Monday, September 24, 2018

നക്ഷത്രം

കരിയിലകളിൽ 
കിടക്കുന്നുണ്ട് 
അടർന്നുവീണൊരു 
നക്ഷത്രം 
വേട്ടക്കാരന്റെ 
കണ്ണുപോലെ,
ആകാശം നഷ്ടപ്പെട്ട് ...

ചരൽമൈതാനത്തെവിടെയോ 
വീണുകിടപ്പുണ്ട് 
രാവോളം വലുതായൊരു നിഴൽ 
നട്ടുച്ചയോളം ചെറുതായി 
ആരാലും കാണാതെ...

മുറിവേറ്റ നെഞ്ചിൽ 
ഒളിച്ചുകിടപ്പുണ്ട് 
പിറക്കാതെ പോയൊരു 
സ്വപ്നം .

ഒരു ചോരപ്പാടിൽ 
തിരയടിക്കുന്ന കടൽ,

ചാരം മൂടിയ കനൽ, 
മഴ പെയ്യാത്ത മേഘം,  

വഴിയിൽ  
വീണു കിടപ്പുണ്ട് 
നെഞ്ചിൽ വെടിയേറ്റ 
കവിത 
പതാകയിൽ പൊതിഞ്ഞ 
പേന 
ശൂലം തറച്ച 
മൗനം.

എന്നിട്ടും 
നമ്മൾ കിനാവിൽ കാണാറുണ്ട് 
ആയിരം വസന്തങ്ങൾ 
ഉൽക്കകളായി 
പതിക്കുന്നത്.

അപ്പോഴും നമ്മളുറങ്ങാറുണ്ട് 
ശാന്തമായി, 
സ്വപ്നങ്ങളില്ലാതെ, 
നെഞ്ചിൽ അമ്പ് തറച്ച 
കിളിയെപ്പോലെ.

Tuesday, August 14, 2018

രാമരാജ്യം

ഒരു കടുവ, ഒരേ ഒരു കടുവ
നിശ്വാസം പോലെ
പിറകെ കുതിക്കുന്നു
മരുഭൂമികളിൽ, മഴക്കാടുകളിൽ
ഒരു കടുവ , ഒരേ ഒരു കടുവ.
ഇര തേടി, ഇണ തേടി ...

ഉറക്കച്ചടവിൽ,
സ്വപ്നരാഹിത്യത്തിൽ ,
പേശീബലം കൊണ്ടൊരാൾ
രാമായണം വായിച്ചു
വിളിച്ചുണർത്തുന്നു..
"മോഹങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം"
എന്നിട്ടു രാമരാജ്യത്തിൽ
വില്പനക്ക് വെച്ച സ്വപ്‌നങ്ങൾ
പൊടിതുടച്ചെടുക്കുന്നു

നിന്റെ മണ്ണിനും എന്റെ മണ്ണിനും ഇടയിൽ
എവിടെയാണ് നമ്മുടെ മണ്ണ് കൈമോശം വന്നത് ?

ഒരു കുതിര, ഒരേ ഒരു കുതിര
ചോരപ്പുഴകളിൽ കുളമ്പടിച്ച്
ചതുരംഗക്കളത്തിൽ നിന്നും
ദിഗ്വിജയത്തിന്റെ
അശ്വമേധ സ്വപ്നങ്ങളിലേക്ക് .
നിന്റെ അതിർത്തിയിൽ
എന്റെ വെന്നിക്കൊടി
നിന്റെ ധമനിയിൽ
എന്റെ രക്തനദി .

പേശീബലം പൂണ്ടൊരാൾ
രക്തം കൊണ്ട് മഴവില്ലു വരയ്ക്കുമ്പോൾ
നാക്കു പിഴച്ചും വാക്കു പിഴച്ചും
പുതപ്പിനടിയിലേക്കു നമ്മൾ ഉൾവലിയുന്നു .
ഉറക്കം നഷ്ടപ്പെട്ട കവി മാത്രം
ലോഹച്ചിറകുള്ള ചിത്രശലഭമാവുന്നു.
ആകാശ ശൂന്യതയിലേക്കു
അവൻ 
ചിറകു വിടർത്തുമ്പോൾ
നിദ്രാവത്വം വരമാക്കി
നാം ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.

ഇര തേടുന്ന കടുവ
ഇരുളിലേക്കിറങ്ങി നടക്കുന്നു .
ഒരു കടുവ , ഒരേ ഒരു കടുവ
ചോര തേടി, മാംസം തേടി .
ചതുരംഗക്കളത്തിലെ കുതിരക്കൊപ്പം
വിണ്ടുകീറിയ മണ്ണിലൂടെ
നമ്മുടെ പുതപ്പിനടിയിലേക്ക് 
സുഷുപ്തിയിലേക്ക്...