Thursday, January 16, 2025

എംടി എന്ന ഓർമ്മ



ഇന്നലെയാണ് എന്റെ പ്രിയസുഹൃത്ത് ഇമ്പിച്ചിക്കോയ തങ്ങൾ എംടി എഴുതിയ ഈ ലേഖനം  അയച്ചുതന്നത്. അവൻ എഡിറ്ററായ പൊന്നാനി എം ഇ എസ് കോളേജ് മാഗസിനുവേണ്ടി 1990ൽ എഴുതിയത്. ഞാൻ എഡിറ്ററായതിന് രണ്ടു വർഷത്തിന് ശേഷമാണ് ഇമ്പിച്ചി എഡിറ്ററാവുന്നത്. 

അന്ന് അവനൊരു മോഹം - എംടിയെ കൊണ്ട് ഒരു ലേഖനം എഴുതിയ്ക്കണം. എന്നാൽ നേരിൽ ചോദിയ്ക്കാൻ ധൈര്യമില്ല. വാ നമുക്ക് ചോദിച്ചുനോക്കാം എന്ന് ഞാൻ ധൈര്യം കൊടുത്തപ്പോൾ ഒരു ദിവസം ഞങ്ങൾ കോഴിക്കോട്ടേയ്ക്ക് വണ്ടികയറി. വളരെ ഔപചാരികമായി മാത്രം മൂന്നോ നാലോ തവണ അദ്ദേഹത്തെ കണ്ടു സംസാരിച്ചിട്ടുണ്ട്. പി സുരേന്ദ്രന്റെ അനിയൻ എന്നൊരു മുഖപരിചയം ഉണ്ട്, അതിനാൽ പരിചയപ്പെടുത്തേണ്ടതില്ല എന്നൊരു ധൈര്യവും. ഞങ്ങൾ പോയ ദിവസം അദ്ദേഹം ടൗൺഹാളിൽ ഒരു പരിപാടിയ്ക്ക് വന്നിട്ടുണ്ട്. രണ്ടും കല്പിച്ച് നേരെ ചെന്നുകണ്ടു ഞാൻ കാര്യം പറഞ്ഞു. അധികമൊന്നും പറയാതെ അദ്ദേഹം വിലാസം ചോദിച്ചു. രണ്ടാഴ്ച കഴിഞ്ഞു കാണുമ്പോൾ ഇമ്പിച്ചി പറഞ്ഞു എംടി ലേഖനം അയച്ചുതന്നു, പൊന്നാനിയിലേക്കുള്ള തന്റെ ആദ്യത്തെ 'വിദേശയാത്രയെ' സംബന്ധിച്ച്. 

അതിനുമുന്നെ, മാതൃഭൂമി ഓഫീസിൽ 'ഇടിച്ചുകയറി' ഒരിയ്ക്കൽ സംസാരിച്ചിരുന്നു. കഥാകൃത്ത് ശത്രുഘ്‌നനായിരുന്നു അന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി. അക്കാലത്ത് മാതൃഭൂമിയിൽ ഫ്രീലാൻസ് കലാകാരന്മാരെക്കൊണ്ട് കഥകൾക്ക് ഇല്ലസ്ട്രേഷൻ വരപ്പിക്കുമായിരുന്നു. പഠനകാലത്ത് ഞാൻ പാർടൈം ആയി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ആർട്ടിസ്റ്റായിരുന്ന ശ്രീശൻ ചോമ്പാലയ്ക്ക് ഒരു മോഹം -   മാതൃഭൂമിയിൽ ഒരു കഥയ്ക്ക് വരയ്ക്കണം എന്ന്.

(പ്രദീപ് മേനോൻ നടത്തിയ ആ സ്ഥാപനം എന്നെ സംബന്ധിച്ചിടത്തോളം ഒരു പഠനക്കളരി ആയിരുന്നു. തൊഴിലിനൊപ്പം സ്നേഹവും ദാരിദ്ര്യവും പങ്കുവയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം. പാരീസ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങുന്ന രണ്ട് ഊണ് കൊണ്ട് അഞ്ചുപേർക്ക് സുഖമായി കഴിക്കാം എന്ന് കണ്ടെത്തിയ കാലം. സിനിമാലോകത്ത് വലിയ സ്വപ്‌നങ്ങൾ നെയ്തെടുത്ത ഒരുപാടു പേരെ നേരിൽ പരിചയപ്പെട്ട കാലം. ഞാൻ എഴുപുത്തനും, സ്വപ്നം കാണാനും പഠിച്ചതും അവിടെനിന്ന് തന്നെയാണ്. ഒരു ദിവസം വീട്ടിൽ പോകാൻ പൈസ ചോദിച്ചപ്പോൾ കയ്യിൽ പൈസ ഇല്ലാത്തതിനാൽ പ്രദീപ് അത് തരാത്തതിനാൽ ഞാൻ പിണങ്ങി ഇരിക്കുമ്പോഴാണ് അന്ന് വാരാദ്യ മാധ്യമം എഡിറ്ററായ ജമാലിക്ക ക്രിസ്മസ്സിനെ കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോട് പറയുന്നത്. അതിനെപറ്റിയൊക്കെ നേരത്തെ പറഞ്ഞതാണ്, എന്നാലും ഇനിയും എഴുതാനുണ്ട് ആ കാലം.) 

അങ്ങിനെ ഒരു വൈകുന്നേരം നേരെ മാതൃഭൂമി ഓഫീസിൽ എത്തി ശത്രുഘ്‌നനെ കണ്ടു കാര്യം പറഞ്ഞു. എം.ടിയോട് നേരിൽ പറഞ്ഞാൽ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ എഡിറ്ററുടെ ക്യാബിനിലേയ്ക്ക് നയിച്ചു. അവിടെയുമതേ ഞാൻ തന്നെ കാര്യം പറഞ്ഞു. ശ്രീശൻ ഒന്നും മിണ്ടാതെയിരുന്നു. എംടിയും കാര്യമായൊന്നും പറഞ്ഞില്ല. ശത്രുഘ്‌നന് നമ്പർ കൊടുത്ത് പൊയ്ക്കൊള്ളാൻ പറഞ്ഞു, പറ്റിയ കഥ വല്ലതും വന്നാൽ പറയാമെന്നും. ഒട്ടും പ്രതീക്ഷയില്ലാതെ ശത്രുഘ്‌നന് നമ്പർ കൊടുത്ത് ഞങ്ങൾ അവിടെനിന്നിറങ്ങി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതാ ഓഫീസിലേയ്ക്ക് ഒരു വിളി. ശ്രീശന് വരയ്ക്കാൻ ഒരു കഥ എടുത്തുവെച്ചിട്ടുണ്ടെന്ന്. അങ്ങിനെ രണ്ട് കഥകൾക്ക് അയാൾ വരച്ചെങ്കിലും ആ കലാകാരൻ പിന്നീട് ആ വഴിയിലൂടെ അധികം നടന്നില്ല. അധികം വൈകാതെ ഞാൻ ഡൽഹിയ്ക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം എംടിയെ വീണ്ടും കണ്ടു. 2001 അവസാനമോ 2002 ആദ്യമോ ആണെന്നാണ് ഓർമ്മ. വി എസ് നൈപോൾ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി അധികം കഴിയുന്നതിന് മുൻപാണ്. ഡൽഹിയിൽ ഒരു സാർക്ക് സാഹിത്യ സമ്മേളനം നടക്കുന്നു. അതിന്റെ ഭാഗമായി ബ്രിട്ടീഷ് കൗൺസിലിൽ ഒരു സായാഹ്ന പാർട്ടി. ഒരുപാട് എഴുത്തുകാർ വന്നിട്ടുണ്ട്. പയനീയറിൽ ഇടയ്ക്ക് എഴുതുന്ന കാലമായതിനാൽ എന്തെങ്കിലും വിഷയം കിട്ടുമോ എന്നറിയാൻ ഞാനും അവിടെ പോയി. അവിടെ ഒരു മരച്ചുവട്ടിൽ എംടിയും സുനിൽ ഗംഗോപാധ്യായയും ഇരുന്ന് സംസാരിയ്ക്കുന്നു. കണ്ടപ്പോൾ വളരെ സ്നേഹത്തോടെ അദ്ദേഹം അവിടെ ഇരിയ്ക്കാൻ പറഞ്ഞു. അപൂർവം ചിലർ അതിലെയെല്ലാം വന്നതല്ലാതെ ആരും ഇരുവരോടും കാര്യമായൊന്നും പറഞ്ഞില്ല. 

അപ്പോഴേക്കും നൈപോൾ എത്തി. തരുൺ തേജ്‌പാൽ മുതലായ ഉന്നത പത്രപ്രവർത്തകരും എഴുത്തുകാരും ആരാധകരും അദ്ദേഹത്തിന് ചുറ്റും ഒരു വലയം തീർത്തു. എംടിയും സുനിൽ ഗംഗോപാധ്യായയും വലിയ ഇടപെടലുകൾ ഒന്നുമില്ലാതെ ആ മരച്ചുവട്ടിൽ ഇരുന്നു, കേൾവിക്കാരനായി ഞാനും.

എംടിയുടെ വാരണാസി ഖണ്ഡശ്ശ പ്രസിദ്ധീകരിയ്ക്കാൻ തുടങ്ങിയ കാലമാണ്. അതിന്റെ വായനയിൽ ഒരു തുടർച്ചാ പ്രശ്നം തോന്നി എന്നുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പുസ്തകമായി വായിച്ചാൽ ആ പ്രശ്നം മാറും എന്നാണ്. കൂട്ടത്തിൽ പറയട്ടെ, ഒരിയ്ക്കൽ ഷെർലക്ക് വായിച്ച ശേഷം അതിൽ വായനാക്ഷമതയുടെ പ്രശ്നം തോന്നി എന്ന് പറഞ്ഞപ്പോൾ എം മുകുന്ദൻ പറഞ്ഞത് കുറച്ച് വർഷം കഴിഞ്ഞ് വീണ്ടും വായിക്കുമ്പോൾ അങ്ങിനെ തോന്നില്ല എന്നാണ്. ഒരു തരത്തിൽ കാലത്തിന് മുന്നേ നടന്ന കഥയായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. അതുപോലെ തന്നെയാണ് ശിലാലിഖിതവും.  

ആ സായാഹ്നത്തിൽ എംടിയും ഗംഗോപാധ്യായയും ഒരുപാട് വിഷയങ്ങൾ സംസാരിച്ചു. നിർഭാഗ്യവശാൽ അന്നൊന്നും കയ്യിൽ റെക്കോർഡർ ഇല്ല. എന്നാലും ചിലതെല്ലാം ഞാൻ കുറിച്ച് വെച്ചു. അന്ന് എംടി ചോദിച്ച ഒരു ചോദ്യമുണ്ട് - ആയിരമോ രണ്ടായിരമോ കോപ്പി അടിച്ച ഒരു പുസ്തകത്തിന്റെ പ്രകാശനം എങ്ങിനെയാണ് ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ കോക്ടെയിൽ പാർട്ടിയൊക്കെയായി നടത്തുന്നത് എന്ന്. തനിയ്ക്ക് ഒരിയ്ക്കലും അതിന് ധൈര്യം വന്നിട്ടില്ല എന്നും. ഏകദേശം ഒന്നൊന്നര മണിക്കൂർ ഇരുന്നിട്ടും ബീഡി വലിയ്ക്കാത്തത് കണ്ടപ്പോൾ കാരണം തിരക്കി. ആരോഗ്യം അനുവദിയ്ക്കാത്തതിനാൽ ബീഡിവലി നിർത്തി എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് ആ സംഭാഷണത്തെ അടിസ്ഥാനമാക്കി പയനിയറിൽ ഒരു ഫീച്ചർ എഴുതി. ഫോട്ടോ ഇല്ലാത്തതിനാൽ ചില മാഗസിനുകളിൽ നിന്നും ചിത്രം വെട്ടിയെടുത്താണ് പത്രത്തിന് നൽകിയത്. 

കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും എംടി യെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് കണ്ടു. ഞാൻ അന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലം. ഒരു ഹ്രസ്വ അഭിമുഖം കിട്ടുമോ എന്നറിയാനാണ് പോയത്. അഭിമുഖത്തിൽ താല്പര്യമില്ല എന്ന് അദ്ദേഹം തുറന്നുതന്നെ പറഞ്ഞു. പക്ഷെ 15-20 മിനിറ്റ് നേരം പലതും സംസാരിച്ചു, പ്രധാനമായും ചിത്രകാരൻ അച്യുതൻ കൂടല്ലൂരിനെ കുറിച്ച്, തന്റെ നാട്ടിലെ കഥാഖനികളെ കുറിച്ച്. 

ഇപ്പോൾ ഇമ്പിച്ചിക്കോയ ആ മാഗസിന്റെ പേജ് അയച്ചപ്പോൾ ഇത്രയും ഓർത്തു. ഒരു വലിയ ലോകത്തെ മുഴുവൻ എന്റെ അയൽനാട്ടിലേക്ക് ആവാഹിച്ചെടുത്ത മനുഷ്യൻ... പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ. എംടി പോയപ്പോൾ ബാക്കിയായ ചില ശൂന്യതകൾ ഉണ്ട്. അത് അങ്ങിനെതന്നെ കിടക്കട്ടെ, അതിലൂടെ പുതിയ വെളിച്ചം കടന്നുവരട്ടെ...  

##