Monday, August 16, 2021

ചിരി ...

ഏകാകിയുടെ ചിരി 
ഉപ്പു കുറുക്കുമ്പോലെയാണ്... 
ഉള്ളിൽ അലയടിക്കുന്ന കടലിനെ
ഒരു തളികയിൽ 
സ്നേഹമായി വിളമ്പുന്നു.

Sunday, August 15, 2021

കാബൂൾ എന്ന വേദന

 ഇന്ന് രാവിലെ വീണ്ടും ടാഗോറിനെ കാബൂളിവാല വായിച്ചു. കാബൂളിവാല ഞാൻ ആദ്യം വായിക്കുന്നത് സ്കൂൾ കാലത്താണ്. അന്ന് അത് വായിക്കുമ്പോൾ അതിലെ നിർമ്മലമായ സ്നേഹമായിരുന്നു ഉള്ളിൽ നിറഞ്ഞത്, പക്ഷെ ഇന്ന് വായിച്ചപ്പോൾ സ്വന്തം മണ്ണ് നഷ്ടമാവുന്ന മനുഷ്യനെക്കൂടി കണ്ടു. 


ആ കഥ ഇന്ന് വായിക്കാൻ ഒരു കാരണമുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം വീണ്ടും താലിബാൻ പിടിച്ചെടുത്ത വാർത്ത ഉണ്ടാക്കുന്ന വേദനയോടെ ആദ്യം കണ്ടത് ഇന്ന് ഉണ്ണി വരച്ച കാർട്ടൂണായിരുന്നു. എഴുത്തിൽ മുഴുകിയ ടാഗോറിന്റെ എഴുത്തുമേശക്കരികിൽ നിൽക്കുന്ന ഉണ്ണിയുടെ കാർട്ടൂൺ കഥാപാത്രം; അവനോട് ടാഗോർ പറയുന്നത് ഇത്രമാത്രം "Not an anthem for the neighbourhood. A prayer for Kabuliwala". ഐക്യരാഷ്ട്രസഭയുടെ ചുമരിനെ അലങ്കരിക്കേണ്ട ഒരു കാർട്ടൂണാണിത്.

അഫ്ഗാനിസ്ഥാൻ വേദനിപ്പിക്കുന്നത് ഇതാദ്യമായല്ല ഖാലിദ് ഹൊസൈനിയുടെ The Kite Runner ഉം A Thousand Splendid Suns ഉം വായിച്ചപ്പോൾ ഉണ്ടായ അതെ വേദന, ഒരു പക്ഷെ അതിലും ആഴത്തിൽ ഉണ്ടാക്കുന്നു ഈ കാർട്ടൂൺ.