Thursday, March 21, 2019

നമ്മൾ....


അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ 
തകർന്ന കോട്ടയിലേക്കുള്ള 
മഞ്ഞുറഞ്ഞ പടികളെ കുറിച്ചല്ലാതെ 
പീരങ്കിത്തുളയിലൂടെ കാണുന്ന 
കടലിന്റെ നിശ്ശബ്ദതയെ കുറിച്ചല്ലാതെ...
ഏകാകിയായ 
തോണിക്കാരനെ കുറിച്ചല്ലാതെ...
അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ
ഋതുക്കളിൽ നിന്നും 
ഋതുക്കളിലേക്കു പറക്കുന്ന 
ആകാശക്കീറിലെ 
ദേശാടനക്കിളികളെ കുറിച്ചല്ലാതെ 
കള്ളിമുൾച്ചെടികളിലെ 
ഉറുമ്പിന്കൂടുകളെ കുറിച്ചല്ലാതെ... 

അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ 
മങ്ങൂഴത്തിലെ ഏകാന്തമായ 
മഞ്ഞപ്പിനെ കുറിച്ചല്ലാതെ 
വനന്തരത്തിന്റെ ഇരുളിൽ 
പെയ്യാൻ മറന്ന 
നിലാവിനെ കുറിച്ചല്ലാതെ 
സൂര്യനുദിക്കാത്ത 
പുൽക്കൊടിയെ കുറിച്ചല്ലാതെ 
വഴിയിൽ വീണവന്റെ 
ചോരയെകുറിച്ചല്ലാതെ 
ഒഴുക്കുവറ്റിയ 
നദികളെ കുറിച്ചല്ലാതെ.
മണൽപ്പരപ്പിന്റെ സംഗീതത്തെ കുറിച്ചല്ലാതെ 

അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ
കത്താൻ മറന്ന 
വഴിവിളക്കുകളെ കുറിച്ചല്ലാതെ 
ഇരുളിൽ വഴി കാണിച്ച 
പൊട്ടിച്ചൂട്ടുകളെ കുറിച്ചല്ലാതെ 
ഉരുകിത്തീർന്ന 
മെഴുതിരികളെ കുറിച്ചല്ലാതെ 

അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ
ചിതറിത്തെറിച്ച 
ഓർമ്മകളെ കുറിച്ചല്ലാതെ 
പറയാൻ മറന്ന 
മറവികളെ കുറിച്ചല്ലാതെ 
പറക്കമുറ്റാത്ത 
വാക്കുകളെ കുറിച്ചല്ലാതെ.
നമ്മളെ കുറിച്ചല്ലാതെ

ഏകാന്തതയുടെ ഡയറിക്കുറിപ്പിൽ നിന്നും


അങ്ങനെയൊരു ഡയറിക്കുറിപ്പ് 
എഴുതിയിട്ടേ ഇല്ല എന്നല്ലേ
നീ  ആവർത്തിച്ചു പറഞ്ഞത്?
ഏകാന്തതയെ പുസ്തകത്താളിലേക്കു 
പരിഭാഷപ്പെടുത്താനാവില്ലെന്ന് 
മൗനത്തിന്റെ ഛായാപടം 
വരച്ചെടുക്കാനാവില്ലെന്ന്...
എന്നിട്ടും നീ 
അങ്ങനെയൊരു ഡയറിക്കുറിപ്പെഴുതി; 
എഴുതിയില്ലെന്നു പറഞ്ഞുകൊണ്ടുതന്നെ.
മൗനം നുരയുന്ന ഏകാന്ത ചഷകം.
ഏകാന്തതയുടെ ഡയറിക്കുറിപ്പുകളിൽ 
ചോരപ്പാടുകളില്ലെന്നു നീ... 
ഉള്ളതെല്ലാം 
അകക്കാമ്പിലെ വിങ്ങലുകൾ മാത്രം
അത് നിറയെ 
നിന്റെ തന്നെ ചോരയായിരുന്നല്ലോ.
എന്നിട്ടും നീ ആണയിട്ടു 
അങ്ങനെയൊരു ഡയറിക്കുറിപ്പ് 
എഴുതിയിട്ടേ ഇല്ലെന്ന്.
മുൾകിരീടത്തിൽ  
തിളങ്ങുന്ന നെറ്റിത്തടം 
രക്തനദി...
മല കയറുന്ന വേദന.
എഴുതിയില്ലെന്നു നീ പറഞ്ഞ 
ഡയറിക്കുറിപ്പിൽ നിന്നു തന്നെയാണ്  
നിന്റെ മൗനങ്ങൾ ഞാൻ വായിച്ചെടുത്തത്‌ 
ആ കുറിപ്പുകളിൽ നിന്നാണ് 
നീ എന്നെ 
വേനലിലേക്കു ബഹിഷ്‌കൃതനാക്കിയത് 
എന്നിട്ടും 
ഇരുളിൽ ഞാൻ വായിച്ചു തീർക്കുന്നത് 
എഴുതിയില്ലെന്നു നീ പറഞ്ഞ 
ഡയറിക്കുറിപ്പുകൾ തന്നെയാണ് 
പിടിതരാത്ത വെളിച്ചത്തെയാണ് 
നിന്നെത്തന്നെയാണ് ...