Monday, April 19, 2021

ജമാൽക്കക്ക് സ്നേഹപൂർവ്വം


ശ്രീ. എ.പി കുഞ്ഞാമു എഡിറ്റ് ചെയ്ത 'സ്നേഹപൂർവ്വം ജമാൽക്കക്ക്' എന്ന സ്നേഹസമ്മാനത്തെ  കുറിച്ച് കേട്ടപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി. എനിക്ക് ആദ്യത്തെ ഫീച്ചർ അസൈൻമെന്റ് തന്ന വാരാദ്യ മാധ്യമത്തിന്റെ എഡിറ്റർ.

1989ൽ, ഡിഗ്രി കഴിഞ്ഞു പാരലൽ കോളേജ് അധ്യാപനവും ഉപരിപഠന മോഹവുമായി നടക്കുമ്പോഴാണ് ഏട്ടൻ എന്നെ കോഴിക്കോടുള്ള പ്രദീപ് മേനോന്റെ പ്രസിദ്ധീകരണ സ്ഥാപനത്തിൽ കൊണ്ടുചെന്നാക്കുന്നത്. സിനിമ പ്രസിദ്ധീകരണത്തിന് പുറമെ പ്രദീപ് തുടങ്ങാനിരിക്കുന്ന വിദ്യാഭ്യാസ മാസികയുടെ സബ് എഡിറ്റർ. കല്ലായി റോഡിലുള്ള മെറ്റൽമാർട്ട് ബിൽഡിങ്ങിന്റെ നാലാം നിലയിലുള്ള ആ ഓഫീസ് തീർത്തും വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു. ഒരിക്കലും കൂട്ടിലടക്കാത്ത പക്ഷികളുടെ ഇടം. കൂടെ മറ്റൊരു പാരലൽ കോളേജിൽ എംഎക്കു പഠിക്കാനുള്ള അവസരവും കിട്ടി.   പ്രദീപ് മേനോൻ, ദേവസ്സിക്കുട്ടി മുടിക്കൽ (എന്റെ ആദ്യത്തെ എഡിറ്റർ), കൃഷ്ണേട്ടൻ, മുരുകേട്ടൻ, അരുൾദാസ്, ശ്രീശൻ ചോമ്പാൽ, മേരി... പിന്നെ ഞങ്ങളുടെ പുതിയ സംഘത്തിൽ ഹരീഷ് കടയപ്രത്ത്, ജയ്‌കുമാർ, ജ്യോതിഷ്, ജ്യോതി, ശോഭ, മീര.... ഞങ്ങളുടെ ഗുരുനാഥനായ കെബികെകെ (കെ ബാലകൃഷ്ണക്കുറുപ്പ്).  കുറുപ്പ് മാഷ് എഡിറ്റർ മാത്രമല്ല മാതൃഭൂമിയിൽ ജ്യോതിഷ പംക്തി എഴുതിയിരുന്ന ആൾ കൂടിയാണ്. പിന്നെ ശിവേട്ടൻ - സ്ഥാപനത്തിലെ ജീവനക്കാരനല്ലെങ്കിലും എല്ലാം എല്ലാം ആയ ഒരാൾ. യൂണിവേഴ്സിറ്റി ജീവനക്കാരനായ അസീസ്...   

ദാരിദ്ര്യവും സ്വപ്നങ്ങളും പങ്കുവെച്ച ഞങ്ങളിൽ പലർക്കും ആ ഓഫീസ് തന്നെയായിരുന്നു വീടും. ഒരിക്കലും ഓഫീസിന്റെ ഔപചാരികതകൾ ഇല്ലാത്ത ആ ഇടം ദാരിദ്ര്യം പങ്കുവെച്ച കാലത്തിന്റെ ഊഷ്മളമായ ഓർമ്മയാണ്. വൈകുന്നേരങ്ങളിൽ നിറയെ സൗഹൃദ സന്ദർശകർ ഉണ്ടാവും, പ്രത്യേകിച്ചും സിനിമ സ്വപ്നം കാണുന്നവർ. ഒഎൻവി ഒരു ദിവസം പനിച്ചു കിടന്നാൽ ആ ലീവിൽ തനിക്കൊരു പാട്ടെഴുതാനാവുമോ എന്ന് തമാശയായി ചോദിച്ചിരുന്ന ഗിരീഷ് പുത്തഞ്ചേരി, ഒന്നുരണ്ടു സിനിമ എടുക്കുകയും ധാരാളം സ്വപ്‌നങ്ങൾ കാണുകയും ചെയ്ത പ്രകാശ് കോളേരി, അംബി ... ഇക്കഥ ആ കാലത്തേ കുറിച്ചല്ല, അത് വിശദമായി എഴുതാൻ ഇരിക്കുന്നേയുള്ളു. 

സുദീർഘമായ ആ ലിസ്റ്റിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ജമാൽക്കയാണ്. സിനിമയേക്കാൾ സാഹിത്യത്തെയും പത്രപ്രവർത്തനത്തെയും ഇഷ്ടപ്പെട്ടതിനാൽ ജമാൽക്കയുമായാണ് സൗഹൃദം ശക്തമായത്. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് കടന്നുവരാൻ തുടങ്ങുന്ന ആ കാലത്ത് ഫോട്ടോകോമ്പസിങ് ചെയ്ത മാറ്റർ വെട്ടി ഒട്ടിച്ച് ആയിരുന്നു പേജ് ഡിസൈൻ ചെയ്തിരുന്നത്. നൂതനമായ ആശയങ്ങൾക്കൊപ്പം അതിമനോഹരമായ രൂപകൽപ്പനയും കൊണ്ട് വാരാദ്യമാധ്യമം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൺ‌ഡേ മാഗസിൻ ആക്കിയത് ജമാലിക്കയാണ്. കളർ പ്രിന്റിങ് ഒരു ലക്ഷ്വറി ആയ അക്കാലത്തു വാരാദ്യമാധ്യമം കറുപ്പിലും വെളുപ്പിലുമുള്ളതായിരുന്നു. ഇപ്പോഴും സൺ‌ഡേ മാഗസിനുകൾക്ക് ഒരു മാതൃകയാണ് ആ പതിപ്പുകൾ.  ഇത്രയും പരിചയമുണ്ടായിട്ടും ജമാലിക്കയോട് ഒരു ഫീച്ചർ എഴുതട്ടെ എന്ന് ചോദിക്കാനുള്ള ധൈര്യം തോന്നിയില്ല.

മാസശമ്പളത്തിന്റെ 'ആഴ്ചപ്പടി' കിട്ടിയാൽ ഞാൻ വീട്ടിൽ പോകും. ഡിസംബർ മൂന്നാംവാരത്തിലെ ശനിയാഴ്ച വീട്ടിൽ പോകാൻ വേണ്ടി തയ്യാറായപ്പോൾ സമയത്ത് പൈസ കിട്ടാത്തതിനാൽ യാത്ര മുടങ്ങി ദേഷ്യം പിടിച്ചിരിക്കുമ്പോളാണ് ജമാലിക്കയുടെ വരവ്. വൈകിട്ട് സിനിമക്ക് പോകാം തുടങ്ങിയ പ്രദീപിന്റെ പ്രലോഭനങ്ങൾ ഒന്നും എന്റെ ദേഷ്യത്തിനു അയവു വരുത്തിയില്ല. എന്റെ മുഖഭാവം കണ്ട ജമാലിക്ക തന്റെ സ്വതസിദ്ധമായ ഭാവത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചു, "സുധാകരാ, ക്രിസ്മസിനെ കുറിച്ച് ഒരു ഫീച്ചർ എഴുതാമോ?"

ഇന്റർനെറ്റിന്റെ കാലമല്ല. മെറ്റീരിയൽ തപ്പി എടുക്കണം. അതിനു മുൻപ് കാര്യമായി ഫീച്ചർ എഴുതി ശീലമില്ല. എന്തായാലും ജമാലിക്കയുടെ പ്രേരണയിൽ പിറ്റേന്നുതന്നെ ലേഖനമെഴുതി. എന്റെ കയ്യക്ഷരം വായിക്കാൻ എനിക്കുതന്നെ ബുദ്ധിമുട്ടായതിനാൽ ഓഫീസിലെ അനിയത്തിക്കുട്ടിയായ ശോഭയെക്കൊണ്ട് പകർത്തി എഴുതിച്ചു. പിറ്റേന്ന് നേരെ വെള്ളിമാടുകുന്നിലെ ഓഫീസിൽ ലേഖനം കൊണ്ടുകൊടുത്തു. 'സ്നേഹദൂതന്റെ നക്ഷത്രങ്ങൾ'. ജമാലിക്ക ഒന്നും പറഞ്ഞില്ല. ആ ഞായറാഴ്ച്ച വന്ന വാരാദ്യ മാധ്യമത്തിൽ ഒന്നാംപേജിൽ അതിമനോഹരമായ രൂപകല്പനയോടെ, അതെ തലക്കെട്ടിൽ ആ ലേഖനം വന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ ജമാലിക്ക തന്നെ അൻപത് രൂപ പ്രതിഫലവുമായി ഓഫീസിൽ വന്നു. ഒരു തരത്തിൽ എന്നെ ഫീച്ചർ എഴുത്തുകാരനാക്കിയത് ആ തുടക്കമാണ്, ജമാലിക്കയാണ്. അതിനുശേഷം ജമാലിക്ക പലപ്പോഴും എന്നെക്കൊണ്ട് എഴുതിക്കും, സ്റ്റോറി ഐഡിയ തരും. 1993 ൽ ഡൽഹിക്കു വണ്ടികയറുംവരെ അത് തുടർന്നു. അവിടെയുമതെ, പഴയ ജഗതി എംസിഎ നാസർ ആയിരുന്നു മാധ്യമത്തിന്റെ റിപ്പോർട്ടർ എന്നതിനാൽ ആ പത്രവുമായുള്ള ബന്ധം തുടർന്നു. 

പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും  എഴുതിയെങ്കിലും ഇപ്പോഴും മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു പേജ് അതാണ്. മറ്റൊന്ന് യൂസഫ് അറക്കലിനെ കുറിച്ച് വാരാദ്യ മാധ്യമത്തിൽ ആദ്യമായി   എഴുതിയ ലേഖനം. ആ ലോകപ്രശസ്ത കലാകാരനുമായി ഏറ്റവും അടുത്ത സൗഹൃദം വളർത്തിയ ആ ലേഖനത്തിനും കാരണക്കാരൻ ജമാലിക്ക തന്നെ. ജമാലിക്കയുമായുള്ള സൗഹൃദം ഇപ്പോഴുമതെ ആ പഴയ ഊഷ്മളതയോടെ തുടരുന്നു. 

ഇപ്പോഴുമതെ എഴുത്തും കുറിപ്പുകളുമായി  ജമാലിക്ക മാധ്യമ രംഗത്ത് സജീവമാണെങ്കിലും അദ്ദേഹം ഇനിയും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാൻ. ഈ പുസ്തകം ആ വിടവ് നികത്തും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ജമാലിക്കക്ക് ഇനിയും ഏറെ എഴുതാനുണ്ട്. അദ്ദേഹത്തിനുള്ള ഈ സ്നേഹാദരം അതിനു അദ്ദേഹത്തിന് കൂടുതൽ കരുത്ത് പകരട്ടെ.