Thursday, January 27, 2022

(ശവ) ഘോഷയാത്ര

പൊറുക്കുക എന്റെ വാക്കുകളോട്, 
ഞാൻ മുഴക്കിയ 
ചോരകിനിയുന്ന സത്യങ്ങളോട്... 
അത്രയും പറഞ്ഞ് 
സ്വന്തം നാക്ക് പിഴുതെടുത്ത്  
അവൻ
തന്നെ തിരഞ്ഞു വന്നവരുടെ 
കാല്ക്കൽ വെച്ചു. 
തകർന്നുവീണ ജനലിൽ നിന്നും 
കാലിൽ തറച്ചു കയറിയ
നക്ഷത്രത്തിളക്കമുള്ള  
ചില്ലുപാളി പതിയെ ഊരിയെടുത്ത് 
നിസ്സഹായമായി അവരെ നോക്കി 
(കണ്ണിൽ തെളിഞ്ഞത് ചിരിയോ കരച്ചിലോ?):
പിന്നെ, 
ഒരുകാലത്ത് 
താൻ വിതച്ച വയൽ 
അവർക്കൊപ്പം മുറിച്ചു കടക്കവേ, 
വഴിയരികിലെ നീർച്ചാലിൽ തെളിഞ്ഞ 
മുഖത്തേക്ക് 
അവസാനമായി 
കാർക്കിച്ചു തുപ്പി. 
ചോരകിനിയുന്ന കാലുമായി
നിശ്ശബ്ദമാക്കപ്പെട്ട 
മുദ്രാവാക്യംപോലെ 
സ്വന്തം ചോര കുടിച്ചിറക്കി 
അവൻ 
അവർക്കൊപ്പം നടന്നു നീങ്ങി
വെറുമൊരു നിഴലായി.

No comments:

Post a Comment