Monday, August 14, 2017

മോക്ഷം പ്രാപിച്ച കുട്ടി

മോക്ഷം പ്രാപിച്ച  കുട്ടി 
ഇന്ത്യ എന്റെ രാജ്യമാണെന്ന് 
സ്കൂൾ സാഹിത്യ സമാജത്തിൽ 
പ്രസംഗിച്ചിരുന്നു 
സമ്മാനം കിട്ടിയ കുഞ്ഞു ട്രോഫി 
കളിപ്പാട്ടങ്ങൾക്കൊപ്പം 
ആകാശംകാണാത്ത  
അലമാരിയിൽ ഒളിച്ചിരുന്നു.
കുങ്കുമ റിബ്ബണിൽ 
ഹെയർപിന്നിൽ തിളങ്ങിയ വെള്ളയിൽ, നീലയിൽ 
എല്ലാം അവൾ ദേശത്തിന്റെ നിറം കണ്ടു. 
മോക്ഷം പ്രാപിച്ച  കുട്ടി 
മാതൃഭാഷയെ കുറിച്ച് ചെയ്ത പ്രസംഗത്തിൽ 
അച്ഛനും അമ്മക്കുമൊപ്പം 
തന്റെ ദേശത്തിൻറെ നാഥനെയും ഓർത്തിരുന്നു. 
അയാൾ അവൾക്കു ദൈവം തന്നെയായിരുന്നു.
ഉച്ചക്കഞ്ഞിയുടെ രൂപത്തിൽ, 
യൂണിഫോമിന്റെ രൂപത്തിൽ.  
ദൈവം അവളോട് കൂട്ടുകൂടി, 
അവളുടെ വെള്ളാരംകണ്ണുകളിൽ 
ചിരി പടർത്തി . 
അനാഥമായ 
ആശുപത്രി വരാന്തയിൽ 
തണുത്തുറഞ്ഞു കിടന്നപ്പോൾ, 
അവളുടെ വെളിച്ചമണഞ്ഞ കണ്ണുകൾ 
ദൈവനാഥനെ തേടി.
എന്നാൽ അവളുടെ ദൈവം 
അവൾക്കരികിലെങ്ങും 
പ്രത്യക്ഷപ്പെട്ടില്ല, 
ജ്വരബാധയിൽ പിടക്കുന്ന പ്രാണനെ കണ്ടില്ല, 
ജീവവായു കിട്ടാതെ 
അവൾ പിടഞ്ഞപ്പോൾ, 
വെളുത്ത മാലാഖമാർ
അവളെ തേടിവന്നില്ല. 
എന്റെ ദൈവമേ എന്ന വിളി 
പേടിപ്പെടുത്തുന്ന ഇരുളിൽ അലയടിച്ചു. 
മോക്ഷം പ്രാപിച്ച  കുട്ടിയെ 
സൈക്കിൾ റിക്ഷയുടെ തട്ടിൽ 
ഇറക്കി കിടത്തുമ്പോൾ 
അവൾ അനാഥയായിരുന്നു, 
ഗോതമ്പുപാടങ്ങളിൽ 
മോക്ഷം തേടിയലഞ്ഞ 
ആയിരക്കണക്കിന് 
അനാഥരിൽ ഒരുവൾ. 
അവളുടെ ദൈവത്തിനും
അവർ അജ്ഞാതരായിരുന്നു... 
മോക്ഷം പ്രാപിച്ച  കുട്ടികൾ 
മോക്ഷം പ്രാപിക്കാത്ത  ആത്മാക്കളായി 
എനിക്കും നിനക്കുമിടയിൽ... 
നമ്മുടെ ഗോതമ്പുപാടങ്ങൾ 
ഇപ്പോൾ 
വരണ്ടുണങ്ങിയിരിക്കുന്നു....

Friday, February 10, 2017

സര്‍പ്പം





പ്രണയത്തിന്‍റെ സര്‍പ്പദംശനത്തെപ്പറ്റി
നീ വാചാലയായി 
സിരകളിലൂടെ നീലിമപടര്‍ത്തി
ഒഴുകുന്ന പുഴയെക്കുറിച്ച്...
ഇരുളിനെ മോഹിച്ച
മാലാഖമാരെക്കുറിച്ച്...

ആത്ഹത്യയിലേക്ക്
ചിറകു വിരിച്ച കിളികള്‍
ഏതു പ്രകാശവീചിയാണ്
മോഹിച്ചത്?
ഏതു വേടന്‍റെ
അസ്ത്രമാണ്
ആകാശത്തിന്‍റെ
നെഞ്ചകം പിളര്‍ന്നത്?

ഒരാര്‍ത്തനാദത്തോടെ
ഭൂമി പിളരുമ്പോള്‍
നമ്മള്‍ പൂത്തുലയുമെന്ന് നീ
തരിശുഭൂമിയില്‍ ഒരു വൃക്ഷം
തോടിനുള്ളില്‍നിന്നും
പ്രപഞ്ചത്തിലേക്ക്
കൊക്കുനീട്ടുന്ന
പക്ഷിക്കുഞ്ഞ്.

പ്രണയം വിരിയിച്ച
ഓര്‍മ്മകള്‍ തുഴയുമ്പോള്‍
നിന്‍റെ കണ്ണുകളില്‍
നക്ഷത്രത്തിളക്കം.

കാലത്തിന്‍റെ നിശ്ചലതയില്‍
വിസ്മൃതികള്‍ക്കുമേല്‍
നീ അടയിരുന്നു
നിന്‍റെ സുഷുപ്തിയുടെ ഇരുളില്‍
മരുഭൂമികള്‍ തേടി
ഒരു സര്‍പ്പക്കുഞ്ഞ്
ഇഴഞ്ഞുനീങ്ങി.