃഷ്ണമണികളെ
വായിക്കുമ്പോൾ
കടങ്കഥകളിൽ നിന്നും കുട്ടികൾ
ഉത്തരങ്ങളായി
നടന്നു നീങ്ങുന്നു.
പുസ്തകത്താളുകളിൽ
അനാഥമായ  ഓർമ്മകൾ
മയിൽപ്പീലികളായി 
പുനർജ്ജനിക്കുന്നു.

കൃഷ്ണമണികളെ
വായിക്കുമ്പോൾ
സാരോപദേശകഥകളിലെ കൊറ്റികൾ
വേനൽച്ചൂടിൽ പെട്ട മത്സ്യങ്ങളെ
നിത്യതയിലേക്ക്  
നാടുകടത്തുന്നു.

കൃഷ്ണമണികളെ
വായിക്കുമ്പോൾ
നമ്മൾ നടന്ന തീരങ്ങളിൽ തലതല്ലി 
തിരകൾ വിസ്മൃതമാകുന്നു.
അന്നേരം
നിന്റെ 
കൃഷ്ണമണികളിൽ നിന്നും
ഒരു മഹാസമുദ്രം 
പിറവിയെടുക്കുന്നു.

കൂടുവിട്ടൊരു വാക്ക്

പകരാതെ ബാക്കി വെച്ച
ഒരു ചുംബനം
നിലാവിൽ ഒഴുകുന്ന
രക്തനദിപോലെ 
ചഷകത്തിലേക്ക് തന്നെ മടങ്ങുന്നു.
അന്നേരം 
കൂടുതേടിയ ഒരു വാക്ക്
അനാഥമായൊരു ചില്ലയിൽ 
ചിറകൊതുക്കുന്നു.
കൂടുവിട്ടൊരു വാക്ക് 
നീലാകാശത്ത് 
അപ്രത്യക്ഷമാവുന്നു.
രക്തം നിറച്ച ചഷകത്തിലേക്ക് 
നീയൊരു തൂവൽ പൊഴിക്കുന്നു.
ഇരുളിന്റെ ഏകാന്തതയിൽ\
നിന്നും 
പേരറിയാത്തൊരു 
താരകം പിറക്കുന്നു

Wednesday, June 22, 2022

വെള്ളാരംകല്ലുകൾ

വെള്ളാരംകല്ലുകൾ
ഒരു ഓർമ്മയാണ്
നമ്മൾ മുറിച്ചുകടന്ന പുഴകളുടെ
നമ്മൾ ഒഴുകിയ കാലത്തിന്റെ
നമ്മൾ മറന്നുപോയ പാട്ടുകളുടെ.
വെള്ളാരംകല്ലുകൾ
ചിലനേരം വിസ്‌മൃതിയാണ്
വെയിൽച്ചൂടിലമർന്ന
ഏകാന്തദ്വീപിന്റെ
ഒളിമിന്നുന്ന ഹൃദയജ്വാലയുടെ
നിന്നെ ചൂഴ്ന്നു നിൽക്കുന്ന
സ്വപ്നഭാരങ്ങളുടെ  
വെള്ളാരംകല്ലുകൾ
ആരുടെയോ വേദനയാണ്
നമ്മളെ വലംവെച്ചകന്ന
നീല ശലഭങ്ങളുടെ.
നമ്മൾ നീന്തി നടന്ന
ആകാശനീലത്തിലെ താരകങ്ങളുടെ
നിന്റെ കണ്ണുകളുടെ നീലിമയിൽ
തെളിഞ്ഞ വെള്ളാരംകടലിന്റെ
അതെ
വെള്ളാരംകല്ലുകൾ
ഒരു ഓർമ്മപ്പെടുത്തലാണ്
എന്നിൽ നിറയുന്ന
നീയെന്ന സ്ഫടികത്തിന്റെ
നിന്നിൽ തിരയടിക്കുന്ന
ഞാനെന്ന കടലിന്റെ.