Thursday, October 12, 2023

കാവേരിയുടെ പുരുഷൻ - ജ്വരബാധിതമായ യാത്ര


ചെറുകഥയാണ് ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വിശ്വസിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആറ്റിക്കുറുക്കി എഴുതുക പരത്തി എഴുതുമ്പോലെ അത്ര ലളിതമല്ല. അതൊരുപക്ഷേ എന്റെ മുൻവിധിയാവാം. ഈ മുൻവിധികൊണ്ട് കൂടിയാവാം, എന്റെ ജ്യേഷ്ഠന്റെ ചെറുകഥകളെ നോവലുകളെക്കാൾ മേലെയാണ് ഞാൻ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ആ മുൻവിധിക്കുമുണ്ട് ചില തിരുത്തുകൾ. അതിൽ ഒന്നാണ് 'കാവേരിയുടെ പുരുഷൻ'. ഏട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അമ്ലം കണക്കെ ഇറ്റുവീണ് മാംസം തുളച്ച് സഞ്ചരിച്ച' ഓർമ്മകൾ. പത്ത് ചെറിയ അദ്ധ്യായങ്ങളിൽ അശാന്തമായ ഒരു വലിയ യാത്ര - കാവേരിയിലേക്ക്, കാവേരിയിൽ നിന്ന്.... 
കാവേരി എന്ന പെൺകുട്ടി, തല മുണ്ഡനം ചെയ്തശേഷം കാവേരിയുടെ ഉത്ഭവസ്ഥാനത്ത്  മുങ്ങി നിവരുന്നത് തനിക്കു വേണ്ടി ഒരു പുരുഷൻ വരാനാണ്.  അവളത് ചെയ്യുന്നത് തന്റെ അച്ഛനുവേണ്ടിയാണ്. ആ സ്നാനത്തിൽ അച്ഛൻ ജലത്തിൽ അലിഞ്ഞുപോവുകയും അവളുടെ പുരുഷൻ അവതരിക്കുകയും ചെയ്യുന്നു. ഏട്ടന്റെ തന്നെ 'ഭൂമിയുടെ നിലവിളി' എന്ന കഥയിലെ പോലെ ഭാര്യയിൽ പാപം ആരോപിച്ച് അവളെ മുണ്ഡനം ചെയ്യിച്ച് നദിയിൽ മുക്കുകയല്ല ഇവിടെ. തന്റെ മാത്രം പുരുഷനെ തേടി അവൾ മുങ്ങുകയാണ്. എന്നാൽ അവളിലേക്ക് ഒഴുകിവന്നവനാകട്ടെ ഒരിയ്ക്കലും അവസാനിക്കാത്ത പൊറുതികേടുകൾ മാത്രമുള്ള ഒരാൾ -  നാട്ടുവൈദ്യനായി, പച്ചകുത്തുകാരനായി, പ്രണയിയായി, ഊരുതെണ്ടിയായി... ഒടുങ്ങാത്ത അലച്ചിലുകളുമായി ഒരുവൻ. 
കാവേരിയും അവളുടെ പുരുഷനും. ഉടലുകൊണ്ടും, ഉയിര് കൊണ്ടും പ്രണയംകൊണ്ടും കാമം കൊണ്ടും ഒന്നുചേരുമ്പോഴും ഒന്നാകാൻ കഴിയാതെ പോയവർ. തന്റെ പുരുഷൻ പോയാൽ മടങ്ങിവരില്ല എന്നവൾ ഭയക്കുന്നു, അത് പൊരുളില്ലാത്ത ഭയമല്ല താനും. എന്നിട്ടുമയാൾ ഊരുതെണ്ടി മടങ്ങിയെത്തിയത് ആർക്കുവേണ്ടിയാണ്? 'നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുന്നില്ല' എന്ന് തേങ്ങുന്ന കാവേരിക്കുവേണ്ടി? അല്ല. പൊറുതികേടുകളിലൂടെ ഒഴുകാൻ വിധിക്കപ്പെട്ടവനാണ് കാവേരിയുടെ പുരുഷൻ. എല്ലാ തിരിച്ചുവരവും മറ്റൊരു യാത്രയിലേക്കാണ്, ലക്ഷ്യമില്ലാത്ത യാത്ര.   

"മഴയിലൂടെ അനന്തദൂരങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ശബ്ദം ഞാനപ്പോൾ കേട്ടുവോ?

ഞാൻ മഴയിലേക്ക് ചെവിയോർത്തു.

നേരാണ്.

ആ ശബ്ദം അവർത്തിക്കുകയാണ്. ഇനിയേത് നദീതടമാണ് മഴയിലൂടെ എന്നെ വിളിക്കുന്നത്?

മോഹിപ്പിക്കരുതേ മോഹിപ്പിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി." അതാണയാൾ! ഒരു നദിയിൽ നിന്നും മറ്റൊന്നിലേക്ക് സ്വയം ഒഴുകുന്നവൻ. അതോ അവൻ തന്നെയാണോ നദി. ഒരു തടത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവഹിക്കുന്ന നദി.
ഏട്ടന്റെ കഥകളിൽ ആദ്യകാലം തൊട്ടേ ഉള്ള ജ്വരബാധ അതിന്റ ഉച്ഛസ്ഥായിയിൽ എത്തുന്നു ഈ കൊച്ചുനോവലിൽ. പുരുഷന്റെ ജ്വരബാധിതമായ യാത്രയാണീ നോവൽ - ഉടലിൽ നിന്ന്, പെണ്ണിൽ നിന്ന്, കാമനകളിൽ നിന്ന് എല്ലാം മോചനം തേടുമ്പോളും അതിലേക്ക് തന്നെ തിരിച്ചെത്തുന്ന പൊറുതികേടുകൾ മാത്രം നിറയുന്ന യാത്ര, ജ്വരബാധയിലേക്കുള്ള യാത്ര. അതെ, അങ്ങനെയൊരാളെയാണവൾ കാത്തിരിക്കുന്നത് എന്നത് മറ്റൊരു വൈചിത്ര്യം. 
ഒരുപക്ഷെ, "If they be two, they are two so
As stiff twin compasses are two;
Thy soul, the fixed foot, makes no show
To move, but doth, if the other do."

എന്ന് 'A Valediction: Forbidding Mourning' എന്ന കവിതയിൽ ജോൺ ഡൺ പറഞ്ഞതുപോലെയാണ് കാവേരിയുടെ കാത്തിരിപ്പ്. 

Such wilt thou be to me, who must,
Like th' other foot, obliquely run;
Thy firmness makes my circle just,
And makes me end where I begun. എന്ന് തന്റെ പുരുഷൻ പറയുമെന്ന് അവൾ കരുതുന്നുണ്ടാവാം. 
അഗസ്ത്യന്റെ കമണ്ഡലുവിലൊതുങ്ങാത്ത കാവേരി പക്ഷെ ഇവിടെ നിശ്ചലയാണ്. ആ നിശ്ചലതയാണ് അവളുടെ ഒഴുക്ക്. കമണ്ഡലുവിൽ നിന്നും അനന്ത വിശാലതയിലേക്ക് ഒഴുകിയ കാവേരി എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിയുമ്പോൾ തന്നിൽ നിന്നും എത്ര ദൂരേക്ക് ഒഴുകിയാലും  തന്റെ പുരുഷൻ തന്നിലേക്ക് തന്നെ തിരിച്ചൊഴുകും എന്ന് വിശ്വസിക്കുന്നവളാണ് ഇവിടെ നിശ്ചലയായി കാത്തിരിക്കുന്ന കാവേരി; ഒഴുക്കുകളിൽ നിന്നുള്ള മോചനമാണ് തന്റെ ജന്മദൗത്യം എന്ന് കരുതുന്നവൾ.
അവൾക്കവൻ കാവേരിയുടെ പുരുഷനാണ്, അവനാകട്ടെ കാവേരി തന്റെ പൊറുതികേടുകളിലൂടെ ഒഴുകുന്ന പല പ്രവാഹങ്ങളിൽ ഒന്ന് മാത്രം, പനിക്കിടക്കയിലെ പല വിഭ്രാന്തികളിൽ ഒന്ന്. 'കാവേരിയുടെ പുരുഷൻ' പനിക്കോളിലൂടെയുള്ള ഒരു യാത്രയാണ്, ജ്വരബാധിതമായ ഒരു യാത്ര. 

-പി സുധാകരൻ 

No comments:

Post a Comment