Tuesday, July 16, 2024

അമ്മ പെയ്യുമ്പോൾ


ഇത്തവണയും സുജാതച്ചേച്ചി (ഏടത്തിയമ്മ) പറഞ്ഞത് മഴക്കാലത്തിന്റെ സംഗീതമുള്ള ഞങ്ങളുടെ പഴയവീടിനെ കുറിച്ചായിരുന്നു, ആദ്യത്തെ ഇടി വെട്ടുമ്പോഴേക്കും തട്ടിൻപുറത്തുനിന്നും താഴെ ഇറങ്ങിവരുന്ന ഏട്ടൻ എന്നും അതിനെ കുറിച്ച് ഓർത്തെടുക്കാറുള്ള കാര്യങ്ങളും. കഴിഞ്ഞ കുറച്ച് കാലമായി ഇതേ ഓർമ്മയാണ് എന്നിലും നിറയുന്നത്. ഇറവെള്ളത്തിൽ ഞങ്ങൾ കുട്ടികൾ (ചിലപ്പോൾ മുതിർന്നവരും) കുളിയ്ക്കാറുള്ള വീട്. എട്ടുപത്ത് അംഗങ്ങൾ ഉള്ള വീട്, ചെറുതെങ്കിലും അഞ്ചാറ് മുറികളുള്ള, ആർക്കും വലിയ സ്വകാര്യതയൊന്നുമില്ലാത്ത, എന്നാൽ ആരുടെ സ്വകാര്യതയും ഹനിയ്ക്കാത്ത ഒരിടം. എന്നും ശബ്ദമുഖരിതമായ വീട്. ഓടിട്ട ആ ഇരുനില വീട്ടിൽ ആരും ഒറ്റയ്ക്ക് ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരും ഒറ്റപ്പെടുന്നതും. ആരെയും ഉച്ചമയക്കത്തിന് അനുവദിയ്ക്കാതെ ഞങ്ങൾ തായം കളിയ്ക്കും. ഏകദേശം കോളേജുപഠനം തീരുംവരെയ്ക്കും ഇത് അങ്ങിനെയൊക്കെത്തന്നെ ആയിരുന്നു. വൈകുന്നേരമായാൽ ചന്തക്കുന്നിലെ ഞങ്ങളുടെ കൂട്ടുകാരൊക്കെ അവിടെ ഉണ്ടാവും. സന്ധ്യ മയങ്ങിയാൽ അച്ഛൻ മുറ്റത്തൊരു ചാരുകസേരയിട്ട് ഇരിയ്ക്കും, പിന്നെ എല്ലാവരും വലിയ ചർച്ചയാണ് - സാഹിത്യവും സംഗീതവും രാഷ്ട്രീയവുമെല്ലാം. പലപ്പോഴും അത് ഞങ്ങൾ മക്കളും അച്ഛനും തമ്മിലുള്ള യുദ്ധത്തിലാണ് അവസാനിയ്ക്കുക. ഒരുപക്ഷെ അത്തരം സംവാദങ്ങൾകൂടിയാണ് ഞങ്ങളെ വളർത്തിയത്, ഉണർത്തിയത്. കൂട്ടുകുടുംബങ്ങളുടെ മരണമാണോ കേരളത്തിൽ ഡിപ്രെഷൻ കൂടാൻ ഒരു കാരണം? നമ്മളിൽ പലർക്കും ഉള്ളുതുറക്കാൻ ഇന്ന് എത്രപേരുണ്ട്? അറിയില്ല.
കുടുംബത്തിനായി സ്വന്തം ജീവിതവസരങ്ങൾ മുഴുവൻ ത്യജിച്ചയാളാണ് അച്ഛൻ. അങ്ങിനെയാവരുത്, അവനവനുവേണ്ടിക്കൂടി ജീവിയ്ക്കണം എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. അച്ഛൻ പോയപ്പോൾ വല്ലാത്ത ശൂന്യത ബാക്കിയായി. രണ്ടര മാസത്തിൽ ഇരുട്ടടി പോലെ വന്ന രണ്ട് ശൂന്യതകൾ.
റേഡിയോയുടെ സമയത്തിനനുസരിച്ച് എല്ലാ ചിട്ടപ്പെടുത്തിയ വീടായിരുന്നു അത്. അമ്മ കൃത്യമായി ചെവികൊടുത്ത് ചലനാത്മകമാക്കിയ വീട്. രാവിലെ ഉണരുന്ന റേഡിയോ രാത്രി പതിനൊന്നുവരെ ഞങ്ങളുടെ ജീവിതമായും ക്ലോക്കായും നിന്നു. പാട്ടുകൾ, നാടകം, കഥകളിപ്പദങ്ങൾ....
ഞങ്ങളൊക്ക ആ വീടിനെ ഇത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. പക്ഷേ ആ വീട് വിൽക്കേണ്ടത്ത് അന്നത്തെ ആവശ്യമായിരുന്നു. വേനലായാൽ കിണറിൽ വെള്ളമില്ലാത്ത വീട്. എന്നാലും ചിലപ്പോൾ ആ വീടിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു വിങ്ങൽ. ഞങ്ങൾ പെരുമഴയിൽ കടലാസുതോണി ഇറക്കിയ മുറ്റം. ഏട്ടൻ ആദ്യത്തെ കഥ എഴുതിയ വീട്. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ ഞങ്ങൾ പുസ്തകങ്ങൾ കാർന്നുതിന്ന വീട്. ആത്മബന്ധങ്ങളെ ഒരുപാട് വളർത്തിയ വീട്. ഒരുപാട് സന്ദർശകർ വന്നിരുന്ന വീട് - സച്ചിമാഷ്, ബാലചന്ദ്രൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സുരാസു, ഡി വിനയചന്ദ്രൻ അങ്ങിനെ ഒരുപാടുപേർ... പിന്നെ ഏട്ടന്റെ അടുത്ത സുഹൃത്തുക്കളായ ലീലാകൃഷ്ണൻ, രാമചന്ദ്രൻ, നാരായണൻ, നന്ദൻ, ശൂലപാണി. എന്റെ കൂട്ടുകരെല്ലാവരും തന്നെ അവിടെ നിത്യ സന്ദർശകരായിരുന്നു. എവിടെയോ ചില ആത്മബന്ധങ്ങൾ മായാതെ കിടക്കുന്നു... പലതിനെയും നമ്മൾ തിരിച്ചുപിടിക്കുന്നു.
ഈയിടെ ഒരു പ്രിയസൗഹൃദം ഓർത്തെടുത്തതും തന്റെ പഴയ വീടിനെ കുറിച്ചാണ്. പച്ചപ്പിനുള്ളിൽ മഴയുടെ സംഗീതം നിറഞ്ഞ വീട്. അതിനപ്പുറമുള്ള ഓർമ്മകളെല്ലാം ഒളിമങ്ങുമ്പോഴും സ്ഫടികംപോലെ തിളങ്ങുന്ന ഓർമ്മകളിലെ വീട്, സംഗീതം, ബാല്യകൗമാരങ്ങൾ... പ്രായമായിത്തുടങ്ങുമ്പോൾ നമ്മൾ ചില ഓർമ്മകളെ വല്ലാതെ തിരിച്ചുപിടിക്കും. വേരുകളിലേക്ക് തിരികെ നടക്കും. അത്തരം ഓർമ്മകളിൽ നിന്നാണ് നമ്മൾ നമ്മളെ കണ്ടെത്തുന്നത്, നമ്മളെ തിരിച്ചറിയുന്നവരെയും. അതൊരു ആത്മീയാനുഭവമാണ്, പഴകുന്തോറും ലഹരിനുരയുന്ന വീഞ്ഞ് പോലെ. പങ്കുവയ്ക്കാൻ ഒരേ ഓർമ്മകൾ ഉണ്ടാവുക എന്നത്, ഒരേ ചിന്തകൾ ഉണ്ടാവുക എന്നത് നമ്മളെ പലരെയും പരസ്പരം ബന്ധിപ്പിച്ചുനിർത്തുന്ന നൂലാണ്, എല്ലാവർക്കും അതിന് കഴിയില്ലെങ്കിലും. ഒരു പ്രായം കഴിയുമ്പോൾ ആ നൂലിന്റെ കരുത്തിൽ നമ്മൾ ജീവിയ്ക്കാൻ തുടങ്ങും. മനസ്സുകളെ ബന്ധിയ്ക്കും. ഈ അൻപത്തേഴാം വയസ്സിൽ എന്നെ ഞാനാക്കി നിർത്തുന്ന പലതും എന്റെ നാട്ടിലായിരുന്നു എന്ന് ഞാൻ അറിയുന്നു, അതിനെയെല്ലാം പാകപ്പെടുത്തിയത് മഹാനഗരങ്ങളാണെങ്കിലും. കവിതകളിലേക്കുള്ള മടക്കം വേരുകളിലേക്കുള്ള മടക്കം കൂടിയാണ് എനിയ്ക്ക്.
പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്, അമ്മയെക്കുറിച്ചും. കട്ടൻകാപ്പിയും ഗസലും ഒന്നുമല്ല ഞങ്ങളുടെ മഴക്കാല ഓർമ്മകൾ, ചക്കപ്പുഴുക്കാണ്. മഴക്കാലത്ത് പഴുത്താൽ രുചി കുറയുന്ന ചക്ക പച്ചയിലേ പുഴുക്കാവും.
വെള്ളക്ഷാമമുള്ള ഞങ്ങൾക്ക് മഴ ഒരു ആഘോഷമായിരുന്നു, ഒട്ടും കാല്പനികമല്ലാത്ത ആഘോഷം. വെള്ളം എവിടെയും കെട്ടികിടക്കാതെ ഒഴുക്കിവിടാൻ അമ്മയും അച്ഛനും ഞങ്ങളുമെല്ലാം കൈക്കോട്ടുമായി ഇറങ്ങും. പച്ചപ്പ് പടരും. കർക്കിടകം ആയാൽ അമ്മ കൃത്യമായി ശീബോധി വെയ്ക്കും, രാമായണം വായിക്കും പക്ഷെ ആ പേരും പറഞ്ഞു അമ്മ മത്സ്യം വീട്ടിൽ കയറ്റാതെ ഇരിക്കുകയൊന്നുമില്ല. അമ്മയ്ക്ക് ഒരു കഷ്ണം ഉണക്കമീനെങ്കിലും ഇല്ലെങ്കിൽ ചോറ് ഇറങ്ങില്ല. പാലക്കാട്ടുകാരിയായ എന്റെ ഏട്ടത്തിയമ്മ കരുതിയിരുന്നത് ഉണക്കമീൻ അതേ രൂപത്തിൽ കടലിൽ നിന്നും വരുന്നതാണ് എന്നായിരുന്നു. ഇപ്പോളും ഞങ്ങൾ അതുപറഞ്ഞ് അവരെ കളിയാക്കും. പക്ഷെ ഇപ്പോൾ അവർക്കും വേണം മീൻ! ഭക്ഷണം നമ്മളെ ചേർത്തുനിർത്തുന്ന ഒരു ബോണ്ട് കൂടിയാണ്.
കർക്കടകം ഒന്നിന് മുക്കിടി ഒരു ആചാരമായിരുന്നു. ദശപുഷ്പങ്ങൾ, ആര്യവേപ്പില, ഇഞ്ചി, വെള്ളുള്ളി, മഞ്ഞൾ, കുരുമുളക്, ജീരകം... അങ്ങിനെ ചില കൂട്ടുകൾ മോരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കണം. വീടുമാറിപ്പോയിട്ടും എന്ത് തിരക്കുണ്ടെങ്കിലും ഏട്ടൻ മുക്കിടി കുടിയ്ക്കാനെത്തുമായിരുന്നു വീട്ടിൽ. അമ്മ പോയപ്പോൾ അനിയത്തി സുജാത ആ ശീലം തുടർന്നു. അമ്മയുടെ ഇടത്തിലേക്ക് എത്ര മനോഹരമായാണ് അവൾ കടന്നുവന്നത് എന്ന് ഏട്ടത്തിയമ്മ ഇടയ്ക്കിടെ ഓർക്കും. അങ്ങിനെ അവളുടെ വീട് ഞങ്ങൾക്ക് തറവാടായി. അവളില്ലാത്ത അവളുടെ വീടിന്റെ ശൂന്യത ഞങ്ങളെ പിന്തുടരുന്നതും അതുകൊണ്ട് തന്നെ. ഇത്തവണ ഏട്ടൻ മുക്കിടി കുടിച്ചുകാണുമോ? ഉള്ള് വീണ്ടും വിങ്ങുന്നു. ഷീല സുജയിൽ നിന്നാണ് മുക്കിടിയുടെ രാസവിദ്യ പഠിച്ചത്. ഇപ്പോൾ കണ്ണൂരിൽ ഞങ്ങളുടെ വീട്ടിലും അവൾ അത് പിന്തുടരുന്നു.
വൃശ്ചികമാസമാകുമ്പോഴേക്കും കൂവപ്പൊടിയ്ക്കായി കൂവ അരയ്ക്കാൻ തുടങ്ങും. തിരുവാതിരയ്ക്ക് കൂവ വിരകാൻ. ആദ്യമൊക്കെ കൂവ ഇങ്ങനെയും കഴിക്കുമോ എന്ന് ഷീലയ്ക്ക് അത്ഭുതമായിരുന്നു, ഇപ്പോളതും ശീലമായി. അതുപോലെ തന്നെ പഴുത്ത മാങ്ങ കൂട്ടി പുട്ട് കഴിക്കുന്നതും അവൾക്ക് വിചിത്രമായിരുന്നു. സാംസ്കാരികമായ വൈവിധ്യം അതല്ലെ.
ഞാൻ ഓർക്കാറുണ്ട് ഞങ്ങളുടെ നാട്ടിലെ അമ്പലങ്ങളിലെ പൂരത്തിനൊക്കെ വാണിഭം ഉണ്ടാവും. പണ്ട് പതിരുവാണിഭം എന്നാണ് പറയുക. പൊന്നാനിയിലെ മീൻപിടുത്തക്കാരുടെ (പൂശീലന്മാർ) വീട്ടുകാരികൾ ഉണക്കമീനുമായി വന്ന് പതിരിനു പകരം മീൻ കൊടുക്കും. വാസ്തവത്തിൽ അത് നെല്ലുതന്നെയാണ്. ഇതാണ് കുത്തിയെടുത്ത് ഉണ്ടയാക്കി മീൻപിടിയ്ക്കാൻ പോകുമ്പോൾ അവർ കൊണ്ടുപോകുന്നത്. ഇതല്ലാതെ പച്ചമീൻ കച്ചവടവും ഉണ്ടാവും ഈ പൂരപ്പറമ്പുകളിൽ. മീനില്ലാത്ത കുളങ്ങര വേലയെ കുറിച്ച് ഓർക്കാൻ പോലും ഞങ്ങൾക്കാവില്ല. ഒരു വിശ്വാസത്തെയും അത് ഹനിച്ചില്ല, ഒരു വിശ്വാസക്കാരും സമരംചെയ്തില്ല. അങ്ങിനെ ഒരു കുളങ്ങര വേല ദിവസമാണ് അമ്മ പോയത്. നന്നാക്കി വെച്ച മീൻ അന്ന് അടുപ്പിൽ കയറ്റിയില്ല. ഞങ്ങളാരും ഉണ്ടില്ല.
പൂരക്കാലമാകുമ്പോഴേക്കും അമ്മ മണ്ണുകൊണ്ട് മുറ്റത്തിന് ചുറ്റുമുള്ള തിണ്ടെല്ലാം പുതുക്കിപ്പണിയും, മുറ്റം ചാണകം മെഴുകും. അതും അമ്മയുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ ആയിരുന്നു. ആ മുറ്റത്ത് കുളങ്ങരയിൽ നിന്നുള്ള തിറയും പൂതനും നിറഞ്ഞാടും. പുതിയ വീട്ടിലും അമ്മ ഇതെല്ലം തുടർന്നെങ്കിലും തിറയും പൂതനും അവിടെ വരാറില്ല. ഒരു കിലോമീറ്ററിന് ഇപ്പുറം പുതിയ വീട് മറ്റൊരു ദേശത്താണ്! അന്നൊക്കെ മകരത്തിന് തണുപ്പായിരുന്നു, വയലേലകളിൽ മഞ്ഞുണ്ടാവും. പൂരം കഴിയുമ്പോൾ വേനൽ കടന്നെത്തും, കിണറിൽ വെള്ളം വറ്റും ഞങ്ങൾ പാടത്തിന്റെ കരയ്ക്കുള്ള പുന്നക്കൽ തറവാട്ടിൽ പോയി വെള്ളം കൊണ്ടുവരും. സ്കൂൾ അവധിക്കാലത്ത് അതും ഒരു ആഘോഷമാണ് ഞങ്ങൾ ഒരുപാട് വീട്ടുകാർക്ക്. അങ്ങിനെയിരിക്കെ പൊടുന്നനെ മഴ പെയ്യും. സ്കൂൾ തുറക്കും. അമ്മ ഞങ്ങളുടെ അടുക്കളമുറ്റത്തെ കടപ്ലാവിൽ ഓലകെട്ടി അതിലൂടെ ഊർന്നിറങ്ങുന്ന തെളിഞ്ഞ വെള്ളം കുടത്തിലും ചെമ്പിലുമെല്ലാം നിറയ്ക്കും, തലയിൽ തോർത്തും കെട്ടി പറമ്പിലിറങ്ങും. മഴ എല്ലായിടത്തും നിറയും, അമ്മയും.
ഇപ്പോഴാണോർത്തത്, എല്ലാ ഋതുവിലും ജീവിതം നിറച്ച അമ്മയ്ക്ക് സ്വന്തമായി ഒരു കുടയുണ്ടായിരുന്നില്ലല്ലോ ഈശ്വരാ!!!

Saturday, April 20, 2024

ഋതു



ചില ഋതുക്കളുണ്ട് 
എല്ലാ ഇലകളും കൊഴിയുമ്പോൾ
ഒരു നാമ്പുമാത്രം ബാക്കിവെക്കുന്നവ,
പ്രഭാതത്തിലെ ഹിമകണത്തിനു
സൂര്യനെ നിറയ്ക്കാൻ.

ചില പുൽനാമ്പുകളുണ്ട്
ഗ്രീഷ്മസൂര്യനോടു ചിരിച്ച്
മഴയുടെ വഴിയേ കണ്ണുംനട്ട്
ഉള്ളിൽ ബാക്കിവെച്ച പച്ചപ്പ്
മരുപ്പച്ചപോലെ കാത്തുവെക്കുന്നവ.

ഇനിയും കരയാൻ വയ്യെന്നു പറഞ്ഞു 
നീ ഏതു ഋതുവിനെയാണു 
മാറ്റിയെഴുതിയത്?
ഉള്ളിൽ നുരയുന്ന
ഏത് ചഷകത്തിലാണു 
നീ നദിയായി നിറഞ്ഞൊഴുകിയത്?

ചില ഋതുക്കളുണ്ട്
നിന്നെ വായിക്കുമ്പോൾ
ഉള്ളിൽ നിറയുന്നവ,
എത്ര വായിച്ചാലും
തീരാതെ നിൽക്കുന്നവ.
ചില ഋതുക്കളുണ്ട്
ഒരു ഋതുഭേദത്തിലും
മാറാതെ നിൽക്കുന്നവ
രണ്ടു കാലങ്ങൾക്കിടയിലെ
നേർരേഖ പോലെ
നീയായ്‌ നിറയുന്നവ.