Thursday, July 22, 2021

കെ ജി സുബ്രഹ്മണ്യനെ 'സുബ്രഹ്മണ്യം' ആക്കുമ്പോൾ




(വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാർക്ക് ഒരു തുറന്ന കത്ത്) 


ശ്രീമൻ,

നമ്മൾ ഏതെങ്കിലും എഴുത്തുകാരന്റെയോ നടന്റെയോ പേര് തെറ്റിച്ചെഴുതാറില്ല. പക്ഷെ ഒരു ചിത്രകാരന്റെ/ ചിത്രകാരിയുടെ പേര് നിരന്തരം തെറ്റിച്ചെഴുതിയാലും ആരും അത് ശ്രദ്ധിക്കാറുമില്ല. അതിനു കാരണം നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ എവിടെയും ചിത്രകല ഒരു വിഷയമേ അല്ല എന്നതാണ്. ഇന്ന് കണ്ട ഒരു പത്രവാർത്തയാണ് ഇത്രയും  എഴുതാൻ പ്രേരിപ്പിച്ചത്. പ്രമുഖ ചിത്രകാരനായ കെ ജി സുബ്രഹ്മണ്യന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കൂത്തുപറമ്പിൽ ഒരു സ്മാരകം വരുന്നു എന്നതാണ് വാർത്ത. വളരെ നല്ല കാര്യം. എനിക്ക് പറയാനുള്ളത് ആ പദ്ധതിയെ കുറിച്ചല്ല, വാർത്തയെ കുറിച്ചാണ്. ആ വാർത്തയിലും തലക്കെട്ടിലും പറയുന്നത് കെ ജി 'സുബ്രഹ്മണ്യത്തിന്റെ' എന്നാണ്. നമ്മൾ എന്തിനു കെ ജി സുബ്രഹ്മണ്യനെ കെ ജി 'സുബ്രഹ്മണ്യം' ആക്കണം എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത് റിപ്പോർട്ടറോ സബ് എഡിറ്ററോ അല്ലെങ്കിൽ ഇത് പറഞ്ഞുകൊടുത്തയാളോ വരുത്തിയ ഈ പിശക് ഒരു മഹാപരാധം ആണ് എന്നതിനാലല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചിത്രകലയെ അവഗണിക്കാൻ മാത്രമേ ശീലിച്ചിട്ടുള്ളു എന്നതുകൊണ്ടാണ്. ഈ പിശക് ആർ വരുത്തി എന്ന ചോദ്യം പ്രസക്തമല്ല, കാരണം കേട്ടുശീലിച്ചതാണ് നമ്മൾ എഴുതുകയും പറയുകയും ചെയ്യുന്നത്. പലരും ആ പേര് അങ്ങിനെയാണ് ഉച്ഛരിക്കുന്നത് അത് തിരുത്താൻ നമ്മൾ ആദ്യം നമ്മുടെ വിദ്യാഭ്യാസ സമീപനം തിരുത്തണം.  

വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാരോട് ഒരു അപേക്ഷ കൂടി. ക്യാൻവാസിൽ മുറുക്കി തുപ്പുന്നതാണ് ചിത്രകല എന്ന ആ പഴയ സിനിമകളിലെ അശ്ളീല ചിന്തയിൽ നിന്നും നമ്മുടെ സമൂഹം മാറണമെങ്കിൽ ആദ്യം ചിത്രകല എന്തെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. അതിനു നമ്മുടെ മഹാന്മാരായ കലാകാരന്മാർ കുട്ടികൾക്കു വേണ്ടി വരക്കുകയും എഴുതുകയും ചെയ്തത് അവരിൽ എത്തിക്കാൻ കഴിയണം. കെ ജി സുബ്രഹ്മണ്യനെ പോലെയും എ രാമചന്ദ്രനെപ്പോലെയും ഉള്ള കലാകാരൻമാർ ധാരാളമായി ഇത്തരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, അത് ചിത്രകലയുടെ ചരിത്രം കൂടിയാണ്. പക്ഷെ അത് കുട്ടികളിൽ എത്തണമെങ്കിൽ 'രാഷ്ട്രീയ-സാംസ്‌കാരിക' മുൻവിധികൾ ഇല്ലാതെ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ കഴിയണം. 

കേരളത്തിൽ കലാകാരൻമാർ മാത്രമല്ല കലയെക്കുറിച്ചു നന്നായി പഠിക്കുകയും എഴുതുകയും ചെയ്യുന്നവരും ഉണ്ട്, പക്ഷെ അവരിൽ പലരും എഴുതിയത് വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന് മാത്രം (അക്കാര്യത്തെ കുറിച്ച്  വിശദമായി പിന്നീട് എഴുതാം). ഇവരിൽ മിക്കവർക്കും നമ്മുടെ കുട്ടികൾക്കായി കലാചരിത്രവും കലാകാരന്മാരുടെ ജീവചരിത്രവും എഴുതാനും കഴിയും എന്ന് ഉറപ്പുണ്ട്. പക്ഷെ അവർ അത് എഴുതി ഒരു പ്രസാധകനും കൊടുത്താൽ അവർക്ക് ഒന്നും കിട്ടില്ല. അതിനാലാണ് സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ് എന്ന് പറയുന്നത്.  നമ്മുടെ കലയെ കുറിച്ചും പരമ്പരാഗത കലകളെ കുറിച്ചും എഴുതുന്ന നിരവധി ആളുകൾ ഉണ്ടായിട്ടും ഇന്നുവരെ ഒരു സർക്കാരും ചിത്ര-ശില്പ കല കുട്ടികളിൽ എത്തിക്കാൻ, അങ്ങിനെ അവരുടെ  കാഴചപ്പാടുകൾ നവീകരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന ഒരു സത്യം മാത്രമാണ്. അറിഞ്ഞോ അറിയാതെയോ മോശം കല പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. സർക്കാർ പ്രസിദ്ധീകരണങ്ങളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന നൂറുകണക്കിന് PRD പുസ്തകങ്ങൾ പോലെ വർഷത്തിൽ ഒന്നോ രണ്ടോ പുസ്തകങ്ങൾ ചിത്രശില്പകലയും ലോകത്തിന്റെ പരമ്പരാഗത കലകളും അവയുടെ ചരിത്രവുമൊക്കെ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതി, വൃത്തിയായി അച്ചടിച്ച് പ്രസിദ്ധീകരിച്ചാൽ ഈ അവബോധമൊക്കെ കുട്ടികളിൽ ഉണ്ടാക്കാനാവും. കണ്ടും വായിച്ചും വളരുന്ന പ്രായത്തിൽ വേണം അവർക്കു ഇതൊക്കെ നല്കാൻ. ഒരു ചിത്രം വൃത്തിയായി, കളറുകൾ മാറാതെ അച്ചടിക്കുക എന്നത് ഒരു കഥയോ കവിതയോ ലേഖനമോ അക്ഷരത്തെറ്റില്ലാതെ അച്ചടിക്കുന്ന പോലെ തന്നെ പ്രധാനമാണ്.

CBSE കൊണ്ടുവന്ന Art Integrated Learning പോലുള്ള പദ്ധതികൾ കുട്ടികളിൽ കലാ സാംസ്‌കാരിക അവബോധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. പക്ഷെ അത് സത്യസന്ധമായില്ലെങ്കിൽ അപകടകരമാവാനും മതി. അതുകൊണ്ടാണ് പറയുന്നത് ഇത്തരം പുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ അത് എന്താണെന്നു മനസ്സിലാവുന്നവരെക്കൊണ്ട് എഴുതിക്കുകയും എഡിറ്റ് ചെയ്യിക്കുകയും വേണം. ഞാൻ ഒരു കലാകാരനോ കലാചരിത്രകാരനോ അല്ല, പക്ഷെ കലയെ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവർത്തകൻ എന്ന രീതിയിൽ ഈ മേഖലയെ നിരീക്ഷിക്കുന്നതിനാലാണ് ഇത്രയും എഴുതിയത്. ലോകമറിയുന്ന  കെ ജി സുബ്രഹ്മണ്യന്റെയും രാമചന്ദ്രന്റെയും അങ്ങിനെ മറ്റു പലരുടെയും ചിത്രങ്ങളോ കുട്ടികൾക്കായി അവർ എഴുതിയ പുസ്തകങ്ങളോ നമ്മുടെ കുട്ടികൾ കാണുന്നില്ലെങ്കിൽ അതിണ് ആരെയാണ് കുറ്റം പറയേണ്ടത്? 

വൽക്കഷ്ണം: കെ ജി സുബ്രഹ്മണ്യന്റെ സ്മരണക്കായി ജന്മനാട്ടിൽ സ്മാരകം പണിയുന്നത് നല്ല കാര്യം തന്നെയാണ് പക്ഷെ ലോകമറിയുന്ന ഒരു കലാകാരന് കേരളം ഒരു സ്മാരകം പണിയുമ്പോൾ അത് കലാസ്വാദകർക്കു പകരം നാളെ കടവാതിലുകൾ തൂങ്ങി കിടക്കുന്ന ഒരു ഇടമാവരുത്. അവിടെ  സുബ്രഹ്മണ്യനെ സുബ്രഹ്മണ്യമാക്കാൻ അനുവദിക്കരുത് സാർ. 

നന്ദി, നമസ്കാരം 



 

 


Sunday, June 6, 2021

ഞാൻ...

എന്റെ ഏകാന്തതയിൽ തന്നെയാണല്ലോ
ഇരുളിൽ നിന്നും
ഞാൻ മഴവില്ലു തീർത്തതും
ഒരാകാശം നിറയെ 
വസന്തം വിരിയിച്ചതും.
കത്തിയമർന്ന നിലാവിൽ നിന്നും
എന്റേതെന്റേതെന്നു പറഞ്ഞു 
നക്ഷത്രങ്ങൾ പിറന്നതും.
എന്റെ ഏകാന്തതയിൽ തന്നെയാണല്ലോ
നീയെന്നെ പാപിയെന്നു വിളിച്ചതും
കണ്ണീരുകൊണ്ടെന്നെ 
ജ്ഞാനസ്നാനം ചെയ്തതും,
പിന്നെ ഇരുളിനെന്നെ
ഒറ്റിക്കൊടുത്തതും.
എന്റെ ഏകാന്തതയിൽ തന്നെയാണല്ലോ
നമ്മൾ മരുഭൂമികൾ താണ്ടിയതും
കൊടുമുടികൾ കീഴടക്കിയതും .
ഏതോ മഞ്ഞുപാളികളിൽ
വിസ്‌മൃതമായിക്കിടന്ന
ഓർമ്മകളെ 
സ്ഫടിക ശിൽപ്പമാക്കിയതും.
ഞാൻ എന്നെ മറന്നുവെച്ചതും
പിന്നെ വിസ്‌മൃതിയുടെ ഖനിയിൽ സ്വയം അസ്തമിച്ചതും 
ഉൾസ്‌ഫോടനത്തിൽ 
ഫോസ്സിലായി പുനർജ്ജനിച്ചതും,
അതേ ഏകാന്തതയിലാണ്!

പ്രതീക്ഷ


1
ചില്ലകളുണങ്ങിയ
മരത്തിന്റെ വേരുകൾ
ഇനിയും 
ആർക്കുവേണ്ടിയാണ്
വെള്ളംതേടുന്നത്?
അതെ 
നീയുണ്ടല്ലോ അവിടെ!

2
വരണ്ട പുഴത്തീരത്ത്
കടത്തുതോണിയുമായി
കാത്തിരിക്കുന്ന 
വള്ളക്കാരൻ.
വരും
മഴക്കാലം!
എന്റെ പൂക്കാലം!!

3
ഇലപൊഴിഞ്ഞ
പൂമരമെന്നോട് പറഞ്ഞു,
ഇനിയുംവരും വസന്തം
പുനർജ്ജനിക്കും
നമ്മൾ
ഇലകളായ്... പൂക്കളായ്

ചിത്രം: യൂസഫ് അറക്കൽ സമ്മാനിച്ച ഒരു പ്രിന്റ്. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിനു വേണ്ടി ചെയ്ത ഒരു പോർട്ടഫോളിയോയുടെ പ്രൂഫ് ആണിത്. എന്ന് പറഞ്ഞാൽ 'ഒറിജിനൽ'!
https://www.moma.org/artists/38183



Monday, April 19, 2021

ജമാൽക്കക്ക് സ്നേഹപൂർവ്വം


ശ്രീ. എ.പി കുഞ്ഞാമു എഡിറ്റ് ചെയ്ത 'സ്നേഹപൂർവ്വം ജമാൽക്കക്ക്' എന്ന സ്നേഹസമ്മാനത്തെ  കുറിച്ച് കേട്ടപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി. എനിക്ക് ആദ്യത്തെ ഫീച്ചർ അസൈൻമെന്റ് തന്ന വാരാദ്യ മാധ്യമത്തിന്റെ എഡിറ്റർ.

1989ൽ, ഡിഗ്രി കഴിഞ്ഞു പാരലൽ കോളേജ് അധ്യാപനവും ഉപരിപഠന മോഹവുമായി നടക്കുമ്പോഴാണ് ഏട്ടൻ എന്നെ കോഴിക്കോടുള്ള പ്രദീപ് മേനോന്റെ പ്രസിദ്ധീകരണ സ്ഥാപനത്തിൽ കൊണ്ടുചെന്നാക്കുന്നത്. സിനിമ പ്രസിദ്ധീകരണത്തിന് പുറമെ പ്രദീപ് തുടങ്ങാനിരിക്കുന്ന വിദ്യാഭ്യാസ മാസികയുടെ സബ് എഡിറ്റർ. കല്ലായി റോഡിലുള്ള മെറ്റൽമാർട്ട് ബിൽഡിങ്ങിന്റെ നാലാം നിലയിലുള്ള ആ ഓഫീസ് തീർത്തും വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു. ഒരിക്കലും കൂട്ടിലടക്കാത്ത പക്ഷികളുടെ ഇടം. കൂടെ മറ്റൊരു പാരലൽ കോളേജിൽ എംഎക്കു പഠിക്കാനുള്ള അവസരവും കിട്ടി.   പ്രദീപ് മേനോൻ, ദേവസ്സിക്കുട്ടി മുടിക്കൽ (എന്റെ ആദ്യത്തെ എഡിറ്റർ), കൃഷ്ണേട്ടൻ, മുരുകേട്ടൻ, അരുൾദാസ്, ശ്രീശൻ ചോമ്പാൽ, മേരി... പിന്നെ ഞങ്ങളുടെ പുതിയ സംഘത്തിൽ ഹരീഷ് കടയപ്രത്ത്, ജയ്‌കുമാർ, ജ്യോതിഷ്, ജ്യോതി, ശോഭ, മീര.... ഞങ്ങളുടെ ഗുരുനാഥനായ കെബികെകെ (കെ ബാലകൃഷ്ണക്കുറുപ്പ്).  കുറുപ്പ് മാഷ് എഡിറ്റർ മാത്രമല്ല മാതൃഭൂമിയിൽ ജ്യോതിഷ പംക്തി എഴുതിയിരുന്ന ആൾ കൂടിയാണ്. പിന്നെ ശിവേട്ടൻ - സ്ഥാപനത്തിലെ ജീവനക്കാരനല്ലെങ്കിലും എല്ലാം എല്ലാം ആയ ഒരാൾ. യൂണിവേഴ്സിറ്റി ജീവനക്കാരനായ അസീസ്...   

ദാരിദ്ര്യവും സ്വപ്നങ്ങളും പങ്കുവെച്ച ഞങ്ങളിൽ പലർക്കും ആ ഓഫീസ് തന്നെയായിരുന്നു വീടും. ഒരിക്കലും ഓഫീസിന്റെ ഔപചാരികതകൾ ഇല്ലാത്ത ആ ഇടം ദാരിദ്ര്യം പങ്കുവെച്ച കാലത്തിന്റെ ഊഷ്മളമായ ഓർമ്മയാണ്. വൈകുന്നേരങ്ങളിൽ നിറയെ സൗഹൃദ സന്ദർശകർ ഉണ്ടാവും, പ്രത്യേകിച്ചും സിനിമ സ്വപ്നം കാണുന്നവർ. ഒഎൻവി ഒരു ദിവസം പനിച്ചു കിടന്നാൽ ആ ലീവിൽ തനിക്കൊരു പാട്ടെഴുതാനാവുമോ എന്ന് തമാശയായി ചോദിച്ചിരുന്ന ഗിരീഷ് പുത്തഞ്ചേരി, ഒന്നുരണ്ടു സിനിമ എടുക്കുകയും ധാരാളം സ്വപ്‌നങ്ങൾ കാണുകയും ചെയ്ത പ്രകാശ് കോളേരി, അംബി ... ഇക്കഥ ആ കാലത്തേ കുറിച്ചല്ല, അത് വിശദമായി എഴുതാൻ ഇരിക്കുന്നേയുള്ളു. 

സുദീർഘമായ ആ ലിസ്റ്റിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ജമാൽക്കയാണ്. സിനിമയേക്കാൾ സാഹിത്യത്തെയും പത്രപ്രവർത്തനത്തെയും ഇഷ്ടപ്പെട്ടതിനാൽ ജമാൽക്കയുമായാണ് സൗഹൃദം ശക്തമായത്. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് കടന്നുവരാൻ തുടങ്ങുന്ന ആ കാലത്ത് ഫോട്ടോകോമ്പസിങ് ചെയ്ത മാറ്റർ വെട്ടി ഒട്ടിച്ച് ആയിരുന്നു പേജ് ഡിസൈൻ ചെയ്തിരുന്നത്. നൂതനമായ ആശയങ്ങൾക്കൊപ്പം അതിമനോഹരമായ രൂപകൽപ്പനയും കൊണ്ട് വാരാദ്യമാധ്യമം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൺ‌ഡേ മാഗസിൻ ആക്കിയത് ജമാലിക്കയാണ്. കളർ പ്രിന്റിങ് ഒരു ലക്ഷ്വറി ആയ അക്കാലത്തു വാരാദ്യമാധ്യമം കറുപ്പിലും വെളുപ്പിലുമുള്ളതായിരുന്നു. ഇപ്പോഴും സൺ‌ഡേ മാഗസിനുകൾക്ക് ഒരു മാതൃകയാണ് ആ പതിപ്പുകൾ.  ഇത്രയും പരിചയമുണ്ടായിട്ടും ജമാലിക്കയോട് ഒരു ഫീച്ചർ എഴുതട്ടെ എന്ന് ചോദിക്കാനുള്ള ധൈര്യം തോന്നിയില്ല.

മാസശമ്പളത്തിന്റെ 'ആഴ്ചപ്പടി' കിട്ടിയാൽ ഞാൻ വീട്ടിൽ പോകും. ഡിസംബർ മൂന്നാംവാരത്തിലെ ശനിയാഴ്ച വീട്ടിൽ പോകാൻ വേണ്ടി തയ്യാറായപ്പോൾ സമയത്ത് പൈസ കിട്ടാത്തതിനാൽ യാത്ര മുടങ്ങി ദേഷ്യം പിടിച്ചിരിക്കുമ്പോളാണ് ജമാലിക്കയുടെ വരവ്. വൈകിട്ട് സിനിമക്ക് പോകാം തുടങ്ങിയ പ്രദീപിന്റെ പ്രലോഭനങ്ങൾ ഒന്നും എന്റെ ദേഷ്യത്തിനു അയവു വരുത്തിയില്ല. എന്റെ മുഖഭാവം കണ്ട ജമാലിക്ക തന്റെ സ്വതസിദ്ധമായ ഭാവത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചു, "സുധാകരാ, ക്രിസ്മസിനെ കുറിച്ച് ഒരു ഫീച്ചർ എഴുതാമോ?"

ഇന്റർനെറ്റിന്റെ കാലമല്ല. മെറ്റീരിയൽ തപ്പി എടുക്കണം. അതിനു മുൻപ് കാര്യമായി ഫീച്ചർ എഴുതി ശീലമില്ല. എന്തായാലും ജമാലിക്കയുടെ പ്രേരണയിൽ പിറ്റേന്നുതന്നെ ലേഖനമെഴുതി. എന്റെ കയ്യക്ഷരം വായിക്കാൻ എനിക്കുതന്നെ ബുദ്ധിമുട്ടായതിനാൽ ഓഫീസിലെ അനിയത്തിക്കുട്ടിയായ ശോഭയെക്കൊണ്ട് പകർത്തി എഴുതിച്ചു. പിറ്റേന്ന് നേരെ വെള്ളിമാടുകുന്നിലെ ഓഫീസിൽ ലേഖനം കൊണ്ടുകൊടുത്തു. 'സ്നേഹദൂതന്റെ നക്ഷത്രങ്ങൾ'. ജമാലിക്ക ഒന്നും പറഞ്ഞില്ല. ആ ഞായറാഴ്ച്ച വന്ന വാരാദ്യ മാധ്യമത്തിൽ ഒന്നാംപേജിൽ അതിമനോഹരമായ രൂപകല്പനയോടെ, അതെ തലക്കെട്ടിൽ ആ ലേഖനം വന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ ജമാലിക്ക തന്നെ അൻപത് രൂപ പ്രതിഫലവുമായി ഓഫീസിൽ വന്നു. ഒരു തരത്തിൽ എന്നെ ഫീച്ചർ എഴുത്തുകാരനാക്കിയത് ആ തുടക്കമാണ്, ജമാലിക്കയാണ്. അതിനുശേഷം ജമാലിക്ക പലപ്പോഴും എന്നെക്കൊണ്ട് എഴുതിക്കും, സ്റ്റോറി ഐഡിയ തരും. 1993 ൽ ഡൽഹിക്കു വണ്ടികയറുംവരെ അത് തുടർന്നു. അവിടെയുമതെ, പഴയ ജഗതി എംസിഎ നാസർ ആയിരുന്നു മാധ്യമത്തിന്റെ റിപ്പോർട്ടർ എന്നതിനാൽ ആ പത്രവുമായുള്ള ബന്ധം തുടർന്നു. 

പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും  എഴുതിയെങ്കിലും ഇപ്പോഴും മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു പേജ് അതാണ്. മറ്റൊന്ന് യൂസഫ് അറക്കലിനെ കുറിച്ച് വാരാദ്യ മാധ്യമത്തിൽ ആദ്യമായി   എഴുതിയ ലേഖനം. ആ ലോകപ്രശസ്ത കലാകാരനുമായി ഏറ്റവും അടുത്ത സൗഹൃദം വളർത്തിയ ആ ലേഖനത്തിനും കാരണക്കാരൻ ജമാലിക്ക തന്നെ. ജമാലിക്കയുമായുള്ള സൗഹൃദം ഇപ്പോഴുമതെ ആ പഴയ ഊഷ്മളതയോടെ തുടരുന്നു. 

ഇപ്പോഴുമതെ എഴുത്തും കുറിപ്പുകളുമായി  ജമാലിക്ക മാധ്യമ രംഗത്ത് സജീവമാണെങ്കിലും അദ്ദേഹം ഇനിയും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാൻ. ഈ പുസ്തകം ആ വിടവ് നികത്തും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ജമാലിക്കക്ക് ഇനിയും ഏറെ എഴുതാനുണ്ട്. അദ്ദേഹത്തിനുള്ള ഈ സ്നേഹാദരം അതിനു അദ്ദേഹത്തിന് കൂടുതൽ കരുത്ത് പകരട്ടെ.  

Monday, January 25, 2021

ചരിത്രപുസ്തകത്തിൽ

ചിതലെടുത്ത ചരിത്രപുസ്തകത്തിൽ
നീ ബാക്കിവെച്ചിരുന്നല്ലോ
ഒരു ആകാശം നിറയെ മൗനം.
മഞ്ഞുമൂടി കിടന്ന
പറയാത്ത വാക്കിന്റെ ഊഷ്മളത.
ഞാൻ എന്നെയും
നീ നിന്നെയും
വാർത്തെടുത്ത
ഏകാന്തതയുടെ
പെയ്തൊഴിച്ചിൽ.
നീ ഉരുകിയൊലിച്ച
സ്വർണ്ണനദി.
ഗുരുത്വാകർഷണ നിയമം തെറ്റിച്ച്
ആകാശത്തേക്കൊഴുകുന്നു.
നിന്റെ കണ്ണുകളിൽ
ഒരു സൂര്യൻ പിറക്കുന്നു.  

മെതിയടി

നിന്റെ മെതിയടിക്ക്
പാകമാകാത്ത കാലുകളാണെന്റേത്
കിതപ്പറിയാതെ  നീ നടക്കുമ്പോൾ
മുള്ളുകളെ ശപിച്ച്
ഞാൻ പാറമേൽ ഇരിക്കുന്നു.
കയറാനുള്ളത്
ഒരേ കുന്നിൻചെരിവുതന്നെയാണ്
നിനക്കും എനിക്കും കൗമാരം തന്ന
അതേ  പച്ചപ്പ്‌.
മെതിയടി ഊരി
എന്റെ കാല്കീഴിൽ വെച്ച്
നഗ്‌നപാദനായി നീ നടക്കുന്നു.
"എത്ര നടന്നതാണീ  ഒറ്റയടിപ്പാതകൾ..."
ഊരിപ്പോകുന്ന മെതിയടികളും കൊണ്ട്
ഞാൻ കിതക്കുമ്പോൾ
സൂര്യനെപ്പോലെ
നീ കുന്നുകയറി മറയുന്നു.
ഇരുൾ കനക്കും മുന്നേ
നീ കുളിച്ചിറങ്ങുന്നു
ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളുടെ  
സന്ധ്യയിൽ
ഞാൻ
നിന്റെ മെതിയടിയോളം
ചെറുതാവുന്നു.

Wednesday, January 13, 2021

ചുംബനം....

ചുംബനം

ഇടക്കെങ്കിലും തോന്നാറുണ്ട്
തളർന്നുറങ്ങുന്ന നിന്നെ
ഒന്ന് ചുംബിക്കണമെന്നു.
പക്ഷെ,
ഭയമാണെനിക്ക്
നീ ചീറ്റുന്ന വാക്കുകളും
പാതിരാവിൽ പോലും
എഴുന്നു നിൽക്കുന്ന
നിന്റെ
വിഷം തേച്ച ദംഷ്ട്രകളും

2

തിരുത്ത്

നിന്നെ മാറ്റിയെഴുതി
മാറ്റിയെഴുതിയാണല്ലോ
ഞാൻ എന്നെ തന്നെ വായിക്കാൻ ശ്രമിച്ചത്
അതാവാം
ഞാൻ വായിക്കുമ്പോഴെല്ലാം
നിന്നെ മാത്രം കേൾക്കുന്നത്.

3

കുറിപ്പ്

നിനക്ക് മാത്രമായി
എഴുതിവെച്ച കുറിപ്പ്
ഇനിയും
തപാൽപ്പെട്ടിയിൽ
എത്തിയിട്ടില്ല.
രക്തം വാർന്ന്
പഴയ മേശവലിപ്പിൽ
ഇനിയും പിറക്കാനിടയില്ലാത്ത
ഭ്രൂണമായി
വിരലടയാളമില്ലാതെ...
ചരിത്രമില്ലാതെ....