Thursday, October 8, 2020

അശരീരിയെ വരയ്ക്കുമ്പോൾ

പി സുധാകരൻ


അശരീരിയെ വരയ്ക്കുമ്പോൾ
നിലാവിലലിയുന്ന
സംഗീതം വരയ്ക്കണം
അതിനെ
വയലിന്റെ തന്ത്രികളിൽ
ഒളിപ്പിച്ചുവെക്കണം.
കണ്ണുകളിലെ സൂര്യനെ
വരയ്ക്കണം
മേഘം മറയ്ക്കാതെ
സ്ഫടികച്ചെപ്പിൽ
ആ വെളിച്ചം നിറയ്ക്കണം.

മണ്ണിന്റെ ആഴം വരയ്ക്കണം
ഒരു പൂപ്പാത്രത്തിലേക്കും
ഇറുത്തിടാത്ത
ചെമ്പനീർ പൂക്കൾ.
ഇലകളും തണ്ടും.
ഇതളറ്റുവീഴാത്ത
യൗവനം വരയ്ക്കണം. 
മഞ്ഞിൽ തിളങ്ങുന്ന
തിരുപ്പിറവിയുടെ നക്ഷത്രങ്ങളെ,
രക്തവും മാംസവും 
പകുത്തു നൽകിയ,
കുരിശിലൊടുങ്ങാത്ത 
ജീവിതാസക്തിയെ
തീജ്വാലകളെ...

കോറിയിടണം 
മഴവില്ലിലൊളിപ്പിച്ച  
വന്യത. 
അതിൽ നിറയെ
നിഴലില്ലാത്ത നീ.
നിന്നിൽ നിറയുന്ന നദി
പാടങ്ങൾ പറവകൾ.
ഒരു മരുഭൂമി നിറയെ
സ്വപ്നം തൂവിയ മരുപ്പച്ച 
അവിടെ 
കാലഗണനയില്ലാത്ത മഴയായി
എനിക്ക്
പെയ്തിറങ്ങി നിറയണം
അശരീരിയായി. 

No comments:

Post a Comment