Monday, June 3, 2019

മഴ... മറവി


പി സുധാകരൻ

ആരുടെ ഓർമ്മയാണ് ഞാൻ?
മഴക്കാലം മറന്നുവെച്ച
നരച്ച കുട പോലെ
വേനലിന്റെ ഇറയത്ത്.
എത്തിനോക്കാറുണ്ട്
ചില വഴിയാത്രികർ
കാലം കഴിഞ്ഞെന്നു ചിരിച്ചുകൊണ്ട്.
എനിക്കിഷ്ടം മൗനം
ഒരുനാൾ
വീണ്ടും വരും പെരുമഴക്കാലം.
ആരുടെ മറവിയാണ് ഞാൻ?
പ്രണയചുംബനമേറ്റു കൈ പൊള്ളിയവൾ
അവസാനം പറഞ്ഞത്
ഞാൻ നിന്നെ മറക്കുന്നു എന്നുതന്നെ.
കൊള്ളിയാൻ മിന്നുന്ന കണ്ണുകൾ
ഇരുളിൽ അസ്തമിച്ചു.
ഒരു വാതിൽ കൊട്ടിയടക്കപ്പെടുന്നു
ഒരു ആകാശവും
എന്നിട്ടും
എനിക്ക് ഞാൻ ബാക്കിയാവുന്നു.
ചിലപ്പോഴെല്ലാം തുറക്കും
പഴയ വാതായനങ്ങൾ ഞാൻ,
കാണും കറുപ്പിലും വെളുപ്പിലും
നിന്റെ വെളിച്ചം.
കേൾക്കാറുണ്ട് ഞാൻ
ചിരിയുടെ മാലപ്പടക്കം
ചിലങ്കയുടെ ആരവം.
മഞ്ഞപ്പൂ വിടർന്ന വസന്തം.
ചില പൂക്കളൊന്നും
വെയിലിൽ വാടാറില്ല
മഴയിൽ കൊഴിയാറില്ല 
മുളക്കാറുണ്ട്
വിസ്‌മൃതിയുടെ
മൺതിട്ടകളിലിൽ നിന്നും
ചില പൂക്കാലങ്ങൾ.
മഴ കടന്നെത്താറുണ്ട്
തിരപോലെ
നീ മറന്നുവെച്ച ഓർമ്മകൾ.
ബാക്കിയാവരുണ്ട്
മൗനം പൊതിഞ്ഞ മറവി
പറക്കമുറ്റാത്ത ചിറകുകൾ.
കനൽപ്പക്ഷികൾ .

No comments:

Post a Comment