Sunday, November 3, 2019

ആത്മഹത്യ ചെയ്ത കുഞ്ഞുടുപ്പുകൾ


പി സുധാകരൻ 

ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ് .
ആളൊഴിഞ്ഞ വെളിമ്പറമ്പിലെ
കൊളുത്തിവലിച്ച മുൾച്ചെടികൾ,
തട്ടിൻ പുറത്തെ ഒഴിഞ്ഞ മൂലയിൽ വെച്ച്
തുളഞ്ഞു കയറിയ തുരുമ്പാണികൾ,
തുന്നിച്ചേർക്കാനാവാത്ത മുറിവുകൾ.

ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
ഓണത്തുമ്പികളെ തേടി
വെളിമ്പറമ്പിലലഞ്ഞപ്പോൾ
കയറു പൊട്ടിച്ച പശുക്കിടാവിന്റെ
പിറകെ പാഞ്ഞപ്പോൾ,
കിണറ്റുവക്കിലെ ഉറുമ്പിൻകൂട്ടങ്ങൾക്കു
അരിയെറിഞ്ഞു കൊടുത്തപ്പോൾ,
മഴച്ചാലുകളിലെ
കലക്കുവെള്ളത്തിൽ അണകെട്ടുമ്പോൾ,
പിറകെയുണ്ടായിരുന്നു
കഴുകൻ കണ്ണുകൾ...
ഇരതേടുന്ന ആർത്തി.

ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
മാവിൻ കൊമ്പിൽ
ഊഞ്ഞാലാടുമ്പോൾ
തൊഴുത്തിന് പിറകിൽ
കൊത്തങ്കല്ലു കളിക്കുമ്പോൾ
കയറുപൊട്ടിയ പട്ടം
ആകാശത്തിൽ അലയുമ്പോൾ
പിറകിലുണ്ടായിരുന്നു
അദൃശ്യമായി
അവന്റെ കിതപ്പുകൾ,
ചോരയിറ്റുന്ന ദംഷ്ട്രകൾ.
എല്ലാം കഴിയുമ്പോൾ 
ബാക്കിയുണ്ടായിരുന്നു
അരിഞ്ഞെടുത്ത
രണ്ടു ശലഭച്ചിറകുകൾ
ഒഴുകാനാവാതെ ഉറഞ്ഞുപോയ
ചോരത്തുള്ളികൾ .

അതെ
ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
കഴുത്തു ഞെരിച്ച കൈകൾ
സാക്ഷ്യപ്പെടുത്തുന്നു
ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
(മഞ്ജി ചാരുതയോടെ വേദനിപ്പിക്കുന്ന ചിത്രത്തോട് കടപ്പാട്)