പി സുധാകരന്‍
പത്മിനിയെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം, അറിയാതെയാണെങ്കിലും ജന്മദേശത്തിലേക്ക് ചുരുങ്ങിപ്പോയി എന്ന് പറയാതെ വയ്യ. അവരുടെ മദിരാശി ജീവിതം പോലും ഒരുതരത്തില്‍ കാടഞ്ചേരിയിലെ ബാല്യകൗമാരങ്ങളുടെ ഒരു തുടര്‍ച്ചയെന്നോണമാണ് നമ്മള്‍ നോക്കിക്കണ്ടത്. ഒരു പക്ഷെ ഇതിന് കാരണം മെയ് മാസത്തിലുടക്കിപ്പോയ അവരുടെ ജീവിതത്തെ മറ്റു പല കാര്യങ്ങളിലുമെന്നപോലെ സാഹിത്യാധിഷ്ഠിതമായി മലയാളി വായിക്കാന്‍ ശ്രമിച്ചു എന്നതാണ്. പത്മിനിയുടെ മരണശേഷം എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ കവി ഇടശ്ശേരി തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. സാഹിത്യം പോലെ മലയാളിക്ക് ചിത്രകല പരിചിതമല്ലെന്ന് മാത്രമല്ല അത് ഒട്ടും അഭിമതവുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഒരു കുട്ടി സാഹിത്യരചനക്കൊരുങ്ങുമ്പോള്‍ പണ്ടത്തെപ്പോലെ രക്ഷിതാക്കള്‍ ശാസിക്കാറില്ല, എന്നാല്‍ പത്മിനിയുടെ കൗമാരകാലത്ത് പോലും മുതിര്‍ന്നവരുടെ കണ്ണില്‍ ചിത്രരചന സമയംകൊല്ലിയായ ഒരു പാഴ്‌വേലയായിരുന്നു. വരകൊണ്ട് നശിച്ച് പോകും എന്ന് വീട്ടുകാര്‍ കരുതിയ പെണ്‍കുട്ടിയെ വലിയ സാധ്യതകളുടെ ചക്രവാളങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും സഹായിച്ചത് അവരുടെ അമ്മാവന്‍ ടി.കെ.ദിവാകരന്‍ തന്നെയാണ്.
ലോകം മുഴുവനും മാറുമ്പോഴും മാറാതെ നിന്ന നായര്‍ തറവാടുകളുടെ എല്ലാ പരാധീനതയും പേറിയ ഒരു കുടുംബമായിരുന്നു പത്മിനിയുടേതും. പാരമ്പര്യമെന്നും പൈതൃകമെന്നും അവര്‍ കരുതിയതിനെ ചോദ്യം ചെയ്യുന്ന എല്ലാ നിലപാടുകളേയും സദാചാരവിരുദ്ധമെന്ന് മുദ്രകുത്തി പടിക്കുപുറത്താക്കുന്ന കുലമഹിമയുടെ എല്ലാ പ്രശ്‌നങ്ങളും കൗമാരത്തിലെ നേരിട്ടാണ് പത്മിനി എന്ന വ്യക്തിയും കലാകാരിയും വളര്‍ന്നത്. അതുകൊണ്ട് തന്നെ സ്ത്രീ അവളുടെ ശരീരം കാമനകള്‍ ഇതെല്ലാം വരയിലൂടെ ആവിഷ്‌ക്കരിച്ചപ്പോള്‍ അവര്‍ക്ക് കുപ്രസിദ്ധിയാണ് കുടുംബത്ത് കൈവന്നത് എന്നതില്‍ ഒട്ടും അത്ഭുതം തോന്നേണ്ടതില്ല.
പത്മിനി ചിത്രങ്ങള്‍ തന്റെ ബാല്യ കൗമാരങ്ങളില്‍ മനസ്സില്‍ പതിഞ്ഞ ഭൂമികയിലാണ് നിലനിന്നതെങ്കിലും അവക്ക് ഒരു സ്ത്രീപക്ഷ സാമൂഹ്യ രാഷ്ട്രീയ നിലപാടുണ്ട്. അവ നല്ലൊരു പരിധിവരെ പരുക്കന്‍ മട്ടിലുള്ളതാണ് താനും. അവരുടെ ചിത്രങ്ങള്‍ മറ്റ് സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതും ഈ രാഷ്ട്രീയം കൊണ്ടു തന്നെയാണ്. പത്മിനിയെക്കുറിച്ച് പറയുമ്പോഴെല്ലാം തന്നെ നമ്മള്‍ വരക്കുന്ന കാഴ്ച്ചയുടെ നേര്‍വര നേരെ ചെന്നെത്തുന്നത് അമൃതാ ഷെര്‍ഗിള്‍ എന്ന നാഴികക്കല്ലിലേക്കാണ്. ഒരു സ്ത്രീയെന്ന നിലയില്‍ പദ്മിനിക്കു മുന്‍പ് കലാകാരി പട്ടം നേടിയെടുക്കാനായ ഒരേയൊരു വ്യക്തി അവരായിരുന്നു എന്നതാണ് ഇതിനു കാരണം. പക്ഷെ ഒരു കലാകാരിയെ മറ്റൊരു കലാകാരിയുമായി മാത്രമേ താരതമ്യം ചെയ്യാവു എന്നുണ്ടോ? ഗോഗിനും റെംബ്രാന്‍ഡുമെല്ലാം അവരുടെ ഇരുണ്ട വര്‍ണ്ണങ്ങള്‍ കൊണ്ട് പദ്മിനിയുടെ സര്‍ഗജീവിതത്തെ പ്രകോപിപ്പിച്ചിരുന്നിരിക്കാം. പക്ഷെ എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമായിരുന്നു അവരുടെ സമീപനം; അതിനു മറ്റു സമാന്തരങ്ങള്‍ ഇല്ലായിരുന്നു താനും.
പദ്മിനി ഉപയോഗിച്ച വർണ്ണങ്ങൾ, അവർ നിഴലും വെളിച്ചവും ഉപയോഗിച്ച രീതി, അവർ തന്റെ കാലത്തെയും സമൂഹത്തെയും തന്റെ ചിത്രങ്ങളിലൂടെ എങ്ങിനെ രേഖപ്പെടുത്തി എന്നത്, അവയിൽ നിറഞ്ഞുനിൽക്കുന്ന വിഷാദം ഇതെല്ലാം സാഹിത്യത്തെ മാറ്റിനിർത്തി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രകലയില്‍ വളരെ പ്രൊഫഷണല്‍ ആയിത്തന്നെ സജീവമായപ്പോഴും പത്മിനിയുടെ മനസ്സില്‍ തന്റെ നാട്ടിന്‍പുറം ഒരു ദൃശ്യനുഭവമായി നിലനിന്നത് അതിന്റെ കാല്പനിക തലത്തില്‍ ആയിരുന്നില്ല, അതിനുമപ്പുറം ആഴത്തില്‍ പതിഞ്ഞ ബിംബങ്ങള്‍ എന്ന നിലക്കായിരുന്നു. എല്ലാവരും പറയുന്നത് കേൾക്കുകയും എന്നാൽ സ്വന്തം നിലയിൽ മാത്രം വരയ്ക്കുകയും ചെയ്ത ചിത്രകാരിയായിരുന്നു പത്മിനി എന്ന് കോളേജിൽ അവരോടൊപ്പം പഠിച്ചവർ പറയാറുണ്ട്. മറ്റാർക്കും അത്ര എളുപ്പത്തിൽ പകർത്താനാവാത്ത ഒരു വഴി അവർ വെട്ടിയിരുന്നു. പക്ഷെ പത്മിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മിക്കതും പുരുഷന്മാര്‍ അടക്കിവാഴുന്ന കലാരംഗത്തേയ്ക്ക് പടപൊരുതി കടന്നുവന്ന്, ഒരു കൊള്ളിയാന്‍പോലെ മിന്നി അസ്തമിച്ച സ്ത്രീ എന്നതിനപ്പുറം പോയില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പത്മിനി ഇനിയും വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
ചിത്രകലാ ലോകത്തിന്റെ മായികതയില്‍ അഭിരമിക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത പത്മിനി ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് താരതമ്യം ചെയ്യപ്പെട്ടേക്കുക കെ ജി സുബ്രമണ്യനെപ്പോലെ ഒരു മഹാമേരുവിനോടായിരിക്കും. കെജിഎസ്സിനെ പോലെ തന്നെ ഒരു തരത്തില്‍ ദ്രാവിഡിന്‍ സ്വഭാവ വിശേഷങ്ങള്‍ പത്മിനിയിലും കാണാം. അദ്ദേഹത്തെ പോലെ തന്നെ വരയായിരുന്നു പത്മിനി ചിത്രങ്ങളുടെയും അടിസ്ഥാനം.
തീര്‍ത്തും വ്യത്യസ്തമായ ഒരു സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടിലാണ് പത്മിനിയുടെ കലാപ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഒരു തരത്തില്‍ വിശാലമായൊരു ഇടതു ദര്‍ശനം പത്മിനിയെ സ്വാധീനിച്ചിരിക്കാം എന്നു തോന്നുന്നു. പക്ഷെ ഒന്നും തന്നെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കരുത് എന്ന നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ടായിരുന്നു. ഗുരുക്കന്മാരില്‍ നിന്നും വേണ്ടതെല്ലാം ഉള്‍ക്കൊള്ളുകയും എന്നാല്‍ അവരില്‍ നിന്നും അടുത്തപടിയിലേക്ക് കടന്ന് സ്വന്തമായൊരു അസ്ഥിത്വം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. കെ.ജി.എസ് പറഞ്ഞതുപോലെ സ്വന്തം കാലുറപ്പിക്കാന്‍ പാകമാവും വിധം ഉള്ള ഒരു അസ്ഥിത്വം കലാരംഗത്ത് രൂപപ്പെടുത്തിയെടുക്കുക തന്നെയായിരുന്നു അവരുടെ ലക്ഷ്യം.
പത്മിനിക്കൊപ്പം മദിരാശിയില്‍ പഠിച്ച പലരും അബ്‌സ്ട്രാക്ഷനിലേക്കും താന്ത്രിക് രീതികളിലേക്കും കുടിയേറിയപ്പോള്‍ ഇതിനെയെല്ലാം ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനാണ് പത്മിനി ശ്രമിച്ചത്. പ്രതീകങ്ങളുടെ പിന്‍ബലമില്ലാതെ തീര്‍ത്തും തന്റെതായ രീതിയില്‍ ഒരു ഭാഷയും ശൈലിയും രൂപപ്പെടുത്തിയെടുക്കാനാണ് പത്മിനി എന്നും ശ്രമിച്ചത്. അപൂര്‍വ്വമായി കടന്നുവരുന്ന സര്‍പ്പരൂപങ്ങളൊ പൂച്ചകളൊ ഒരു മെറ്റഫറിന്റെ രൂപത്തിലല്ല മറിച്ച് മൊത്തം കോമ്പോസിഷന്റെ ജൈവീകമായ ഭാവമായാണ് കടന്നുവന്നത്. താന്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്നുതന്നെയായിരുന്നു പത്മിനി തന്റെ കോമ്പോസിഷനുകളുടെ നാരായവേരുകള്‍ കണ്ടെത്തിയത്.
അറുപതുകളുടെ തുടക്കത്തില്‍ തന്നെ മദിരാശിയിലെ ചിത്രകലാരംഗത്ത് ഒരു സജീവ സാന്നിധ്യമാവാന്‍ പത്മിനിക്കായെങ്കിലും സ്വന്തം നാട്ടില്‍ പ്രത്യേകിച്ചും സ്വന്തം വീട്ടില്‍ അവര്‍ക്കുണ്ടായിരുന്നത് ദുഷ്‌ക്കീര്‍ത്തി മാത്രം എന്നത് ഒരു വൈരുദ്ധ്യമാണ്. എന്നാല്‍ ശരീരമെന്നതിനപ്പുറം സ്ത്രീക്ക് വലിയ അസ്ഥിത്വമൊന്നും കല്പിച്ചു കൊടുക്കാത്ത ശിഥിലമായ ഫ്യൂഡലിസത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന ഒരു കാലത്താണ് സ്ത്രീയുടെ നഗ്നത ക്യാന്‍വാസിലവതരിപ്പിക്കാന്‍ പത്മിനി ധൈര്യം കാണിക്കുന്നത്. അത് താന്‍ കേവലമൊരു ശരീരമല്ല എന്ന വെളിപ്പെടുത്തലായിരുന്നു. അവനവന്റെ നഗ്നതപോലും ചായക്കൂട്ടില്‍ നിറക്കാന്‍ പത്മിനിക്ക് ഭയമില്ലായിരുന്നു. നഗ്നത ഒരു പ്രഖ്യാപനമാണ്. രതി, ഊര്‍വ്വരത എന്നീ ഭാവങ്ങളെല്ലാം ഒട്ടും കാല്പനികമല്ലാതെയായിരുന്നു പത്മിനി ആവിഷ്‌ക്കരിച്ചത്. ലൈംഗികതയുടെ നിറച്ചാര്‍ത്തുകളില്ലാതെ സ്ത്രീരൂപത്തെ, ഇടക്കാണെങ്കിലും പുരുഷരൂപത്തെയും പത്മിനി അവതരിപ്പിച്ചു. ഈ കോമ്പോസിഷനുകളിലെല്ലാം ലൈംഗികത തീര്‍ത്തും ജൈവികമായ ഒരു ഭാവം മാത്രമാണ്. ഒന്നിലേറെ രൂപങ്ങള്‍, ചിലപ്പോഴെല്ലാം പുരുഷന്മാരുമായി ചേര്‍ന്നു കൊണ്ടുതന്നെ അവതരിപ്പിക്കപ്പെടുമ്പോഴും അവയില്‍ രതിഭാവത്തെക്കാളധികം നിറഞ്ഞുനിന്നത് കൊടിയ ഏകാന്തതയാണ്.
ആദ്യകാലത്ത് പത്മിനിയുടെ ഇരുണ്ടരൂപങ്ങള്‍ക്ക് ഗോഗിന്റെ ചിത്രങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും പിന്നീടവര്‍ അതിനെ മറികടക്കുകയും സ്വന്തമായൊരു ഇരുള്‍ സൃഷ്ടിക്കുകയും ചെയ്തു. ആ ഇരുള്‍ പക്ഷെ റംബ്രാന്റോ ഗോഗിനോ സൃഷ്ടിച്ച ഇരുളല്ല. സൂര്യവെളിച്ചം പതിയെ മാത്രം കടന്നുവരുന്ന കേരളത്തിലെ കാവുകളിലെ ഇരുളാണത്, നാട്ടുവഴികളിൽ വീഴുന്ന ഇരുൾ. നീലിമ കലര്‍ന്ന ആ ഇരുള്‍ എന്നത് വെളിച്ചത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. എല്ലാ വെളിച്ചത്തേയും ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ മാത്രം സാന്ദ്രമായ ഗ്രാമ്യമായ ഇരുള്‍. പില്‍ക്കാലത്ത് യൂസഫ് അറയ്ക്കലിന്റെ ചിത്രങ്ങളില്‍ നമ്മള്‍ അനുഭവിച്ചത് തീര്‍ത്തും വ്യത്യസ്തമായ ഒരു ഇരുളാണ്. അകക്കാമ്പിലെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ട നഗരങ്ങളിലെ ചേരികളുടെ ഇരുള്‍. വെളിച്ചം തേടുന്ന മനുഷ്യ ജന്മത്തിന്റെ ഇരുള്‍.
ഈ ഇരുള്‍ പത്മിനിയുടെ ഏകാന്തതയുമായും മരണചിന്തയുമായും ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. പത്മിനിയുടെ ചിത്രങ്ങളെ ആവരണം ചെയ്ത് നില്‍ക്കുന്ന ഏകാന്തതയെക്കുറിച്ച് അവരുടെ ഭര്‍ത്താവും ചിത്രകാരനുമായ കെ.ദാമോദരന്‍ തന്നെയാണ് ഏറ്റവും ആഴത്തില്‍ പ്രതിപാദിച്ചത്. ബിംബങ്ങള്‍ ഏതായാലും ശോകദീപ്തമായൊരു ഏകാന്തതയാണ് എല്ലാത്തിലും നിറഞ്ഞുനിന്നത് എന്നദ്ദേഹം പറയുന്നു.
' ...തുടര്‍ന്നങ്ങോട്ട് വീണ്ടും ഒരു വ്യതിയാനം സംഭവിക്കുകയായി. രൂപനിര്‍മ്മിതിയില്‍ അമൂര്‍ത്തങ്ങളായ രൂപസങ്കല്പങ്ങളുടെ സ്വാധീനം ഇവിടം മുതല്‍ പ്രകടമാവുന്നു. അര്‍ത്ഥദ്യോതകമായ സിമ്പലുകള്‍ ചിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. പിന്നീടുള്ള കുറെ ഏറെ ചിത്രങ്ങളുടെ പശ്ചാത്തലം രാത്രികളാണ്. കാലാതീതത്വം തോന്നിക്കുന്ന രാത്രിയുടെ അഗാധത, നീണ്ടുപോകുന്ന നിഴലുകള്‍ അങ്ങിങ്ങായി പൂക്കള്‍ വിരിയിച്ചു നില്ക്കുന്ന മാമരങ്ങള്‍, ചെന്തീകൊണ്ട് പ്രകാശിതമായ പാമ്പിന്‍കാവുകള്‍, ഓണക്കാലവും തിരുവാതിരയും അനുഗ്രഹിച്ച നാട്ടിന്‍ പുറങ്ങള്‍, പ്രേമത്തില്‍ മയങ്ങിയ കാമിനീകാമുകര്‍ - എല്ലാത്തിനും ഏതോ ശോകമൂകമായൊരു പ്രതിധ്വനിയുള്ളതുപോലെ... പത്മിനി ആസന്നമായ മരണം മുന്നില്‍ കണ്ടിരുന്നുവോ?' അവര്‍ ജീവിച്ചിരിക്കെ തന്നെ അത്തരമൊരു ചിന്ത തന്നെ വേട്ടയാടിയിരുന്നുവെന്ന് ദാമോദരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അതേസമയം പാരിസ്ഥിതികമായ ഒരു ദര്‍ശനം ഈ ഇരുളിന്റെ പിന്നണിയില്‍ കാണാം.. എല്ലായിടത്തും എല്ലായ്‌പ്പോഴും വെളിച്ചം മാത്രം നിറഞ്ഞുനിന്നാല്‍ ഒരു തുള്ളി നിഴല്‍പോലും ബാക്കിയാവില്ല എന്ന തിരിച്ചറിവ് ഈ ചിത്രങ്ങള്‍ മുന്നോട്ട് വെക്കുന്നു. ഇന്ന് പത്മിനിചിത്രങ്ങളെ, അവയിലെ ഇരുളിനെ പുനരവലോകനം ചെയ്യുകയാണെങ്കില്‍ അത് വെളിച്ചത്തില്‍ മാത്രം കുളിച്ചു നില്ക്കുന്ന നഗരവത്ക്കരണത്തെക്കുറിച്ചുള്ള വിമര്‍ശന പാഠങ്ങള്‍ കൂടിയാണെന്ന് നമുക്ക് പറയാനാവും.
തീക്ഷ്ണമായ വെളിച്ചം മാത്രമുള്ള, മാറിവരുന്ന കാലത്ത് കാവുകളുടെ പ്രസക്തിയും ഇതുതന്നെയാണ്. ഇരുണ്ടവര്‍ണ്ണങ്ങളില്‍ അതല്ലെങ്കില്‍ ഇടതൂര്‍ന്ന വരകളില്‍ പത്മിനി വരച്ചിട്ടത് ഈ ചുറ്റുപാടുകളെയാണ്. മറ്റുപല ചിത്രകലാരീതികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരുന്നുവെങ്കിലും അടിസ്ഥാനപരമായി പത്മിനിയുടെ ചിത്രങ്ങള്‍ കേരളീയമായത് ഉള്ളില്‍ നിറഞ്ഞു നിന്ന ഈ ഭൂമികകൊണ്ടു തന്നെയാവാം. ഉത്സവപറമ്പുകളെ വരക്കുമ്പോള്‍ പോലും അവയില്‍ എവിടെയോ ഒരു നിശ്ശബ്ദതയുടെ തുരുത്താണ് പത്മിനി കണ്ടെത്തിയത്. കാലത്തില്‍ ഉറഞ്ഞുപോയ മനുഷ്യരായിരുന്നു ആ കലാകാരിക്ക് ചുറ്റും.
പത്മിനി ആവിഷ്‌ക്കരിച്ച പ്രകൃതി ഒരു നല്ല നേര്‍ക്കാഴ്ച്ചയല്ലെന്ന് പി.സുരേന്ദ്രന്‍ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. വര്‍ണ്ണത്തെക്കാളധികം രേഖകള്‍ക്ക് പ്രാധാന്യം നല്‍കിയ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ ദുരൂഹമായൊരു സ്ഥലരാശിയാണെന്ന് അദ്ദേഹം പറയുന്നു.
പല ചിത്രങ്ങളിലും കുഞ്ഞുങ്ങളുടെ സാന്നിധ്യം തെളിഞ്ഞുനില്ക്കുമ്പോഴും മനസ്സില്‍ ഒരു കുഞ്ഞിനെ കൊണ്ടു നടന്ന പത്മിനിയുടെ ചിത്രങ്ങളിലെ കുട്ടികള്‍ ശൈശവത്തിന്റെ നിഷ്‌കളങ്കരൂപങ്ങളായല്ല പ്രത്യക്ഷപ്പെടുന്നത് എന്നകാര്യം വിചിത്രമായി തോന്നാം. അമ്മമാരുടെ കൈകളിലൊതുങ്ങാത്ത ഈ കുഞ്ഞുങ്ങള്‍ സ്വതന്ത്രമായ ഒരുലോകം കാംക്ഷിച്ചവരായിരിക്കാം. എന്നാല്‍ ഏറ്റവും അവസാനം വരച്ച പട്ടം പറത്തുന്ന പെണ്‍കുട്ടിയിലെത്തുമ്പോള്‍ നിഷ്‌കളങ്കതയില്‍ നിന്നും അനുഭവങ്ങളിലേക്കുള്ള പ്രയാണത്തില്‍ പത്മിനി ചിത്രം ഒരുതരം അബ്‌സ്ട്രാക്ഷന്റെ സ്വഭാവവിശേഷത്തിലേക്ക് നടന്നടുക്കുന്നത് കാണാം. പട്ടംപറത്തുന്ന കുട്ടിയേക്കാള്‍ ആകാശത്തേക്ക് കുതിക്കുന്ന പട്ടത്തിനും സന്ധ്യാംബരത്തിന്റെ ചുവപ്പിനും പ്രാമുഖ്യം കൈവരുന്നു. ഗര്‍ഭപാത്രത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ കുരുക്കുമ്പോള്‍ പത്മിനി തന്റെ ഉള്ളില്‍ തളം കെട്ടിനിന്ന ഇരുളില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചിരിക്കാം എന്ന് ഈ ചിത്രം വിളിച്ചോതുന്നു. പക്ഷെ ആ സ്വപ്‌നം ഒരു മായക്കാഴ്ച്ച മാത്രമായി എന്നതായിരുന്നു മെയ് മാസം ഗ്രഹിച്ച പത്മിനിയുടെ ദുരന്തം. പിന്നെ അവരെ കുറിച്ചുള്ള ഓർമ്മകളും മെയ് മാസത്തിൽ ഉടക്കിനിന്നു. അവരെ കുറിച്ച് വന്ന പുസ്തകങ്ങളിൽ മിക്കതിലും ഇത് കാണാം.
നമ്മള്‍ ഇന്ന് പറയുന്ന തരത്തിലുള്ള ഒരു ഫെമിനിസ്റ്റ് ദര്‍ശനമല്ല പത്മിനിയുടേത്. അതെ സമയം സ്‌ത്രൈണ ഭാവത്തില്‍ മാത്രം അഭിരമിക്കുന്നതുമല്ല അവ. ലിംഗവ്യതാസത്തെ കലയിലൂടെ മറികടക്കാനാഗ്രഹിക്കുകയും തന്റെ നാടിനെ ഉള്ളിലില്‍ നിറക്കുമ്പോഴും ഗൃഹാതുരതയിലേക്കു ചുരുങ്ങി പോകാതിരിക്കുകയും ചെയ്ത ഒരു മനസ്സായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെയാണ് പത്മിനിയെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം സ്ത്രീ എന്ന ബ്രാക്കറ്റില്‍ ഒതുക്കി കാടഞ്ചേരി എന്ന സ്ഥലത്തേക്ക് മാത്രമായി ചുരുക്കുന്നത് കലാകാരി എന്ന നിലയില്‍ അവരോടുള്ള നീതികേടായി മാറുന്നത്. ജീവചരിത്രത്തിന്റെ കാല്പനികമായ ചുറ്റുപാടില്‍ നിന്നും മാറ്റി നിര്‍ത്തി പത്മിനി ചിത്രങ്ങളെ പുതിയൊരു തലത്തില്‍ വായിച്ചെടുക്കാന്‍ സമയമായിരിക്കുന്നു; അവരുടെ ജീവിതത്തെ സാഹിത്യത്തില്‍ നിന്നും മോചിപ്പിക്കാനും. ഇനി വേണ്ടത് പത്മിനിയെ അവരുടെ ജീവചരിത്രത്തില്‍ നിന്നും മോചിപ്പിക്കുകയാണ്.