Saturday, October 31, 2020

മുങ്ങിമരിച്ച കുട്ടികൾ

 മുങ്ങിമരിച്ച കുട്ടികൾ

ലൂയി ഗ്ലക്ക്
പരിഭാഷ : പി സുധാകരൻ

നോക്കൂ, അവർക്കായി ഒരു ന്യായവിധിയുമില്ല
അതിനാൽ അവർ
മുങ്ങിമരിക്കണമെന്നത് സ്വാഭാവികമാണ്,
ആദ്യം മഞ്ഞുപാളികൾ അവരെ ഉള്ളിലേക്കെടുക്കുന്നു
പിന്നെ മൊത്തം ശൈത്യകാലത്തും
അവർ മുങ്ങിത്താഴുമ്പോൾ
അവരുടെ കമ്പിളി സ്കാർഫുകൾ
അവർക്ക് പുറകിൽ ഒഴുകി നടക്കുന്നു
അവസാനം അവർ നിശ്ശബ്ദമാകുംവരേക്കും.
അന്നേരം പൊയ്ക അവരെ അതിന്റെ
ബഹുവിധമായ ഇരുണ്ട കൈകളിൽ ഉയർത്തുന്നു.

എന്നാൽ മരണം അവരിലേക്ക്
മറ്റൊരുതരത്തിൽ വരണം,
തുടക്കത്തോട് വളരെ അടുത്ത്.
അവർ എല്ലാകാലത്തും
അന്ധരും ഭാരരഹിതരും ആയിരുന്നുവെന്നപോലെ
അതുകൊണ്ട്, ബാക്കിയുള്ളതെല്ലാം സ്വപ്നം കാണുന്നു,
വിളക്ക്, മേശ മൂടിയ തൂവെള്ള വിരി,
അവരുടെ ദേഹങ്ങൾ .

എന്നിട്ടും തങ്ങളുപയോഗിച്ച പേരുകൾ
അവർ കേൾക്കുന്നു,
പൊയ്കക്ക് മേലെ തെന്നിനീങ്ങുന്ന
പ്രലോഭനങ്ങൾ പോലെ:
എന്തിനാണു നിങ്ങൾ  കാത്തുനിൽക്കുന്നത്
വരൂ വീട്ടിലേക്ക്, വീട്ടിലേക്ക് വരൂ,
ജലത്തിൽ നഷ്ടപ്പെട്ട്,
നീലയായ് ശാശ്വതമായ്.

No comments:

Post a Comment