Thursday, March 24, 2022

യുദ്ധകാലത്ത് മലയാളി വായിക്കേണ്ട ഒരു പുസ്തകം

ഡോ ജെ പ്രഭാഷ് മാതൃഭൂമി വാരികയിൽ എഴുതിയ 'ഒരു ബുദ്ധൻ പോരാ, അനേക ബുദ്ധന്മാർ വേണം' എന്ന   ലേഖനത്തിൽ Rutger Bregman എഴുതിയ Human Kind എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ കുറിച്ച് പറയുന്നുണ്ട്. ആ പുസ്തകം, 'മനുഷ്യകുലം', എന്നപേരിൽ  മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ അദ്ദേഹം പറഞ്ഞ ഭാഗം ഇവിടെ പങ്കുവെക്കാം എന്ന് തോന്നി. മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിച്ച്, നേരിൽ അറിയാത്ത പലരും നല്ല അഭിപ്രായം പറഞ്ഞെങ്കിലും പുതിയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും മറ്റു ഭാഷകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ 'മനുഷ്യകുലം' മലയാളത്തിൽ തീരെ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് സത്യം. വായിച്ചവർ പറഞ്ഞറിഞ്ഞാണ് പലപ്പോഴും ആളുകൾ പുസ്തകശാലകളിൽ നിന്നും ഈ പുസ്തകം വാങ്ങുന്നത്. യുദ്ധവും അസഹിഷ്ണുതയും കൊടികുത്തി വാഴുന്ന ഈ കാലത്ത് നന്മയുടെ വാതിൽ തുറക്കുന്ന ഈ ;പുസ്തകം പുതിയ തലമുറയെങ്കിലും വായിക്കണം എന്നാണെന്റെ അപേക്ഷ - ഇംഗ്ലീഷിലായാലും മലയാളത്തിലായാലും:

സൈനികര്‍ ട്രെഞ്ചുകളില്‍ നിന്ന് പുറത്തുവന്നപ്പോള്‍

1914ലെ ക്രിസ്മസിന്‍റെ തലേ രാത്രി. തെളിഞ്ഞ തണുപ്പുള്ള രാവ്. ലാ ഷാപ്പല്‍-ഡി അര്‍മെന്‍റിയേഴ്സ് പട്ടണത്തിന് പുറത്തുള്ള സൈനിക ട്രെഞ്ചുകളെ വേര്‍തിരിക്കുന്ന മഞ്ഞുമൂടിയ നോ-മാന്‍സ്-ലാന്‍ഡ് നിലാവില്‍ കുളിച്ചുനിന്നു. പരിഭ്രാന്തി തോന്നിയ ബ്രിട്ടീഷ് ഹൈക്കമാന്‍ഡ് മുന്‍നിരയിലേക്ക് ഒരു സന്ദേശം അയക്കുന്നു. 'ക്രിസ്മസ് അല്ലെങ്കില്‍ പുതുവത്സര വേളയില്‍ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ശത്രു ചിന്തിക്കുന്നുണ്ടാവും. അതുകൊണ്ട് ഈ സമയത്ത് പ്രത്യേകം ജാഗ്രത പുലര്‍ത്തണം.' 

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനറല്‍മാര്‍ക്ക് ഒരു പിടിയുമില്ല.

വൈകുന്നേരം ഏഴിനോ എട്ടിനോ അടുപ്പിച്ച്, രണ്ടാം ക്വീന്‍സ് റെജിമെന്‍റിലെ ആല്‍ബര്‍ട്ട് മോറെന്‍ അവിശ്വാസത്തോടെ കണ്ണുകള്‍ ചിമ്മി. അപ്പുറത്ത് എന്താണാ കാണുന്നത്? വിളക്കുകള്‍ ഒന്നൊന്നായി തെളിയുന്നു. റാന്തലുകള്‍, ടോര്‍ച്ചുകള്‍...ക്രിസ്മസ് ട്രീകള്‍? അപ്പോഴാണ് അയാള്‍ 'സ്റ്റില്‍ നാച്ച്, ഹീലിജ് നാച്ച്' എന്ന ഗാനം കേള്‍ക്കുന്നത്. മുമ്പൊരിക്കലും കരോള്‍ ഇത്ര മനോഹരമായി അനുഭവപ്പെട്ടിട്ടില്ല. 'ഞാനത് ഒരിക്കലും മറക്കില്ല,' മോറെന്‍ പിന്നീട് പറഞ്ഞു. 'അത് എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു.' 

ഒട്ടും വിട്ടുകൊടുക്കാതെ ബ്രിട്ടീഷ് പട്ടാളക്കാര്‍ 'ദി ഫസ്റ്റ് നോയല്‍'ന്‍റെ ഒരു റൗണ്ട് ആരംഭിക്കുന്നു. ജര്‍മ്മന്‍ സൈനികര്‍ അതിന് കൈയടിക്കുകയും 'ഓ...താനെന്‍ബോം' എന്ന ജര്‍മ്മന്‍ ക്രിസ്മസ് ഗാനത്തോടെ അതിന് മറുപടി നല്കുകയും ചെയ്തു. ഇരുപക്ഷവും കുറച്ചുനേരം അങ്ങനെ ക്രിസ്മസ് ഗാനങ്ങള്‍ പാടുന്നു. ഒടുവില്‍ ഇരു ശത്രുപക്ഷങ്ങളും ലാറ്റിന്‍ ഭാഷയില്‍ 'ഓ കം, ഓള്‍ യെ ഫെയ്ത്ത്ഫുള്‍' ഒരുമിച്ചു പാടുന്നു. 'അത് ശരിക്കും അസാധാരണമായ ഒന്നായിരുന്നു,' റൈഫിള്‍മാന്‍ എബ്രഹാം വില്യംസ് പിന്നീട് അനുസ്മരിച്ചു, 'യുദ്ധമുഖത്തുള്ള രണ്ട് രാജ്യങ്ങള്‍ ഒരേ കരോള്‍ ഗാനം പാടുന്നു."

ബെല്‍ജിയത്തിനു വടക്ക് പ്ലോഗ്സ്റ്റീര്‍ പട്ടണത്തില്‍ നിലയുറപ്പിച്ചിരുന്ന ഒരു സ്കോട്ടിഷ് റെജിമെന്‍റ് കുറച്ചുകൂടി മുന്നോട്ട് പോയി. ശത്രുപക്ഷത്തെ ട്രെഞ്ചില്‍ നിന്നും ആരോ പുകയില വേണോ എന്ന് വിളിച്ചു ചോദിക്കുന്നത് കോര്‍പ്പറല്‍ ജോണ്‍ ഫെര്‍ഗൂസണ്‍ കേള്‍ക്കുന്നു. 'വെളിച്ചത്തിലേക്ക് വരാം' ആ ജര്‍മ്മന്‍കാരന്‍ വിളിച്ചുപറയുന്നു. അങ്ങനെ ഫെര്‍ഗൂസണ്‍ നോ-മാന്‍സ്-ലാന്‍ഡിലേക്ക് ചെല്ലുന്നു.

'വര്‍ഷങ്ങളായി പരസ്പരം പരിചയമുള്ളവരെപ്പോലെ ഞങ്ങള്‍ ഉടന്‍ സംസാരം തുടങ്ങുകയായിരുന്നു,' അദ്ദേഹം പിന്നീട് എഴുതി. 'എന്തൊരു കാഴ്ച - യുദ്ധമുഖത്തിന്‍റെ അത്രയും തന്നെ നീളത്തില്‍ ജര്‍മ്മന്‍കാരുടേയും ബ്രിട്ടീഷുകാരുടേയും ചെറുചെറു സംഘങ്ങള്‍! ആ ഇരുട്ടില്‍ പൊട്ടിച്ചിരികള്‍ കേള്‍ക്കാമായിരുന്നു, കത്തുന്ന തീപ്പെട്ടിക്കൊള്ളികള്‍ കാണാമായിരുന്നു ധ...പ  ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുവരെ നാം കൊല്ലാന്‍ ശ്രമിച്ച മനുഷ്യരോട് നാം ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു! 

പിറ്റേന്ന് രാവിലെ, ക്രിസ്മസ് ദിനം, സൈനികരില്‍ ഏറ്റവും ധീരരായവര്‍ വീണ്ടും ട്രെഞ്ചുകള്‍ക്ക് പുറത്തേക്ക് വന്നു. കമ്പിവേലികള്‍ കടന്ന് അവര്‍ ശത്രുക്കള്‍ക്ക് ഹസ്തദാനം നല്കുന്നു. ശേഷം, പുറകില്‍ നിന്നവരെ അവര്‍ മാടി വിളിക്കുന്നു. 

'ഞങ്ങളെല്ലാവരും ഹര്‍ഷാരവം മുഴക്കി,' ക്വീന്‍സ് വെസ്റ്റ്മിന്‍സ്റ്റര്‍ റൈഫിള്‍ എസിലെ ലെസ്ലി വോക്കിംഗ്ടണ്‍ പിന്നീട് ഓര്‍മ്മിക്കുന്നു, 'തുടര്‍ന്ന് ഞങ്ങള്‍ ഒരുകൂട്ടം ഫുട്ബോള്‍ കാണികളെപ്പോലെ ഒരുമിച്ചുകൂടി.'

ജര്‍മ്മന്‍കാര്‍ സിഗാറുകളും ജര്‍മ്മന്‍ വിഭവമായ സൗര്‍ക്രോറ്റും ജര്‍മ്മന്‍ മദ്യമായ ഷ്നാപ്സും പങ്കിടുന്നു. സന്തോഷകരമായ ഒരു വലിയ ഒത്തുചേരലിലെന്ന പോലെ അവര്‍ തമാശകള്‍ പറഞ്ഞ് ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കുന്നു. ഹെല്‍മെറ്റുകള്‍ ഗോള്‍പോസ്റ്റുകള്‍ക്ക് പകരമായി വെച്ച് അവര്‍ ഫുട്ബോള്‍ മാച്ചുകള്‍ കളിക്കുന്നു. ഒരു മത്സരത്തില്‍ 3-2 എന്ന ഗോള്‍നിലയില്‍ ജര്‍മ്മന്‍കാരും മറ്റൊന്നില്‍ 4-1 എന്ന നിലയില്‍ ബ്രിട്ടീഷുകാരും വിജയിക്കുന്നു. 

വടക്കന്‍ ഫ്രാന്‍സിലെ ഫ്ലൂര്‍ബൈക്സ് ഗ്രാമത്തിന്‍റെ തെക്ക്-പടിഞ്ഞാറ് ഇരുപക്ഷവും ശവസംസ്കാരച്ചടങ്ങിനായി ഒരുമിച്ചു. 'ജര്‍മ്മന്‍കാര്‍ ഒരുവശത്തും ബ്രിട്ടീഷുകാര്‍ മറുവശത്തും...ഓഫീസര്‍മാര്‍ അവര്‍ക്ക് മുന്നില്‍ നിന്നു. ശത്രുക്കളുടെ വെടിയേറ്റുവീണ തങ്ങളുടെ സഹപ്രവര്‍ത്തകരെ കുഴിമാടത്തിലേക്ക് വെയ്ക്കുമ്പോള്‍ എല്ലാവരും തൊപ്പികള്‍ ഊരി.' അവര്‍ 'ഠവല ഹീൃറ ശെ ാ്യ വെലുവലൃറ'/ 'ഉലൃ ഒലൃൃ ശെേ ാലശി ഒശൃ'േ, പാടുന്നു. അവരുടെ ശബ്ദങ്ങള്‍ കൂടിക്കലരുന്നു. 

അന്ന് വൈകീട്ട് യുദ്ധമുഖത്തുടനീളം ക്രിസ്മസ് വിരുന്നുകള്‍ ഉണ്ടായി. ജര്‍മ്മന്‍ നിരയുടെ പുറകിലുള്ള വൈന്‍ നിലവറയിലേക്ക് ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ഒരു ബവേറിയന്‍ പട്ടാളക്കാരന്‍ 1909ലെ ഒരു കുപ്പി വെവേ ക്ലിക്വോട്ട് തുറക്കുന്നു. അവര്‍ വിലാസങ്ങള്‍ കൈമാറുകയും യുദ്ധാനന്തരം ലണ്ടനിലോ മ്യൂണിക്കിലോ വെച്ച് കണ്ടുമുട്ടാമെന്ന് ഉറപ്പുപറയുകയും ചെയ്യുന്നു. 

ഈ തെളിവുകളൊന്നും ഇല്ലായിരുന്നുവെങ്കില്‍ അങ്ങനെയൊക്കെ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും. സ്വയം വിശ്വസിക്കാന്‍ അവര്‍ക്കുതന്നെ പ്രയാസമായ ഇക്കാര്യങ്ങളുടെ ധാരാളം ദൃക്സാക്ഷി വിവരണങ്ങള്‍ സൈനികരുടേതായുണ്ട്. 

ഓസ്വാള്‍ഡ് ടില്ലി തന്‍റെ മാതാപിതാക്കള്‍ക്കുള്ള ഒരു കത്തില്‍ എഴുതി, 'നിങ്ങള്‍ ടര്‍ക്കിയൊക്കെ കഴിച്ചുകൊണ്ടിരുന്ന സമയത്ത് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുവരെ ഞാന്‍ കൊല്ലാന്‍ ശ്രമിച്ച മനുഷ്യരുമായി ഞാന്‍ ഹസ്തദാനം ചെയ്യുകയും സംസാരിക്കുകയുമായിരുന്നു!! അത് അമ്പരപ്പിക്കുന്നതായിരുന്നു!'  അത് വിശ്വസിക്കാന്‍ ജര്‍മ്മന്‍ ലെഫ്റ്റനന്‍റ് കുര്‍ട്ട് സെഹ്മിഷിന് സ്വയം നുള്ളിനോക്കേണ്ടിവന്നു: 'എത്ര അത്ഭുതകരവും വിചിത്രവുമാണ്,' അദ്ദേഹം ആശ്ചര്യപ്പെട്ടു, 'സോക്കറിനും ക്രിസ്മസിനും നന്ദി  ധ...പ  കടുത്ത ശത്രുക്കള്‍ അല്പനേരത്തേക്ക് സുഹൃത്തുക്കളായി മാറി.'  

ജര്‍മ്മന്‍കാര്‍ എത്ര സൗഹാര്‍ദ്ദമുള്ളവരാണെന്നു കണ്ട് മിക്ക ബ്രിട്ടീഷ് സൈനികരും ആശ്ചര്യപ്പെട്ടു. അതേ സമയം ഇംഗ്ലണ്ടില്‍ ഡെയ്ലി മെയില്‍ പോലുള്ള പത്രങ്ങളിലെ വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും ബ്രിട്ടീഷുകാരെ എരികേറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ന്യൂസ് പേപ്പറുകളുടെ പ്രചാരത്തില്‍ 40 ശതമാനത്തിലധികവും നിയന്ത്രിച്ചിരുന്നത് ഒരാളായിരുന്നു: ലോര്‍ഡ് നോര്‍ത്ത്ക്ലിഫ്. അക്കാലത്തെ റൂപര്‍ട്ട് മര്‍ഡോക്ക്. പൊതുജനാഭിപ്രായത്തിനുമേല്‍ അദ്ദേഹത്തിന് അതിശക്തമായ സ്വാധീനം ഉണ്ടായിരുന്നു. ശിശുക്കളെ ബയണറ്റുകളില്‍ കുത്തിക്കോര്‍ത്തെടുക്കുകയും പുരോഹിതډാരെ പള്ളിമണികളുടെ ചരടില്‍ കെട്ടിത്തൂക്കൂകയും ചെയ്യുന്ന അതിക്രൂരډാരായ ഹൂണന്‍മാരായി (ഔിെ) ജര്‍മ്മന്‍കാര്‍ ചിത്രീകരിക്കപ്പെട്ടു.*

യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ജര്‍മ്മന്‍ കവി ഏണസ്റ്റ് ലിസാവര്‍ (ഋൃിെേ ഘശമൈൗലൃ) 'ഇംഗ്ലണ്ടിനെതിരെ വിദ്വേഷത്തിന്‍റെ ഗീതം' എഴുതി. ജനപ്രീതിയില്‍ അത് ദേശീയ ഗാനത്തോട് മത്സരിച്ചു. ദശലക്ഷക്കണക്കിന് ജര്‍മ്മന്‍ സ്കൂള്‍ കുട്ടികള്‍ക്ക് അത് മനഃപാഠമാക്കേണ്ടി വന്നു. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ദൈവമില്ലാത്തവരാണെന്നും അവര്‍ ക്രിസ്മസ് ആഘോഷിക്കുക പോലും ചെയ്യാറില്ലെന്നും ജര്‍മ്മന്‍ പത്രങ്ങള്‍ അവകാശപ്പെട്ടു. 


അവിടെയും വ്യക്തമായ ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. യുദ്ധമുഖത്തു നിന്നുള്ള അകലം കൂടുന്തോറും വിദ്വേഷം വര്‍ദ്ധിക്കുന്നു. നാട്ടില്‍ - ഗവണ്‍മെന്‍റ് ഓഫിസുകളിലും ന്യൂസ് റൂമുകളിലും, സ്വീകരണ മുറികളിലും പബ്ബുകളിലും - ശത്രുവിനോടുള്ള വിദ്വേഷം ഏറെക്കൂടുതലായിരുന്നു. അതേ സമയം, ട്രെഞ്ചുകളില്‍ സൈനികര്‍ പരസ്പര ധാരണ വളര്‍ത്തിയെടുത്തു. 'അന്ന് ഞങ്ങള്‍ സംസാരിച്ചതിനു ശേഷം,'ഒരു ബ്രിട്ടീഷ് സൈനികന്‍ വീട്ടിലേക്കുള്ള കത്തില്‍ എഴുതി,'നമ്മുടെ പത്ര റിപ്പോര്‍ട്ടുകളില്‍ അധികവും ഭയാനകമായ പെരുപ്പിച്ചു കാണിക്കലാണെന്ന് ഞാന്‍ കരുതുന്നു.' 

1914ലെ ആ ക്രിസ്മസ് സൗഹൃദം ഒരു കെട്ടുകഥ ആയിട്ടാണ് ഒരുപാട് കാലം കരുതിപ്പോന്നിരുന്നത്. വികാരപരമായ ഒരു കെട്ടുകഥയ്ക്കപ്പുറം മറ്റൊന്നുമല്ല, അങ്ങേയറ്റം, രാജ്യദ്രോഹികള്‍ ഉണ്ടാക്കിയെടുത്ത ഒരു നുണ. അവധി ദിനങ്ങള്‍ക്ക് ശേഷം യുദ്ധം പുനരാരംഭിച്ചു. പിന്നെയും ദശലക്ഷക്കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടു, യഥാര്‍ഥത്തില്‍ ആ ക്രിസ്മസിന് എന്താണ് നടന്നത് എന്നത് വിശ്വസിക്കാന്‍ കൂടുതല്‍ പ്രയാസമായി.

1981ലെ ബിബിസി ഡോക്യുമെന്‍ററി 'പീസ് ഇന്‍ നോ മാന്‍സ് ലാന്‍റ്' പുറത്തുവന്നപ്പോള്‍ ഈ കഥ കേവലം ഒരുപിടി കിംവദന്തികള്‍ മാത്രമായിരുന്നില്ലെന്ന് വ്യക്തമായി. ബ്രിട്ടീഷ് മുന്നണിയുടെ മൂന്നില്‍ രണ്ട് ഭാഗവും ആ ക്രിസ്മസിന് യുദ്ധം നിര്‍ത്തിവെച്ചു. ജര്‍മ്മന്‍കാര്‍ സൗഹൃദഹസ്തവുമായി മുന്നോട്ടുവന്ന മിക്ക സംഭവങ്ങളിലും മറുവശത്ത് ബ്രിട്ടീഷുകാരായിരുന്നു (ബെല്‍ജിയന്‍, ഫ്രഞ്ച് യുദ്ധഭൂമികളിലും ഇത് സംഭവിച്ചുവെങ്കിലും). വാസ്തവത്തില്‍, ഒരു ലക്ഷത്തിലധികം സൈനികര്‍ തങ്ങളുടെ ആയുധങ്ങള്‍ താഴെവച്ചു.

യഥാര്‍ത്ഥത്തില്‍, 1914ലെ ക്രിസ്മസ് സമാധാനം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും ബോയര്‍ യുദ്ധങ്ങളിലും ഇതുതന്നെ സംഭവിച്ചു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലും ക്രിമിയന്‍ യുദ്ധത്തിലും നെപ്പോളിയന്‍ യുദ്ധങ്ങളിലും ഇങ്ങനെയുണ്ടായി. എന്നാല്‍ ഒരിടത്തും അത് ഫ്ലാന്‍ഡേഴ്സിലെ ക്രിസ്മസ് പോലെ അത്ര വ്യാപകമോ ദ്രുതഗതിയിലുള്ളതോ ആയിരുന്നില്ല. 

സൈനികരുടെ കത്തുകള്‍ വായിക്കുമ്പോള്‍ ഒരു ചോദ്യം വീണ്ടും വീണ്ടും എന്നിലുയര്‍ന്നു: ഈ മനുഷ്യര്‍ക്ക് - ഒരു ദശലക്ഷം ജീവനുകള്‍ ഇതിനകം നഷ്ടപ്പെടുത്തിയ ഭയാനകമായ ഒരു യുദ്ധത്തില്‍ കുടുങ്ങിയ ഈ മനുഷ്യര്‍ക്ക് - അവരുടെ ട്രെഞ്ചുകളില്‍ നിന്ന് പുറത്തുവരാമെങ്കില്‍ ഇതേ കാര്യം ഇവിടെ ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയുന്നത് എന്താണ്?

വിദ്വേഷ പ്രചാരകരും വിഷം തുപ്പുന്ന പ്രാസംഗികരും നമ്മളെ പരസ്പരം പോരടിപ്പിക്കുന്നു. ഒരിക്കല്‍ ഡെയ്ലി മെയില്‍ പോലുള്ള പത്രങ്ങള്‍ രക്തദാഹികളായ ഹൂണുകളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ചു, ഇപ്പോള്‍ അവര്‍ കൊള്ളക്കാരായ വിദേശികളുടെ കടന്നുകയറ്റത്തെക്കുറിച്ചും കൊലപാതകികളായ കുടിയേറ്റക്കാരെക്കുറിച്ചും നാട്ടുകാരുടെ തൊഴില്‍ തട്ടിയെടുക്കുന്നവരും എന്നാല്‍ മടിയډാരും ഒഴിവുകിട്ടുമ്പോഴൊക്കെ ചിരകാല മൂല്യങ്ങളും പാരമ്പര്യങ്ങളും നശിപ്പിക്കുന്നതില്‍ മിടുക്കډാരുമായ ബലാല്‍സംഗികളായ അഭയാര്‍ഥികളെക്കുറിച്ചും എഴുതുന്നു. 

ഇങ്ങനെയാണ് വിദ്വേഷം വീണ്ടും സമൂഹത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ കുറ്റവാളികള്‍ പത്രങ്ങള്‍ മാത്രമല്ല, ബ്ലോഗുകളും ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നുണകളും വിഷലിപ്തമായ ഓണ്‍ലൈന്‍ ട്രോളുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഏറ്റവും മികച്ച വസ്തുതാ പരിശോധകര്‍ പോലും ഇത്തരത്തിലുള്ള വിദ്വേഷപ്രചരണത്തിനുമുമ്പില്‍ അശക്തരായി കാണപ്പെടുന്നു. 

എന്നാല്‍ ഇത് മറ്റൊരു തരത്തിലാണെങ്കിലോ?  ഭിന്നത വിതയ്ക്കാന്‍ മാത്രമല്ല, ആളുകളെ ഒരുമിപ്പിക്കാനും പ്രചാരവേലയ്ക്ക് സാധിച്ചിരുന്നെങ്കിലോ? 


         

Wednesday, March 2, 2022

കണ്ണാടി

എന്നും കണ്ണാടിയിലേക്കു നോക്കും

നിന്നെക്കാണാൻ.
അപ്പോഴൊക്കെ
എന്നിലേക്കുള്ള ദൂരം
കൂടിയെന്ന് ഞാൻ അറിയും!