Thursday, August 27, 2020

ഉയിർപ്പ്

ഉയിർപ്പ്

പി സുധാകരൻ

പൊടുന്നനെയല്ലേ നമ്മൾ
ഓർമ്മത്തെറ്റുകളിൽ നിന്നും
ഉണർന്നെഴുന്നേൽക്കുന്നത്!
പായൽ പിടിച്ച അതേ മതിൽ,
കണ്ണിൽ ഉറക്കച്ചടവുമാറാത്ത
അതേ കാവൽക്കാരൻ.
വടികുത്തിയ വാർദ്ധക്യം,
ഇരുളിൽ അപ്രത്യക്ഷമാവുന്ന അശരീരി.
ഒരിക്കലും കാണാത്ത നിഴൽ.

ഉണർന്നെഴുന്നേൽക്കുന്നതെല്ലാം
ഇരുളിലേക്കെന്ന തോന്നൽ.
ചില്ലുജാലകത്തിന്റെ
മഞ്ഞുപാളിക്കപ്പുറം
നിയോൺവിളക്കിന്റെ സാന്ധ്യപ്രഭ.
അതിനുമപ്പുറം ഇരുളിന്റെ താണ്ഡവം
മൗനം.

എന്റെ ദ്വീപിൽ
ഞാൻ ഒറ്റക്കാണെന്നു പറഞ്ഞവൻ
ഞാൻ തന്നെയാണ്.
കൊട്ടിയടച്ച ചില്ലുജാലകത്തിനപ്പുറം
കണ്ണിൽ തറക്കുന്ന
ഇരുൾ കത്തുന്നുവെന്നും
വിളക്കുകൾ അണയുന്നുവെന്നും.

പേമാരിയിൽ മുറ്റത്തു നൃത്തംവെക്കും
വഴിതെറ്റിവന്ന മത്സ്യക്കുഞ്ഞുങ്ങൾ.
എന്നിട്ടും തുറക്കാത്ത ജാലകത്തിനിക്കരെ
ഇരുളുകൊണ്ടു ഞാൻ വരക്കും
ഞാൻപോലും കാണാത്ത ചിത്രങ്ങൾ.
ഞണ്ടുകൾ, തിമിംഗലങ്ങൾ
 
എന്നിട്ടും
പൊടുന്നനെ നമ്മൾ
ഓർമ്മത്തെറ്റുകളിൽ നിന്നും
ഉണർന്നെഴുന്നേൽക്കുന്നു..
ഉയിർത്തെഴുന്നേൽപ്പ്‌പോലെ!
ഒറ്റക്കിളിയുടെ പാട്ടിലേക്ക്.

കാലത്തിനപ്പുറത്തേക്കു
ജാലകം തുറക്കുമ്പോൾ
കാവൽക്കരനില്ലാത്ത പുഴക്കക്കരെ
മഴനൂലുകൾക്കപ്പുറം
കിളികൾ ചിറകുവിരിക്കുന്നു
ചിത്രശലഭങ്ങൾക്കൊപ്പം  
കളിക്കുന്ന കുഞ്ഞുങ്ങൾ
മഴവില്ലുകൊണ്ടു
വസന്തം വരക്കുന്നു.
ആദ്യമായി ഞാൻ ആകാശം കാണുന്നു.

മത്സ്യങ്ങൾ

മത്സ്യങ്ങൾ


പി സുധാകരൻ

വറ്റിയ കുളത്തിൽ
മീൻപിടിക്കുന്ന കുട്ടികൾ
സാരോപദേശ കഥകൾ ഓർക്കാറില്ല
മാളങ്ങളിൽ ഒളിച്ചും
ചത്തപോലെ കിടന്നും
രക്ഷപ്പെട്ട മത്സ്യങ്ങൾ
അവർക്കു നായകരല്ല
ധ്യാനനിരതനായിരുന്ന്
ഇരയെ ലക്‌ഷ്യം വെക്കുന്ന
കൊറ്റി വില്ലനുമല്ല.
ഒരേ ഇരയെ കാത്തിരിക്കുന്ന
രണ്ടു കൂട്ടുകാർ
കഥാപാത്രങ്ങൾ
അത്രമാത്രം.
ഉലകം ചുറ്റുമ്പോൾ
മാഗല്ലൻ
മീൻപിടിച്ചിരുന്നോ?
കൊളംബസ്
നക്ഷത്ര മത്സ്യങ്ങളെ
സ്വപ്നം കണ്ടിരുന്നോ?

ചെളിപുതഞ്ഞ  തോർത്തിൽ
മീൻ പൊതിഞ്ഞു
ഭൂഗോളം നിർമ്മിച്ച കുട്ടികൾ
ഒറ്റക്കുതിപ്പിന്
ഭൂഖണ്ഡങ്ങൾ താണ്ടുന്നു.
പെൻഗ്വിനുകളുടെ ലോകത്തു നിന്നും  
ധ്രുവക്കരടികളുടെ മഞ്ഞുപാളികളിലേക്ക്
കുളത്തിൽ നിന്നും
കരകയറാത്ത തവളകൾ
നോക്കി നിൽക്കേ
അറ്റ്ലാന്റിക്കിനു മേലേക്കൂടി
ശാന്തസമുദ്രത്തിന്റെ
പ്രശാന്തിയിലേക്ക്,
ബെർമൂഡയുടെ  
കാണാക്കയത്തിൽ നിന്നും
ചാവുകടലിന്റെ
ലവണഗാഢതയിലേക്ക്...

വറചട്ടി കാത്തിരിക്കുന്ന
മത്സ്യങ്ങൾ  
നിറഞ്ഞ കുളങ്ങൾ കിനാവ് കാണുന്നു
വിശന്നിരിക്കുന്ന കൊറ്റി
ഉച്ചവെയിൽ പൂത്ത ആകാശത്തേക്ക്
ചിറകുവിരിക്കുന്നു.
അന്നേരം  
കുട്ടികൾ
ആദ്യമായി
സാരോപദേശ കഥകൾ
വായിക്കുന്നു.