Sunday, April 21, 2019

ചരമപേജ്

ചരമപേജ് 
ജീവൻ നഷ്ടപ്പെട്ട
ഒരു മഴവില്ലുപോലെയാണ്,
നിറങ്ങൾ വാർന്നൊഴിഞ്ഞ് 
ചാരനിറം പൂണ്ട്...
പിൻകഴുത്തിൽ ആഴ്ന്നിറങ്ങിയ
കത്തിയുടെ ചുംബനത്തിൽ വീണവൻ,
നെഞ്ചകം പിളർന്ന
സ്നേഹം വാരിപ്പുണർന്നവൻ.
തളം കെട്ടിയ ചോരയിൽ
ഒരാൾ കിടന്നുറങ്ങുന്നുണ്ട്
ഒന്നാം പേജിലേക്ക്
ഉയിർത്തെഴുന്നേൽക്കാനായി.
പ്രണയത്തിന്റെ മൂർച്ചയിൽ
നിദ്രയിലേക്ക് മുങ്ങാംകുഴിയിട്ടവൻ
ഒന്നരയിഞ്ചു ചരമക്കോളത്തിന്റെ
ഒരു മൂലയിലെവിടെയോ..
കരഞ്ഞു വീർത്ത കണ്ണുമായി 
വിഷം വിഴുങ്ങിയവൾ
നിറചിരിയുമായി
മറ്റൊരിടത്ത്.
ഇരുളിന്റെ വാതിൽ തുറന്ന്
തീവണ്ടിപ്പാളത്തിലേക്കു നടന്നവൻ
ഒരു ഓർമ്മയുടെ ബാക്കിപത്രം പോലെ.
വണ്ടിക്കടിപ്പെട്ടു യാത്രയായ ചങ്ങാതിയെ
ചരമക്കോളത്തിൽ പോലും ഞാൻ വായിച്ചില്ല.
പക്ഷെ ഒറ്റ സെൽഫിയിൽ
കൊക്കയിൽ വീണവന്റെ
ജീവിത യാത്ര വിവരണം
ഞാൻ വായിച്ചെടുത്തിട്ടുണ്ട്,
ചരമവാർത്തക്കും മുന്നേ. 
പക്ഷെ, ഇനിയുമുണ്ടേറെ
വായിക്കാൻ ബാക്കി
മൃത്യുവിന്റെ
സുവിശേഷ പുസ്തകത്തിൽ
മഴവില്ലൊളിപ്പിച്ചു വെച്ച
മയിൽപീലിപോലെ.  

തിരുപ്പിറവി

കാലത്തിന്റെ പെരുവഴിയിൽ
ബാക്കിയായ ഒരു കുരിശുണ്ട്
ചിതലരിച്ച്... ഒടിഞ്ഞുതൂങ്ങി...
ഏകാന്തതയിലേക്കു
ഉയിർത്തെഴുന്നേൽക്കുമ്പോളെല്ലാം
തറക്കാറുണ്ട് ഞാൻ
തിരിച്ചെന്നെ
വീണ്ടും ആരും
ഒറ്റിക്കൊടുക്കാതിരിക്കാൻ.
കാത്തുനില്ക്കാറുണ്ട് ഞാൻ 
ഉച്ചവെയിൽ പൂത്ത കുന്നിൻചെരിവിൽ
നിലച്ച ഘടികാരത്തിന്റെ സൂചിപോലെ
കാലത്തെ നിശ്ചലമാക്കി.
തീരില്ലല്ലോ നിന്റെ ദാഹം
എന്റെ ചഷകത്തിലെ
ചോരകൊണ്ട്.
വീതിച്ചുതരാൻ ബാക്കിയില്ല
കഴുകൻ തിന്നു തീർത്ത
മാംസത്തിന്റെ ബാക്കി.
ഉറഞ്ഞു കിടപ്പുണ്ട്
കാല്കീഴിൽ
വിലാപത്താൽ കാൽ കഴുകിയവളുടെ
കണ്ണീർ,
ആലിംഗനം ചെയ്ത
വെള്ളിനാണയങ്ങൾ,
കൈപ്പത്തിയിൽ കിനിയുന്ന ചോര
കയറാൻ ഇനിയുമുണ്ട്
കുരിശുമലകൾ
ഉടലില്ലാതെ ... ഉയിരില്ലാതെ.
കാത്തുകിടപ്പുണ്ടൊരു ഭ്രൂണം
ഒരു തുള്ളി മിടിപ്പുമായി,
ആകാശവീഥിയിലെവിടെയോ
നെഞ്ചിൽ തറച്ച ആണിയുമായി,
തിരുപ്പിറവിക്കായി...