Tuesday, October 18, 2016

വഴികൾ

മറന്നുപോവുകയാണ്
നടന്ന വഴികൾ 
സാന്താക്ലോസിന്റെ മഞ്ഞിൻ കൂടാരങ്ങൾ .

മറന്നുപോവുകയാണ് 
കിനാവെഴുതിയ സ്ളേറ്റുകൾ 
കാലം മായ്ച്ച മഷിത്തണ്ടുകൾ 

വയൽ വരമ്പത്തെ  കൊറ്റി 
ചൂണ്ടയിൽ കൊത്തിയ മത്സ്യം 

മറന്നുപോവുകയാണ് 
വഴിയിൽ വീണ സഖാവിനെ 
പ്രണയം ചാലിച്ച ചുംബനത്തെ.

പക്ഷെ ...
നീ ഓർമിപ്പിക്കുന്നു 

പിന്നിട്ട പാതകളെ, 
നാം മുറിച്ചുകടന്ന പുഴകളെ 
പച്ചപ്പ്‌ തേടിയലഞ്ഞ മരുഭൂമികളെ 
ഒരിക്കലും കയറിത്തീരാത്ത  പർവതങ്ങളെ 
കടൽത്തീരത്ത് മറന്നുവെച്ച സന്ധ്യകളെ 
കരിക്കട്ടകൊണ്ട്  നിലാവ് വരച്ച രാവുകളെ .

നീ ഓർമിപ്പിക്കുന്നു 
പറയാൻ മറന്ന വാക്കുകളെ 
ചോരയിൽ ചാലിച്ച പ്രണയത്തെ 
എന്നിലെ എന്നെ...

ഞാൻ നിന്നെ എഴുതുന്നു 
എന്റെ ആസക്തിയിൽ 
ഭയത്തിൽ, പ്രണയത്തിൽ 
പുനർജ്ജനിക്കുന്നു നമ്മൾ 
അശരീരികളായി...