Monday, December 5, 2022

അരവിന്ദാക്ഷന്‍ മാഷ് : മുഴുമിക്കാനാവാതെ പോയ ഒരു ഓര്‍മ്മ

 


പി സുധാകരന്‍ 

ഞങ്ങളുടെ കോളേജ് കാലത്തെ ഏറ്റവും ചെറുപ്പക്കാരനായ അദ്ധ്യാപകരില്‍ ഒരാളായിരുന്നു അരവിന്ദാക്ഷന്‍ മാഷ്. പ്രായംകൊണ്ട് മാത്രമല്ല ലോകത്തോടുള്ള സമീപനം കൊണ്ടും മാഷ് എന്നും ചെറുപ്പമായിരുന്നു. വളരെ പരമ്പരാഗതമായ രീതിയില്‍ മാത്രം ഇംഗ്ലീഷ് പഠിപ്പിക്കുകയും ഒരു നല്ല പുസ്തകം പോലും വായിച്ച അനുഭവം പങ്കുവയ്ക്കാന്‍ ഉള്ള ധിഷണ ഇല്ലാതിരിക്കുകയും ചെയ്ത നിരവധി അദ്ധ്യാപകര്‍ക്കിടയില്‍ ആയിരുന്നു തനിക്ക് പിറകെ വരുന്ന ഒരു തലമുറയെ തിരിച്ചറിയാന്‍ മനസ്സുകാട്ടിയ അരവിന്ദാക്ഷന്‍ മാഷ് വ്യത്യസ്തനായത്.

ഞാനടക്കം പലരെയും ആദ്യം  ആകര്‍ഷിച്ച ഘടകം മാഷുടെ സംസാരരീതിയായിരുന്നു. ആദ്യമൊക്കെ ഇത്തിരി വിചിത്രമായി തോന്നിയിരുന്നെങ്കിലും പിന്നീട് അത് വളരെ ഫലപ്രദമായ ഒരു ആശയവിനിമയ രീതിയായി രൂപാന്തരപ്പെട്ടു. മാഷ്‌ക്ക് മാഷുടെ ഒരു ശൈലി ഉണ്ടായിരുന്നു. ഗദ്യവും നാടകവും പഠിപ്പിക്കുമ്പോളാണ് എനിക്കൊക്കെ അത് കൂടുതല്‍ അനുഭവപ്പെട്ടത്.  മാഷുടെ സംസാരരീതിയെ തമാശയായി ഞങ്ങളില്‍ പലരും അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം മാഷുമായി ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്.

മാഷുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. പാഠപുസ്തകത്തിനപ്പുറമുള്ള ചിന്തകള്‍ക്ക് വലിയ ഇടമൊന്നും ഇല്ലാത്ത അന്നത്തെ പഠനരീതിയില്‍ എം എം നാരായണന്‍ മാഷും അരവിന്ദാക്ഷന്‍ മാഷുമൊക്കെ പാഠപുസ്തകത്തിനപ്പുറമുള്ള വെളിച്ചം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചവരാണ്. ഭാഷയെ സ്‌നേഹിക്കാന്‍ മാഷ് പഠിപ്പിച്ചു. ഒരു നല്ല അദ്ധ്യാപകന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ആവണം എന്ന് മാഷ് ഉറച്ചു വിശ്വസിക്കുകയും തന്റെ നിലപാടുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരുടേയും ഗുരുവാകാന്‍ ശ്രമിക്കാതെ മാഷ് തന്റെ തൊഴില്‍ ചെയ്തു, യാതൊരു അവകാശവാദവും ഇല്ലാതെ.  

കോളേജ് കാലത്ത് പലപ്പോഴും പഠനത്തെക്കാളധികം പഠനേതര കാര്യങ്ങള്‍ ആയിരുന്നു ഞാന്‍ അടക്കം പലരെയും ആകര്‍ഷിച്ചിരുന്നത്. അത് ഏതെങ്കിലും തരത്തിലുള്ള റെബല്ല്യന്‍ ഒന്നും ആയിരുന്നില്ല, മറിച്ച് കലാലയം എന്നത് സര്‍ഗ്ഗാത്മകതയുടെകൂടി ഇടമാകണം എന്ന തോന്നലിന്റെ ഫലമായിരുന്നു. അത്തരം 'വഴിവിട്ട' പ്രവര്‍ത്തനങ്ങളില്‍ എല്ലാം ഞങ്ങള്‍ക്ക് ഒപ്പം നിന്ന ഒരാള്‍ അരവിന്ദാക്ഷന്‍ മാഷാണ്. എല്ലാ കലോത്സവങ്ങള്‍ക്കും മാഷ് ഒപ്പം വരും, ഞങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. സ്വന്തം കാഴ്ചപ്പാടുകള്‍ പങ്കുവെക്കും, ഞങ്ങള്‍ പറയുന്നത് സാകൂതം കേള്‍ക്കും,തിരുത്തേണ്ടത് തിരുത്തും. അപ്പോഴൊക്കെയും മറ്റുള്ളവരുടെ വ്യക്തിപരതയില്‍ ഇടപെടാതിരിക്കാന്‍ മാഷ് ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ടായിരിക്കാം തലമുറവിടവില്ലാതെ മാഷുമായി ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്.

ആശയവിനിമയോപാധികള്‍  അത്രയൊന്നും ശക്തമല്ലാതിരുന്ന കാലത്ത് പഠിച്ച എനിക്കും മറ്റു പല സഹപാഠികള്‍ക്കും കോളേജ് കാലത്തിനു ശേഷം മാഷന്മാരുമായുള്ള ബന്ധം കുറവായിരുന്നു. പാരലല്‍ കോളേജ് കാലത്ത് അപൂര്‍വമായി തവനൂരോ എടപ്പാളോ പൊന്നാനിയിലോ ഒക്കെ വെച്ച് കാണും. പിന്നെ കാഴ്ചകള്‍ കുറഞ്ഞു. ഏകദേശം ഒന്നരപ്പതിറ്റാണ്ടുകാലത്തെ ഡല്‍ഹി വാസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ പക്ഷെ യാദൃച്ഛികമായി മാഷെ വീണ്ടും കാണാന്‍ ഇടയായി. മാഷ് സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ വളരെ സജീവമായി  നിലനിന്നിരുന്ന കാലമായിരുന്നു അത്.

പിന്നീട് മാഷെ കാണുന്നത് ഞാന്‍ കേരളത്തില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന ശേഷമാണ്. ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തും എഴുത്തിലും പരിഭാഷയിലുമെല്ലാം സജീവമാണെന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു പത്രസ്ഥാപനത്തില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ ജോലി ചെയുന്നു എന്നും പറഞ്ഞപ്പോള്‍ മാഷ് ഏറെ ആഹ്ലാദിച്ചു. ഭാഷ പഠിച്ച ഒരാള്‍ ആ ഭാഷകൊണ്ട് ഒരു തൊഴില്‍രംഗം കണ്ടെത്തി എന്നത് അരവിന്ദാക്ഷന്‍ മാഷെ സംബന്ധിച്ച് ഏറെ ആഹ്ലാദം നല്‍കുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ജോലിയൊന്നും കിട്ടിയില്ല അല്ലെ എന്ന് ചോദിക്കുന്ന മാഷന്മാരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം.

അക്കാലത്താണ് കോഴിക്കോട് സര്‍വകലാശാലക്ക് വേണ്ടി മാഷ് എഡിറ്റ് ചെയ്ത ഒരു കവിതാസമാഹാരം വിവാദത്തില്‍ ആവുന്നതും സര്‍വകലാശാല പുസ്തകത്തില്‍ നിന്നും ആ കവിത പിന്‍വലിക്കുന്നതും. അല്‍ ക്വയ്ദയുമായി  ബന്ധമുണ്ട് എന്ന് പറയപ്പെടുന്ന ഇബ്രാഹിം അല്‍റുബായിഷിന്റെ കവിത പിന്‍വലിക്കാനുള്ള തീരുമാനം മാഷെ സംബന്ധിച്ചിടത്തോളം  വേദനാജനകമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്ന നമ്മള്‍ തന്നെ ഈ നിലപാടില്‍ എത്തുന്നു എന്നതിന്റെ വൈരുധ്യം കൂടിയാണ് മാഷെ വിഹ്വലനാക്കിയത്.

പിന്നീട് കാണുമ്പോള്‍ മാഷ് പൊന്നാനിയിലെ സിവില്‍ സര്‍വീസ് ട്രെയിനിങ് അക്കാദമിയുടെ ചുമതലക്കാരനായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം പതിയെ പുതുക്കിയതും അക്കാലത്താണ്. താന്‍ ഏറ്റെടുത്ത ചുമതകള്‍ സത്യസന്ധമായി നിര്‍വഹിക്കുക എന്നതായിരുന്നു മാഷുടെ രീതി. തന്റെ ശരികളിലൂടെ നടക്കുമ്പോഴും മറ്റുള്ളവരുടെ ശരികള്‍ മാഷ് മനസ്സിലാക്കി. അങ്ങിനെ അവനവനെ നവീകരിക്കാന്‍ മാഷ് തയ്യാറായി. ഒരു നല്ല ഇടതുപക്ഷക്കാരനായി നില്‍ക്കുമ്പോള്‍ തന്നെ തന്റെ നിലപാടുകള്‍ക്ക് അപ്പുറം നിന്നവരെ സഹിഷ്ണുതയോടെ മനസ്സിലാക്കാന്‍ മാഷ് തയ്യാറായിരുന്നു.

പിന്നീട് ഒരിക്കല്‍ മാഷെ വിളിച്ചത് അദ്ദേഹം ടി വി ശൂലപാണിയുടെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ചെയ്യുന്നു എന്ന് അറിഞ്ഞപ്പോളാണ്. ആ കവിതകളെ കുറിച്ചും പരിഭാഷയെ കുറിച്ചും മാഷ് ഏറെനേരം  സംസാരിച്ചു . വളരെ മികച്ച കവിതകള്‍ എഴുതിയിട്ടും അവ പുസ്തകമാക്കാന്‍ വൈകിയതിനെ കുറിച്ചും അതിന്റെ ഇംഗ്ലീഷ് സാദ്ധ്യതകളെ കുറിച്ചും മാഷ് പറഞ്ഞു. ശൂലപാണി ഏട്ടന്‍ തന്നെയാണ് എനിക്ക് അവ വായിക്കാന്‍ തന്നത്.

ഒരു നാവികന്റെ നിയോഗത്തിന്റെ തുടക്കം ഇങ്ങനെയാണ്:

Far back in time

Since I set sailing

paper boats, playing

In the rain-fed little pools,

To be a sailor

Was my longing...

ഏതാനും കവിതകള്‍ വായിച്ച ശേഷം മാഷെ വിളിച്ചപ്പോള്‍ പരിഭാഷ പുരോഗമിക്കുന്നു എന്നും അതിനു അന്തിമരൂപം നല്കുന്നതിന് മുന്നേ ഒന്ന് ചര്‍ച്ച ചെയ്യണമെന്നും മാഷ് പറഞ്ഞു. വളരെ പ്രൊഫഷണല്‍ ആയി അതിന്റെ എല്ലാ ഗൗരവത്തോടും കൂടിത്തന്നെയാണ് മാഷ് ഇക്കാര്യം സംസാരിച്ചത്. ഒരു ദിവസം നാട്ടില്‍വെച്ച് കാണാമെന്നും വിശദമായി സംസാരിക്കാമെന്നും പറഞ്ഞിരുന്നതുമാണ്. പക്ഷേ... അപൂര്‍ണ്ണമായ ഒരു വാക്യം പോലെ മാഷ്.

മാഷ് ഒരുകാലത്തും സോഷ്യകള്‍ മീഡിയയില്‍ സജീവമായിരുന്നില്ലെങ്കിലും മാഷുടെ ഫേസ്ബുക് പ്രൊഫൈല്‍ സജീവമായ ഓര്‍മ്മയുമായി ഇപ്പോഴും അവിടെ ഉണ്ട്. മാഷുടെ ഫോണ്‍ നമ്പര്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്. പക്ഷെ അതെല്ലാം അപൂര്‍ണ്ണമായ കവിതകളെ ഓര്‍മിപ്പിക്കുന്നു. എഴുതിത്തീരാത്ത പുസ്തകങ്ങളെ ഓര്‍മിപ്പിക്കുന്നു, പറഞ്ഞു മുഴുമിക്കാനാവാതെപോയ സംഭാഷണങ്ങളെയും.

##