Saturday, September 25, 2021

യാത്ര

ഒരേ വഴിയിൽ 
രണ്ട് ആംബുലൻസുകൾ 
കണ്ടുമുട്ടുന്നു 
ഒന്നിൽ 
ജീവിതത്തിലേക്ക് 
മടങ്ങുന്നയൊരാൾ!

Monday, September 13, 2021

ജാതിപ്പോര്


റിട്ടയർ ആവുമ്പോഴേക്കും
മാഷന്മാരും ടീച്ചർമാരുമെല്ലാം
വയസ്സരായി കഴിഞ്ഞിരുന്നു.
മേനോൻ മാഷ്, നമ്പൂരി മാഷ്
കുറുപ്പുമാഷ്, ഷാരോടിമാഷ്,
ഉക്കുറു മാഷ്, നമ്പീശൻമാഷ്...
ഇളം നിറത്തിലുള്ള സാരിയും
തൂവെള്ള തലമുടിയുമായി
അയ്യമ്മു ടീച്ചറും കുഞ്ഞന്ന ടീച്ചറും.
ചൂരൽപഴവുമായി
മാധവി ടീച്ചറും പാർവതിടീച്ചറും.
വലിയ അറബി മാഷ്‌ക്കും
പിന്നെ വലിയ ഹിന്ദി ടീച്ചർക്കും
വേഗം വയസ്സായി
(ചെറിയ അറബിമാഷും ചെറിയ ഹിന്ദി ടീച്ചറും
റിട്ടയറായിട്ടും വർഷങ്ങൾ ഏറെയായി).
അന്ന് ഞങ്ങൾ കുട്ടികൾ
കുട്ടികൾ മാത്രമായിരുന്നു
കട്ടുറുമ്പിനെ കയ്യിൽവെച്ച്
മന്ത്രംചൊല്ലാൻ പറഞ്ഞ ജയേഷ്,
ഒരു സൈക്കിൾ ടയർ ഉരുട്ടി
ലോകം മുഴുവൻ കറങ്ങാം
എന്ന് പറഞ്ഞ സേതു,
പെരുംകൊല്ലനാവാൻ
ഇസ്‌കൂളിൽ പോണ്ട എന്നുപറഞ്ഞു
നാലാംക്ലസ്സിൽ പഠിപ്പുനിർത്തിയ അച്യുതൻ,
അബ്ദുള്ള, അസീസ്, റസാഖ്, കൃഷ്ണൻ
ശ്രീലത, നളിനി, പിന്നെ ബാലാമണി...
എല്ലാവരെയും സധൈര്യം കഴുതേ എന്ന് വിളിച്ച
ശ്രീദേവിക്കുമാത്രം
എന്തെ ക്‌ളാസ്സ്‌മാഷുടെ
അടികിട്ടാത്തത് എന്ന്
ഞങ്ങൾക്ക് മനസ്സിലായില്ല.
ഞങ്ങൾ കുട്ടികളായിരുന്നു!
ബീനയെ ജാതിപ്പേര് വിളിച്ചതിനു
ഒരു ദിവസം മുഴുവൻ
വിജയകുമാറിനെ
ക്ലാസ്സിനു പുറത്ത് നിർത്തിയാണ്
സുബ്രഹ്മണ്യൻ മാഷ് ശിക്ഷ വിധിച്ചത്.
അന്ന് വൈകീട്ട് മാഷ്
സാമൂഹ്യപാഠം ക്ലാസ്സിൽ
ഞങ്ങൾക്ക് കഥ പറഞ്ഞുതന്നു.
മാഷക്കന്നു ചെറുപ്പമായിരുന്നു,
ജാതിയില്ലായിരുന്നു.
ആ കാലമൊക്കെ പോയി
വിജയനും രമേശനും
അവർ പഠിച്ച സ്കൂളിൽ തന്നെ
മാഷന്മാരായി റിട്ടയർ ചെയ്തു.
അവരുടെ കുട്ടികൾ മാഷന്മാരും
ഡോക്ടർമാരും ആവാൻ പഠിക്കുന്നു.
തന്റെ പേര് ശരിയല്ലെന്ന് കണ്ട്
കൃഷ്ണന്കുട്ടി  മകന് ആര്യനെന്നു പേരിട്ടു.
വെടിവട്ടം പറഞ്ഞു മുറുക്കിത്തുപ്പി
പ്രസീതയുടെ മകൾ ശർമിഷ്ഠ
കോളേജ് അധ്യാപികയായി.
ജാതിമാറി കല്യാണം കഴിച്ചോ
പക്ഷെ കീഴ്ജാതി വേണ്ടെന്നു
അമ്മ മകളെ ഉപദേശിച്ചു.
മകന് ചെഗുവേരയെന്ന പേരിട്ട നീലകണ്ഠൻ
ഇപ്പോൾ ഗുരുസ്വാമിയാണ്,
സന്തുഷ്ടൻ.
ഞങ്ങളെ പഠിപ്പിച്ച
ഇക്കൊല്ലം റിട്ടയറായ ബിജു
അടുത്തൂൺ പറ്റി പിരിഞ്ഞതിന്റെ
ഏകാന്തത മാറിയപ്പോൾ വിളിച്ചിരുന്നു
ഡാ നമ്മുടെ സ്കൂളിൽ ഇപ്പോൾ
മാഷന്മാരൊക്കെ ചെറുപ്പക്കാരാണ്,
കുട്ടികളൊക്കെ വൃദ്ധരും.
ഗോകുൽ മേനോൻ, മാധവ് നമ്പീശൻ
പാർവതി നായർ, സ്മിത നമ്പ്യാർ....
ഞാൻ വെറുതെ ഓർത്തു,
നമ്പൂരിമാഷ് മക്കളുടെ പേരിനൊപ്പം
നമ്പൂതിരി എന്ന് ചേർത്തില്ലായിരുന്നു!

(പുതിയ ലക്കം പാഠഭേദത്തിൽ വന്നത്)

###

Sunday, September 12, 2021

മൗനം

നീ വരച്ചിട്ട രൂപങ്ങൾക്കെല്ലാം 
മൗനത്തിന്റെ മുഴക്കമുണ്ടായിരുന്നു. 
ഏകാന്തതയുടെ വർണങ്ങളും.
കാണാതേയും കേൾക്കാതേയും  
ഒരേ തോണിയിൽ നമ്മൾ, 
അപരിചിതരെപ്പോലെ.
ഒരേ ഭൂപടത്തിൽ 
നമ്മളലയുന്നു 
വഴിതെറ്റിയ  
തീർത്ഥാടകരെപ്പോലെ .
വടക്കുനോക്കിയന്ത്രത്തിന്റെ 
സൂചി നിശ്ചലമാവുന്നു,
അസ്തമിച്ച കാലം പോലെ....