Saturday, July 24, 2021

മരിക്കാത്ത ജയനും ദേവസ്സിക്കുട്ടി മുടിക്കലും



ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോളാണ് ജയൻ എന്ന നടൻ മരിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഇല്ലാത്ത കാലം... ആകാശവാണിക്കാലം... അടുത്ത വീട്ടിൽ നിന്നും കടംവാങ്ങിക്കുന്ന പത്രം എല്ലാവരും കമ്പോടുകമ്പു വായിക്കുകയും അടുക്കളക്കോലായിൽ ചർച്ച ചെയ്യുകയും ചെയ്ത കാലം.

ജയൻ മരിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഒരു 'കൊച്ചുപുസ്തകം' ഇറങ്ങി. ജയൻ മരിച്ചിട്ടില്ല. അത് ഇത്തരം പുസ്തകങ്ങളുടെ കാലമായിരുന്നു. സിനിമാകൊട്ടകയിൽ പ്രദർശനത്തിനിടെ പാട്ടുപുസ്തകങ്ങൾ വിറ്റിരുന്ന കാലം.        
അപകടത്തില്‍ നിന്ന്  ജയന്‍ രക്ഷപ്പെട്ടെന്നും, മാത്രമല്ല അമേരിക്കയിലേക്ക് കടന്നു എന്നും അവിടെ ഒളിവുജീവിതം നയിക്കുകയാണെന്നുമെല്ലാം വളരെ 'വെടിപ്പായി' എഴുതിവെച്ചിരുന്നു. ജയനെ കൊന്നതാണ് എന്നും അതിനുപിന്നിൽ വേറൊരു നടനാണ് എന്നുമൊക്കെ കഥ സൃഷ്‌ടിച്ച കാലത്ത്, അമേരിക്കയിൽ ഒളിവിൽ കഴിയുന്ന ജയന്റെ കഥ  ഞങ്ങൾ കൊച്ചുകൗമാരക്കാർക്ക്  കൗതുകമായി. വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട സുഭാഷ്ചന്ദ്ര ബോസ് ഒളിവിൽ ജീവിക്കുന്നു എന്ന സിദ്ധാന്തം വളരെ ശക്തിയോടെ അന്നും ചർച്ച ചെയ്തിരുന്നു. കോളിളക്കത്തിന്റെ ഷൂട്ടിങ്ങിനിടെ മരിച്ച ജയൻ (നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ നായർ) അദ്ദേഹത്തിന്റെ വിചിത്രമായ വേഷവിധാനം, സംഭാഷണം ഇവയൊക്കെക്കണ്ട് പ്രേക്ഷകനിൽ തീർത്തും വ്യത്യസ്തമായൊരു രൂപം തീർത്തിരുന്നു, അതിനാൽ തന്നെ മരിക്കാത്ത ജയൻ ഞങ്ങളുടെ കല്പനയിൽ മഹാഗോപുരമായി... അമേരിക്കയോളം വലുതായി! തിരയടിച്ചു, പിന്നെ മറന്നു.
1989 ഏപ്രിൽ മാസത്തിൽ, കോഴിക്കോട് പ്രദീപ് മേനോന്റെ സ്ഥാപനത്തിൽ സബ് എഡിറ്റർ ആയി ചെന്നപ്പോളാണ് ആ കഥ വീണ്ടും കടന്നുവന്നത്. പുതിയ ഒരു വിദ്യാഭ്യാസ മാസിക തുടങ്ങുന്നതിന്റെ ഭാഗമായാണ് എനിക്കാ ജോലി കിട്ടിയത്. പ്രദീപിന്റെ ക്യാബിനു തൊട്ടപ്പറത്തായി അടൂർ ഗോപാലകൃഷ്ണൻ മെലിഞ്ഞതാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു - ദേവസ്സിക്കുട്ടി മുടിക്കൽ. പ്രദീപ് ഇറക്കുന്ന ഫിലിംനൈറ്റ്  എന്ന പ്രസിദ്ധീകരണത്തിന്റെ  എഡിറ്റർ.  ആ ഓഫീസ്... ഇന്നുമതെ അതൊരു ഗൃഹാതുരത്വമാണ്.
ഒരു വാർത്ത എഴുതുമ്പോൾ എങ്ങിനെ വായനക്കാരനെ കയ്യിലെടുക്കണമെന്നതും അതെ ആകാംക്ഷ നിലനിർത്താൻ പേജുകൾ എങ്ങിനെ രൂപകൽപന ചെയ്യണമെന്നതുമൊക്കെ മുടിക്കലും പ്രദീപുമാണ് പറഞ്ഞുതന്നത്.
അങ്ങനെ ഒരു ദിവസമാണ് നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നതിനിടെ വീണ്ടും ജയന്റെ കഥ മുടിക്കൽ  പറഞ്ഞത്. മരിച്ച ജയന് പുനർജ്ജന്മം നൽകിയ തന്റെ ആ വന്യഭാവനയെ കുറിച്ച്. ഉപജീവനവും അതിജീവനവുമെല്ലാം വലിയ പ്രശ്നമായിരുന്ന ഒരു കാലത്തെ കുറിച്ച്. വിപ്ലവം സൃഷ്‌ടിച്ച മിശ്രവിവാഹത്തിനു ശേഷം കോഴിക്കോട്ടേക്ക് പറിച്ചുനട്ട കാലത്തെ കുറിച്ച്.  
ചെറിയ പുസ്തകങ്ങൾ എഴുതിത്തന്നാൽ പൈസ തരാം എന്ന് ഒരു ചെറുകിട പ്രസാധകൻ നൽകിയ വാഗ്ദാനമായിരുന്നു ഇങ്ങനെയൊരു സങ്കൽപ്പത്തിലേക്കു മുടിക്കലിനെ നയിച്ചത്. അശ്ലീലകഥകൾ എഴുതാൻ താല്പര്യമില്ലാത്ത സാത്വികനായതിനാൽ ഇങ്ങനെ ഒരു ഭാവനവിലാസം. പക്ഷെ അതെന്തേ ഒരു വലിയ നോവൽ ആക്കിയില്ല എന്ന് ചോദിച്ചാൽ മുടിക്കൽ ചിരിക്കും. ഇങ്ങനെ കുറെയുണ്ട് മുടിക്കലിന്റെ എഴുത്തുകൾ. വലിയ സ്വപ്‌നങ്ങൾ കാണാൻ ഇഷ്ടമില്ലാത്ത പച്ചയായ മനുഷ്യന്റെ എഴുത്തുകൾ.
ജയൻ മരിച്ച ശേഷവും ആളുകളുടെ മനസ്സിൽ ജീവിക്കുന്നുവെങ്കിൽ തീർച്ചയായും അങ്ങനെ ഒരു കഥക്ക് സാധ്യത ഉണ്ടെന്നതായിരുന്നു മുടിക്കലിന്റെ പക്ഷം. മുടിക്കലിന്റെ ആ ചിന്ത ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ടിവി   ചാനലുകളുടെ കാലത്ത് ഏറ്റവുമധികം അനുകരിക്കപ്പെട്ട ഒരു നടനും ജയൻ തന്നെയായിരുന്നു.
ഏതു വിഷയവും പഠിച്ചാൽ എഴുതാനാവും എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഇപ്പോളും മുടിക്കൽ. പലർക്കും സിനിമയിലേക്ക് വഴി കാണിച്ചുകൊടുത്തയാൾ.
നാളെ ജയന്റെ ജന്മദിനം. ജീവിച്ചിരുന്നെകിൽ 82 വയസ്സ്. ആ കാലത്തെക്കുറിച്ച്  ദേവസ്സിക്കുട്ടി മുടിക്കലിനോട് കുറേകൂടി ചോദിക്കാനുണ്ടായിരുന്നു പക്ഷെ അദ്ദേഹത്തിന്റെ ഫോൺ കിട്ടുന്നില്ല. മുഖ്യധാരാ സിനിമയുടെ പാർശ്വങ്ങളിൽ നിന്നും ഒരുപാടു കഥകൾ പറയാനുണ്ടാവും മുടിക്കലിന്. ഒരു പക്ഷെ അതുതന്നെ മറ്റൊരു സിനിമാക്കഥയാവാം, അല്ലെ മുടിക്കലേ.
സസ്നേഹം      

Thursday, July 22, 2021

കെ ജി സുബ്രഹ്മണ്യനെ 'സുബ്രഹ്മണ്യം' ആക്കുമ്പോൾ




(വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാർക്ക് ഒരു തുറന്ന കത്ത്) 


ശ്രീമൻ,

നമ്മൾ ഏതെങ്കിലും എഴുത്തുകാരന്റെയോ നടന്റെയോ പേര് തെറ്റിച്ചെഴുതാറില്ല. പക്ഷെ ഒരു ചിത്രകാരന്റെ/ ചിത്രകാരിയുടെ പേര് നിരന്തരം തെറ്റിച്ചെഴുതിയാലും ആരും അത് ശ്രദ്ധിക്കാറുമില്ല. അതിനു കാരണം നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ എവിടെയും ചിത്രകല ഒരു വിഷയമേ അല്ല എന്നതാണ്. ഇന്ന് കണ്ട ഒരു പത്രവാർത്തയാണ് ഇത്രയും  എഴുതാൻ പ്രേരിപ്പിച്ചത്. പ്രമുഖ ചിത്രകാരനായ കെ ജി സുബ്രഹ്മണ്യന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കൂത്തുപറമ്പിൽ ഒരു സ്മാരകം വരുന്നു എന്നതാണ് വാർത്ത. വളരെ നല്ല കാര്യം. എനിക്ക് പറയാനുള്ളത് ആ പദ്ധതിയെ കുറിച്ചല്ല, വാർത്തയെ കുറിച്ചാണ്. ആ വാർത്തയിലും തലക്കെട്ടിലും പറയുന്നത് കെ ജി 'സുബ്രഹ്മണ്യത്തിന്റെ' എന്നാണ്. നമ്മൾ എന്തിനു കെ ജി സുബ്രഹ്മണ്യനെ കെ ജി 'സുബ്രഹ്മണ്യം' ആക്കണം എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത് റിപ്പോർട്ടറോ സബ് എഡിറ്ററോ അല്ലെങ്കിൽ ഇത് പറഞ്ഞുകൊടുത്തയാളോ വരുത്തിയ ഈ പിശക് ഒരു മഹാപരാധം ആണ് എന്നതിനാലല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചിത്രകലയെ അവഗണിക്കാൻ മാത്രമേ ശീലിച്ചിട്ടുള്ളു എന്നതുകൊണ്ടാണ്. ഈ പിശക് ആർ വരുത്തി എന്ന ചോദ്യം പ്രസക്തമല്ല, കാരണം കേട്ടുശീലിച്ചതാണ് നമ്മൾ എഴുതുകയും പറയുകയും ചെയ്യുന്നത്. പലരും ആ പേര് അങ്ങിനെയാണ് ഉച്ഛരിക്കുന്നത് അത് തിരുത്താൻ നമ്മൾ ആദ്യം നമ്മുടെ വിദ്യാഭ്യാസ സമീപനം തിരുത്തണം.  

വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാരോട് ഒരു അപേക്ഷ കൂടി. ക്യാൻവാസിൽ മുറുക്കി തുപ്പുന്നതാണ് ചിത്രകല എന്ന ആ പഴയ സിനിമകളിലെ അശ്ളീല ചിന്തയിൽ നിന്നും നമ്മുടെ സമൂഹം മാറണമെങ്കിൽ ആദ്യം ചിത്രകല എന്തെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. അതിനു നമ്മുടെ മഹാന്മാരായ കലാകാരന്മാർ കുട്ടികൾക്കു വേണ്ടി വരക്കുകയും എഴുതുകയും ചെയ്തത് അവരിൽ എത്തിക്കാൻ കഴിയണം. കെ ജി സുബ്രഹ്മണ്യനെ പോലെയും എ രാമചന്ദ്രനെപ്പോലെയും ഉള്ള കലാകാരൻമാർ ധാരാളമായി ഇത്തരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, അത് ചിത്രകലയുടെ ചരിത്രം കൂടിയാണ്. പക്ഷെ അത് കുട്ടികളിൽ എത്തണമെങ്കിൽ 'രാഷ്ട്രീയ-സാംസ്‌കാരിക' മുൻവിധികൾ ഇല്ലാതെ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ കഴിയണം. 

കേരളത്തിൽ കലാകാരൻമാർ മാത്രമല്ല കലയെക്കുറിച്ചു നന്നായി പഠിക്കുകയും എഴുതുകയും ചെയ്യുന്നവരും ഉണ്ട്, പക്ഷെ അവരിൽ പലരും എഴുതിയത് വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന് മാത്രം (അക്കാര്യത്തെ കുറിച്ച്  വിശദമായി പിന്നീട് എഴുതാം). ഇവരിൽ മിക്കവർക്കും നമ്മുടെ കുട്ടികൾക്കായി കലാചരിത്രവും കലാകാരന്മാരുടെ ജീവചരിത്രവും എഴുതാനും കഴിയും എന്ന് ഉറപ്പുണ്ട്. പക്ഷെ അവർ അത് എഴുതി ഒരു പ്രസാധകനും കൊടുത്താൽ അവർക്ക് ഒന്നും കിട്ടില്ല. അതിനാലാണ് സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ് എന്ന് പറയുന്നത്.  നമ്മുടെ കലയെ കുറിച്ചും പരമ്പരാഗത കലകളെ കുറിച്ചും എഴുതുന്ന നിരവധി ആളുകൾ ഉണ്ടായിട്ടും ഇന്നുവരെ ഒരു സർക്കാരും ചിത്ര-ശില്പ കല കുട്ടികളിൽ എത്തിക്കാൻ, അങ്ങിനെ അവരുടെ  കാഴചപ്പാടുകൾ നവീകരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന ഒരു സത്യം മാത്രമാണ്. അറിഞ്ഞോ അറിയാതെയോ മോശം കല പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. സർക്കാർ പ്രസിദ്ധീകരണങ്ങളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന നൂറുകണക്കിന് PRD പുസ്തകങ്ങൾ പോലെ വർഷത്തിൽ ഒന്നോ രണ്ടോ പുസ്തകങ്ങൾ ചിത്രശില്പകലയും ലോകത്തിന്റെ പരമ്പരാഗത കലകളും അവയുടെ ചരിത്രവുമൊക്കെ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതി, വൃത്തിയായി അച്ചടിച്ച് പ്രസിദ്ധീകരിച്ചാൽ ഈ അവബോധമൊക്കെ കുട്ടികളിൽ ഉണ്ടാക്കാനാവും. കണ്ടും വായിച്ചും വളരുന്ന പ്രായത്തിൽ വേണം അവർക്കു ഇതൊക്കെ നല്കാൻ. ഒരു ചിത്രം വൃത്തിയായി, കളറുകൾ മാറാതെ അച്ചടിക്കുക എന്നത് ഒരു കഥയോ കവിതയോ ലേഖനമോ അക്ഷരത്തെറ്റില്ലാതെ അച്ചടിക്കുന്ന പോലെ തന്നെ പ്രധാനമാണ്.

CBSE കൊണ്ടുവന്ന Art Integrated Learning പോലുള്ള പദ്ധതികൾ കുട്ടികളിൽ കലാ സാംസ്‌കാരിക അവബോധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. പക്ഷെ അത് സത്യസന്ധമായില്ലെങ്കിൽ അപകടകരമാവാനും മതി. അതുകൊണ്ടാണ് പറയുന്നത് ഇത്തരം പുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ അത് എന്താണെന്നു മനസ്സിലാവുന്നവരെക്കൊണ്ട് എഴുതിക്കുകയും എഡിറ്റ് ചെയ്യിക്കുകയും വേണം. ഞാൻ ഒരു കലാകാരനോ കലാചരിത്രകാരനോ അല്ല, പക്ഷെ കലയെ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവർത്തകൻ എന്ന രീതിയിൽ ഈ മേഖലയെ നിരീക്ഷിക്കുന്നതിനാലാണ് ഇത്രയും എഴുതിയത്. ലോകമറിയുന്ന  കെ ജി സുബ്രഹ്മണ്യന്റെയും രാമചന്ദ്രന്റെയും അങ്ങിനെ മറ്റു പലരുടെയും ചിത്രങ്ങളോ കുട്ടികൾക്കായി അവർ എഴുതിയ പുസ്തകങ്ങളോ നമ്മുടെ കുട്ടികൾ കാണുന്നില്ലെങ്കിൽ അതിണ് ആരെയാണ് കുറ്റം പറയേണ്ടത്? 

വൽക്കഷ്ണം: കെ ജി സുബ്രഹ്മണ്യന്റെ സ്മരണക്കായി ജന്മനാട്ടിൽ സ്മാരകം പണിയുന്നത് നല്ല കാര്യം തന്നെയാണ് പക്ഷെ ലോകമറിയുന്ന ഒരു കലാകാരന് കേരളം ഒരു സ്മാരകം പണിയുമ്പോൾ അത് കലാസ്വാദകർക്കു പകരം നാളെ കടവാതിലുകൾ തൂങ്ങി കിടക്കുന്ന ഒരു ഇടമാവരുത്. അവിടെ  സുബ്രഹ്മണ്യനെ സുബ്രഹ്മണ്യമാക്കാൻ അനുവദിക്കരുത് സാർ. 

നന്ദി, നമസ്കാരം