Thursday, January 27, 2022

(ശവ) ഘോഷയാത്ര

പൊറുക്കുക എന്റെ വാക്കുകളോട്, 
ഞാൻ മുഴക്കിയ 
ചോരകിനിയുന്ന സത്യങ്ങളോട്... 
അത്രയും പറഞ്ഞ് 
സ്വന്തം നാക്ക് പിഴുതെടുത്ത്  
അവൻ
തന്നെ തിരഞ്ഞു വന്നവരുടെ 
കാല്ക്കൽ വെച്ചു. 
തകർന്നുവീണ ജനലിൽ നിന്നും 
കാലിൽ തറച്ചു കയറിയ
നക്ഷത്രത്തിളക്കമുള്ള  
ചില്ലുപാളി പതിയെ ഊരിയെടുത്ത് 
നിസ്സഹായമായി അവരെ നോക്കി 
(കണ്ണിൽ തെളിഞ്ഞത് ചിരിയോ കരച്ചിലോ?):
പിന്നെ, 
ഒരുകാലത്ത് 
താൻ വിതച്ച വയൽ 
അവർക്കൊപ്പം മുറിച്ചു കടക്കവേ, 
വഴിയരികിലെ നീർച്ചാലിൽ തെളിഞ്ഞ 
മുഖത്തേക്ക് 
അവസാനമായി 
കാർക്കിച്ചു തുപ്പി. 
ചോരകിനിയുന്ന കാലുമായി
നിശ്ശബ്ദമാക്കപ്പെട്ട 
മുദ്രാവാക്യംപോലെ 
സ്വന്തം ചോര കുടിച്ചിറക്കി 
അവൻ 
അവർക്കൊപ്പം നടന്നു നീങ്ങി
വെറുമൊരു നിഴലായി.

ഞാൻ... നീ

ഒരേ വഴിയിലൂടെയല്ലേ
നമ്മൾ നടന്നത്...
കണ്ണാടിയാണ് ഞാൻ,
കണ്ണാടിയാണ് നീ ,
കണ്ണാടിക്കിരുപുറവും
നിഴലായി നമ്മളും.
ഒരേ വെയിലൂടെയല്ലേ
നമ്മൾ അലഞ്ഞത്
നിഴലായി ഞാൻ
നിഴലായി നീ
ഒരേ മരത്തണലിനപ്പുറം ഇപ്പുറം
പിറക്കാതെപോയ വാക്കുകൾ പോലെ
നിശ്ശബ്ദമായി.
ഒരേ നദിയിലൂടെയല്ലേ
നമ്മൾ നീന്തിക്കയറിയത്
ആകാശമായി നീ
ആകാശമായി ഞാൻ
ഇരുളിൽ മിന്നിയ ഒറ്റവിളക്കിൽ നിന്നും
രണ്ടു പ്രകാശവീചികൾ
ഒടുവിൽ
നീ അഴിച്ചുവിട്ട കൊടുങ്കാറ്റിൽ 
ഞാൻ കയറു പൊട്ടിയ പട്ടമാവുന്നു
നീ എന്റെ ഉൾക്കടലും.