Saturday, July 24, 2021

മരിക്കാത്ത ജയനും ദേവസ്സിക്കുട്ടി മുടിക്കലും



ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോളാണ് ജയൻ എന്ന നടൻ മരിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഇല്ലാത്ത കാലം... ആകാശവാണിക്കാലം... അടുത്ത വീട്ടിൽ നിന്നും കടംവാങ്ങിക്കുന്ന പത്രം എല്ലാവരും കമ്പോടുകമ്പു വായിക്കുകയും അടുക്കളക്കോലായിൽ ചർച്ച ചെയ്യുകയും ചെയ്ത കാലം.

ജയൻ മരിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഒരു 'കൊച്ചുപുസ്തകം' ഇറങ്ങി. ജയൻ മരിച്ചിട്ടില്ല. അത് ഇത്തരം പുസ്തകങ്ങളുടെ കാലമായിരുന്നു. സിനിമാകൊട്ടകയിൽ പ്രദർശനത്തിനിടെ പാട്ടുപുസ്തകങ്ങൾ വിറ്റിരുന്ന കാലം.        
അപകടത്തില്‍ നിന്ന്  ജയന്‍ രക്ഷപ്പെട്ടെന്നും, മാത്രമല്ല അമേരിക്കയിലേക്ക് കടന്നു എന്നും അവിടെ ഒളിവുജീവിതം നയിക്കുകയാണെന്നുമെല്ലാം വളരെ 'വെടിപ്പായി' എഴുതിവെച്ചിരുന്നു. ജയനെ കൊന്നതാണ് എന്നും അതിനുപിന്നിൽ വേറൊരു നടനാണ് എന്നുമൊക്കെ കഥ സൃഷ്‌ടിച്ച കാലത്ത്, അമേരിക്കയിൽ ഒളിവിൽ കഴിയുന്ന ജയന്റെ കഥ  ഞങ്ങൾ കൊച്ചുകൗമാരക്കാർക്ക്  കൗതുകമായി. വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട സുഭാഷ്ചന്ദ്ര ബോസ് ഒളിവിൽ ജീവിക്കുന്നു എന്ന സിദ്ധാന്തം വളരെ ശക്തിയോടെ അന്നും ചർച്ച ചെയ്തിരുന്നു. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടെ മരിച്ച ജയൻ (നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ നായർ) അദ്ദേഹത്തിന്റെ വിചിത്രമായ വേഷവിധാനം, സംഭാഷണം ഇവയൊക്കെക്കണ്ട് പ്രേക്ഷകനിൽ തീർത്തും വ്യത്യസ്തമായൊരു രൂപം തീർത്തിരുന്നു, അതിനാൽ തന്നെ മരിക്കാത്ത ജയൻ ഞങ്ങളുടെ കല്പനയിൽ മഹാഗോപുരമായി... അമേരിക്കയോളം വലുതായി! തിരയടിച്ചു, പിന്നെ മറന്നു.
1989 ഏപ്രിൽ മാസത്തിൽ, കോഴിക്കോട് പ്രദീപ് മേനോന്റെ സ്ഥാപനത്തിൽ സബ് എഡിറ്റർ ആയി ചെന്നപ്പോളാണ് ആ കഥ വീണ്ടും കടന്നുവന്നത്. പുതിയ ഒരു വിദ്യാഭ്യാസ മാസിക തുടങ്ങുന്നതിന്റെ ഭാഗമായാണ് എനിക്കാ ജോലി കിട്ടിയത്. പ്രദീപിന്റെ ക്യാബിനു തൊട്ടപ്പറത്തായി അടൂർ ഗോപാലകൃഷ്ണൻ മെലിഞ്ഞതാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു - ദേവസ്സിക്കുട്ടി മുടിക്കൽ. പ്രദീപ് ഇറക്കുന്ന ഫിലിംനൈറ്റ്  എന്ന പ്രസിദ്ധീകരണത്തിന്റെ  എഡിറ്റർ.  ആ ഓഫീസ്... ഇന്നുമതെ അതൊരു ഗൃഹാതുരത്വമാണ്.
ഒരു വാർത്ത എഴുതുമ്പോൾ എങ്ങിനെ വായനക്കാരനെ കയ്യിലെടുക്കണമെന്നതും അതെ ആകാംക്ഷ നിലനിർത്താൻ പേജുകൾ എങ്ങിനെ രൂപകൽപന ചെയ്യണമെന്നതുമൊക്കെ മുടിക്കലും പ്രദീപുമാണ് പറഞ്ഞുതന്നത്.
അങ്ങനെ ഒരു ദിവസമാണ് നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നതിനിടെ വീണ്ടും ജയന്റെ കഥ മുടിക്കൽ  പറഞ്ഞത്. മരിച്ച ജയന് പുനർജ്ജന്മം നൽകിയ തന്റെ ആ വന്യഭാവനയെ കുറിച്ച്. ഉപജീവനവും അതിജീവനവുമെല്ലാം വലിയ പ്രശ്നമായിരുന്ന ഒരു കാലത്തെ കുറിച്ച്. വിപ്ലവം സൃഷ്‌ടിച്ച മിശ്രവിവാഹത്തിനു ശേഷം കോഴിക്കോട്ടേക്ക് പറിച്ചുനട്ട കാലത്തെ കുറിച്ച്.  
ചെറിയ പുസ്തകങ്ങൾ എഴുതിത്തന്നാൽ പൈസ തരാം എന്ന് ഒരു ചെറുകിട പ്രസാധകൻ നൽകിയ വാഗ്ദാനമായിരുന്നു ഇങ്ങനെയൊരു സങ്കൽപ്പത്തിലേക്കു മുടിക്കലിനെ നയിച്ചത്. അശ്ലീലകഥകൾ എഴുതാൻ താല്പര്യമില്ലാത്ത സാത്വികനായതിനാൽ ഇങ്ങനെ ഒരു ഭാവനവിലാസം. പക്ഷെ അതെന്തേ ഒരു വലിയ നോവൽ ആക്കിയില്ല എന്ന് ചോദിച്ചാൽ മുടിക്കൽ ചിരിക്കും. ഇങ്ങനെ കുറെയുണ്ട് മുടിക്കലിന്റെ എഴുത്തുകൾ. വലിയ സ്വപ്‌നങ്ങൾ കാണാൻ ഇഷ്ടമില്ലാത്ത പച്ചയായ മനുഷ്യന്റെ എഴുത്തുകൾ.
ജയൻ മരിച്ച ശേഷവും ആളുകളുടെ മനസ്സിൽ ജീവിക്കുന്നുവെങ്കിൽ തീർച്ചയായും അങ്ങനെ ഒരു കഥക്ക് സാധ്യത ഉണ്ടെന്നതായിരുന്നു മുടിക്കലിന്റെ പക്ഷം. മുടിക്കലിന്റെ ആ ചിന്ത ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ടിവി   ചാനലുകളുടെ കാലത്ത് ഏറ്റവുമധികം അനുകരിക്കപ്പെട്ട ഒരു നടനും ജയൻ തന്നെയായിരുന്നു.
ഏതു വിഷയവും പഠിച്ചാൽ എഴുതാനാവും എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഇപ്പോളും മുടിക്കൽ. പലർക്കും സിനിമയിലേക്ക് വഴി കാണിച്ചുകൊടുത്തയാൾ.
നാളെ ജയന്റെ ജന്മദിനം. ജീവിച്ചിരുന്നെകിൽ 82 വയസ്സ്. ആ കാലത്തെക്കുറിച്ച്  ദേവസ്സിക്കുട്ടി മുടിക്കലിനോട് കുറേകൂടി ചോദിക്കാനുണ്ടായിരുന്നു പക്ഷെ അദ്ദേഹത്തിന്റെ ഫോൺ കിട്ടുന്നില്ല. മുഖ്യധാരാ സിനിമയുടെ പാർശ്വങ്ങളിൽ നിന്നും ഒരുപാടു കഥകൾ പറയാനുണ്ടാവും മുടിക്കലിന്. ഒരു പക്ഷെ അതുതന്നെ മറ്റൊരു സിനിമാക്കഥയാവാം, അല്ലെ മുടിക്കലേ.
സസ്നേഹം      

1 comment: