Thursday, December 2, 2021

പിറവിയുടെയും പുനർജ്ജന്മത്തിന്റെയും ചിത്രങ്ങൾ

ലോകമേ തറവാടിലെ ചിത്രങ്ങളെ മുൻനിർത്തി ഷിനോദ് അക്കരപ്പറമ്പിലിന്റെ ചിത്രങ്ങളിലേക്ക് ഒരു എത്തിനോട്ടം

പി സുധാകരൻ



തന്റെ സർഗ്ഗാത്മകമായ സ്വത്വം എന്താണെന്ന് അന്വേഷിക്കുന്ന വല്ലാത്ത ഒരുതരം അനിശ്ചിതാവസ്ഥയിലാണ് ഷിനോദന്റെ ആദ്യകാല ചിത്രങ്ങൾ പിറവിയെടുക്കുന്നത് 1990 കളിൽ. അന്ന് ഞങ്ങൾ രണ്ടുപേരും ഡൽഹിയിലാണ്. ജീവിതത്തിന്റെ  'മരണപ്പാച്ചിൽ' അറിഞ്ഞ കാലം. ജീവിക്കാനുള്ള നെട്ടോട്ടവും അതിന്റെ അനിശ്ചിതാവസ്ഥയുമെല്ലാം ഷിനോദിന്റെ ആദ്യകാല ചിത്രങ്ങളിൽ ഉണ്ടായിരുന്നു, കൂടെ ഗൃഹാതുരത്വവും. മഹാനഗരത്തിൽ, കരയ്ക്കു പിടിച്ചിട്ട മത്സ്യംപോലെ അകപ്പെട്ട ആ യുവാവ് തൻെറ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്ന ഓർമ്മകളെ , കോഴിക്കോടിന്റെ ഉൾപ്രദേശങ്ങളിലെ തന്റെ ഗ്രാമമായ കൊടുവള്ളിയുടെ പച്ചപ്പിനെ, ആ നഗരത്തിൽ നിന്നും ഓർത്തെടുത്തു, ചിത്രങ്ങൾ വരച്ചു. ആ ചിത്രങ്ങളിൽ നിറഞ്ഞത് വല്ലാത്ത ഒരുതരം ഏകാന്തതയായിരുന്നു, ഒറ്റപ്പെടലായിരുന്നു, നിർത്താതെ അലയുന്ന മനുഷ്യനായിരുന്നു. മുനീർക്കയിലെ ഇരുണ്ട തെരുവുകളിൽ കണ്ട കാഴ്ച്ചകളും അവയുടെ ഭീതിതമായ അവസ്ഥയും തന്റെ രാഷ്‌ട്രീയവും ഗൃഹാതുരതയുമെല്ലാം ചേർന്ന് വല്ലാത്ത ഒരു വിഹ്വലതയായിരുന്നു ആ ചിത്രങ്ങളിൽ. അതായിരുന്നു ഷിനോദ് അക്കരപറമ്പിൽ എന്ന കലാകാരന്റെ ആദ്യ ഘട്ടം. അജ്ഞാതരായ മനുഷ്യരുടെ ചിത്രങ്ങൾ, ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ടവരുടെ ചിത്രങ്ങൾ, നിശ്ശബ്ദതയുടെ, സഹനത്തിന്റെ ചിത്രങ്ങൾ. അവയെല്ലാം തന്നെ  ഒരു തരത്തിൽ ദൃശ്യങ്ങളിലൂടെയുള്ള ചിന്തകളായിരുന്നു.


പിന്നീട് ഏകദേശം ഒന്നര പതിറ്റാണ്ടിനു ശേഷം, സർഗാത്മകതയുടെ പലവഴികളിലൂടെ,  ‘ദി വിസിബിൾ ആൻഡ് ഇൻവിസിബിൾ’ എന്ന പരമ്പരയിലെത്തുമ്പോൾ മനുഷ്യത്വത്തെക്കുറിച്ചുള്ള ഈ കലാകാരന്റെ വ്യാകുലതയും കോമ്പോസിഷനുകളുടെ രീതിയും ഏറെ മാറിയിരുന്നു. നഗരാനുഭവങ്ങളിലും പഴയ ഗ്രാമീണമായ ഓർമ്മകൾ ഒരു തരം സുഷുപ്തിയിൽ ഉള്ളിൽ കിടന്നു.  രൂപങ്ങൾ സൂചകങ്ങളാവാൻ തുടങ്ങി. അതിനിടെ ചെന്നൈയിലേക്ക് കുടിയേറുകയും മറ്റു അനുഭവങ്ങൾ കടന്നുവരികയും ചെയ്തതോടെ തന്റെ സുഷുപ്തമായ ഓർമ്മകൾ മണ്ണിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പുതിയ ദർശനങ്ങളുടെ ഭാഗമായി, പുതിയ ഭൂപ്രകൃതിയുടെ ഭാഗമായി രൂപങ്ങൾ കൂടുതലും സൂചകങ്ങളായി. ഏകാന്തതയും ഒറ്റപ്പെടലും മാത്രമല്ല ജീവിതമെന്നും അതിനപ്പുറം അതിനു ഒരുപാട് യാഥാർഥ്യങ്ങൾ ഉണ്ടെന്നും ഉള്ള തിരിച്ചറിവ് കൂടിയായിരുന്നു പിന്നീടുള്ള ചിത്രങ്ങൾക്ക് പിന്നിലെ പ്രചോദനം.

പലതരം ജീവജാലങ്ങൾ നിറഞ്ഞ ആ ക്യാൻവാസുകൾ പുതിയ ഒരു കാഴ്ചപ്പാടിന്റെ  തുടക്കമായിരുന്നു. വളരെ മിനിമലിസ്റ്റിക് ആയ ആ രൂപങ്ങൾ ഓർമ്മകളുടെ പച്ചപ്പും ഇരുണ്ട യാഥാർത്ഥ്യങ്ങളും അമൂർത്തമായ ഭൂപ്രകൃതിയുമെല്ലാം ചേർന്ന് കാലവും, പ്രകൃതിയും ഇരകളും വേട്ടക്കാരുമെല്ലാം അടങ്ങുന്ന ഒരു പുതിയ ലോകം തീർത്തു. പക്ഷികളും മൃഗങ്ങളും മുതൽ മനുഷ്യർ വരെയുള്ള രൂപങ്ങൾ ചുറ്റുമുള്ള ഭൂപ്രകൃതിയുമായി ലയിച്ചു. മനുഷ്യരൂപങ്ങൾ പോലും മറ്റു ജീവരൂപങ്ങളുമായി ചേർന്ന അവസ്ഥയിലാണ് ഷിനോദിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അവയിലെ ലാൻഡ്‌സ്‌കേപ്പ് ആകട്ടെ അവയിലെ മറ്റു ജീവരൂപങ്ങൾ ഇഴചേരുമ്പോൾ ഉണ്ടാകുന്ന അദൃശ്യമായ ഒരു അനുഭവമാണ്. നിറയെ കൊറ്റികളുള്ള, ചെളി നിറഞ്ഞ  ഒരു വയൽ, പരൽമീനുകൾ നീന്തുന്ന കുളം, ഞണ്ടുകൾ... പക്ഷെ ആ ഇടങ്ങൾ നമ്മൾ കാണുന്നില്ല, അറിയുക മാത്രമാണ് ചെയ്യുന്നത്, വർണ്ണങ്ങളിലൂടെ, വർണ്ണങ്ങൾക്കിടയിലെ ശൂന്യസ്ഥലങ്ങളിലൂടെ.


ഇപ്പോൾ ആലപ്പുഴയിൽ നടക്കുന്ന ലോകമേ തറവാടിലെ ഷിനോദിന്റെ ചിത്രങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ ആ പരിണാമമാണ് മനസ്സിൽ തെളിഞ്ഞത്. 7"x7" ഇഞ്ച് വലിപ്പത്തിൽ 28 വാട്ടർ കളർ പെയിന്റിംഗുകളും ഇതിനു മുമ്പുള്ള പരമ്പരയിലെ ഏതാനും സൃഷ്ടികളും. നഗരത്തിൽ കാലുറപ്പിച്ച മനുഷ്യൻ പ്രകൃതിയിലേക്ക് നടത്തേണ്ട അനിവാര്യമായ മടക്കയാത്ര തന്നെയാണ് ഈ ചിത്രങ്ങളും പറയാൻ ശ്രമിക്കുന്നത്. വൻ നഗരങ്ങളിലെ ജീവിതം തന്റെ സർഗ്ഗാത്മകതയെ പുനർനിർവചിക്കുകയും വിശാലമാക്കുകയും ചെയ്തു എന്ന് ഷിനോദ് തന്നെ പറയുന്നുണ്ട്.  മനുഷ്യന്റെ അതിജീവനവും പ്രശ്നങ്ങളും സംബന്ധിച്ച കാഴ്ചപ്പാടിലെ മാറ്റം തന്നെയാണ് ഈ പുതിയ ചിത്രങ്ങൾക്കും രാസത്വരകമായത്. നമുക്ക് രൂപം തന്ന മണ്ണിലേക്ക് നമ്മൾ തിരിച്ചു നടക്കണം എന്ന തോന്നൽ പ്രതിഫലിപ്പിക്കുന്നവയാണ് ഈ പ്രദർശനത്തിലെ ഓരോ ചിത്രവും. പിറവിയുടെയും പുനർജന്മത്തിന്റെയും ഒരു ചക്രമായാണ് കലാകാരൻ ഈ ചിത്രങ്ങളെ കാണുന്നത്. ഒരേസമയം വളരെ ചടുലവും ധ്യാനാത്മകവുമാണ് ഇവ. നഗരജീവിതത്തിൽ നിഷേധിക്കപ്പെട്ട മണ്ണിന്റെ മണവും അനുഭവവും ധ്യാനാത്മകമായ ഒരുതരം മോഹമായി രൂപാന്തരം പ്രാപിക്കുന്ന ഈ ചിത്രങ്ങൾ അതിനപ്പുറം പാരിസ്ഥിതികമായ ഒരു അവബോധം കൂടി തരുന്നുണ്ട്.


ബ്രൗൺ നിറത്തിലും കറുപ്പിലുമായി വരച്ച ഈ ചിത്രങ്ങൾ അവയുടെ സുതാര്യതയും തിളക്കവും കൊണ്ട് മണ്ണിന്റെ അനുഭവം തന്നെയാണ് തരുന്നത്. അതേസമയം ഇത് പ്രകൃതിയിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്ന നമ്മുടെ ഊഷരതയെയും ഓർമ്മിപ്പിക്കുന്നു. ചിലപ്പോഴെങ്കിലും അഗ്നിജ്വാലകളെയും. ജലഛായം എന്ന മാധ്യമം തനിക്കു അസ്സലായി വഴങ്ങും എന്നുകൂടി ഈ ചിത്രങ്ങളിലൂടെ ഷിനോദ് തെളിയിക്കുന്നു.

മറ്റു ജീവജാലങ്ങൾ എല്ലാം മണ്ണിൽ നിന്ന് പിറന്നു മണ്ണിന്റെ ഭാഗമായി വളർന്നു മണ്ണിലേക്ക് മടങ്ങുമ്പോൾ, മനുഷ്യൻ മണ്ണിൽ നിന്നകലുന്ന കാഴ്ചയാണ്‌ നമ്മൾ പലപ്പോഴും കാണുന്നത്. അതുകൊണ്ടുതന്നെ മണ്ണിലേക്ക് മടങ്ങുമ്പോഴും മനുഷ്യൻ മണ്ണിൽ നിന്നും അകലുന്നു.. ഈ തോന്നൽ തന്നെയാവാം മനുഷ്യനിലുള്ള വിശ്വാസത്തെക്കാൾ അധികം മറ്റു ജീവജാലങ്ങളോടുള്ള താല്പര്യം ഈ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് കാരണം. ഒരു കൈക്കുടന്ന മണ്ണിൽ മുപ്പത് ദശലക്ഷം ജീവനുകൾ ഉണ്ടെന്നറിയുമ്പോഴാണ് നമ്മൾ മണ്ണ് എന്താണെന്നു മനസ്സിലാക്കുന്നത്. ആ ജീവാണുക്കളിൽ ഒന്ന് തന്നെയാണ് നമ്മുടെ ജീവിതത്തെ കഴിഞ്ഞ രണ്ടു വർഷമായി മുൾമുനയിൽ നിർത്തുന്നത് എന്നതും ഒരു വൈരുധ്യമാണ്. ഒരുപക്ഷെ ആ ഒരു വിഹ്വലതകൂടിയാവാം, അതിൽ നിന്നും രക്ഷനേടി പ്രത്യാശയുടെ ഒരു തുരുത്തിൽ എത്താനുള്ള മോഹമാവാം, ഈ കലാകാരനെ ഇത്തരം ഒരു യാത്രയിലേക്കു നയിച്ചത്.


നേരത്തെ ഷിനോദ് ചെയ്ത പോയിന്റ് ബ്ലാങ്ക് എന്ന പരമ്പരയിലും ഇതേ ദർശനവും വർണ്ണങ്ങളും തന്നെയാണ് ഉണ്ടായിരുന്നുന്നത്. പുതിയ പരമ്പര ആ അർത്ഥത്തിൽ ഒരു തുടർച്ചയാണ്. മുന്നോട്ടുള്ള പ്രയാണത്തിന്റെ ഒരു സൂചകവും.