Wednesday, February 22, 2023

ചില നായർ വിചാരങ്ങൾ

പൊന്നാനിയുമായി ബന്ധം ഉള്ള ശ്രീ ശ്രീജിത്ത് ഐപിഎസ് പറഞ്ഞ തറവാടിത്ത ഘോഷണം ആയതിനാൽ പൊന്നാനിക്കാരനായ ഇടശ്ശേരിയെ വെച്ച് തുടങ്ങാം എന്ന് തോന്നുന്നു.

ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!
- ഇടശ്ശേരി, കറുത്ത ചെട്ടിച്ചികൾ 

ശ്രീ ശ്രീജിത്ത് ഒരുപക്ഷെ നരവംശ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും എല്ലാം എടുത്ത് വെച്ച് തന്റെ ഭാഷണത്തെ ന്യായീകരിച്ചു എന്നുവരാം. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അതിനൊക്കെ ഉള്ള ബുദ്ധി കാണും. അദ്ദേഹം പറഞ്ഞ കാര്യത്തെ വിഷലിപ്തമാക്കുന്നത് നായർ എന്നത് വലിയൊരു സംഭവമാണ് എന്നും 
മറ്റു ജാതിക്കാർ ഭാസ്കര പട്ടേലർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട തൊമ്മിമാർ ആണ് എന്നുമുള്ള ചിന്തയാണ്. ഇതേ ഭാസ്കര പട്ടേലർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന തൊമ്മിമാർ ആയിരുന്നു നായന്മാർ എന്നത് മറ്റൊരു ചരിത്രം. 
നായർ മാഹാത്മ്യത്തെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന അദ്ദേഹം ഒരു വ്യക്തിയല്ല, മറിച്ച് കേരളത്തിന്റെ ഒരു മാനസികാവസ്ഥയാണ്. ഇതേ മാനസികാവസ്ഥയാണ് കേരളത്തിൽ കുറച്ച് കാലമായി തൊഴിലിലെ ജാതി സംവരണത്തിനെതിരെ ഗ്വാ ഗ്വാ വിളി നടത്തുന്നതും. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് ഇടയാക്കിയതും അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ തുണച്ചതും ഈ തറവാടിത്ത ഘോഷണമാണ്.
ശ്രീ ശ്രീജിത്ത് പറഞ്ഞത് ശരിയായ നിലപാടാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഫ്എസ്, ഐഎഎസ് എന്നിവ കിട്ടാതെ പുറംതള്ളപ്പെട്ട് മറ്റ് ഗസറ്റഡ് തൊഴിലുകളിൽ ഏതെങ്കിലും ഒന്ന് മാത്രം കിട്ടിയത് തറവാടിത്തമില്ലായ്മയാണ് എന്നൊരു ദുർവായനക്ക് അത് വഴിവെക്കും സാർ. ഐഎഫ്എസ് ബ്രാഹ്മണൻ, ഐഎഎസ് ക്ഷത്രിയൻ എന്നിങ്ങനെ. 
സിവിൽ സർവീസ് പരിശീലനവേദിയിൽ ഇദ്ദേഹം നടത്തിയ ഭാഷണത്തിന്റെ പശ്ചാത്തലത്തിൽ പക്ഷെ വ്യക്തമായ ഒരു ചോദ്യം ഉയരുന്നു. ഏതൊക്കെയോ അച്ഛൻ(മാർ)  വന്നുകയറി കുട്ടികളെ ഉണ്ടാക്കി പോകുന്ന സ്ഥലം എന്ന അവസ്ഥയിൽ ആയിരുന്ന ഇപ്പറഞ്ഞ തറവാടുകളിൽ സ്ത്രീകളുടെ സ്ഥാനം എന്തായിരുന്നു? "അല്ലെടോ ഇപ്പറഞ്ഞ തറവാടികൾക്കൊക്കെ സങ്കൽപ്പത്തിനപ്പുറം ഒരു അച്ഛൻ എന്നാണ് ഉണ്ടായത്?" എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയേണ്ടതുണ്ട്, കാരണം ഇതൊരു 'സദാചാര' ചോദ്യമല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചുള്ള ചോദ്യമാണ്. 'ഒറ്റത്തന്തക്ക് പിറക്കുക' എന്ന അവസ്ഥ ഈ തറവാടുകളിൽ ഒരു മിത്ത് മാത്രമായിരുന്നു, കേരളപ്പിറവിയുടെ കാലത്ത് പോലും. കാരണവർ തീരുമാനിക്കുന്ന പുരുഷനൊപ്പം ശയിക്കുക എന്നതിനപ്പുറം സ്ത്രീക്ക് എന്തെങ്കിലും അധികാരം ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ? ഇന്ന് രാത്രി കൂടെ കിടക്കാൻ വേറെ ആളുണ്ട് എന്ന് ഇന്നലെ വരെ കൂടെ കിടന്ന സംബന്ധക്കാരനെ അറിയിക്കാൻ കിണ്ടിയും പായയും വീട്ടുവരാന്തയിൽ വെക്കുന്ന ഈ സംസ്കാരത്തെ കൂടിയാണോ അദ്ദേഹം തറവാടിത്തമെന്നു പറയുന്നത്? തന്റെ വീട്ടിൽ പിറന്ന കുട്ടി ബ്രാഹ്മണൻ ഉണ്ടാക്കിയതാണ് എന്ന് പറയുന്ന ആ കാരണവന്മാരാണോ ഇപ്പറയുന്ന തറവാടികൾ? അങ്ങനെയെങ്കിൽ സൂരിനമ്പൂതിരിയെ ഇറക്കിവിട്ട ഇന്ദുലേഖ ഇവർ പറയുന്ന തറവാടി ഗണത്തിൽ പെടില്ല എന്നുറപ്പ്.
പദ്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്ന സിനിമയിലെ കഥ നടക്കുന്ന ആ വീട് ഉണ്ടല്ലോ, അത് നായർ 'തറവാടുകളുടെ' തകർച്ചയുടെ തുടർച്ചയായ ഒരു കേരള യാഥാർഥ്യം കൂടിയാണ് എന്നുകൂടി നമ്മൾ മനസ്സിലാക്കണം. സാമൂഹ്യ ശാസ്ത്രജ്ഞർക്കൊപ്പം കേരളത്തിന്റെ ഇടത് മനസ് കൂടിയാണ് ശ്രീ ശ്രീജിത്തിന് ഉത്തരം പറയേണ്ടത്. 
കേരളത്തിലെ IPS ഉദ്യോഗസ്ഥരിൽ ഇക്കാര്യം കൃത്യമായി പഠിച്ച ഒരു വ്യക്തിയുണ്ട്, 'മലയാളി: ഒരു ജനിതക വായന' എന്ന പുസ്തകം രചിച്ച ശ്രീ സേതുരാമൻ IPS, കൊച്ചിയിലെ പോലീസ് കമ്മീഷണർ. അംബേദ്‌കർ പറഞ്ഞ 'ഗ്രേഡഡ് അസമത്വ'ത്തെ കുറിച്ച് കൃത്യമായി പഠിച്ച് പറഞ്ഞ സാമൂഹ്യ ശാസ്ത്രജ്ഞനാണ് അദ്ദേഹം. എന്നിരുന്നാലും വിവാദങ്ങളിൽ തല്പരനല്ലാത്ത അദ്ദേഹം ഇക്കാര്യത്തിൽ എന്തെങ്കിലും പറയും എന്ന് ഞാൻ കരുതുന്നില്ല. 

Tuesday, February 14, 2023

ഏകാകിയുടെ ആത്മഭാഷണങ്ങള്‍

പ്രിയ സുഹൃത്ത് ധനരാജ് കീഴറയുടെ സൃഷ്ടികൾ സ്വന്തം ഗ്രാമത്തിൽ പ്രദർശിപ്പിച്ചപ്പോൾ

ഏകാന്തത... ഒരേ സമയം വിഷാദാത്മകവും വശ്യവുമാണ് ആ അവസ്ഥ. ചില നേരങ്ങളില്‍ അത് നമ്മളെ തഴുകുന്ന മൃദുവായ ഒരു കൈത്തലമാവും, മറ്റുചിലപ്പോള്‍ ഉള്ളില്‍ ആകമാനം തുളച്ചു കയറുന്ന ഒരു കള്ളിമുള്‍ച്ചെടിയും. നാഗരിക ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഏകാന്തതയെ വരച്ചിട്ട അമേരിക്കന്‍ ചിത്രകാരനായ എഡ്വേര്‍ഡ് ഹോപ്പറിന്‍റെ ചിത്രങ്ങള്‍ കാണുമ്പോള്‍, ഈ രണ്ട് അവസ്ഥകളും നമ്മള്‍ അതിന്‍റെ എല്ലാ തീവ്രതയിലും അനുഭവിക്കും. മനുഷ്യര്‍ ഏകാന്തരല്ലാതിരിക്കുമ്പോഴും അവരില്‍ നിറയുന്ന ഏകാന്തത വരച്ച ചിത്രകാരനായിരുന്നു അദ്ദേഹം. ആവര്‍ത്തിച്ചുള്ള ഈ ഏകാന്തതയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഞാന്‍ എന്നെ തന്നെ പിന്തുടരുന്നു' എന്നായിരുന്നു ഹോപ്പറിന്‍റെ മറുപടി. കൂട്ടംകൂടുമ്പോഴും മറ്റുള്ളവരുമായി ഇടപെടുമ്പോഴുമെല്ലാം ഏകാന്തത അനുഭവിക്കുന്ന മനുഷ്യര്‍ ഹോപ്പറുടെ കലാലോകത്ത് മാത്രമല്ല ഉള്ളത്. ഏകാന്തതയുടെ പര്യായങ്ങള്‍ കലയിലും സാഹിത്യത്തിലും ജീവിതത്തിലുമെല്ലാം നിറയുന്ന കാലമാണിത്.
ഒരു മഹാമാരി നമ്മളെയെല്ലാം സ്വന്തം വീടിന്‍റെ അകത്തളങ്ങളിലേക്ക് തള്ളിമാറ്റിയപ്പോള്‍, സ്വന്തം മട്ടുപ്പാവിന്‍റെ ഏകാന്തതയില്‍ നിന്നുകൊണ്ട് നഗരവേഗങ്ങളെ കാണുന്നതിലെ കാല്പനികഭാവമല്ല നമ്മള്‍ അനുഭവിച്ചത്. നമ്മുടെ തന്നെ ഇടം നമ്മുടെ തടവറയാകുന്ന അവസ്ഥയിലൂടെയായിരുന്നു ആ  കടന്നുപോക്ക്. നമ്മളെ നമ്മളല്ലാതാക്കുന്ന ഒരു പരിവര്‍ത്തനം transmutation നമ്മളില്‍ തന്നെ സംഭവിക്കുന്നുണ്ടായിരുന്നു. അതുവഴി അവനവനില്‍ നിന്നുകൂടി നമ്മള്‍ ഒറ്റപ്പെട്ടു; രോഗം വേലികെട്ടി അകറ്റിയ സമൂഹത്തില്‍ നിന്നു മാത്രമല്ല. ലോകം തുറന്നുകിടക്കുമ്പോള്‍ അവനവനെ അടച്ചിടുന്നതില്‍ ആഹ്ലാദം കണ്ടവര്‍ ലോകം അടഞ്ഞുകിടക്കുമ്പോള്‍ ഒരുതരത്തില്‍ ക്ലോസ്ട്രോഫോബിക് ആവുന്നതും നമ്മള്‍ കണ്ടു. തീര്‍ത്തും അവാസ്തവികമായ ഒരു ജീവിതത്തെ വാസ്തവികമായ അനുഭവം എന്ന മട്ടില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു പലരും അതിനെ മറികടന്നതായി അഭിനയിച്ചത്.
ഓരോ മനുഷ്യനും പ്രക്ഷുബ്ധമായ സമുദ്രത്തിലെ ഏകാന്ത ദ്വീപായപ്പോള്‍, ജീവിതാസക്തികള്‍ ഉള്‍വലിഞ്ഞ അവര്‍ക്ക് ആത്മരതി കൂട്ടായി. നാര്‍സിസസ്സിനെ പോലെ കണ്ണാടിയില്‍ സ്വയം നിറഞ്ഞുനിന്ന് 'ഞാന്‍ ഞാന്‍ ഞാന്‍' എന്ന് സെല്‍ഫികള്‍ ഏകാന്തമായി മന്ത്രിക്കുവാന്‍ തുടങ്ങി.

ഏകാന്തതയുടെ ഈ കാണാത്തടവറയില്‍ നിന്നാണ് ചിത്രകാരനായ ധനരാജ് കീഴറ തന്‍റെ സര്‍ഗ്ഗാത്മകതയ്ക്ക് ഒരു പുതിയ ദിശ കണ്ടെത്തിയത്, ഒറ്റയാള്‍ തുരുത്തില്‍ അകപ്പെട്ട ജീവികള്‍ തങ്ങളെ സ്വയം കണ്ണാടിയില്‍ കാണുന്നത് പോലെ, ചിലപ്പോള്‍ ഒറ്റയ്ക്ക്, മറ്റുചിലപ്പോള്‍ ഗുണിതങ്ങളായി അവര്‍ ഇവിടെ സ്വയം അവതരിച്ചു, കലാകാരന്‍റെ രൂപത്തിലൂടെ തന്നെ. ഒരേ സമയം ആത്മാവലോകനത്തിന്‍റെയും പര്യവേക്ഷണത്തിന്‍റെയും തലം ആര്‍ജ്ജിക്കുന്നവയാണ് ഈ ചിത്രങ്ങള്‍.
കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ ആദ്യകാലത്ത് ചെയ്ത 'ഏകാന്തതയേയും സെല്‍ഫികളേയും കുറിച്ച്' എന്ന പരമ്പരയില്‍, കലാകാരന്‍ സ്വയം ചിത്രീകരിക്കുകയല്ല, മറിച്ച് തന്നിലൂടെ ലോകത്തെ ഒരു ബിംബമായി കാണുകയാണ് ചെയ്തത്. ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്ന അകവും പുറവും നിറയുന്ന പ്രക്ഷുബ്ധതയാകട്ടെ, ഉള്ളില്‍ നിറയുന്ന ഏകാന്തതയും ഒറ്റപ്പെടലും ഭയവും എല്ലാം ചേര്‍ന്ന് സമ്മാനിച്ചതാണ്. നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇത്തരം വിഹ്വലതയിലൂടെ കടന്നുപോയ സമയമായിരുന്നു അത്. ഇത്തവണത്തെ കൊച്ചി ബിനാലെയില്‍ അത് പല രൂപത്തിലും കടന്നുവരുന്നത് കാണാം. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് വാസുദേവന്‍ അക്കിത്തം ഒരു ഡയറിക്കുറിപ്പ് പോലെ ഒരു വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും വരച്ച 365 കുഞ്ഞു ചിത്രങ്ങളുടെ പരമ്പര.
ഇത്തരത്തില്‍ അവനവന്‍ നിറയുന്ന ഒരു ഡയറിയാണ് ധനരാജിന്‍റെ ഈ പരമ്പരയും, അവയുടെ ലോകവും സമീപനവും മറ്റൊന്നാണെങ്കിലും.
ഈ ചിത്രകാരന്‍റെ സര്‍ഗ്ഗലോകത്തിന്‍റെ സ്ഥായീഭാവം നിശ്ശബ്ദതയാണ്. ഏകാന്തനായ തെയ്യം കലാകാരന്‍ കണ്ണാടിയില്‍ നോക്കുന്നത് പോലെയുള്ള അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് ഈ അവസ്ഥ കൂടുതല്‍ അനുഭവപ്പെടുന്നു. അതേ സമയം വളരെ പ്രകടമാണ് ഈ നിശ്ശബ്ദത... ഒരിക്കലും കേള്‍ക്കാതിരിക്കുമ്പോഴും ഒരു ആര്‍ത്തനാദം പോലെ നമ്മളത് ഉള്ളില്‍ അനുഭവിക്കുന്നു.
ഭൂതകാലത്തില്‍ നമ്മള്‍ ഒരിക്കലും കടന്നുപോയിട്ടില്ലാത്ത ഒരു അനുഭവത്തെ, കാലത്തെ, മഹാമാരി തന്ന ഏകാന്തതയെ എങ്ങനെ അടയാളപ്പെടുത്താന്‍ കഴിയും എന്ന ചിന്തയാണ് ഈ പെയിന്‍റിംഗുകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമായതും പ്രകോപനമായതും എന്ന് ഈ ചിത്രകാരന്‍ പറയുന്നു. "പ്രക്ഷുബ്ധമായ ഒറ്റപ്പെടലിന്‍റെ ഈ ദിവസങ്ങളില്‍, ആളുകള്‍ അവനവനിലേക്ക് ആഴ്ന്നിറങ്ങുന്നതും 'സെല്‍ഫി' നമ്മുടെ കാലഘട്ടത്തിന്‍റെ ആവിഷ്കാരമായി മാറുന്നതും ഞാന്‍ നിരീക്ഷിച്ചു. അങ്ങിനെ, സ്വാഭാവികമായും, നമ്മുടെ കാലത്തെ എന്നിലൂടെ മാത്രം ചിത്രീകരിക്കാന്‍ ഇത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി," ധനരാജ് പറയുന്നു. എന്നാല്‍, ഇത് 'ഞാന്‍' മാത്രമല്ല, 'നീ' മാത്രമല്ല; നമ്മളാണ്, നമുക്ക് ചുറ്റും ഉള്ള ജീവിതമാണ്, ലോകമാണ്. അതേസമയം, ഈ ഒറ്റപ്പെടലിന് ഏകാന്തതയുടെ ക്രിയാത്മകത ഇല്ല എന്നുമാത്രം. എന്നാലും സെല്‍ഫി നമുക്ക് നമ്മളെത്തന്നെ അടയാളപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്. ഒരു നാള്‍ എല്ലാം തുറക്കുമെന്നും നമ്മുടെ ജീവിതവും കാലവും ചിറകു വിടര്‍ത്തുമെന്നും വിശ്വസിച്ച് അനിശ്ചിതത്വത്തില്‍ നമ്മള്‍ കാത്തിരിക്കുന്നു; സാമുവല്‍ ബെക്കറ്റിന്‍റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ ഒരിക്കലും വരാത്ത ദൈവത്തെ കാത്തിരിക്കുന്ന തെണ്ടികളെപ്പോലെ. നമ്മുടെ അസ്തിത്വം എത്രത്തോളം പരിതാപകരമാണെന്നും നമ്മുടെ സ്വത്വം എത്ര ദുര്‍ബലമാണെന്നും നാം മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അത്. ഈ ചിത്രങ്ങളില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നതും മനുഷ്യരാശിയുടെ ദുര്‍ബലമായ അസ്തിത്വത്തിന്‍റെ കഥകളാണ്, നിശ്ചലതയുടെ കഥകള്‍.
അവനവനെ തന്നെ കലാകാരന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതൊരുതരം പകര്‍ന്നാട്ടം കൂടിയാണ്. സ്വന്തം ഉള്ളിലേക്ക് തുറക്കുന്ന വാതില്‍. ഈ പരമ്പരയിലെ ചിത്രങ്ങള്‍ ചിലപ്പോള്‍ ഏകാന്തനായ ഒരു  യോദ്ധാവിനെയോ കായികാഭ്യാസിയായ ഒരു നര്‍ത്തകനെയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. ചില നേരങ്ങളില്‍ അയാള്‍ ഏകാകിയായ ഒരു കോമരത്തെ പോലെയാണ്. ഭൂമിയില്‍നിന്നും ചെടികള്‍ അയാള്‍ക്ക് ഉറഞ്ഞുതുള്ളാനുള്ള വാളാവാന്‍ വേണ്ടി മുളപൊട്ടുന്നു. ഇവിടെ പക്ഷെ മുളപൊട്ടുന്നത് ദൈവികത അല്ല, മറിച്ച് വിഷലിപ്തതയാണ്. അജ്ഞാതമായ ഈ ഭൂമികയില്‍ സസ്യജന്തുജാലങ്ങള്‍ പോലും ഉډൂലനത്തിന്‍റെ ആയുധങ്ങളായി മാറുന്നു. എന്നാല്‍, ഈ ചിത്രങ്ങളില്‍ എല്ലാംതന്നെ നിറഞ്ഞുനില്‍ക്കുന്നത് വല്ലാത്തൊരുത്തരം ധ്യാനാത്മകകതയാണ് താനും. ഏകാകിയായ പോരാളിയുടെ ധ്യാനാത്മകത.
അതേസമയം, നേരത്തെ ചെയ്ത പരമ്പരയായ 'കൂട്ടപ്പലായനത്തിന്‍റെ ഉപാഖ്യാനങ്ങള്‍' (Episodes of Exodusഎന്ന പരമ്പരയുടെ തുടര്‍ച്ചകൂടി ഈ പരമ്പരയില്‍ കാണാനാവും.
2021 ന്‍റെ അവസാനം ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം ധനരാജ് വരച്ച 150  ചെറുചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് 'ചൂഴം' എന്ന് പേരിട്ടിരിക്കുന്ന ഈ ആത്മഭാഷണം. സെല്‍ഫിയുടെ തുടര്‍ച്ചയായിരിക്കെ തന്നെ ഈ കുഞ്ഞു ചിത്രങ്ങള്‍ക്ക് ഒരുപാട് വ്യതിരിക്തത ഉണ്ട്, മാദ്ധ്യമത്തിലും ചിത്രണ രീതിയിലും. പാളയെ ചിത്രതലമാക്കി മിക്സഡ് മീഡിയയില്‍ ചെയ്ത ഈ ചിത്രങ്ങളുമതേ, ആദ്യ ചിത്രങ്ങള്‍ പോലെ തന്നെ ആവര്‍ത്തിക്കുന്ന മാനുഷിക വ്യഥകളെ കുറിച്ചാണ്. മാരകമായ വൈറസിന് കീഴടങ്ങിയവരെ കുറിച്ചുള്ള ഓര്‍മ്മകളും വ്യാകുലതകളും തന്നെയാണ് ഇവിടെയും ആവിഷ്കരിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ ഒരു X-Ray ഫിലിമില്‍ തെളിയുന്ന നെഞ്ചിന്‍കൂടിന്‍റെ ചിത്രമാകാം, ഏകാന്തമായ മുഖങ്ങളാവാം. ഈ മുഖങ്ങളില്‍ എല്ലാംതന്നെ ഒരുതരം ഉള്‍വലിയലിന്‍റെ വേദന ഉണ്ട്, മിനിയേച്ചറിന്‍റെ സൗന്ദര്യവും. എന്നാല്‍ ഇവിടെ കലാകാരന്‍ സ്വയം പ്രത്യക്ഷപ്പെടുന്നില്ല എന്നുമാത്രം.
പാള ഒരു മാദ്ധ്യമമായി തിരഞ്ഞെടുക്കുമ്പോള്‍ ധനരാജ് മറ്റൊരുകാര്യം കൂടി പറയാതെ പറയുന്നു. ഒരു കലാസൃഷ്ടി നല്‍കുന്ന അനുഭവം ശാശ്വതമായി നിലനില്‍ക്കാന്‍ ആ കലാസൃഷ്ടി എന്നെന്നും നിലനില്‍ക്കണം എന്നില്ല. കലയുടെ വാണിജ്യ സമവാക്യങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന ഇത്തരം ഇടപെടലുകള്‍ എക്കാലത്തും ധനരാജിന്‍റെ കലാസൃഷ്ടികളുടെ ഭാഗമാണ്. ക്ഷണികതയുടെ സൗന്ദര്യം കൂടിയാണ് ഈ കലാകാരന്‍റെ ലോകത്തെ വ്യത്യസ്തമാക്കുന്നത്. ഇതിനു മുന്നേ തന്‍റെ നാട്ടിലെ കളിയാട്ടക്കാലത്ത് വീട്ടുമുറ്റത്തു ചെയ്ത  പ്രതിഷ്ഠാപനവുമായി ഇതിനെ ചേര്‍ത്ത് വായിക്കാവുന്നതാണ്. ഇവിടെയും അതെ, പ്രതിഷ്ഠാപനവുമായി തന്നെയാണ് ഈ രണ്ടു പരമ്പരകളെയും ധനരാജ് ചേര്‍ത്ത് അവതരിപ്പിക്കുന്നത്. കവിതയിലെ ഏകാന്തതയല്ല ജീവിതത്തില്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍. അതിനു ഒട്ടും കാല്പനിക ഭാവം ഇല്ല. ധനരാജിന്‍റെ ഈ ചിത്രങ്ങളുമതെ, കാല്പനികതയില്‍ നിന്നും മാറി സഞ്ചരിക്കുന്നവയാണ്, എല്ലാ അര്‍ത്ഥത്തിലും.